ഡല്‍ഹി: തമിഴ്നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി സ്റ്റേ അനുവദിച്ചു. ഉത്തരവിന് വലിയ രീതിയിലുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രിം കോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവില്‍ ഈ നിര്‍ണ്ണായക സ്റ്റേ പുറപ്പെടുവിച്ചത്. ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളേയോ അറക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
1976 ഓഗസ്റ്റിലെ ഒരു സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിക്കൊണ്ട് സംസ്ഥാനത്തുടനീളം ഗോവധം നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി മെയ് 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പ്രത്യേക അനുമതി ഹർജി ഫയല്‍ ചെയ്തിരുന്നു. നിയമപ്രകാരം നിശ്ചിത സ്ഥലങ്ങളില്‍ പ്രത്യേക വിഭാഗത്തില്‍പ്പെട്ട പശുക്കളെ അറുക്കാന്‍ അനുമതിയുള്ളപ്പോള്‍, അതിന് വിരുദ്ധമായ നിയമപരമായ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടുള്ള ജുഡീഷ്യല്‍ നിര്‍ദ്ദേശം നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വാദിച്ചത്.
ജസ്റ്റിസുമാരായ ജിആര്‍ സ്വാമിനാഥന്‍, വി ലക്ഷ്മീനാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പാല്‍ ഉല്‍പാദനത്തിന്റെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും പുരോഗതിയെ മുന്‍നിര്‍ത്തി പശുഹത്യ നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് മുന്‍പ് പുറപ്പെടുവിച്ചിരുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 48 പ്രകാരം പശുക്കള്‍, കന്നുകാലികള്‍, മറ്റ് കറവപ്പശുക്കള്‍ എന്നിവയെ അറുക്കുന്നത് നിരോധിക്കാന്‍ സംസ്ഥാനം നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് സ്വാമിനാഥന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
SUMMARY: Cow slaughter ban in Tamil Nadu: Supreme Court stays Madras High Court order
















