നഗോയ: ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. ആവേശകരമായ ഫൈനലിൽ മലേഷ്യയെ 5-1ന് തകർത്താണ് ഇന്ത്യൻ ടീം കിരീടം നിലനിർത്തിയത്. ഇതോടെ ഹാങ്‌ചോയ്ക്ക് പിന്നാലെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ തുടർച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്നത്. ഈ സുവർണ്ണ നേട്ടത്തോടെ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും ഇന്ത്യ ഉറപ്പാക്കി.
ഇന്ത്യയുടെ ആക്രമണ മികവാണ് ഫൈനലിൽ നിർണായകമായത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് രണ്ട് പെനാൽറ്റി കോർണറുകൾ ഗോളാക്കി. ജുഗ്‌രാജ് സിംഗും പെനാൽറ്റി കോർണറിൽ നിന്ന് ഗോൾ നേടി ഇന്ത്യയുടെ ലീഡ് ശക്തമാക്കി.ഹാർദിക് സിംഗ് പെനാൽറ്റി സ്‌പോട്ടിൽ നിന്ന് മറ്റൊരു ഗോൾ നേടി. തുടർന്ന് അഭിഷേകും സുഖ്ജീത് സിംഗും ചേർന്ന് ഒരുക്കിയ മനോഹരമായ നീക്കത്തിനൊടുവിൽ ഷിലാനന്ദ് ലാക്ര ഓപ്പൺ പ്ലേയിൽ നിന്ന് ഇന്ത്യയുടെ അഞ്ചാം ഗോൾ കണ്ടെത്തി.
മത്സരത്തിലുടനീളം ആക്രമണത്തിലും പ്രതിരോധത്തിലും മികവ് പുലർത്തിയ ഇന്ത്യ മലേഷ്യയ്ക്ക് തിരിച്ചുവരാനുള്ള അവസരം നൽകിയില്ല. 5-1ന്റെ ആധികാരിക ജയത്തോടെ ഇന്ത്യ സ്വർണം ഉറപ്പിക്കുകയായിരുന്നു.
ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ ഒരേ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഫൈനലിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ 44 വർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം സ്വർണം കരസ്ഥമാക്കിയിരുന്നു.
SUMMARY: India strikes gold in Asian Games hockey; defeats Malaysia 5-1.
















