കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. ഇന്നു വൈകിട്ട് ഏഴേകാലോടെയാണ് ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീ പിടിച്ചത്. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. മുകളിലെ നില ഏകദേശം പൂര്‍ണമായും കത്തിയ നിലയിലാണ്.
കടലോര മേഖലയായതിനാല്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് സമീപത്തേക്കും തീ പടരുന്ന സാഹചര്യമായിരുന്നു. ഹോട്ടലിന്റെ മുന്നിലെ മരത്തിലേക്കും തീ പടര്‍ന്നു. മട്ടാഞ്ചേരിയില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് നൂറ്റാണ്ട് മുമ്പ് 1808ല്‍ നിര്‍മിച്ച പൈതൃക കെട്ടിടമാണ് കോഡാര്‍ ഹൗസ്. ഫോര്‍ട്ട് കൊച്ചിയിലെ ടവര്‍ റോഡില്‍, വാസ്കോ ഡ ഗാമ സ്ക്വയറിനും ചൈനീസ് വലകള്‍ക്കും സമീപത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് നിലവില്‍ ഹോട്ടലായി പ്രവര്‍ത്തിച്ചു വരികയാണ്. കൊച്ചിയുടെ ജൂതപാരമ്പര്യത്തിന്റെ ശേഷിപ്പു കൂടിയാണ് കെട്ടിടം.
SUMMARY: Major fire at Kodar House Hotel in Fort Kochi.















