ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 4.05-ഓടെ തുറയൂർ–മുസിരി സംസ്ഥാന പാതയിൽ ജംബുനാഥപുരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോത്തൂർപട്ടി നാൽക്കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. നാമക്കൽ ജില്ലയിലെ എരുമപ്പട്ടിയിൽ ഒരു കാതുകുത്ത് ചടങ്ങിൽ പങ്കെടുത്ത ശേഷം തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപള്ളിയിലേക്ക് മടങ്ങുകയായിരുന്ന പത്തംഗ സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ വേപ്പുമരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അഞ്ച് പേർ സംഭവസ്ഥലത്തുവെച്ചും, ഗുരുതരമായി പരുക്കേറ്റ മറ്റ് മൂന്ന് പേർ മുസിരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. തഞ്ചാവൂർ, വില്ലുപുരം ജില്ലകളിൽ നിന്നുള്ള ഇഷ്ടികച്ചൂള തൊഴിലാളികളായ എ. മാണിക്യം, എ. ശക്തിവേൽ, ജി. മുരുകൻ, എ. രാജേഷ്, ജി. സുബ്രഹ്മണി, എസ്. സംഗിലി, എസ്. പാവാടൈ, ടി. സീതാരാമൻ എന്നിവരാണ് മരിച്ചത്.
ജംബുനാഥപുരം പോലിസ് അപകടസ്ഥലത്തെത്തി തകർന്ന കാറിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മുസിരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി അപകടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അനുശോചനം രേഖപ്പെടുത്തുകയും പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും നിർദ്ദേശം നൽകുകയും ചെയ്തു.
SUMMARY: Car goes out of control and crashes into a tree in Tamil Nadu; eight people die tragically.
















