തിരുവനന്തപുരം: ബാർ ലൈസൻസുകള്‍ അനുവദിക്കുന്ന കാര്യം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. വിഷയത്തില്‍ എക്സൈസ് കമ്മീഷണറോട് സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. മുൻ എല്‍.ഡി.എഫ് സർക്കാരിനോട് അതൃപ്തിയുണ്ടെന്നും, മുൻ മന്ത്രി എം.ബി. രാജേഷിന്റെ നയങ്ങളില്‍ വിയോജിപ്പുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കമ്മീഷണർ ചുമതലയേറ്റ ആദ്യ ദിവസങ്ങളില്‍ കാര്യങ്ങളില്‍ വ്യക്തമായ ധാരണ വരാത്തതാകാം കാരണം. നിലവിലെ ചട്ടങ്ങള്‍ പ്രകാരം മന്ത്രി അറിയാതെ താഴെത്തട്ടില്‍ തീരുമാനമെടുക്കാൻ കമ്മീഷണർക്ക് അധികാരമുണ്ട്. ഇത് മുൻ എല്‍.ഡി.എഫ് സർക്കാർ ഉണ്ടാക്കിയ നിയമമാണ്. എന്നാല്‍ ഇനിമുതല്‍ പുതിയ മദ്യനയത്തിനു ശേഷം മാത്രം ബാർ ലൈസൻസുകള്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനം ഉടൻ ഉത്തരവായി ഇറക്കും.
നവീകരിച്ച ഡൊമസ്റ്റിക് ലോഞ്ചിലെ ലൈസൻസ് ഉള്‍പ്പെടെ നല്‍കിയതില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ മന്ത്രി അറിയുന്ന രീതിയില്‍ വകുപ്പിലെ ലൈസൻസിംഗ് ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: The government should have been informed about the granting of the bar license; Minister M. Liju seeks an explanation from the Excise Commissioner
















