ബെംഗളൂരു: സൗഹൃദവും സ്നേഹവും കളിയാടുന്ന സമൂഹത്തിന് മാത്രമേ ജീവനുള്ളൂ എന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെ വിജയിപ്പിച്ചെടുക്കാമെന്നതിന്റെ പ്രായോഗികതയാണ് എഐകെഎംസിസി -എസ് ടി സി എച്ച് പ്രവര്‍ത്തനങ്ങളെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഓള്‍ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി-ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒമ്പതാമത് സമൂഹ വിവാഹം ഖുദൂസ് സാഹിബ് ഈദ് ഗാഹ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ടവന്റെ പുഞ്ചിരി തിരികെയെത്തിക്കുകയാണ് തന്റെ ജീവിത ദൗത്യമെന്ന് പറഞ്ഞ മദര്‍ തെരേസയുടെ ആശയങ്ങളുടെ കര്‍മരൂപമാണ് ബാംഗ്ലൂര്‍ എന്ന ഇന്ത്യയിലെ ഉദ്യാന നഗരിയില്‍ എ ഐ കെ എം സി സി പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഇതൊരു സംസ്‌കാരമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എസ് ടി സി എച്ച് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ബെംഗളൂരു നഗരത്തിന്റെ 150 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് പരിഗണിക്കുന്നത്. 53 ജോഡികളുടെ വിവാഹമാണ് ഇന്നലെ വേദിയില്‍ നടനന്നത്. സഹോദര സമുദായത്തില്‍ പെട്ട 3 ജോഡികളുടെ വിവാഹം കഴിഞ്ഞ ദിവസം ആചാരപ്രകാരം നടന്നു.
പരിപാടിയില്‍ ആതുര സേവന ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ചവര്‍ക്കായി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ മാനവതാവാദ അവാര്‍ഡ് മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍ എ മുഹമ്മദിന് നല്‍കി. ദുരന്ത നിവാരണ പരിശീലനം പൂര്‍ത്തിയാക്കിയ 50 അംഗ ഡി വി എഫ് ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡും നടന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സല്യൂട്ട് സ്വീകരിച്ചു.എ ഐ കെ എം സി സി അംഗങ്ങള്‍ക്കായി ആരംഭിച്ച ഒപ്പം സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് പദ്ധതി പ്രകാരമുളള ആനുകൂല്യ വിതരണവും നടന്നു. അഞ്ച് ലക്ഷം രൂപ വീതമാണ് അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ഏരിയ കമ്മിറ്റി ഭാരവാഹികള്‍ ഏറ്റുവാങ്ങിയത്
മുന്‍ എം എല്‍ സി ബി എം ഫാറുഖ്, കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡോ എം പി ഹസന്‍ കുഞ്ഞി, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദ് , മുജീബ് ഷംസുദീന്‍, മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ പി എ അബ്ദുല്ല ഇബ്രാഹിം, പിടിഎച്ച് കേരള വൈസ് ചെയര്‍മാന്‍ ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, ബദറുസമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള, പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്‍ കമാല്‍ വരദൂര്‍, പാസന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ പോക്കറാട്ടില്‍, നിസാര്‍ പാദൂര്‍, മഹറൂഫ് മട്ടന്നൂര്‍ എന്നിവരെ ആദരിച്ചു.
കേരള വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.കര്‍ണാടക മന്ത്രി റിസ് വാന്‍ അര്‍ഷാദ്, എന്‍ എ ഹാരിസ് എം എല്‍ എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, സംസ്ഥാന സെക്രട്ടറി വി എം ഉമ്മര്‍ മാസ്റ്റര്‍, നസീര്‍ അഹമ്മദ്, ഡോ വികാസ്, ഡോ ഖലീല്‍, തുടങ്ങി സാമുദായിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. എം കെ നൗഷാദ് സ്വാഗതവും ടി ഉസ്മാന്‍ നന്ദിയും പറഞ്ഞു.


















