വാഷിംഗ്ടണ്‍: ഹോർമുസില്‍ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകർത്തതായി യു.എസ് സെൻട്രല്‍ കമാൻഡ് അവകാശപ്പെട്ടു. ശനിയാഴ്ച വൈകിയായിരുന്നു സംഭവം. തിരിച്ചുവരാൻ കഴിയാത്ത വിധം ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്ഫോടനം സൃഷ്ടിക്കാൻ രൂപകല്‍പ്പന ചെയ്ത ‘വണ്‍-വേ അറ്റാക്ക് ഡ്രോണുകളാണ്’ വെടിവെച്ചിട്ടതെന്ന് സെൻട്രല്‍ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാര കപ്പലുകളുടെ സുരക്ഷയ്ക്ക് ഇവ വലിയ വെല്ലുവിളിയായിരുന്നുവെന്ന് യുഎസ് ചൂണ്ടിക്കാട്ടുന്നു. ഇറാൻ്റെ പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തുടരാൻ യുഎസ് സൈന്യം എല്ലാ സജ്ജീകരണങ്ങളോടെയും നിലയുറപ്പിച്ചിട്ടുണ്ടെന്നും യുഎസ് സെൻട്രല്‍ കമാൻഡ് വ്യക്തമാക്കുന്നു.
എന്നാല്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന യുഎസ് അവകാശവാദത്തോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ യുഎസും ഇറാനും തമ്മില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാൻ്റെ സമുദ്രപരിധിയില്‍ പ്രവേശിച്ച അമേരിക്കൻ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഐആര്‍ജിസി വ്യക്തമാക്കിയിരുന്നു.
ശത്രുതാപരമായ നീക്കങ്ങള്‍ക്ക് മുതിർന്ന യുഎസ് സൈന്യത്തിൻ്റെ ‘MQ-1’ ഡ്രോണാണ് തങ്ങള്‍ തകർത്തതെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് തിരിച്ചടിയായി ഇറാൻ്റെ തീരദേശ റഡാർ കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വീണ്ടും രണ്ട് ഡ്രോണുകള്‍ കൂടി വെടിവെച്ചിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്റ് വ്യക്തമാക്കിയത്.
SUMMARY: Tensions rise again in Hormuz; US says it has shot down two Iranian drones
















