കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുണിനെ ഹൈക്കോടതി നിയമിച്ചു. സമിതി ചെയർമാനായിരുന്ന ജസ്റ്റിസ് എസ്. സിരി ജഗൻ അന്തരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. സമിതിയുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ ചെയർമാനെ അടിയന്തരമായി നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി വിലയിരുത്തി.
2009ലാണ് കോടതി ശബരിമല ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിനും നിര്‍വഹണത്തിനുമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് സുപ്രീംകോടതി നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സമിതിയുടെ രൂപീകരണം. ക്ഷേത്ര പരിസരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ അനുസരിച്ചാണോ നടക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം വനം പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും സമിതി നിരീക്ഷിച്ചു വരുന്നു.
ജസ്റ്റിസ് സിരിജഗന്റെ വിയോഗം സമിതിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാനിടയുള്ള സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പുതിയ അധ്യക്ഷനായി ചുമതലയേൽക്കുന്ന ജസ്റ്റിസ് വി.ജി. അരുണിന്റെ നേതൃത്വത്തിൽ ശബരിമലയിലെ വരാനിരിക്കുന്ന വികസന പദ്ധതികൾക്കും മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾക്കും കൂടുതൽ വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Retired High Court Judge VG Arun appointed as Chairman of Sabarimala High Power Committee
















