തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറിയും ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനവും നടന്നതായി ആരോപിച്ച് പ്രസിഡന്റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവ പൂർണ്ണമായും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള കത്തില്‍ ഉഷ കുറ്റപ്പെടുത്തി.
സംഭവത്തില്‍ ഐ.ഒ.സിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെയാണ് ഉഷയുടെ നിർണായകമായ ഈ പ്രതികരണം. എന്നാല്‍ തോല്‍വിയുടെ നിരാശ കൊണ്ടല്ലെന്നും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും നടപടികളുടെ സുതാര്യതയും സംരക്ഷിക്കാനുമാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോള ബാനർജി, യോഗേശ്വർ ദത്ത് എന്നിവരുടെ പേരില്‍ വോട്ടർമാർക്കിടയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ഒരു പ്രത്യേക പാനലിനായി വോട്ടുചോദിച്ചതും കേന്ദ്ര കായിക മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ടെന്ന് ഭീഷണിപ്പെടുത്തിയതും പെരുമാറ്റച്ചട്ട ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
SUMMARY: Allegations of rigging in IOA elections; PT Usha demands investigation















