ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടിക്കെതിരെ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധ പരിപാടികൾ അരങ്ങേറും. വോട്ടർപട്ടിക പുനഃപരിശോധനയുടെ പേരിൽ അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമായതിനെ തുടർന്നാണ് ഈ പ്രതിഷേധം. നടപടിയിൽ സുതാര്യത ഉറപ്പാക്കണമെന്നും വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ഇതിന്റെ ഭാഗമായി ഫ്രീഡം പാർക്കിൽ രാവിലെ 10.30-ന് ‘ജനങ്ങളുടെ കോടതി’ (പീപ്പിൾസ് ട്രിബ്യൂണൽ) സംഘടിപ്പിക്കുന്നുണ്ട്. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ജനകീയ സംഘടനകളാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപകെ, വക്താവ് സൗരവ് ദാസ്, കോ കൺവീനർ അശുതോഷ് റങ്ക, ധ്രുവ് റാഠി, വിദ്യാർത്ഥി സംഘടനാ നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കർണാടകത്തിൽ വോട്ടർപട്ടിക പരിഷ്കരണത്തിൽ വോട്ടുനഷ്ടമായവരുമായി സംഘാടകർ സംവദിക്കും. തുടർന്ന് വൈകീട്ട് സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ‘ചപ്പൽ പ്രൊട്ടസ്റ്റ്’ (ചെരിപ്പുയർത്തിയുള്ള സമരം) നടത്തുമെന്നും അശുതോഷ് റങ്ക അറിയിച്ചു.
ബെംഗളൂരു നഗരപരിധിയിലെ മണ്ഡലങ്ങളില്‍ നിന്ന് തന്നെ നിരവധി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ എഫ്‌ഐആര്‍ ഇടണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തന്നെ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
SUMMARY: Protest against SIR in Bengaluru today.
















