ബെംഗളൂരു: ഓണം മലയാളികളെ പരസ്പരം ഒരുമിപ്പിക്കുന്ന ഉത്സവമാണെന്നും പങ്കു വെക്കലിന്റെ, സ്നേഹത്തിന്റെ പാരസ്പര്യത്തിന്റെ വലിയ നിദർശനമാണ് ഓണം മുന്നോട്ടു വെയ്ക്കുന്നതെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ബെംഗളൂരു വിമാനപുരയിൽ കൈരളി കലാസമിതി ഓണാഘോഷം ‘ഓണോത്സവം 2026’ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ബൈരതി ബസവരാജ് എംഎൽഎ, എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.
കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.സുധീഷ്, ജോയിന്റ് സെക്രട്ടറി കെ.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ.നായർ, ട്രഷറർ വി.എം.രാജീവ്, അസിസ്റ്റന്റ് സെക്രട്ടറി സി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പൂക്കള മത്സരത്തോടെയാണ് ഓണോത്സവത്തിന് തുടക്കമായത്. തുടർന്ന് കൈരളി മഹിളാ വേദിയും കൈരളി നിലയം സ്‌കൂളിലെ വിദ്യാർഥികളും യുവജന വേദിയും ചേർന്നവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണസദ്യ, രഹിത കൃഷ്ണദാസും ചെറുശ്ശേരി അർജുനും ചേർന്നു നയിച്ച ഡബിൾ തായമ്പക, എം.ജി.ശ്രീകുമാർ നയിച്ച സംഗീത നിശ എന്നിവയും ഉണ്ടായിരുന്നു.
SUMMARY: Kairali Kalasamithi’s Onam celebration ‘Onolsavam 2026’
















