ബെംഗളൂരു: തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ടോക്‌സിക്’ കുട്ടികള്‍ കാണരുതെന്ന് നടന്‍ യഷ്. ടോക്‌സിക് കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമല്ലെന്നും ആക്ഷന്‍, വയലന്‍സ്, ഇന്റിമേറ്റ് സീനുകള്‍ തുടങ്ങിയവ ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ നിന്ന് തന്നെ വ്യക്തമാണെന്നും യഷ് പറഞ്ഞു. ചിത്രത്തിലെ പക്വതയാര്‍ന്ന പ്രമേയങ്ങളും വയലന്‍സും മുതിര്‍ന്ന പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും, കുട്ടികള്‍ ഈ സിനിമ കാണാന്‍ വരരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടിവിയുടെ ആപ് കി അദാലത്ത് എന്ന പരിപാടിയിലാണ് യഷ് ഇതിനെ പറ്റി സംസാരിച്ചത്.
ആക്ഷനും വയലന്‍സും ഇന്റിമേറ്റ് രംഗങ്ങളും നിറഞ്ഞതാകുമെന്ന സൂചന സിനിമയുടെ ട്രെയ്‌ലറില്‍ തന്നെയുണ്ടായിരുന്നു. കെജിഎഫിന് ശേഷം യഷ് അഭിനയിക്കുന്ന സിനിമയെന്നതിനാല്‍ ധാരാളം കുട്ടി ആരാധകര്‍ സിനിമയ്ക്കായെത്താന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് തെറ്റും ശരിയും തിരിച്ചറിയാന്‍ ശേഷിയുള്ള മുതിര്‍ന്നവര്‍ക്കായാണ് സിനിമയൊരുക്കിയിരിക്കുന്നതെന്ന് യഷ് വ്യക്തമാക്കിയത്.
സിനിമയുടെ ടാഗ് ലൈന്‍ തന്നെ എ ഫെയറി റ്റെയില്‍ ഫൊര്‍ ഗ്രോണ്‍ അപ്സ് എന്നത് തന്നെ സിനിമ മുതിര്‍ന്നവര്‍ക്കായാണ് എന്നതിന്റെ സൂചനയാണെന്ന് യഷ് ചൂണ്ടിക്കാട്ടി. ട്രെയ്‌ലറില്‍ കാണുന്ന രംഗങ്ങള്‍ക്കപ്പുറം ആഴമേറിയ കഥയാണ് സിനിമയ്ക്കുള്ളതെന്നും യഷ് വ്യക്തമാക്കി.
മലയാളി സംവിധായിക ഗീതുമോഹന്‍ദാസ് ഒരുക്കുന്ന ചിത്രത്തില്‍ യഷിനെ കൂടാതെ കിയാര അദ്വാനി, നയന്‍താര, താര സുതാരിയ,ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവര്‍ അണിനിരക്കുന്നു. ഓഗസ്റ്റ് 26നാണ് സിനിമയുടെ റിലീസ്.
SUMMARY: Kids Don’t Watch ‘Toxic’, Movie Is For Adults: Yash With Warning
















