ജഘന്യജൻ l ചെറുകഥ

കഥ
സതീഷ് തോട്ടശ്ശേരി.

വീശിയടിക്കുന്ന കാറ്റിനൊപ്പം കർക്കടക മഴ മലയിറങ്ങിവന്നപ്പോൾ മായപ്പൻ്റെ ചിന്തകൾ ഒരാവശ്യവുമില്ലാതെ കാട് കയറാൻ തുടങ്ങി. അത് അങ്ങിനെയാണ്. വീട്ടിലെ പെണ്ണുങ്ങൾ പുറം പണികൾക്ക് പോകുമ്പോഴെല്ലാം മായപ്പൻ ഒറ്റക്കാകും. അതികാലത്ത് തളപ്പും ചേറ്റുകത്തി മുട്ടിപ്പാനിയും തൂക്കി ഇറങ്ങിയാൽ രണ്ടോ മൂന്നോ പന കേറി ചെത്തിയിറക്കി ഷാപ്പിൽ കൊടുത്ത് പത്ത് മണിക്ക് മുൻപേ വീടെത്തും. മഴ നിൽക്കാതെ പെയ്യുന്നതിനാൽ ഒരാഴ്ചയിലേറെയായി വീട്ടിൽ ചടഞ്ഞുകൂടി ഇരിപ്പാണ്. വേറെ ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്തതിനാലാകാം ചിന്തകൾ കാട് കയറുന്നത്. വണ്ടുകളെ പോലെ ശബ്ദത്തിൽ മൂളി വന്ന് തൻ്റെ തലച്ചോറിൽ കലമ്പുന്ന ചിന്തകളെ ആട്ടിപ്പായിക്കാൻ ആവുന്നതും നോക്കി പരാജയപ്പെടാറാണ് പതിവ്. ഒരു കുഞ്ഞിക്കാലു കാണാൻ യോഗമില്ലെന്ന് എല്ലാവരും പറയാറുണ്ട്. പക്ഷെ മായപ്പൻ്റെ സങ്കടം അയാൾ കണ്ട നാല് കുഞ്ഞിക്കാലുകളിൽ ഒരു ജോടിയെങ്കിലും ഈ മുറ്റത്ത് ഓടിക്കളിക്കാൻ ദൈവം സമ്മതിച്ചില്ലല്ലോ എന്നാണ്. ഒന്നിനു പുറകെ ഒന്നായി രണ്ട് ആൺകുഞ്ഞുകൾ പിറന്നുവെങ്കിലും രണ്ടും ആറ് മാസം പോലും ഈ ഭൂമിയിൽ തികച്ച് നിൽക്കാതെ ദൈവവിളിയിൽ മേലോട്ട് പോയി.

എന്തുകൊണ്ടാണ് രണ്ട് കണ്മണികളൂം പിച്ചവെച്ചു നടക്കുന്നതിനു മുൻപ് ഇവിടം വിട്ട് പോയത്? അവരെ ഇവിടെ നിന്നും കൊണ്ട്പോകുന്നതിൽ ആരെയാണ് കുറ്റപ്പെടുത്തുവാനോ ശിക്ഷിക്കുവാനോ പറ്റുക? പൊടകൊട കഴിഞ്ഞ് രണ്ടു കൊല്ലം കഴിഞ്ഞിട്ടും ചെല്ലക്ക് വയറ്റിൽ കരു പിടിച്ചില്ല. എല്ലാ മാസവും പതിവായി എത്തുന്ന തീണ്ടാരിയോടനുബന്ധിച്ചുള്ള അടിവയർ വേദനയുടെ കാര്യം ഇന്നലെ സഹിക്കാൻ വയ്യാതായപ്പോൾ മാത്രമാണ് അവൾ മായപ്പനോട് ഗൗരവത്തോടെയും അതിലുപരി സങ്കടത്തോടെയും അവതരിപ്പിക്കുന്നത്. അങ്ങിനെയാണ് അവർ ചിറ്റിലഞ്ചേരിയിലെ പേരുകേട്ട കുഞ്ഞുണ്ണി വൈദ്യരെ കാണാൻ തീരുമാനിച്ചത്. അയാൾക്ക് ജ്യോൽസ്യവും വശമുള്ളകാരണം കുട്ടികളുണ്ടാകാത്തതിൻ്റെ കാര്യവും കൂടി സംസാരിക്കാനുമായിരുന്നു പരിപാടി. അവർ വൈദ്യശാലയിലെത്തിയപ്പോൾ രണ്ട് രോഗികൾ വൈദ്യനെ കാണാൻ അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ പോയ ശേഷം മായപ്പനും ചെല്ലയും വൈദ്യരുടെ മുറിയിലേക്ക് കയറി. വയറ് വേദനയുടെ കാര്യവും കുട്ടികളുടെ കാര്യവും വൈദ്യനു മുൻപിൽ വേണ്ടവിധം ശോകം പുരട്ടി അവതരിപ്പിച്ചു. നാഡി പരിശോധനയും നാക്ക് പരിശോധനയും കഴിഞ്ഞ് വാതം പിത്തം കഫം എല്ലാം വലിയ കുഴപ്പമില്ലാത്ത രീതിയിൽ വേണ്ടതിൽ കുറവോ കൂടുതലോ ഇല്ലെന്ന നിഗമനത്തിൽ തെല്ലിട വൈദ്യൻ മൗനിയായി മാറത്ത് കൈ പിണച്ച് വെച്ച് ധ്യാനിച്ചു. മുൻപിലെ മരപ്പലകയിൽ വെച്ച കവിടികൾ പകുത്ത് അതിലെ ഒരോ കളങ്ങളിൽ വെച്ച് എന്തോ നിഗമനത്തിലെത്തിയ പോലെ ഗൗരവം പൂണ്ടു. എന്നിട്ട് ഒരു വെളിപാട് പോലെ പ്രഖ്യാപിച്ചു.

” പേടിക്കണ്ട. ഒറ്റ ദിവസം കൊണ്ടന്നെ ഞാനദ് മാറ്റിത്തരാ. ദ് ഒരു വിഘ്നമായി ഞാൻ കാണുന്നു. അതോണ്ടണ് വേദന. അതിന് മുമ്പ് വിഘ്നകാരൻ ആരണ്ന്ന് കണ്ട് പിടിക്കണം.”

അതും പറഞ്ഞ് വൈദ്യൻ അവർക്ക് മനസ്സിലാകാത്ത ഭാഷയിൽ എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി. കൈവിരലുകളിൽ എന്തൊക്കെയോ കണക്ക് കൂട്ടി. ചെല്ലയുടെ ഉദരത്തിൽ ആരാണ് വിഘ്നമുണ്ടാക്കുന്നതെന്ന് മനസ്സിലായ പോലെ അയാളുടെ ശരീരഭാഷയിൽ നിന്ന് അവർ മനസ്സിലാക്കി. എന്നാൽ വൈദ്യൻ ആരാണ് വില്ലൻ എന്ന കാര്യം രഹസ്യമായിതന്നെ വെച്ചുകൊണ്ട് അത് പറയേണ്ട കാര്യം ഇപ്പോഴില്ലെന്ന് മാത്രം അവരോട് പറഞ്ഞു. അകത്ത് നിന്നും ഒരു ചെമ്പ് കുടം എടുത്തുകൊണ്ടുവന്ന് ഒരു കുപ്പിയിൽ സൂക്ഷിച്ചിരുന്ന വെള്ളം അതിൽ നിറച്ചു. വീണ്ടും എന്തൊക്കെയോ നേരിയ ശബ്ദത്തിൽ മന്ത്രിച്ചു. രണ്ട് മൂന്ന് മരുന്നു ചെടികളുടെ വേരു മുറിച്ചെടുത്ത് ആ വെള്ളത്തിൽ മുക്കി പച്ചക്ക് കടിച്ച് തിന്നാൻ വെള്ളയോട് ആവശ്യപ്പെട്ടു. കുടത്തിലെ വെള്ളം കുടിക്കാനും കല്പിച്ചു. കുറെശ്ശെ ചവർപ്പുണ്ടായിരുന്നെങ്കിലും എങ്ങിനെയോ അത് അകത്താക്കി വെള്ളം കുടിച്ചു. അതിനു ശേഷാമാണ് മായപ്പൻ ആദ്യമായി അച്ഛനും വെള്ള അമ്മയുമായത്. ആ കുട്ടി ജീവിച്ചിരുന്നത് കഷ്ടി രണ്ട് മാസം മാത്രം. പിന്നീട് ജനിച്ച അടുത്ത കുട്ടി നാലു മാസവും ജീവിച്ച് കുറച്ച് ദിവസം മുൻപാണ് മരിച്ചു പോയത്.

പണിയെടുത്ത് ഉറച്ച ശരീരവും പൂർണ്ണ ആരോഗ്യത്തിൻ്റെ ഉടമകളായിരുന്നിട്ടും കുഞ്ഞുങ്ങൾ അകാലമരണം പ്രാപിക്കുന്നതിൻ്റെ രഹസ്യം തേടിയാണ് അവർ വീണ്ടും കുഞ്ഞു വൈദ്യരെ സമീപിച്ചത്. പഴയ കാര്യങ്ങൾ ഓർമ്മയിലുണ്ടായിരുന്ന അയാൾ അവരെ സമാധാനിപ്പിച്ചു.

“അതെ. അത് എനിക്കറിയണ കാര്യം തന്നെ. അന്നത് നിങ്ങൾൻ്റട്ത്ത് നേരെ ചൊവ്വെ പറഞ്ഞില്ല്യാന്നുള്ളത് ശരി തന്നെ. ഈ ബാധയെ ഒഴിപ്പിക്കുന്നത് റിസ്ക് പിടിച്ച പണ്യാണ്. ഇത്തിരി പെശക്യാ വല്ല്യ മാരണം വരും. എൻ്റെ കയ്യിൽ നിക്കില്ല്യ. നിങ്ങൾ മനക്കലെ ശങ്കരൻ തിരുമേനിയെ ഒന്ന് കണ്ടു നോക്കൂ..”

വെള്ളിയാഴ്ച അസ്തമയത്തിനു മുൻപ് കുളിച്ച് നെറ്റിയിൽ വലിയൊരു ഭസ്മക്കുറിയും അതിനു നടുവിലൊരു കുങ്കുമപ്പൊട്ടും തൊട്ട് പുരാണത്തിൽ നിന്നും ഇറങ്ങിവരുന്ന ഏതോ ഇതിഹാസപുരുഷനെ പോലെ ശങ്കരൻ തിരുമേനി മായപ്പൻ്റെ വീട്ടിലെത്തി. അപ്പോൾ അവിടെ കുറെ അയൽക്കാരും നാട്ടുകാരും ആകാംക്ഷാഭരിതരായി നിന്നിരുന്നു. അവരോടെല്ലാം കുശലപ്രശ്നങ്ങൾക്ക് ശേഷം പൂമുഖത്ത് തിരുമേനി ഒരു പായ വിരിച്ച് ചമ്രം പടിഞ്ഞിരുന്നു. ഒരു കുപ്പിയിൽ എണ്ണയും മൂന്ന് വെറ്റിലയും മുന്നിൽ വെച്ചു. വിളക്ക് കത്തിച്ചു. കണ്ണുകൾ അടച്ച് ആർക്കുംം മനസ്സിലാകാത്ത എന്തൊക്കെയോ മന്ത്രം ജപിക്കുകയും മഞ്ഞളും ഭസ്മവും കൊണ്ട് മൂന്ന് കളങ്ങൾ വരക്കുകയും ചെയ്തു. വെറ്റിലയിൽ എണ്ണ തേച്ച് പിടിപ്പിച്ചു. പിന്നീടത് വിളക്കിനു മുകളിൽ കുറച്ച് നേരം പിടിച്ചു. അതിൽ കറുത്ത നിറത്തിൽ ഒരു മൂടൽ രൂപപ്പെട്ടു. വീണ്ടും നടുവിരലിൽ എണ്ണ കോരി വെറ്റിലയിൽ തേച്ച് പിടിപ്പിച്ചു.

ഭയവും ആകാംക്ഷയും വലകെട്ടിയ മുഖത്തോടെ ചെല്ലയും മായപ്പനും ഈ ക്രിയകൾ ഭക്ത്യാദരപൂർവ്വം നോക്കിയിരുന്നു. തിരുമേനി ആ വെറ്റിലയിൽ കണ്ണുകൾ ഇറുക്കി സൂക്ഷ്മമായി നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

” മറഞ്ഞിരിക്കുന്ന ആരായാലും മറനീക്കി പൊറത്ത് വരണം. ഞാനാരാണെന്നറിയാല്ലോ.. മൂന്നു ലോകത്തും പോയി തപ്പി നിന്നെ ഞാൻ പൊറത്ത് കൊണ്ട് വരും. ” അയാൾ മൂന്നു കളങ്ങളിൽ മൂന്ന് അടക്കകളെടുത്ത് വെച്ചു. പിന്നീട് ശ്രദ്ധയോടെ എണ്ണ പുരട്ടിയ വെറ്റില അതിനു മുകളിൽ വെച്ചു.
വെറ്റിലയിലെ എണ്ണ പുരണ്ട കറുപ്പിൽ പല രൂപത്തിലുള്ള രേഖകൾ രൂപപ്പെട്ടു. ചിലതെല്ലാം മാഞ്ഞു. വീണ്ടും തെളിഞ്ഞു തെളിഞ്ഞു വന്നു. അതിലേക്ക് വളരെ സൂക്ഷ്മതയോടെ ശ്രദ്ധ കേന്ദ്രീകരിച്ച് നോക്കി അയാൾ എന്തോ ഒന്ന് ഉറപ്പിച്ച പോലെ വെറ്റിലയിൽ നിന്നും കണ്ണുകൾ ഉയർത്തി.

” ഇതിൻ്റുള്ളീന്ന് നീ പൊറത്ത് പോകാന്ന് വിജാരിക്കണ്ട. നെന്നെ ഞാൻ തളച്ച് കഴിഞ്ഞിരിക്കണു..”

ഭയം കൊണ്ടും ആശങ്ക കൊണ്ടും വിളർത്തിരിക്കുന്ന ചെല്ലയുടെ കാതിൽ തിരുമേനി എന്തോ മന്ത്രിച്ചു. ആലില പോലെ വിറക്കുന്ന അവളുടെ കരങ്ങളിലേക്ക് ആ വെറ്റില വെച്ച് കൊടുത്ത് അതിലേക്ക് സൂക്ഷിച്ച് നോക്കുവാൻ പറഞ്ഞു.

“വിളിച്ച് പറയ്. ആരടെ മുഖമാണ് നീ കാണണതെന്ന് ഒറക്കെ വിളിച്ച് പറ. നെൻ്റെ മക്കളെ കൊന്ന ദുഷ്ടൻ്റെ പേര് ഈ നിക്കണ ആൾക്കാരൊക്കെ കേക്കട്ടെ.” ഘനഗംഭീരമായ സ്വരത്തിൽ ഉയർന്ന തിരുമേനിയുടെ കല്പന ഉയർന്നു.

“പഴണാണ്ടി ഏട്ട” വെറ്റിലയിലേക്ക് സൂക്ഷിച്ച് നോക്കി ഒരു അലർച്ചയോടെ ചെല്ല മോഹാലസ്യപ്പെട്ട് പുറകിലേക്ക് ചാഞ്ഞു. അവൾ വിളിച്ചുപറഞ്ഞ പേര് മായപ്പൻ്റെ മൂത്ത ജ്യേഷ്ഠൻ്റേതായിരുന്നു.

ഇത് സാധ്യമാണോ? ഇപ്രകാരം ഒന്ന് സംഭവിക്കാമോ? മായപ്പൻ്റെ വാക്കുകൾ പുറത്ത് വരാതെ അരിവാൾ കൊണ്ട് അരിഞ്ഞിട്ട കുടൽമാല മണ്ണിൽ കിടന്നുരുണ്ട് ചെളി പറ്റിയ പോലെ അകത്ത് തന്നെ കിടന്നു. മനുഷ്യൻ്റെ ഉള്ള് നിഗൂഢവും വന്യവുമായ പ്രദേശമാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ അപരന് അന്യമായിരിക്കുമല്ലൊ. കരപ്രമാണി പരമേശ്വരൻ നായരുടെ തോട്ടത്തിൻ്റെയും കൃഷിയുടെയുമെല്ലാം മേൽനോട്ടമാണ് പഴണാണ്ടിയുടെ ജോലി. മായപ്പൻ്റെ ജനനത്തോടെയാണ് അവരുടെ അമ്മ പ്രസവത്തോടനുബന്ധിച്ച രക്തവാർച്ചയെ തുടർന്ന് മരിച്ചത്. പിന്നീട് അച്ഛനും ഏട്ടനും കൂടിയാണ് മായപ്പനെ വളർത്തി വലുതാക്കിയത്. പഴണാണ്ടിയുടെ ഭാര്യ രുക്കുവിനും മായപ്പനെ വളരെ ഇഷ്ടമാണ്. ഒരു മകനെപ്പോലെയാണ് അവർ മായപ്പൻ്റെ കല്ല്യാണം കഴിയുന്നതുവരെ അവൻ്റെ കാര്യങ്ങൾ നോക്കിയത്. മാരിയമ്മൻ കോവിലിൽ പ്രധാന പൂജകൾ നടക്കുമ്പോൾ കണ്ടാകർണ്ണൻ തുള്ളുന്നത് പഴണാണ്ടിയാണ്. സ്വതവേ മിതഭാഷിയായ പഴണാണ്ടി കണ്ടാകർണ്ണൻ ആവാഹിച്ച് തുള്ളുമ്പോൾ അതിഭീകരമായ പരകായപ്രവേശത്തിൻ്റെ പാരമ്യതയിലെത്തും. ദേശക്കാരെല്ലാം ഭയഭക്തി ബഹുമാനങ്ങളോടെ അയാളുടെ മുൻപിൽ ഓച്ചാനിച്ച് നിന്ന് അനുഗ്രഹം വാങ്ങും.

“ഇത് ഒരിക്കലും സംഭവിക്കില്ല്യ. പാവം പഴണാണ്ടി. അവനെ എനിക്ക് ശെരിക്കറിയാം. അവനെ പോലെ ഒരു സാധു ഈ നാട്ടിൽ വേറെ ഇല്ല്യ.. കണ്ണിക്കണ്ട തോന്ന്യാസം പറയാനും ചെയ്യാനും ഞാൻ സമ്മതിക്കില്ല്യ” ചുറ്റും നിന്നവരുടെ ഇടയിൽ നിന്ന് ബ്രാഞ്ച് സെക്രട്ടറി കൂടിയായ രാജേഷ് മാഷ് ക്രുദ്ധനായി വിളിച്ചു പറഞ്ഞു. അവിടെ നടക്കുന്ന കാര്യങ്ങൾ അതിശയത്തോടെ നോക്കിക്കൊണ്ടിരുന്നവരുടെ കണ്ണുകൾ അയാളിലേക്ക് നീണ്ടു.

അത്യാവശ്യം ആഭിചാരക്രിയകൾ നടത്തുന്ന പഴണാണ്ടിയോട് വൈദ്യനു് തൊഴിലധിഷ്ഠിതമായ ഒരു അനിഷ്ടം ഉണ്ടെന്നും, വൈദ്യനും തിരുമേനിയും തമ്മിൽ ചില കൊടുക്കൽ വാങ്ങലുകൾ ഉണ്ടെന്നും മാഷിന് നന്നായി അറിയാം. അവർ ദേശത്തെ എല്ലാ കാര്യങ്ങളിലും ആശയപരമായി ഒരേ നിലപാടുതറയിൽ ചവിട്ടി നിൽക്കുന്നവരാണെന്നുമറിയാം.

“എന്ത് കൊണ്ട് ആയിക്കൂടാ? അവനെ ഇനിയും ഇങ്ങനെ കയറൂരി വിട്ടുകൂട. കാര്യം പച്ചവെള്ളം പോലെ വ്യക്തമാണ്. നെണക്ക് മാത്രം എന്താ ത്ര സംശയം?” കരയോഗം പ്രസിഡൻ്റ് എടുത്തടിച്ച പോലെ സെക്രട്ടറിക്ക് നേരെ ചൊടിച്ചു.

“എന്താച്ചാ ഇതെല്ലാം തട്ടിപ്പണ്. അദന്നെ.”

“അപ്പൊ തിരുമേനി കണ്ടതോ?”

“തിരുമേനി ഒന്നും കണ്ടിട്ടില്ല. എല്ലാം നൊണ.”

” ചെല്ലയും കണ്ടല്ലോ. ഇല്ലേ?”

” ഹൈ.. അവൾടെ മാനസിക നില തകരാറിലാണെന്നേയ്.. നിങ്ങ എന്ത് പറഞ്ഞാലും ഇപ്പവള് വിശ്വസിക്കും. അതാ കണ്ടീഷൻ.”

“പിന്നെ! ഇതൊക്കെ പറയാൻ നീ ആരണ്ടാ? പ്രാന്തിൻ്റെ ഡോക്ടറോ?” അയാളുടെ വാക്കുകളിൽ പുഛം ഫണം നിവർത്തി നിന്നു. അവർ തമ്മിലുള്ള തർക്കം മൂത്ത് സ്ഥിതി കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നായപ്പോൾ പ്രസിഡൻ്റിൻ്റെ ശിങ്കിടി അവരെ പിടിച്ചു മാറ്റി സംഘർഷം ഒഴിവാക്കിയെങ്കിലും കൂടി നിന്നവർ ചേരി തിരിഞ്ഞ് പഴണാണ്ടിക്കെതിരായ ഗൂഢാലോചനയിലും ന്യായീകരണത്തിലും മുഴുകി. അതിനിടയിൽ ആരുമറിയാതെ അവിടെ നിന്നും അപ്രത്യക്ഷനായ മാഷ് അന്നു തന്നെ ജില്ലാ കമ്മറ്റി മെംബർ കണ്ടമുത്തനെ മൊബൈലിൽ വിളിച്ച് കാര്യങ്ങളുടെ ഏകദേശരൂപം അവതരിപ്പിച്ചു. പഴണാണ്ടിയെ ഭവാനിപുഴയുടെ അക്കരെയുള്ള കണ്ടമുത്തൻ്റെ വീട്ടിലേക്ക് മാറ്റി. കഴിഞ്ഞ പ്രളയത്തിൽ പാലം തകർന്നതിൽ പിന്നെ പുഴകടക്കാനുള്ള ഒരേ ഒരു വഞ്ചി മെംബറുടെ പുഴക്കടവിലായിരുന്നു കെട്ടിയിട്ടിരുന്നത്. അതുകൊണ്ട് കണ്ടമുത്തൻ്റെ വീട്ടിൽ ആരെങ്കിലും അക്കരെ നിന്ന് വന്ന് ഇടപെടാനുള്ള സാധ്യത തുലോം കുറവായിരുന്നു. കഠിനഹൃദയനും കാർക്കശ്യക്കാരനും ആയ കാരണങ്ങളാൽ ഒട്ടേറെ ശത്രുക്കളെ മെംബർ സമ്പാദിച്ചിരുന്നു.

“ഏതായാലും പഴണാണ്ടി ഇവിടെയുള്ള കാര്യം ഇരുചെവിയറിയരുത്” കാര്യങ്ങളുടെ കിടപ്പ് കണ്ട് കണ്ടമുത്തൻ പറഞ്ഞു.

“എത്രനാൾ നമുക്ക് ഇയാളെ ഇവിടെ ഒളിപ്പിച്ച് വെക്കാൻ പറ്റും?” മാഷ് സംശയം പ്രകടിപ്പിച്ചു.

“ഇതെല്ലാം കരുതി കൂട്ടി ഉണ്ടാക്കിയ ഒരു അജണ്ടയാണെന്ന് ആളുകൾ തിരിച്ചറിയും വരെയെങ്കിലും “

“പൊതുജനം എന്നെങ്കിലും ശരിയും തെറ്റും മനസ്സിലാക്കാതെയിരിക്കില്ല” മാഷ് സ്വയം സമാധാനിച്ചു.

പഴണാണ്ടി അവരുടെ ബാല്യകൗമാരങ്ങളിലേക്കും യൗവ്വനത്തിലേക്കും അബോധപൂർവ്വം പിൻ നടന്നു. എല്ലാവർക്കും ഭൂതകാലം പ്രിയതരമാകുന്നതും അല്ലാതാകുന്നതും അവരുടെ അനുഭവങ്ങൾ മുൻനിർത്തിയാല്ലോ. അന്ന് കണ്ട ലോകം ഇട്ടാവട്ടത്തിലുള്ളതാകാം. പക്ഷെ നിറങ്ങൾ നിറഞ്ഞതായിരുന്നു. ഒരാൾ തൻ്റെ ഓർമ്മകളിൽ സൂക്ഷ്മമായ പരിശോധനകൾ നടത്തുമ്പോഴാണ് അയാൾക്ക് താൻ ഉപേക്ഷിച്ചുപോന്ന ഇടങ്ങളിലെ ദൃശ്യങ്ങൾ ഓരോന്നായി കാണാൻ തുടങ്ങുക. പിന്നീടൊരിക്കൽ ഓർമ്മയായി തിരിച്ചുവരുമെന്ന്‌ അറിയാതെ കളഞ്ഞവയിൽ നിന്ന് എന്തെല്ലാമാണ് തെളിഞ്ഞുവരുന്നത് . അതിൽ വേദനകളും സന്തോഷങ്ങളും അപമാനങ്ങളും അഭിമാനങ്ങളും കൂടിക്കലർന്നു കിടപ്പുണ്ടാകുമെന്നു മാത്രം. അതുവരെ തലക്ക് കൈകൊടുത്ത് ആലോനകളിൽ മുഴുകിയ പഴണാണ്ടി പെട്ടെന്ന് എഴുന്നേറ്റു.

“അതെ. ഞാൻ ദുഷ്ടനായ കണ്ടാകർണ്ണനണ്. അവൻ്റെ കുട്ടികളെ ഇല്ലാതാക്കിയ ക്രൂരൻ. അങ്ങിനെല്ലെ ആ പ്രമാണിമാര് പറഞ്ഞുണ്ടാക്കിയിരിക്കുന്നത്!. അപ്പനും അമ്മയും മരിച്ചതിൽ പിന്നെ അവനെ പൊന്നുപോലെ നോക്കിയവനല്ലെ ഞാൻ? അന്ന് കാലത്ത് ഈ പറഞ്ഞവർ തന്നെയല്ലെ ഞാൻ അവൻ്റെ അപ്പനും അമ്മയും ഒക്കെയാണെന്ന് പറഞ്ഞു നടന്നിരുന്നത്? എനിക്ക് അവനെ ഇപ്പത്തന്നെ കാണണം. അവൻ്റെ കുട്ടികളെ കൊന്നത് ഞാൻ തന്നെയെന്ന് അവൻ്റെ വായിൽ നിന്നു തന്നെ കേക്കണം.”

“നീ വെറുതെ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. സമാധാനിക്ക്. ധൈര്യവും സാഹസികതയും അല്ല ബുദ്ധിയും വിവേകവുമാണ് ചില സാഹചര്യങ്ങളിൽ പ്രധാനം” കണ്ടമുത്തൻ അവനെ തോളിൽ പിടിച്ചിരുത്തി. പക്ഷെ പഴണാണ്ടിയുടെ തലയിൽ കടന്നൽ കൂട് ഇളകിയപോലെ വികാരങ്ങൾ തിരമാലകളുയർത്തി. അയാൾ വീടിനു പുറത്തിറങ്ങി പുഴയുടെ നേരെ നടന്നു. പുഴയുടെ ഒഴുക്കിൻ്റെ ശബ്ദം പരിസരത്തെ തവളകളുടെയും മണ്ണട്ടകളുടെയും കരച്ചിലുകളെ വിഴുങ്ങി. കര കവിഞ്ഞൊഴുകുന്ന പുഴയിലേക്ക് അയാൾ ഒരു നിമിഷം നോക്കി നിന്നു. അയാൾ ഒരു ഭ്രാന്തനെ പോലെ വീട്ടിനുള്ളിലേക്ക് ഓടിവന്നു.

“വെള്ളത്തിൽ എൻ്റെ നിഴൽ കാണാനില്ല. ഞാൻ ശരിക്കും ഒരു ദുർമൂർത്തിയായോ? “

“കർക്കടമാസമല്ലെ? നിൻ്റെ തലക്കുമുകളിൽ സൂര്യനും ചന്ദ്രനുമൊന്നുമില്ലല്ലോ! എല്ലാം കാർമേഘം വന്ന് മൂടിക്കെടക്കുകയല്ലെ? പോരാത്തതിന് കലക്ക വെള്ളവും. പിന്നെങ്ങനെ നെഴല് കാണും?” മാഷ് ഇടപെട്ടു. പഴണാണ്ടി അല്പനേരം അസ്വസ്ഥനായി മുറ്റത്ത് അങോട്ടും ഇങ്ങോട്ടും വേഗ ത്തിൽ നടന്നു. തലമുടികളിൽ കൈവിരലുകളിട്ട് വലിച്ചു പറിച്ചു. ആ പ്രമാണിമാർ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അനിയൻ വിശസിക്കുമോ? അതിനുമാത്രം അവൻ സ്നേഹരഹിതനാകുമോ? സ്നേഹമെന്ന വാക്കിനു സ്നേഹമെന്നല്ലാതെ മറ്റെന്ത് അർത്ഥമാണുണ്ടാകുക? അയാളുടെ കണ്ണുകൾ സജലങ്ങളായി. പിന്നെ മാഷോട് പറഞ്ഞു.

“എന്നാ നീ ആ ടോർച്ച് എൻ്റെ നേരെ അടിക്ക്. അപ്പോൾ നിഴലുണ്ടോന്ന് അറിയാല്ലോ.”

മാഷ് അയാൾക്ക് നേരെ ടോർച്ച് അടിച്ചുകൊണ്ട് സംശയ നിവർത്തി വരുത്തി ചോദിച്ചു.

“ഇതാ നെൻ്റെ പൊറകില് നോക്ക്. നെന്നെ പോലെ തന്നെ പൊക്കത്തിലും തടിയിലും നെൻ്റെ നെഴല് കാണണില്ലേ?”

“ഇല്ല. എനിക്കൊന്നും കാണണില്ല. നീ എന്നെ സമാധാനിപ്പിക്കാൻ നൊണ പറയണ്ട. മെംബറ് പറ ബടെ എൻ്റെ നെഴല് ണ്ടോ?

“നെനക്കെന്താ പറ്റിയേ പഴണാ. നെൻ്റെ നെഴലല്ലേ ദാ നീണ്ട് നിവർന്ന് കെടക്കണ്?”

“ഇല്ല്യ. നിങ്ങ രണ്ടാളും എന്നെ കൊരങ്ങ് കളിപ്പിക്കേണ്. ഞാൻ വിശസിക്കില്ല.” അയാൾ നിസ്സഹായനായി.

മാഷും മെംബറും കൂടെ അയാളെ രണ്ട് കയ്യിലും പിടിച്ച് അകത്തെ കട്ടിലിൽ കൊണ്ട് കിടത്തി. വളരെ നേരം അയാളെ ഉറക്കം എത്തിനോക്കിയതുപോലുമില്ല. പിറ്റേന്ന് മെംബർ പറഞ്ഞ പ്രകാരം മാഷ് പഴണാണ്ടി കാണാതെ വഞ്ചി അവിടെ നിന്നും മാറ്റി. അവരുടെ കണ്ണുവെട്ടിച്ച് പഴണാണ്ടി അനിയനെ കാണാൻ അക്കരെ പോയാൽ ഉണ്ടാകുന്ന പുകില് മെംബർ മുൻ കൂട്ടി കണ്ടിരുന്നു.

പഴണാണ്ടി വളരെ ക്ഷീണിതനായും അസ്വസ്ഥനായും കാണപ്പെട്ടു. അയാൾ വിചാരപ്പെട്ടു. തൻ്റെ നെഞ്ച് കീറി ചങ്കെടുത്തു കാട്ടി അനിയനോട് പറയണം. നോക്ക് ഇതിനിപ്പോഴും സ്നേഹത്തിൻ്റെ ചോര നിറമാണ്. നാട്ട്കാർ പറയുന്നത് സത്യമാണെങ്കിൽ ഇത് കറുത്തിരിക്കില്ലേ? നിനക്ക് ഞാൻ പറയുന്നതിലും കൂടുതൽ വിശ്വാസം ആ ചെറ്റകൾ പറയുന്നതിനോടാണോ? ഒന്നുമില്ലെങ്കിലും നമ്മൾ ഒരമ്മയുടെ വയറ്റിൽ നിന്നല്ലേ വന്നത്? നിൻ്റെ മക്കളും എൻ്റെ മക്കളും എനിക്ക് ഒരുപോലെയല്ലേടാ? സാഹചര്യമല്ലേ എന്നെക്കൊണ്ട് കണ്ടാകർണ്ണൻ കെട്ടിക്കുന്നത്? അതും ഞാൻ ഈ നാട്ട്കാർക്ക് വേണ്ടിയല്ലെടാ ചെയ്യുന്നത്? ആലോചനകളിൽ അനിയനെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള പല ആശയങ്ങളും അയാളുടെ മസ്തിഷ്കത്തിൽ കയറിയിറങ്ങി.

രാത്രി കഞ്ഞിയും കുടിച്ച് പഴണാണ്ടി കിടന്നുവെന്ന് ഉറപ്പിച്ച ശേഷമാണ് മാഷും മെംബറും ഉറങ്ങാൻ പോയത്. നേരം വെളുത്തപ്പോൾ പഴണാണ്ടിയെ അവിടെ കണ്ടില്ല. പരിസരങ്ങളിൽ അയാളെ തിരഞ്ഞു നടന്ന അവർക്ക് പുഴക്കരയിൽ അയാൾ അഴിച്ചിട്ടു പോയ ചെരുപ്പുകളും ലുങ്കിയും മഴയിൽ നനഞ്ഞ് മണ്ണു പറ്റി കിടക്കുന്നത് കാണാൻ കഴിഞ്ഞു. കർക്കടക മഴയിൽ നിറഞ്ഞു തലതല്ലിയൊഴുകുന്ന ഭവാനിപ്പുഴ അയാൾ നീന്തിക്കടന്നുകാണുമെന്ന് അവർ ഊഹിച്ചു. ഒരു മനുഷ്യനെ കൊണ്ട് അസാധ്യമായ കാര്യമായിരുന്നു അതെന്നും കണ്ടാകർണ്ണൻ കയറുമ്പോൾ അയാൾക്ക് അമാനുഷ ശക്തി കൈവരുന്നതിനെ കുറിച്ചും അവർ സംസാരിച്ചു.

പഴണാണ്ടി ഒഴുക്കിനെതിരെ ആ പെരുമഴയിൽ കമിഴ്ന്നും മലർന്നും ഒന്നര കിലോമീറ്റർ നീന്തി പുഴക്ക് അക്കരെ തൊട്ടു. കിതപ്പ് കൊണ്ടും ശരീരവേദന കൊണ്ടും എഴുന്നേറ്റ് നിൽക്കാൻ പറ്റാതെ കുറെ നേരം പുഴയോരത്തെ ചേറിൽ ജീവശ്ശവമായി കിടന്നു. മഴ തോർന്നിരുന്നു. ചന്ദ്രനും നക്ഷത്രങ്ങളുമില്ലാത്ത മേഘാവൃതമായ ആകാശം മുകളിലും, അമാവാസി രാവിൻ്റെ ഇരുട്ടും നിശബ്ദതയും താഴെയും അയാൾക്ക് കൂട്ടിരുന്നു. കുറെ നേരത്തിനു ശേഷം അയാൾ കൈകൾ നിലത്തു കുത്തി ഒരുവിധം എഴുന്നേറ്റ് നിന്നു. കാലുകൾക്ക് ബലമില്ലാത്ത പോലെ തോന്നി. രണ്ടടി നടന്നപ്പോൾ വേച്ച് വീണുപോയി. പിന്നെയും എഴുന്നേറ്റ് നടന്നും വീണും യാത്ര തുടർന്നു. തുടർച്ചയായുള്ള ഓരോ വീഴ്ചയിലും ചേറിലും ചളിയിലും കുതിർന്ന ശരീരത്തിൻ്റെ പല ഭാഗങ്ങളിലും മുറിവുപറ്റി. വായുടെ കോണിൽ നിന്നും രക്തം പൊടിഞ്ഞിറങ്ങി. വഴിയിലെ കൈതമുള്ളുകൾ ശരീരത്തിൽ കുത്തിക്കയറുന്നതും അതുമൂലമുണ്ടാകുന്ന വേദനയും അയാൾ അറിഞ്ഞതേയില്ല. ശൂന്യത പെയ്തിറങ്ങുന്ന ഹൃദയവുമായി അയാൾ മായപ്പൻ്റെ വീടിനു നേരെ നടപ്പ് തുടർന്നു.

കാറ്റിലും മഴയിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ട മായപ്പൻ്റെ വീട്ടിൽ എമർജെൻസി വിളക്ക് അതിൻ്റെ ധർമ്മം പരമാവധി നിർവ്വഹിച്ച് അണഞ്ഞു. . പകരം കൊളുത്തിയ മുട്ടവിളക്കിൻ്റെ മഞ്ഞച്ച വെട്ടത്തിൽ പേടികൊണ്ട് രക്തം വാർന്ന ചെല്ലയുടെ മുഖം ഒന്നുകൂടി വിളർത്തു. മായപ്പൻ വെള്ളയുടെ കിടക്ക പായക്കരികിൽ പലവിധ ചിന്തകളിൽ മുഴുകി ഉറക്കം വരാതെ ഇരുന്നു. ഭയത്താൽ മിണ്ടാട്ടം മുട്ടിയ അവളുടെ ഉറക്കം കയ്യൊഴിഞ്ഞ മിഴികൾ ഓലമേഞ്ഞ മേൽക്കൂരയിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു. ചെറിയ ശബ്ദം കേൾക്കുമ്പോൾ പോലും വെള്ള ഞെട്ടിയുണർന്ന് നിലവിളിച്ച് മായപ്പൻ്റെ കൈകളിൽ ഒരു മുയൽക്കുഞ്ഞിനെ പോലെ ഒതുങ്ങി. ഉടുക്കാക്കുണ്ടികളായ എണ്ണമറ്റ ഉണ്ണികൾ തനിക്ക് ചുറ്റും ഓടിക്കളിക്കുന്നതായും, ഒരാൾ പോലും തൻ്റെ മടിയിൽ ഇരിക്കാൻ വരാത്തതായും അവൾക്ക് തോന്നി. അവൾ ഒരുവിധം ഉറക്കമായെന്ന് ബോധ്യപ്പെട്ട മായപ്പൻ തലയിണക്ക് കീഴിൽ ചേറ്റുകത്തിയും വെച്ച് കണ്ണടക്കാൻ വിഫലശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കരിമ്പനപ്പലക കൊണ്ടുണ്ടാക്കിയ ഉമ്മറവാതിൽ കാറ്റിൽ ടപ് ടപ് എന്ന് ഒച്ചയുണ്ടാക്കുമ്പോൾ മായപ്പൻ്റെ കൈ അറിയാതെ ചേറ്റ്കത്തിയുടെ പിടിയിൽ മുറുകും. മുനിഞ്ഞു കത്തിക്കൊണ്ടിരുന്ന മുട്ടവിളക്കിൽ നിന്ന് പുകച്ചുരുളുകൾ മൺചുമരിനു മുകളിൽ കൂടെ പുറത്തേക്ക് ഓടിപ്പോകാൻ തിരക്കുകൂട്ടിയെങ്കിലും ഏതോ ആത്മാവിൻ്റെ സാന്നിധ്യം പോലെ ഒരുപാടു നേരം മുറിക്കുള്ളിൽ തങ്ങി നിന്നു. പുറത്ത് നിന്നും വെള്ളത്തിൽ കുതിർന്ന കരിയിലകൾക്ക് മീതെ നടന്നുനീങ്ങുന്ന കാലടി ശബ്ദം മായപ്പന് വ്യക്തമായികേൾക്കാൻ പറ്റി. ആ ശബ്ദം വീടിനു നേരെ അടുത്തടുത്ത് വരുന്നതായും അയാളറിഞ്ഞു. ആ ശബ്ദം പലക വാതിലിനു മുൻപിൽ എത്തിയതായി അറിഞ്ഞ മായപ്പൻ ചേറ്റുകത്തി കയ്യിലെടുത്ത് വാതിലനടുത്തേക്ക് നീങ്ങി. ഇടംകൈ കൊണ്ട് വാതിൽ പതുക്കെ തുറന്നു. മുട്ടവിളക്കിൻ്റെ നേരിയ വെളിച്ചം വാതിലിനു പുറത്തേക്ക് പ്രസരിച്ചു.

മുൻപിൽ കണ്ട കാഴ്ചയിൽ മായപ്പൻ സ്തബ്ധനായി. അവിടെ ചളിയിലും രക്തത്തിലും മുങ്ങിയ പഴണാണ്ടിയുടെ ഭീകരരൂപം കണ്ട് ഭൂമിയിൽ വേരോടിയതുപോലെ മായപ്പൻ ചലനമറ്റു നിന്നു. അവിടെ നിന്ന രൂപത്തിനെ ആരോ നൂറു കഷണങ്ങളായി നുറുക്കി വീണ്ടും കൂട്ടി ചേർത്തപോലെ അത്രക്ക് ഭയാനകമായി തോന്നി. പഴണാണ്ടി ചേറുപുരണ്ട, തൻ്റെ വിറക്കുന്ന രണ്ട് കൈകളും മുന്നിലേക്ക് വിടർത്തിപ്പിടിച്ച് തൻ്റെ സഹോദരന്നടുത്തേക്ക് നീങ്ങി. എല്ലാ നദികളും ഒഴുകിയെത്തുമ്പോളും സീമകൾ ലംഘിക്കാത്ത അലകടൽ പോലെ അയാളിൽ സ്നേഹം തുളുംബി. വികാരത്തള്ളിച്ച കൊണ്ട് ശബ്ദം നഷ്ടപ്പെട്ടു. വളരെ പണിപ്പെട്ട് എല്ലാ ശക്തിയും ആവാഹിച്ച് അയാൾ വിളിച്ചു

“മകനെ മായപ്പാ….

വാതിൽ തുറന്നപ്പോൾ അടിച്ചു കയറിയ തണുത്ത കാറ്റിൽ മുട്ട വിളക്ക് അണഞ്ഞു. സമനില തെറ്റിയ മായപ്പൻ പേടി കൊണ്ടും പരിഭമം കൊണ്ടും ഉറക്കെ നിലവിളിച്ചുപോയി. അടുത്ത നിമിഷം മായപ്പൻ്റെ കയ്യിലെ ചേറ്റുകത്തി പലവട്ടം ഉയർന്നു താണു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചി മെട്രോയില്‍ പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി

കൊച്ചി: മെട്രോയുടെ തിരഞ്ഞെടുത്ത നാല് പ്രധാന സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ് കുത്തനെ...

യഷ് ചിത്രമായ ‘ടോക്സിക്’ പ്രൊമോഷനിടെ അപകടം: രണ്ട് വിദ്യാര്‍ഥികള്‍ക്ക്

ഹൈദരാബാദ്: യഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ടോക്സിക്കി'ന്റെ പ്രൊമോഷൻ ചടങ്ങിനിടെയുണ്ടായ...

പ്രവാസികള്‍ക്ക് ഓണത്തിന് മുമ്പ് പെൻഷൻ; 32 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് സർക്കാർ...

വാഹന മോഡിഫിക്കേഷൻ: നിയമലംഘനങ്ങള്‍ ഓരോന്നിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി...

താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ...

കൊച്ചി മെട്രോയില്‍ പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി

കൊച്ചി: മെട്രോയുടെ തിരഞ്ഞെടുത്ത നാല് പ്രധാന സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ് കുത്തനെ...

യഷ് ചിത്രമായ ‘ടോക്സിക്’ പ്രൊമോഷനിടെ അപകടം: രണ്ട് വിദ്യാര്‍ഥികള്‍ക്ക്

ഹൈദരാബാദ്: യഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ടോക്സിക്കി'ന്റെ പ്രൊമോഷൻ ചടങ്ങിനിടെയുണ്ടായ...

പ്രവാസികള്‍ക്ക് ഓണത്തിന് മുമ്പ് പെൻഷൻ; 32 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് സർക്കാർ...

വാഹന മോഡിഫിക്കേഷൻ: നിയമലംഘനങ്ങള്‍ ഓരോന്നിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി...

താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ...

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

കോട്ടയം: ചങ്ങനാശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് കണ്‍സഷൻ ടിക്കറ്റ് നിഷേധിക്കുകയും മോശമായി പെരുമാറുകയും...

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം, ഓണം ഭക്ഷ്യധാന്യങ്ങളുടെ വിതരണം, അരി വിതരണം എന്നിവ...

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം;  ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂരില്‍ കല്യാണമേളം. ആറ് മണ്ഡപങ്ങളിലായി...

Related Articles

Popular Categories