അധ്യായം 19 📖 പോലീസ് ഞങ്ങൾക്ക് പുല്ലാണ് 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

ഹൈസ്‌കൂളിൽ ആയതോടെ ആൺകുട്ടികൾ ട്രൗസറിൽനിന്നു മുണ്ടിലേക്കും പെൺകുട്ടികൾ ഫുൾ പാവാടയിലേക്കും മാറി. വെക്കേഷനിലാണു മുണ്ടുടുക്കൽ പരിശീലനം. ആദ്യം ഒറ്റ മൽമൽ മുണ്ടുടുത്തും പിന്നെ ഡബിൾ മുണ്ടുടുത്തുമുള്ള സാഹസമാണ്. ഹൈസ്‌കൂളിലെ പ്യൂൺ ലീല എൻ്റെ ബന്ധുവാണ്. ക്ലാസിൽ രാവിലെയും ഉച്ചയ്ക്കും ലീലയാണു ഹാജർപട്ടിക എത്തിക്കുക. പട്ടികയുമായി വരുമ്പോഴെല്ലാം അവർ എന്നെ നോക്കി ചിരിക്കും. അതുകൊണ്ടു ക്ലാസിലെ കുട്ടികൾക്കിടയിൽ എനിക്കു പ്രത്യേക പരിഗണനയായിരുന്നു. കോയ്യോട്ടുമ്മൽ ബാലൻ മാസ്റ്റർക്ക് ആടി ബാലൻ എന്നായിരുന്നു ഇരട്ടപ്പേര്. നടക്കുമ്പോൾ രണ്ടു വശത്തേക്കും ആടുന്നതിനാലാണ് അദ്ദേഹത്തിന്റെ പേരിനൊപ്പം ആടി എന്ന വിശേഷണം വന്നത്.

എട്ടിൽ പഠിക്കുമ്പോഴാണ് എൻ്റെ പേരിൽ തപാൽ വന്നു തുടങ്ങിയത്. വോയ്‌സ് ഓഫ് ക്രിസ്‌ത്യൻ എന്ന സംഘടന അയച്ച പുസ്തകമായിരുന്നു അത്. വർഷങ്ങളോളം പുസ്‌തകത്തിന്റെ തുടർ ലക്കങ്ങൾ മുടങ്ങാതെ ഇവർ അയച്ചുകൊണ്ടിരുന്നു. മിഷിനറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു ഇത്. എന്നെ വായനയുടെ ലോകത്തേക്കു നയിച്ചതു വോയ്‌സ് ഓഫ് ക്രിസ്‌ത്യൻ എന്ന പുസ്തകമാണ്. മാമൻ ദുബായിൽനിന്ന് എൻ്റെ പേരിൽ സ്കൂളി ലേക്കു പാർസൽ അയച്ചിരുന്നു. സ്റ്റാഫ്റൂമിൽ വെച്ചാണ് അത് ഒപ്പിട്ടു കൈപ്പറ്റുക.

ഈ സമയത്താണു റേഡിയോയും ടേപ്പും ഒന്നിച്ചുള്ള പാന സോണിക്കിന്റെ മനോഹരമായ സ്റ്റീരിയോ സെറ്റ് മാമൻ ദുബായിൽ നിന്നു കൊണ്ടുവന്നത്. ആദ്യമായി വാച്ച് തന്നതും മാമനാണ്. റേഡിയോവിൻ്റെ ലൈസൻസ് ഫീസ് പോസ്റ്റോഫീസിലാണ് അടച്ചിരുന്നത്. റേഡിയോ നാടകങ്ങളായിരുന്നു എനിക്ക് ഏറെയിഷ്ട‌ം. ശബ്ദങ്ങളിലൂടെ സംഭവങ്ങൾ നേരിട്ടു കാണുന്ന അനുഭവമായിരുന്നു റേഡിയോ നാടകങ്ങൾ. വർഷംതോറും ഒരാഴ്ച നീണ്ടു നിൽക്കുന്ന റേഡിയോ നാടകോത്സവം ആഹ്ളാദത്തിന്റെ നാളുകളായിരുന്നു.

സ്കൂ‌ളിനു മുന്നിൽ ഐസ്, നെല്ലിക്ക, കടല, മുട്ടായി,, നാരങ്ങ, സബർജെല്ലി എന്നിവ വിൽക്കുന്നവരുടെ നീണ്ട നിരയുണ്ടാകും. ഉച്ചഭക്ഷണത്തിനുള്ള പൈസ കൊണ്ടാണു പലരും ഉന്തു വണ്ടിയിൽനിന്നു നാരങ്ങയും മുട്ടായികളും മറ്റും വാങ്ങിയിരുന്നത്. മുളക് പുരട്ടിയ നാരങ്ങയായിരുന്നു ഏവർക്കും കൂടുതലിഷ്ട‌ം.

പത്ത് പൈസയായിരുന്നു വിദ്യാർഥികളുടെ ബസ്‌ചാർജ്. ഉറുപ്യക്ക് പത്ത് എന്നുപറഞ്ഞു ബസ് ജീവനക്കാർ വിദ്യാർഥികളെ പരിഹസിച്ചിരുന്നു. ഇതു പലപ്പോഴും ബഹളത്തിനു കാരണമാകും.

ആദ്യ ആഴ്ചയിൽത്തന്നെ ഞാൻ സമരത്തിൽ പങ്കെടുത്തിരുന്നു. കെഎസ്‌യു ആഹ്വാനം ചെയ്യുന്ന സമരങ്ങൾ പാനൂരിൽ ഞങ്ങൾ വിജയപ്രദമാക്കി. പാനൂർ ഹൈസ്‌കുളുമായി ബന്ധ പ്പെട്ട പ്രശ്നങ്ങൾക്കും പല പ്രാവശ്യം സമരം നടത്തിയിട്ടുണ്ട്. പാനൂർ വെസ്റ്റ് യുപിയിലും പാനൂർ യുപിയിലും സമരം വ്യാപിപ്പിച്ചിരുന്നു. സമര ദിവസങ്ങളിൽ സ്‌കൂളിനു മുന്നിൽ പോലീസ് കാവലുണ്ടാവും. കാക്കി ട്രൗസറും ഷർട്ടുമായിരുന്നു പോലീസിന്റെ വേഷം. സ്കൂളിൽ പോലീസ് കയറിയാൽ ചില വിരുതന്മാർ തൊപ്പി തട്ടിത്തെറിപ്പിക്കും. നിലത്തുവീണ തൊപ്പി മറ്റു ചിലർ അറിയാത്ത ഭാവത്തിൽ കരുതിക്കുട്ടി ചവിട്ടി കുഴയ്ക്കും. ‘പുല്ലാണ്…. പുല്ലാണ്….. പോലീസ് ഞങ്ങൾക്കു പുല്ലാണ്….. വിദ്യാർഥി ഐക്യം സിന്ദാബാദ്….തോറ്റിട്ടില്ല തോറ്റിട്ടില്ല….. വിദ്യാർഥി സമരം തോറ്റിട്ടില്ല……’ ഇതായിരുന്നു എല്ലാ സംഘടനകളും ഉയർത്തിയിരുന്ന പൊതു മുദ്രാവാക്യം.

സമരത്തിനിടയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നതു പതിവാണെങ്കിലും പോലീസിൻ്റെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടലുകളോ മറ്റു നടപടികളോ ഉണ്ടാകാറില്ല. വളരെ മാന്യമായിട്ടാണു വിദ്യാർഥികളോടുള്ള പോലീസിന്റെ പ്രതികരണം. എന്നാൽ ഒരിക്കൽ പോലീസുകാരൻ്റെ മോശമായ പെരുമാറ്റം കാരണം ഞങ്ങൾക്കു പോലീസ് സ്റ്റേഷൻ മാർച്ച് നടത്തേണ്ടി വന്നു. സഹപാഠിയെ ഒരു പോലീസുകാരൻ അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്.

ഉച്ചഭക്ഷണം കഴിച്ചു വരികയായിരുന്ന കുട്ടിയെ നാൽക്കവലയിൽവെച്ചു ഡ്യൂട്ടിയിലുള്ള പോലീസുകാരൻ ഉപദ്രവിക്കാൻ ശ്രമിച്ചതാണു വിദ്യാർഥികളെ പ്രകോപിതരാക്കിയത്. കോൺഗ്രസ് ഓഫീസിലായിരുന്ന ഞങ്ങൾ വിവരം അറിഞ്ഞ് എത്തുമ്പോൾ കവല മുഴുവൻ വിദ്യാർത്ഥികൾ നിറഞ്ഞിരുന്നു. പോലീസിനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനു വിദ്യാർഥികളാണു സ്റ്റേഷനിലേക്കു മാർച്ച് ചെയ്‌തത്‌. സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ എഎസ്ഐ. പ്രസ്‌തുത പോലീസുകാരൻ സ്ഥലത്തില്ലെന്നും ക്വാർട്ടേഴ്സിൽനിന്ന് എസ്ഐ എത്തുംവരെ കാത്തിരിക്കണമെന്നും പറഞ്ഞു.

എഎസ്ഐ പറഞ്ഞതു കാര്യമാക്കാതെ ആവേശത്തിമിർപ്പിൽ ഒരുകൂട്ടം വിദ്യാർഥികൾ സ്റ്റേഷൻ്റെയുള്ളിൽ കയറി പോലീസുകാരനെ പരതി. തെമ്മാടിത്തം കാട്ടിയ പോലീസുകാരൻ സ്റ്റേഷനിൽ ഇല്ലെന്നു മനസ്സിലാക്കിയ ഞങ്ങൾ മുദ്രാവാക്യം വിളിയോടെ പോലീസ് ക്വാർട്ടേഴ്‌സിലേക്കു നീങ്ങി. ഞങ്ങളവിടെ എത്തു മ്പോഴേക്കും പോലീസുകാർ തോക്കുമായി നിലയുറപ്പിച്ചിരുന്നു.

പ്രസ്‌തുത പോലീസുകാരനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എസ്‌ഐ ഉറപ്പ് തന്നതോടെയാണു ഞങ്ങൾ മടങ്ങിയത്. വൈകിട്ട് എസ്ഐ സ്‌കൂളിൽ വന്ന് അധ്യാപകരോടു സംസാരിച്ചു പ്രശ്നം പരിഹരിച്ചു. ആ പോലീസുകാരന്റെ മേൽ നായ്ക്കൊരണ പാറ്റാൻ തയ്യാറായവരെ നിരാശരാക്കിക്കൊണ്ട് അയാളെ നാൽക്കവലയിലെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. ആ സംഭവത്തിൽ ന്യായം ഞങ്ങളുടെ ഭാഗത്തായിരുന്നെങ്കിലും സ്റ്റേഷനുള്ളിൽ കയറി പോലീസുകാരനെ പരതിയതടക്കം ചില നടപടികൾ അനാവശ്യമായിരുന്നു. പിന്നീടു പലപ്പോഴായി പ്രത്യേകിച്ച് ബാംഗ്ലൂർ ജീവിതത്തിനിടയിൽ പോലീസുകാരുടെ തെറ്റായ നടപ ടികൾക്കെതിരെ എനിക്കു പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അനീതികൾക്കെതിരെ പ്രതികരിക്കുമ്പോൾ ആത്മസംയമനം വെടിയുന്നതു തികച്ചും തിരിച്ചടിയാവും.

എനിക്കുവേണ്ടിയും ഒരിക്കൽ വിദ്യാർഥികൾ ഒന്നടങ്കം സമരത്തിനിറങ്ങിയിരുന്നു. ഞാൻ ഒമ്പതിൽ ഉള്ളപ്പോഴായിരുന്നു അത്. കാഞ്ഞോളി ബാലൻ മാസ്റ്റർ എന്നെ അകാരണമായി അടി ച്ചതാണു സമരത്തിനു കാരണം. ഉച്ച ഇടവേളയിൽ ക്ലാസിലിരുന്നു നിലക്കടല കൊറിക്കുമ്പോഴാണ് അദ്ദേഹം എന്നെ അടിച്ചത്. ബാലൻ മാസ്റ്റർ ക്ലാസിലേക്കു വരുന്നതുകണ്ട് ഞാൻ എഴുന്നേറ്റു നിന്നു. ഉടനെ അദ്ദേഹം എന്നോടു കൈ നീട്ടാൻ ആവശ്യപ്പെട്ടു. എൻ്റെ വലതുകൈയിൽ അദ്ദേഹം പല പ്രാവശ്യം ചൂരൽകൊണ്ട് ആഞ്ഞടിച്ചു. ഉടനെ ക്ലാസിൽ നിന്നിറങ്ങിയ ഞാൻ പാനൂർ നാൽക്കവലയിലെ പഞ്ചായത്ത് വായനശാലയിലേക്കു പോയി. പത്രവും മാസികയും വാരികയും വായിക്കാനും ക്ലാസ് കട്ട് ചെയ്യുമ്പോൾ എത്തിച്ചേരാനും ഉള്ള ഇടത്താവളമായിരുന്നു ഈ വായനശാല.

ഉച്ചയ്ക്കു ശേഷമുള്ള ആദ്യ പിരീഡ് എം സി സുകുമാരൻ മാസ്റ്ററുടേതായിരുന്നു. ഹാജർ എടുക്കുമ്പോൾ രാവിലെ ഉണ്ടായിരുന്ന എന്നെ കാണാത്തതിനാൽ അദ്ദേഹം അന്വേഷിച്ചു. ബാലൻ മാസ്റ്റർ അടിച്ചതും ഞാൻ ക്ലാസിൽനിന്ന് ഇറങ്ങിപ്പോയതും സഹപാഠികൾ അദ്ദേഹത്തെ അറിയിച്ചു. എന്നെ വിളിപ്പിച്ചു സുകുമാരൻ മാസ്റ്റർ വിവരങ്ങൾ ആരാഞ്ഞു. ബാലൻ മാസ്റ്ററോട് അടിക്കാനുള്ള കാരണം തിരക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഇതിനിടയിൽ വിവരം അറിഞ്ഞ് കെഎസ്‌ യൂണിറ്റ് പ്രസിഡണ്ട് ഷംസുവും കെ എം സുപ്പിയുടെ മകൻ അഷ്റഫും മറ്റു പ്രവർത്തകരും എന്നെ വന്നു കണ്ടു. വിഷയത്തിൽ ഇടപെടണമെന്ന് അവർ ഹെഡ്‌മാസ്റ്ററോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹമത് മുഖവിലയ്ക്കെടുത്തില്ല.

ഇതിൽ പ്രതിഷേധിച്ചു പിറ്റേ ദിവസം കെഎസ്യുവിന്റെ നേതൃത്വത്തിൽ സമരം നടന്നു. ഞങ്ങളോടു സംസാരിക്കാൻ എം സി സുകുമാരൻ മാസ്റ്ററെയാണു ഹെഡ്‌മാസ്റ്റർ ചുമതലപ്പെടു ത്തിയത്. അടിക്കാനുള്ള കാരണം ബാലൻ മാസ്റ്റർ വ്യക്തമാക്കണം. അല്ലെങ്കിൽ സ്‌കൂൾ അസംബ്ലിയിൽ മാപ്പു പറയണം എന്നാണു വിദ്യാർഥിനേതാക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഹെഡ്മ‌ാസ്റ്ററുടെ മുന്നിൽവെച്ച് ബാലൻ മാസ്റ്റർ ക്ഷമാപണം നടത്തിയ ശേഷമാണു സമരം തീർന്നത്. ഇതോടെ ഞാൻ എൻസി സിയിൽ നിന്ന് ഒഴിവായി. ഭാനുമാസ്റ്റർക്കു പകരം ആ വർഷം മുതൽ ബാലൻ മാസ്റ്റർക്കായിരുന്നു എൻസിസിയുടെ ചുമതല. എൻസി സിയിൽ ക്യാപ്റ്റനാകാനുള്ള എൻ്റെ ക്ലാസിലെതന്നെ ഒരു കുട്ടിയുടെ കുടിലതയായിരുന്നു ഇതിനു പിന്നിൽ. പാറാട് സ്വദേശിയാണ് കാഞ്ഞോളി ബാലൻ മാസ്റ്റർ. ജനതാ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന എം സി സുകുമാരൻ മാസ്റ്റർ പിന്നിടു തലശ്ശേരി മുൻസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.

ചില ദിവസങ്ങളിൽ സ്‌കൂൾ യാത്ര കോയ്യോട്ടുമ്മലെ കൃഷ്ണപ്രഭ എന്ന ലോറിയിലാണ്. ആനപ്പാലം പ്രദേശത്തെ ആദ്യ ലോറിയായിരുന്നു ഇത്. ലോറി യാത്രയ്ക്കിടയിലാണു പാനൂർ പോലീസ് സ്റ്റേഷനു സമീപം മാവിലാട്ട് മൊട്ടയ്ക്കു താഴെ സ്ത്രീ ബസിടിച്ചു മരിച്ച സംഭവം കണ്ടത്. തലശ്ശേരി-ചെറുവാഞ്ചേരി റൂട്ടി ലോടിയിരുന്ന അംബിക ബസ് വാഴക്കുലയുമായി നടന്നു പോവുകയായിരുന്ന ഇവരെ ഇടിച്ചുവീഴ്ത്തി. ചിന്നിച്ചിതറിയ കായക്കഷ ണങ്ങളോടൊപ്പം രക്തത്തിൽ മുങ്ങിയ മൃതദേഹം പായകൊണ്ടു മൂടിയിരുന്നു. കൊളവല്ലൂർ യുപി സ്‌കൂളിനു പിന്നിലത്തെ നിരത്തു പറമ്പത്ത് ഗോവിന്ദൻ്റെ മകൾ രാധയാണു മരണപ്പെട്ടത്. യുപിയിലെ വിദ്യാർഥികൾ ഇടവേളകളിൽ ഈ വീട്ടിൽനിന്നാണു വെള്ളം കുടിക്കുക. ഞങ്ങൾക്കു കുടിവെള്ളം നൽകിയ അവരുടെ ദാരുണാന്ത്യം ഏറെ വേദനിപ്പിച്ചു.

പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി കുറ്റേരിയിലും മാസങ്ങളോളം കനാൽപ്പണി നടന്നു. ആനപ്പാലം ഭാഗത്തെ കനാൽ തൊഴിലാളികളെ കയറ്റാനും ഇറക്കാനുമായി രാവിലെയും വൈകിട്ടും മാസങ്ങളോളം ലോറി വന്നുപോയി. കോടികൾ പാഴാക്കിയ ഈ പദ്ധതികൊണ്ട് ആയിരക്കണക്കിന് ആൾക്കാർക്കു പണി ലഭിച്ചതും കനാൽക്കരയിലൂടെയുള്ള റോഡുമാണ് ആകെയുള്ള നേട്ടം. കനാൽ പണികൊണ്ടു കുറച്ചു പെണ്ണുങ്ങൾക്കു തിയ്യനെ കിട്ടിയതു തന്നെ ഗുണമെന്നു പ്രായമായ പെണ്ണുങ്ങൾ പറയുമായിരുന്നു. കനാൽ പണിക്കു പോയ പല പെണ്ണുങ്ങളുടെയും കല്യാണം ആ സമയത്താണു നടന്നത്. മറ്റു ജില്ലകളിൽനിന്നു പണിക്കു വന്നവർ പരിസര പ്രദേശങ്ങളിൽനിന്നു കല്യാണം കഴിച്ചു ഭാര്യവീടുകളിലും വാടകവീടുകളിലും താമസമാക്കി.

കുറ്റേരിയിൽ റോഡിനടിയിലൂടെ കടന്നുപോകുന്ന കനാലിന്റെ മുൻവശത്തെ വയലും തൈപ്പറമ്പും തെക്കയിൽ മത്തിക്കുട്ടിയുടേതായിരുന്നു. തറവാട് വീതം വെച്ചപ്പോൾ തൈപ്പറമ്പും വീടും മാമൻ്റെ ഭാര്യ ചാരയ്ക്കാണു കിട്ടിയത്.

കൂറ്റേരിയിലെ കനാലിൻ്റെ പടിഞ്ഞാറാണ് എൻസിആർ ബാലരാമൻ മാസ്റ്ററുടെ വീട്. സംസ്‌കൃത പണ്ഡിതനായ എൻസിആർ മാസ്റ്ററായിരുന്നു പത്താം ക്ലാസിലെ മലയാളം അധ്യാപകൻ. അദ്ദേഹത്തിന്റെ സരളമായ ക്ലാസ് കേട്ടുകഴിഞ്ഞാൽ നോട്ട് എഴുതേണ്ട ആവശ്യമില്ല. മലയാളത്തിലെ പ്രശസ്‌തമായ നിരവധി കൃതികൾ സംസ്കൃ‌തത്തിലേക്കു പരിഭാഷപ്പെടുത്തിയ അദ്ദേഹം ഗീതാഭാഷ്യവും നിർവഹിച്ചിട്ടുണ്ട്. സംസ്‌കൃതത്തിലും മലയാളത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന് അർഹമായ അംഗീകാരം സാഹിത്യലോകം നൽകിയില്ല. 2014 നവംബർ 22ന് എൻസിആർ മാസ്റ്റർ അന്തരിച്ചു.

പാനോളി തമ്പുരാക്കന്മാരുടെ ആസ്ഥാനമായ പാനോളി കൊട്ടാരം കൂറ്റേരിയിലാണ്. ചെറുപ്പത്തിൽ പാനൂരിലേക്കു പോകുമ്പോൾ പല പ്രാവശ്യം ദൂരക്കാഴ്‌ചയായി കൊട്ടാരം കണ്ടി രുന്നു. എട്ടിൽ പഠിക്കുമ്പോഴാണു കൊട്ടാരത്തിൻ്റെ അകത്തു കയറിയത്. അന്ത്രാളം മാതിരി നൂറിൽപ്പരം മുറികളുള്ള ഇതിനുള്ളിൽ കയറിയാൽ മുറികൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കൊട്ടാരത്തിൻറെ ഉൾവശത്തെ ചുമരിൽ ചോക്കുകൊണ്ടു വരഞ്ഞാണു ഞങ്ങൾ മുന്നോട്ടു പോയത്. വഴി തെറ്റുമ്പോൾ ചോക്കുവര നോക്കിയാണു പുറത്തുകടക്കുക. പാനോളി തമ്പുരാക്കന്മാരുടെ കീഴിലായിരുന്നു പാനൂർ മേഖലയിലെ മിക്ക ഭൂസ്വത്തും. അവരിൽ നിന്നു ചാർത്തു വാങ്ങിയാണ് ആളുകൾ സ്ഥലം കൈവശം വെച്ചത്. ജനകീയഭരണവും കുടികിടപ്പവകാശവും വന്നതോടെ സ്ഥലങ്ങൾ ഒന്നൊന്നായി കൈമോശം വന്നു പാട്ടം വരുമാനം നിലച്ചതോടെ പാനോളിക്കാരുടെ പ്രതാപം അസ്ത‌മിച്ചു.

പിആർ കുറുപ്പ് 1996ൽ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന അവസരത്തിലാണു പാനോളി തമ്പുരാക്കന്മാരുടെ പിൻ മുറക്കാർ ഈ കൊട്ടാരം പൊളിച്ചു മാറ്റിയത്. ഭരണസ്വാധീനം ഉപയോഗിച്ചു പിആർ കുറുപ്പിനു പാനോളി കൊട്ടാരം പുരാവസ്തു‌ വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ കഴിയുമായിരുന്നു. പാനോളി തമ്പുരാക്കന്മാരുടെ മാടമ്പിത്തത്തിനെതിരെ പോരാടിയിരുന്ന പിആർ തന്റെ പ്രതിജ്ഞ യാഥാർത്ഥ്യമായതിന്റെ ചാരിതാർഥ്യത്തിൽ കൊട്ടാരം പൊളിച്ചുമാറ്റുന്നതു കണ്ടില്ലെന്നു നടിച്ചതായി രിക്കാം. പാനോളിക്കാരോടു പോരാടുമ്പോൾ അവരുടെ അടിത്തറ ഇളക്കുമെന്നു പിആർ പ്രതിജ്ഞ എടുത്തതായി പറഞ്ഞുകേട്ടിട്ടുണ്ട്. അത് അങ്ങനെതന്നെ സംഭവിച്ചു.

ഒരു ജനതയുടെ ജീവിതാവകാശങ്ങളെ നിഷേധിച്ച പാനോളിക്കാരോടു പിആർ സ്വീകരിച്ച കടുത്ത നിലപാടുകളോട് ആർക്കും വിയോജിക്കാനാവില്ല. അതു കാലഘട്ടത്തിന്റെ ആവശ്യ മായിരുന്നു. ഒരു ഭരണാധികാരി എന്ന നിലയിൽ വിനോദ സഞ്ചാര സാധ്യത മുൻകൂട്ടിക്കണ്ടു കൊട്ടാരം സംരക്ഷിക്കാൻ ഒരു നടപടിയും എടുക്കാത്ത പിആറിൻ്റെ നിലപാടിന് ഒരു ന്യായീകരണവുമില്ല. രാഷ്ട്രീയക്കാരോ സാമൂഹ്യപ്രവർത്തകരോ മുന്നിട്ടിറങ്ങിയിരുന്നെങ്കിൽ ഈ കൊട്ടാരം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുമായിരുന്നു. അതു പാനൂരിൻ്റെ വികസനക്കുതിപ്പിന് അടി ത്തറയായേനെ.

ഇന്ദിരാജിയെ ഒരു പ്രാവശ്യമെങ്കിലും നേരിട്ടു കാണാൻ കഴിഞ്ഞതു ജീവിതത്തിലെ മഹാഭാഗ്യമാണ്. തിരഞ്ഞെടുപ്പ് പ്രചരണാർഥം തലശ്ശേരിയിൽ വന്നപ്പോഴാണ് ഇന്ദിരാജിയെ ആദ്യമായും അവസാനമായും കണ്ടത്. കൂരാറയിലെ സുധാകരന്റെ നിർബന്ധ പ്രകാരം രാവിലെ തന്നെ ഞങ്ങൾ തലശ്ശേരിയിലേക്കു പുറപ്പെട്ടു. അവിടെ എത്തുമ്പോൾ സ്റ്റേഡിയം ജനനിബിഡമായിരുന്നു. ഇടവഴിയിലൂടെ തിക്കിത്തിരക്കി മുന്നിലെത്തിയ ഞങ്ങൾക്കു സ്റ്റേജിലി രിക്കുന്ന ഇന്ദിരാജിയെ വളരെ അടുത്തുനിന്നു കാണാൻ കഴിഞ്ഞു. ഇന്ദിരാജി വന്ന ഹെലിക്കോപ്റ്ററുകൾ ഉണ്ടാക്കിയ പൊടിപടലം മൂലം ആളുകൾക്കു കുറെനേരം പരസ്‌പരം കാണാൻ കഴിഞ്ഞിരുന്നില്ല.

സംഘടന നോക്കിയാണു മിക്ക ക്ലാസുകളിലെയും ഇരിപ്പിടങ്ങൾ. തിരഞ്ഞെടുപ്പിനും സമരങ്ങൾക്കും ഇടയിൽ നടന്നിരുന്ന കശപിശകളുടെ പേരിൽ ചിലർ തീരാവൈരാഗ്യത്തിലാകും. എസ് എഫ്.ഐയുടെ യൂണിറ്റ് ഭാരവാഹികളായിരുന്ന ചെണ്ടയാട്ടെ മോഹനൻ, പൂക്കോത്തെ പ്രേമൻ എന്നിവർ എൻറെ അടുത്ത സുഹൃത്തുക്കളായിരുന്നു. പ്രേമനായിരുന്നു പത്തിലെ ക്ലാസ് ലീഡർ. ഇരുസംഘടനകളും തമ്മിലുള്ള വഴക്കുകളും ഭീഷണി കളും പറഞ്ഞുതീർക്കാൻ ഞങ്ങളുടെ സൗഹ്യദം ഏറെ സഹായകമായി.

കണ്ണങ്കോട് എൽപി, കൈവേലിക്കൽ വാണീവിലാസം എൽപി, സെൻട്രൽ പൂത്തുർ എൽപി എന്നിവിടങ്ങളിൽ നടന്ന പാർട്ടിയുടെ പഠന ക്ലാസിൽ അച്ഛച്ഛനോടൊപ്പം ഞാനും പോയിരുന്നു. പിആർ നായരാണ് അവിടങ്ങളിൽ ക്ലാസ് എടുത്തത്. പിആർ കുറുപ്പിന്റെ ബന്ധുവാണ് പി രാഘവൻ നായരെന്ന പിആർ നായർ. പാനൂർ ഹൈസ്കൂളിലെ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീടു സിപിഎമ്മിലേക്കു മാറി. പാനൂർ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ ആയിരിക്കെയാണ് പിആർ നായർ സർവീസിൽ നിന്നു റിട്ടയർ ചെയ്തത്. 2021 മെയ് 16ന് അദ്ദേഹം നിര്യാതനായി.

കണ്ണിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മമ്മ ദിവസങ്ങളോളം കണ്ണൂരിലെ ഡോക്ടർ ഉമ്മൻ്റെ കണ്ണാശുപത്രിയിലായിരുന്നു. അമ്മമ്മ വീട്ടിലില്ലാത്തത് എന്നെ ഏറെ അലോസരപ്പെടുത്തി. ആദ്യമായാണ് ഇത്രയധികം ദിവസം അമ്മമ്മ എന്നെ പിരിഞ്ഞിരുന്നത്. ആശുപത്രിയിലേക്കു പോയ ബന്ധുക്കളാരും എന്നെ ഒപ്പം കുട്ടിയില്ല. അമ്മമ്മയെ കാണണമെന്ന മോഹം കലശലായ പ്പോൾ ഞാൻ തനിച്ചു കണ്ണൂരിലേക്കു പുറപ്പെട്ടു. ബസിറങ്ങി ഒരു പാട് അലഞ്ഞ ശേഷമാണ് എനിക്ക് ആശുപത്രി കണ്ടുപിടിക്കാനായത്. ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയായിരുന്ന അമ്മമ്മയും കൂടെയുള്ളവരും എന്നെക്കണ്ട് അതിശയപ്പെട്ടു. അച്ഛച്ഛനോടൊപ്പമാണു ഞാൻ തിരിച്ചുവന്നത്.

സൈക്കിൾ സവാരിയാണ് ഉച്ച ഇടവേളയിൽ ഞങ്ങളുടെ ഇഷ്ട വിനോദം. ബെല്ലടി മുഴങ്ങിയാൽ സൈക്കിൾ പ്രേമികൾ ഹൈസ്‌കൂൾ ഗ്രൗണ്ടിനടുത്തുള്ള ജെനുവിൻ്റെ കട ലക്ഷ്യമാക്കി കുതിക്കും. അര മണിക്കൂറാണു സൈക്കിൾ സവാരി. എട്ടാം ക്ലാസുകാർ അര സൈക്കിളിലാണു ഹൈസ്‌കൂൾ ഗ്രൗണ്ട് വലം വെയ്ക്കുക. തൊട്ടടുത്ത കുഞ്ഞിരാമൻ്റെ കടയിലും തെക്കെ പാനൂ രിലും സൈക്കിൾ വാടകയ്ക്കു കൊടുത്തിരുന്നു. ഈ സൈക്കിൾ കടയുടെ പിന്നിലത്തെ മുറിയിൽ കോട്ടിസോഡ ഉണ്ടാക്കിയിരുന്നു. സോഡാക്കുപ്പിയിൽ വെള്ളം നിറച്ചു ഗ്യാസ് ഘടിപ്പിച്ച തിരിയുന്ന പെട്ടിയിൽ പൂട്ടിയിടും. ഒരു ഭാഗത്തു ഘടിപ്പിച്ച ലിവർ തിരിക്കു മ്പോൾ സോഡാക്കുപ്പിയിൽ ഗ്യാസ് നിറഞ്ഞാൽ പ്രത്യേക ശബ്ദം ഉണ്ടാകും. ഇതോടെ കോട്ടിസോഡ റെഡി. സൈക്കിളിന്റെ കാരിയറിൽ പെട്ടിയിൽ അടുക്കിയാണു കടകളിൽ സോഡ എത്തിച്ചിരു ന്നത്. കോട്ടി സോഡാ സർബത്തും മുളകിട്ട മോരുവെള്ളവുമായിരുന്നു പ്രധാന പാനീയങ്ങൾ. ക്ലാസ് കട്ട് ചെയ്‌തു കറങ്ങാൻ പോകുമ്പോൾ ഈ കടയിലാണു ഞങ്ങൾ പുസ്‌തകം സൂക്ഷിച്ചിരുന്നത്.

എട്ടിലെ ഇരട്ട സഹോദരങ്ങളായ കൂരാറയിലെ പ്രേമനും അജിതനും ഞാനും ഒന്നിച്ചാണ് ഉച്ചയ്ക്കു പതിവായി സൈക്കിൾ സവാരി നടത്തിയിരുന്നത്. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഒന്നിനു പിറകെ ഒന്നായി ഞങ്ങൾ സൈക്കിൾ മത്സരിച്ചോടിക്കും. അന്ന് എനിക്കും ഇരട്ട സഹോദരങ്ങളിൽ മൂത്തയാളായ പ്രേമനുമാണ് ആദ്യം സൈക്കിൾ കിട്ടിയത്. അഞ്ച് മിനുട്ടിനു ശേഷമാണ് അജിതനു സൈക്കിൾ ലഭിച്ചത്. പതിവുപോലെ ഞങ്ങൾ ഗ്രൗണ്ടിൽ കറങ്ങി അര മണിക്കൂറിനുശേഷം സൈക്കിൾ തിരിച്ചേൽപ്പിക്കാൻ ജെനുവിന്റെ കടയിലെത്തി. അജിതന് അഞ്ചു മിനുറ്റ് കൂടി ബാക്കിയുണ്ടായിരുന്നു. സൈക്കിളിൻ്റെ സമയത്തിൽ ഞങ്ങൾ ഒരു മിനുറ്റ് പോലും വിട്ടുവീഴ്ച ചെയ്‌തിരുന്നില്ല. ബാക്കിയുള്ള അഞ്ചു മിനുറ്റ് സമയത്തേക്ക് അജിതൻ സൈക്കിളുമായി വള്ളങ്ങാട്ട് ഭാഗത്തേക്കു കുതിച്ചു. ഞങ്ങൾ ഹോട്ടലിലേക്കും.

ഭക്ഷണം കഴിച്ചു തിരിച്ചെത്തിയ ഞങ്ങൾ അറിയുന്നത് അപകടവാർത്തയാണ്. സൈക്കിളുമായി പോയ അജിതൻ കുഞ്ഞിപ്പള്ളിക്കു സമീപം ലോറിക്കടിയിൽപെട്ടു. ഗുരുതരമായി പരിക്കേറ്റ അവനെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല. ഈ അപകടത്തിനു ശേഷം വർഷങ്ങളോളം പാനൂർ ഹൈസ്കൂൾ വിദ്യാർഥികളുടെ സൈക്കിൾ സവാരി നിലച്ചു. കുട്ടികൾക്കു സൈക്കിൾ കൊടുക്കരുതെന്നു കടക്കാരെ പോലീസും അധ്യാപകരും വിലക്കി. മധുരം തുളുമ്പുന്ന ഹൈസ്കൂൾ സ്മരണകൾക്കിടയിലെ തീരാനൊമ്പരമാണ് അജിതൻ്റെ അപകടമരണം.

ഒത്തിരി സമരങ്ങൾക്കും പ്രണയങ്ങൾക്കും ജയപരാജയങ്ങൾക്കും സാക്ഷിയാണ് പാനൂർ ഹൈസ്‌കൂളിൻ്റെ കവാടത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന അരയാൽ. 1903 ജനുവരി ഒന്നിനു മുൻസിഫ് ടിവി വെങ്കിടേശ്വര അയ്യരാണ് ഈ ആൽമരം നട്ടത്. മക്കളും മക്കളുടെ മക്കളും അവരുടെ മക്കൾക്കുമൊക്കെ യായി തലമുറകളുടെ വിജ്ഞാന തൃഷ്ണയ്ക്കും സംഘടനാ ബോധങ്ങൾക്കും വൈവിധ്യ വേഷവിതാനങ്ങൾക്കും നേർസാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ ദേവവൃക്ഷം. വൈദേശിക ആധിപത്യത്തിന്റെ ചാട്ടവാർ സീൽക്കാരങ്ങളിൽ പകച്ചും സ്വാതന്ത്യ്രത്തിന്റെ സമ്യ ദ്ധിയിൽ തളിർത്തും ജനാധിപത്യ തേരോട്ടത്തിൽ പുളച്ചും പാനൂരിന്റെ കണ്ണായി, കാവലായി ഈ അരയാൽ മുതുമുത്തശ്ശി ഇന്നും തണലേകി പരിലസിക്കുന്നു.

🟥

അടുത്ത അധ്യായം ▶ പുത്തനമ്പലം

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10:
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15:
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ

Hot this week

സിഎംആര്‍എല്‍ എക്സാലോജിക് കേസ്; വീണ വിജയനെതിരെ തെളിവ് തേടി ഇ.ഡി കോടതിയിലേക്ക്

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ...

ഹോര്‍മുസില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി യു.എസ്

വാഷിംഗ്ടണ്‍: ഹോർമുസില്‍ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകർത്തതായി യു.എസ്...

മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന് വൈകിട്ട് 5ന് വിജയനഗറിലെ സമാജം...

അനുനയനീക്കങ്ങള്‍ ഫലം കണ്ടു; രാജി പിൻവലിച്ച് രാമലിംഗ റെഡ്ഡി

ബെംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചു....

വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ വാഹനാപകടത്തില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ...

സിഎംആര്‍എല്‍ എക്സാലോജിക് കേസ്; വീണ വിജയനെതിരെ തെളിവ് തേടി ഇ.ഡി കോടതിയിലേക്ക്

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ...

ഹോര്‍മുസില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി യു.എസ്

വാഷിംഗ്ടണ്‍: ഹോർമുസില്‍ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകർത്തതായി യു.എസ്...

മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന് വൈകിട്ട് 5ന് വിജയനഗറിലെ സമാജം...

അനുനയനീക്കങ്ങള്‍ ഫലം കണ്ടു; രാജി പിൻവലിച്ച് രാമലിംഗ റെഡ്ഡി

ബെംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചു....

വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ വാഹനാപകടത്തില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ...

‘രക്ഷകന്റെ ഗീതം’ സംഗീത സംഗമം ഇന്ന്

ബെംഗളൂരു: മലയാളികള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കാലവർഷം ശക്തമായി തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച്...

കെഎൻഎസ്എസ് സ്ഥാപിത ദിനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 44-മത് സ്ഥാപിത ദിനാഘോഷം തിങ്കളാഴ്ച...

Related Articles

Popular Categories