വാഷിങ്ടൺ : അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം പടരുന്നു. സിക്കാഡ (BA.3.2) എന്നറിയപ്പെടുന്ന പുതിയ വകഭേദമാണ് വിവിധയിടങ്ങളിൽ പടരുന്നത്. അമേരിക്കയിലെ ഇരുപതോളം സംസ്ഥാനങ്ങൾക്കുപുറമേ 20ലധികം രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തതയായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കോവിഡ് വാകിസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വകഭേദമാണിത്.
2021ൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തിന്റെ പിൻഗാമിയാണ് ബിഎ 3.2. 2024 നവംബറിൽ ആഫ്രിക്കയിലാണ് സിക്കാഡ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2026 ഫെബ്രുവരി ആയപ്പോഴേക്കും 23 രാജ്യങ്ങളിൽ വ്യാപിച്ചു. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ എളുപ്പം മറികടക്കാൻ സാധിക്കുമെന്നതിനാൽ കൂടുതൽ ആളുകളിലേക്ക് പടർന്നേക്കാമെങ്കിലും മുൻ വകഭേദങ്ങളെപ്പോലെ മാരകമായിരിക്കില്ല ഇവയെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
കഠിനമായ തൊണ്ടവേദന, പനി, മൂക്കൊലിപ്പ്, ക്ഷീണം, തലവേദന, ശ്വാസതടസ്സം, പേശി വേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. നിലവിൽ, പടരുന്ന വകഭേദം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നില്ല. എന്നിരുന്നാലും, അതിന്റെ ദ്രുതഗതിയിലുള്ള മ്യൂട്ടേഷൻ ഭാവിയിൽ ആശങ്കയ്ക്ക് കാരണമായേക്കാമെന്നും വിദഗ്ധർ പറയുന്നു. 2024ൽ സൗത്ത് ആഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. 2025ൽ മറ്റ് ചില രാജ്യങ്ങളിൽ കൂടി പ്രത്യക്ഷപ്പെട്ടു. വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന സിക്കാഡ എന്ന പ്രാണിയിൽ നിന്നാണ് വൈറസിന് ഈ പേര് ലഭിച്ചത്.
SUMMARY: ‘Cicada or BA.3.2’; New Covid wave in America; Spreading rapidly
















