ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ബെൽത്തങ്ങടി താലൂക്കിലെ ബണ്ടാജെ വനമേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണും പാറക്കല്ലുകളും റോഡിലേക്ക് പതിച്ചതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. വനവകുപ്പും പ്രാദേശിക ഭരണകൂടവും ചേർന്ന് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ദക്ഷിണ കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംഭവം. ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. മലയോര മേഖലകളിൽ കൂടുതൽ മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കനത്ത മഴയെ തുടർന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചില ഗ്രാമീണ റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ സേനയെ ജാഗ്രതയിൽ നിർത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, അടുത്ത 24 മണിക്കൂറിലും ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, കുടക് ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നദീതീരങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
SUMMARY: Heavy rain; landslide in Belthangady, road traffic disrupted
















