തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങള് പൂർത്തിയാക്കി. മണ്ഡലപൂജ കാലത്ത് 461 ബസുകളും മകരവിളക്ക് സമയത്ത് 561 ബസുകളുമാണ് ആദ്യഘട്ടത്തില് സർവീസ് നടത്തുക. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതല് ബസുകള് ലഭ്യമാക്കാനും ലീസ് വ്യവസ്ഥയില് വാഹനങ്ങള് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പമ്പ, നിലയ്ക്കല്, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രല്, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളില് നിന്ന് സ്പെഷ്യല് സർവീസുകള് ഉണ്ടാകും. മണ്ഡലപൂജാ ഘട്ടത്തില് നിലയ്ക്കലില് 180 ബസുകളും മകരവിളക്ക് ഘട്ടത്തില് 220 ബസുകളും വിന്യസിക്കും.
ചെങ്ങന്നൂരില് യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക സർവീസുകളുടെ സുഗമമായ നടത്തിപ്പിനായി പമ്പയിലും നിലയ്ക്കലുമായി ജീവനക്കാരെ രണ്ട് ഘട്ടമായാണ് വിന്യസിക്കുക. മണ്ഡലപൂജാ ഘട്ടത്തില് 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തില് 778 ജീവനക്കാരെയും നിയോഗിക്കും.
SUMMARY: Sabarimala Pilgrimage: KSRTC Announces Special Services
















