കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്. എറണാകുളം സെഷന്‍സ് കോടതിയില്‍ പോലീസ് അപേക്ഷ നല്കി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിയുടെ പിതാവായ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ളാറ്റില്‍ എത്തിയാണ് ജഡ്ജിയെ ചോദ്യം ചെയ്തത്.
തന്റെ അറിവോടെയല്ല മകന് വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
പതിനേഴുകാരന് ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ് വരെ വിലക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ ആര്‍സിയും സസ്പെന്‍ഡ് ചെയ്യും.
അതേസമയം കേസിൽ ജില്ലാ ജഡ്ജി പോലീസ് സ്റ്റേഷൻ സന്ദർശിച്ച നടപടിയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് അന്വേഷണം നടത്തി ഹൈക്കോടതി രജിസ്ട്രിക്ക് സമഗ്രമായ റിപ്പോർട്ട് കൈമാറിയത്. ജഡ്ജി സ്റ്റേഷനിലെത്തിയത് ഔദ്യോഗിക ആവശ്യത്തിനല്ലെന്നും സന്ദർശനത്തിന് മുൻപ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ വീട്ടിൽ ജയബാലകൃഷ്ണൻ (55) ആണ് മരിച്ചത്. കെഎൽ 46 എഫ് 0333 നമ്പർ ബെൻസ് കാറോടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തശേഷം ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.അപകടത്തിനുശേഷം നിസാര വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പ്രതിയെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം വീണ്ടും ജാമ്യത്തിൽ വിടുകയായിരുന്നു.
SUMMARY: Cheranalloor road accident: Judge questioned
















