നന്ദുവിന്റെ പപ്പായ ചെടി

ചെറുകഥ
നന്ദുവിന്റെ പപ്പായ ചെടി ◼️ മുഹമ്മദ് കുനിങ്ങാട്

ഈ കുളിമുറിയിൽ ഇപ്പോൾ അവർ എല്ലാവരും നഗ്നരാണ്. ഉറക്കമുണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് കോളജ് ബസ് വരുന്നതിനുമുമ്പ് ഡ്രസ് ചെയ്ത് പിക്കപ്പ് പോയിന്റിൽ എത്താനുള്ള നെട്ടോട്ടത്തിന്റെ ഭാഗമാണത്. അവർ അഞ്ചുപേരും താമസിക്കുന്ന വില്ലയിലെ ഫസ്റ്റ് ഫ്ലോറിൽ ഒരേയൊരു ബാത്ത്റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നിച്ചു ഓടിക്കയറി കതകടച്ച് സ്പീഡിൽ ഷവർ തുറന്നുവെച്ച് കുളി തുടങ്ങുമ്പോൾ അവരുടെ തത്രപ്പാട് പാരമ്യത്തിലെത്തുമായിരുന്നു. ഒരേയൊരു സോപ്പ് മാറിമാറി അവർ ദേഹത്ത് തേച്ചു. ഒരേ ബ്രാൻഡ് ഷാംപൂ തീർന്നിട്ടും പ്ലാസ്റ്റിക് കൂട് വീണ്ടും വീണ്ടും ഞെക്കിപ്പിഴിഞ്ഞുകൊണ്ട് അവർ ഉപയോഗിച്ചുകൊണ്ടിരുന്നു.

അന്തേവാസികൾ അവർ അഞ്ചുപേരുണ്ടായിരുന്നു. ഒരേ ക്ലാസിൽ പഠിക്കുന്നവർ. എറണാകുളം, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളെ യഥാക്രമം പ്രതിനിധീകരിച്ചു എന്നതുപോലെ വിവിധ മതത്തിൽപ്പെട്ടവരുമായിരുന്നു. ഒരമ്മപെറ്റ മക്കളെപ്പോലെയുള്ള അവരുടെ കളികൾ ആരെയാണ് ആഹ്ളാദിപ്പിക്കാതിരിക്കുക. വൈവിധ്യങ്ങളിൽ ഒരു വീഞ്ഞുപോലെ നുരയുന്ന അഭൗമസൗന്ദര്യത്തിന്റെ ആസ്വാദനം ആനന്ദദായകമാണ്.

നഗരത്തിരക്കുകളുടെ ആരവത്തിനിടയിൽ നിന്ന് അകലം അധികമില്ലെങ്കിലും ഗ്രാമീണമായ തനിമകൾ നിറഞ്ഞുനിന്ന ഒരിടമായിരുന്നു പത്മാ വിഹാർ സ്ഥിതിചെയ്യുന്നയിടം. പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തിയ അവിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെന്നപോലെ മറ്റു രാജ്യങ്ങളിൽ നിന്നും പഠിക്കാൻ വിദ്യാർഥികൾ എത്തിയിരുന്നു. കച്ചവടക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന മലയാളികൾ വീടുവെച്ച് കുടുംബമായി കഴിയുന്ന ഒരിടം എന്ന പ്രത്യേകതയുമുണ്ട്. തൊട്ടടുത്ത താമസക്കാരൻ മാൻ സിംഗ് ബിഹാറിലെ മന്ത്രി പുത്രനാണ്. കോളേജിൽ അഡ്മിഷൻ നേടിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഫൈനൽ ഇയറിൽ അയാൾ ഇതുവരെ എത്തിയിട്ടില്ല.

മഹാത്മാഗാന്ധി റോഡിലെ നൈറ്റ് വാച്ച്മാൻ പബ്ബിനു മുന്നിൽ തലേന്ന് രാത്രി നടന്ന സംഘട്ടനത്തിന്റെ ഫോട്ടോയിൽ കുറ്റിരോമങ്ങൾക്കിടയിലെ വസൂരിക്കലകളുള്ള മാൻ സിംഗിന്റെ മുഖമല്ലേ എന്ന് ദ ഹിന്ദു ഡെയ്ലി വായനയ്ക്കിടയിലാണ് ജോൺ സന്ദേഹിച്ചത്.

സംശയനിവാരണത്തിനായി ഉടനെ അവൻ അസ്ഫറിനടുത്തേക്ക് ഓടി. ശ്രീജിത്തും അതിലേക്ക് ശ്രദ്ധതിരിച്ചു. സൈമണും അപ്പുണ്ണിയും പത്രം കണ്ണിനോടടുപ്പിച്ചു സ്ഥിരീകരിച്ചു: ‘തന്നെ…, മാൻ സിംഗ് തന്നെ’. ലയൺ തലയുടെ വലിയ പോർട്രെയ്റ്റ് തൂക്കിയ സ്വീകരണമുറിയിൽ തൊട്ടുതാഴെ ഇരിക്കാറുള്ള മാൻ സിംഗിന്റെ ഭാവം അതേ ഗാംഭീര്യമുള്ളതാണല്ലോ എന്നവർ ഓർമ്മിച്ചത് ഒന്നിച്ചായിരുന്നു. അയൽവാസി എന്ന നിലയിൽ കണ്ടുമുട്ടാറുള്ള സന്ദർഭങ്ങളിലൊക്കെ ഊഷ്മളമായ സൗഹൃദം അയാൾ പ്രകടിപ്പിക്കാറുണ്ടെന്നത് വലിയ ആശ്വാസമായിരുന്നു. മിലിറ്ററി ഗ്രീൻ എൻഫീൽഡ് ബുള്ളറ്റ് അവിടമാകെ പ്രകമ്പനം കൊള്ളിച്ചു കടന്നുവരുന്ന ശബ്ദം അവരിൽ അദ്ദേഹത്തോട് അറിയാത്ത ഒരു ആദരം ഉണ്ടാക്കിയിരുന്നു.

ദ ഹിന്ദു ദിനപത്രവുമായി ജോൺ മാൻ സിംഗിന്റെ കതകിൽ മുട്ടി. ഉറക്കച്ചടവോടെ വാതിൽ തുറന്ന അദ്ദേഹം അവരെ ഉള്ളിലെ സ്വീകരണമുറിയിലേക്ക് ക്ഷണിച്ചു. സിംഹത്തലയുടെ താഴെയുള്ള സിംഹാസനത്തിലെ ആ ഇരുത്തം അദ്ദേഹത്തിന്റെ പ്രൗഢിക്ക് അനുയോജ്യമാണെന്ന് അസ്ഫറിനു തോന്നി.

‘Is it there in the news?’ പത്രം ശ്രദ്ധയിൽപ്പെട്ട മാൻസിംഗ് പ്രത്യേകിച്ചൊരു ഭാവവ്യത്യാസവുമില്ലാതെ പത്രത്തിനായി കൈ നീട്ടി.

‘Yup bro’, ജോൺ പറഞ്ഞു. ‘The photo came with the news’.

എഞ്ചിനീയറിംഗ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ വെടിയുതിർക്കുന്ന രംഗം ആരാണിത്ര സാഹസികമായി ക്യാമറയിലൊതുക്കിയത് എന്നാലോചിക്കുന്നതിനിടയിലാണ് “I shot him” അയാൾ പറയുന്നതുകേട്ടത്. “Don’t know whether he is dead or alive.” ഒരിക്കലും ചീകിമിനുക്കാത്ത തലമുടി കൈകൊണ്ട് പിന്നോട്ടേക്ക് ഒതുക്കാൻ അയാൾ ശ്രമിച്ചു.

എത്ര കൂളായിട്ടാണ് അയാളതൊക്കെ പറയുന്നതെന്ന് ശ്രദ്ധിച്ചോ എന്ന ആശ്ചര്യമായിരുന്നു തിരിച്ചെത്തിയ ഉടനെ അവർ പങ്കുവെച്ചത്.

പത്മാവിഹാറിലെ ഓണർ ചേച്ചിയോ അങ്കിളോ മകൻ സുരേഷോ ഇതൊന്നും അറിഞ്ഞമട്ടില്ല. വീടിന്റെ സിറ്റൗട്ടിൽ പതിവുപോലെ അവർ ഇരുന്നു ചർച്ച ചെയ്തു. അഭിമുഖമായി സ്ഥിതിചെയ്യുന്ന നന്ദുവിന്റെ വീട്ടിലേക്ക് അവളുടെ സാന്നിധ്യത്തിനായി അവരുടെ കണ്ണുകൾ പരതി. അവരുടെ കൺവെട്ടത്തെന്നോണം തഴച്ചുവളരുന്ന ചെടികളെ തലോടി നന്ദു ഉമ്മറത്ത് വന്നു. അവരുടെ മുന്നിൽപ്പെടാനുള്ള അവളുടെ ത്വരയുണ്ടതിൽ എന്ന് അവർ ഊഹിച്ചെടുത്തു. നന്ദിതാ റാവു എന്നാണ് പേരെന്നും, എഞ്ചിനീയറിംഗ് കോളജിലെ ഒന്നാം വർഷ ഡിഗ്രി സ്റ്റുഡന്റാണെന്നുമൊക്കെ അറിഞ്ഞുവന്ന് മറ്റുള്ള സഹമുറിയന്മാരെ അറിയിച്ചത് അസ്ഫറാണ്.

സുമുഖനായ അവനെ തേടി ഫൈനൽ ഇയറിലെ ആസഫലി എത്തുന്നതിൽ കളിയാക്കാറുണ്ടവർ. നന്ദുവും അവനിൽ ആകർഷയായെന്ന് അവർ ചിരിച്ചു.

നന്ദുവിന്റെ വീടിനടുത്തുള്ള പപ്പായമരം അവളെപ്പോലെതന്നെ ആകർഷകമാണ്. അവളെക്കാൾ രണ്ടടി നീളക്കൂടുതലുള്ള ചെടി നിറയെ തുടുത്ത പപ്പായ കായ്ച്ചിരുന്നു. ടോപ്പിനു പുറത്തേക്ക് കുതറാൻ ശ്രമിക്കുന്ന സമൃദ്ധമായ അവളുടെ മാറിടം പോലെ അവർക്കത് അനുഭവപ്പെട്ടു. കമ്പിവലയ്ക്കുപുറത്തേക്ക് തെന്നിമാറാൻ ശ്രമിക്കുന്ന പപ്പായ നന്ദുവിന്റെ ശരീരവുമായി എവിടെയൊക്കെയോ സമാനതയുണ്ടെന്ന് അവർക്കു തോന്നി.

ഡിസെക്ഷൻ ടേബിളിനിരുവശവും നിന്ന് അവർ മനുഷ്യശരീരം കീറിമുറിക്കാൻ തുടങ്ങിയിരുന്നു. ജോണിന് ജ്യോത്സ്നയെയാണ് പാർട്ണറായി കിട്ടിയത്. മലയോരത്തുനിന്നും മഹാനഗരത്തിൽ പഠിക്കാനെത്തിയ അവളിൽ ശാലീനമായ സൗന്ദര്യം പതിയിരിക്കുന്നുണ്ടെന്ന് ജോൺ ആദ്യമേ തിരിച്ചറിഞ്ഞു. സുഹാസിനിയുടെ മൂക്കും ആ വെളുക്കച്ചിരിയും മെലിഞ്ഞുനീണ്ട ആകാരസവിശേഷതയും കണ്ട് ഞാൻ തേടുന്ന പെണ്ണ് ഇവളാണെന്ന് അവനങ്ങ് തീരുമാനിച്ചുറപ്പിച്ചു. മതവും ജാതിയും വേറെയല്ല. അകലെയല്ലാത്ത നാടും. ഡിഗ്രിയും നേടി പി.ജി. കൂടി വേണമെന്നായാൽ ജീവിതം ഭദ്രമായല്ലോ എന്നാണവൻ കണക്കുകൂട്ടിയുറപ്പിച്ചത്.

ജ്യോത്സ്ന ഇതൊന്നും അറിയാൻ അവൻ പറഞ്ഞിട്ടുവേണ്ടേ. അനാട്ടമി സെക്ഷനിൽ മിശ്രണങ്ങളുടെ രൂക്ഷഗന്ധങ്ങൾക്കിടയിൽ തഴച്ചുവളരുന്ന പ്രണയാക്ഷരങ്ങൾക്ക് സംവേദനത്തിന്റെ ചാലകശക്തി തുലോം കുറവായിരുന്നു. ദിവ്യമായ ഒരു സാന്നിധ്യമെന്നപോലെ കാലം കഴിഞ്ഞുപോയത് അറിഞ്ഞില്ല. വർഷങ്ങളായി തൊട്ടുരുമ്മിയിട്ടും അങ്ങനെയൊരു തൂകൽസ്പർശം ഒരിക്കലും കോറിയിട്ടില്ലെന്നാണ് അവളുടെ പക്ഷം.

ഗോവയിൽ നിന്നും കൊണ്ടുവന്ന ഫെനിയുടെ ഫുൾ ബോട്ടിൽ ജോൺ അവർക്കുനേരെ നീട്ടി. ഗോവയിൽ മാത്രം നിർമ്മിക്കുന്ന കശുമാങ്ങ വാറ്റിയെടുക്കുന്ന അപൂർവ ലിക്വർ ഗോവൻ ഫെനി ഗോവക്കുവെളിയിൽ കിട്ടില്ലെന്ന് അവൻ പറഞ്ഞു. പത്മാവിഹാറിലെ അന്നത്തെ ഡിന്നർ ഗോവൻ ഫെനി കോക്ടെയ്ൽ പാർട്ടിയോടുകൂടിയായിരുന്നു.

രണ്ടു പെഗ് വീശിയ ആത്മവീര്യത്തിൽ അസ്ഫറിന്റെ കാതിൽ ജോൺ കാര്യം ജ്യോത്സ്നയെ അറിയിക്കാനുള്ള ദൗത്യം ഏൽപ്പിച്ചു.

കൂട്ടുകാർക്കുവേണ്ടി ജീവൻ ത്യജിക്കാൻ പോലും തയ്യാറാവുന്ന ജോണിനുവേണ്ടി ഏതു സാഹസത്തിനും അസ്ഫർ ഒരുക്കമായിരുന്നു. കടപ്പാടിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു. ദസറ അവധിക്ക് നാട്ടിലോട്ട് പോകാനുള്ള ട്രെയിൻ യാത്രയിൽ അസ്ഫറിനായി ജോൺ സീറ്റ് ഒഴിഞ്ഞുകൊടുത്ത് അസ്ഫറിന്റെ കോച്ചിലേക്ക് തനിയെ പോയി കിടന്നത് ജീവനുള്ള കാലത്തോളം മറക്കാനാകില്ല അവന്. തന്റെ ദിവ്യപ്രണയത്തിന്റെ ആദ്യവസന്തമായ മെഹറുവും ഒന്നിച്ച് അന്ന് ആ ട്രെയിനിൽ ആദ്യരാവ് കഴിച്ചുകൂട്ടാനായത് അവന്റെ ദാനമായിക്കിട്ടിയ സമർപ്പണം കൊണ്ടുമാത്രമാണല്ലോ. ക്യാമ്പസ് പ്രണയത്തിന്റെ ക്ഷണികമായ ആയുസ്സ് മാത്രമായിരുന്നു അപ്പോഴത്തെ അവരുടെ അനുരാഗത്തിനുണ്ടായിരുന്നതെങ്കിലും ഒരായുഷ്കാലമത്രയും ജീവൻവെക്കുന്ന ഓർമ്മകളായിരുന്നു അത് അവശേഷിച്ചിരുന്നതെന്ന് അവനറിയാമായിരുന്നു.

പ്രാക്ടീസിനിടയിലാണ് ജോണിന്റെയും ജ്യോത്സ്നയുടെയും ജീവിതം ഒന്നായിച്ചേർന്നത്. മറ്റു കൂട്ടുകാർക്കെല്ലാം കേട്ടുകേൾവി മാത്രമായിരുന്നു. ക്ഷണക്കത്തുപോലും ലഭിച്ചില്ലെന്ന അവരുടെ പരാതിയും എവിടെയുമെത്തിയില്ല.

അറിയാതെ അവളുടെ മനസ്സിൽ ആദർശപുരുഷനായി ഇടംപിടിച്ചത് ജോൺ തന്നെയായിരുന്നു. വീട്ടിലെ പ്രതികരണങ്ങളും വളർന്ന സാഹചര്യവും സ്വയം തീരുമാനം എടുക്കുന്നതിൽ നിന്നും ജ്യോത്സ്നയെ അധീരയാക്കുകയായിരുന്നു.

“എനിക്ക് എന്റെ ജീവനേക്കാളേറെ ഇഷ്ടമാ നിന്നെ, അതു പക്ഷെ, പറഞ്ഞറിയിക്കാൻ പറ്റാത്ത വേറൊരിഷ്ടം! കാമനയോ തൃഷ്ണയോ ഒന്നുമായിരുന്നില്ല അത്. എന്താണെന്നു പറയാൻ ഇപ്പോഴുമറിയില്ല പ്രിയനേ. സങ്കടംവരുമ്പോൾ, സന്തോഷം അലതല്ലുമ്പോൾ നീയെൻ അരികിലുണ്ടെന്നാൽ… മോഹിച്ചുപോകുന്നതിനെ വിളിക്കുന്നതെന്താണ്!”

അവൾ കുറിച്ച ഡയറിത്താളുകൾ ജോൺ കണ്ടെടുക്കുന്നത് ഒന്നാം വിവാഹവാർഷികത്തിലാണ് എന്നുമാത്രം. അവർ വേർപെടുത്താനാവാത്ത ഒരേയൊരാത്മാവിന്റെ രണ്ടു ശരീരങ്ങളായിരുന്നു.

സാഹസികത ജീവിതമുദ്രയാക്കിയ ജോൺ വനാതിർത്തിക്കടുത്ത് പുതിയൊരിടം കണ്ടെത്താനുള്ള കഠിനപ്രയത്നത്തിലായിരുന്നു. അപരിചിതമായ മറ്റൊരു നാടായിരുന്നു അത്. ജന്മനാടും വീടും വിട്ട് തരിശുഭൂമിയിലെത്തി കനകം വിളയിക്കാനുള്ള മോഹത്തിന്റെ സാക്ഷാത്കാരത്തിനായുള്ള പൊരുതലായിരുന്നു. അതിനൊപ്പം നാടിന്റെ നന്മമരമായി സ്വയം വളരുകയും വളർന്ന് പന്തലിക്കുകയുമായിരുന്നു.

മുപ്പത്തിയഞ്ചു വർഷം മുന്നെയുള്ള ക്യാമ്പസ് സൗഹൃദം നിനവിൽ എത്തിക്കാൻ കൂട്ടായ്മയൊരുക്കിയത് ജോണും ജ്യോത്സ്നയും ഒന്നിച്ചായിരുന്നു. വിവിധയിടങ്ങളിൽ വേരൂന്നി വ്യത്യസ്ത സാഹചര്യങ്ങളുടെ ഭാഗമായ അവരെ കണ്ടെത്തുകയെന്നതുതന്നെ സാഹസികമായിരുന്നു. സാഹസികത അവന്റെ കൂടപ്പിറപ്പാണല്ലോ. ജ്യോത്സ്ന ജീവിതത്തിന്റെ ഭാഗമായതോടുകൂടി അതിനൊക്കെയും സർഗാത്മകമായൊരു താളവും തിളക്കവുമുണ്ടാവുകയായിരുന്നു.

കണ്ണെത്താദൂരത്തോളം പരന്നുകിടന്ന വിശാലമായ താഴ്‌വര വ്യത്യസ്ത പഴച്ചെടികളുടെ സംഗമയിടമായിരുന്നു. ആകാശം മുട്ടിനിൽക്കുന്ന മലമുകളിൽ മഞ്ഞുപൊതിഞ്ഞ പച്ചപ്പുകളിൽ പൊൻതിളക്കമായി വന്നിറങ്ങുന്ന കിരണങ്ങൾക്ക് അത്യാകർഷകമായൊരു തിളക്കമുണ്ട്. താഴ്‌വാരങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളിൽ കായ്ച്ചുനിൽക്കുന്ന പഴവർഗങ്ങളിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ വിളയുന്നവയും ഉണ്ടായിരുന്നു. നാട്ടിലെ അപ്രധാനമെന്ന് തോന്നിക്കുന്ന ഫ്രൂട്സ് ഇനങ്ങൾക്കും ഇടമൊരുക്കിയിരുന്നു അവിടെ. വിവിധയിനം പപ്പായയുടെ ശേഖരം തന്നെ ഒരു ഭാഗത്തുണ്ടായിരുന്നു. വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലും കായ്ച്ചുനിൽക്കുന്ന പപ്പായ ചെടികൾക്കിടയിൽ ഒരിടത്ത് ‘നന്ദൂസ് പപ്പായാസ്’ എന്ന ബോർഡിൽ കണ്ണുടക്കിയപ്പോഴാണ് അസ്ഫർ ശരിക്കും ആശ്ചര്യപ്പെട്ടുപോയത്.

ഇന്നുവരെ കണ്ണിൽപ്പെടാത്ത എന്തോരം പഴവർഗങ്ങളാണിവിടെ! പടർന്ന വള്ളികളിലും കുറ്റിച്ചെടികളിലും മരങ്ങളിലുമായി നയനാനന്ദം പകരുന്ന പഴങ്ങളുടെ കാഴ്ച! ‘ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇതാണ്’ എന്ന മൊഴിമുത്ത് കടമെടുത്ത വാക്കുകളാണ് അവനോട് പറയാൻ തോന്നിയത്.

കട്ടിത്തോട് പൊട്ടിച്ച് ജോൺ വായിലേക്കിട്ടുകൊടുത്ത വെളുത്ത അല്ലികൾക്ക് സ്വാദുമുകുളങ്ങളെ വിസ്മയിപ്പിക്കുന്ന മാന്ത്രികരുചിയുണ്ടായിരുന്നു. ‘മാങ്കോസ്റ്റിൻ ആണെടാ ഇത്.’ അതിനൊപ്പം അവൻ പറയുമ്പോൾ മാങ്കോസ്റ്റിൻ മരത്തണലിൽ ഇരുന്ന് കഥകൾ പറഞ്ഞുതന്ന വിശ്വോത്തര കഥാകാരൻ അസ്ഫറിന്റെ ഓർമ്മയിലേക്കോടിയെത്തി. ഓർമ്മയിൽ മധുരമായെത്തുന്ന കൂട്ടുകാരെത്രയുണ്ട് നമുക്കെന്ന് അസ്ഫർ വെറുതെ ഒന്നോർത്തുനോക്കി. എവിടെ? എന്നവൻ സ്വയം കൈമലർത്തി.

ഗ്രൂപ്പിൽ ഫോർവേഡും ചാറ്റുകളുമായി നിത്യസമ്പർക്കമുള്ള സംഘമായി ബാച്ച്‌മേറ്റ്സ് അപ്പോഴേക്ക് മാറിക്കഴിഞ്ഞിരുന്നു. റഹാനും ശ്രുതിയും സോണിയയും ഷൈജുവും ചാറ്റുകളിൽ സ്ഥിരസാന്നിധ്യമായി. നാടിന്റെ വിവിധ കോണുകളിൽനിന്നെന്നപോലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി അവരെയെല്ലാം കൂട്ടിയിണക്കി.

‘ജോൺ നമ്മെ വിട്ടുപോയെടാ’ അസ്ഫറിന്റെ മൊബൈലിൽ പൊട്ടിക്കരച്ചിലായി അതുപറഞ്ഞത് ജ്യോത്സ്നയാണ്. മറുത്തെന്തെങ്കിലും ചോദിക്കാനോ പറയാനോ കഴിയാതെ കുറച്ചുനേരത്തെ നിസ്സംഗതയ്ക്കൊടുവിൽ ഫോൺ നിലച്ചു. സംഭവത്തിന്റെ നിജസ്ഥിതിയറിയാൻ പിന്നെയും മണിക്കൂറുകളെടുത്തു.

വീടിനു കിഴക്കുള്ള വനനിബിഢമായ മലനിരകളെ ചൂണ്ടി അവിടെ നമുക്ക് പോകണമെന്ന് വീടുവെച്ചതു മുതൽ ജോൺ ക്രേസിയാകാറുണ്ട്. പോകണമെന്ന് ആഗ്രഹിക്കുമ്പോഴൊക്കെ തടസ്സങ്ങളെയെന്തെങ്കിലും മുന്നിലുണ്ടാകും. അപ്പോഴത് പിന്നത്തേക്കു മാറ്റിവെക്കും. എല്ലാ സൗകര്യങ്ങളും ഒത്തുകിട്ടിയ അന്ന് കുടുംബവുമൊത്ത് അവർ അങ്ങോട്ടേക്ക് തിരിച്ചു. ഒരുക്കങ്ങൾ ഓരോന്നും ചെയ്യുമ്പോഴും എന്തൊന്നില്ലാത്ത ആവേശത്തിലായിരുന്നു അവൻ.

അവരവിടെയെത്തുമ്പോൾ വിജനമായിരുന്നു അവിടമാകെ. കാഴ്ച കാണാനെത്തിയവരോ സഞ്ചാരികളോ ആരും അവിടെ ഉണ്ടായിരുന്നില്ല. ആഹ്ളാദത്തോടെ പിന്നീട് അവിടെയെത്തിയ ചെറിയ കുടുംബത്തിന്റെ സാന്നിധ്യം അവരെ കൂടുതൽ സംതൃപ്തരാക്കി. യു.എസിൽ കുടിയേറിയ മലയാളികളാണ്. അനുവും ശ്രേയയും അഭിനവും അടങ്ങുന്ന അണുകുടുംബം. മലയാളം വഴങ്ങാത്ത ആറുവയസ്സുകാരൻ അഭിനവ് തപ്പിത്തടഞ്ഞ് മൊഴിയുന്ന മലയാളം ജോണിനെ മാത്രമല്ല മറ്റുള്ളവരെയെല്ലാം ആകർഷിപ്പിച്ചിരുന്നു. പരസ്പരം അവർ അടുപ്പക്കാരാകാൻ അധിക സമയം വേണ്ടിവന്നില്ല.

ചെങ്കുത്തായ മലയുടെ ശിഖരത്തിലെത്താനുള്ള സാഹസികമായ ശ്രമത്തിൽ മത്സരിച്ചാണവർ മുന്നേറിയത്. ‘എടീ ജ്യോത്സ്യേ’ എന്നും വിളിച്ചുള്ള കരുതൽ അതിനിടയിലൊക്കെയും ജോൺ ചെയ്യുന്നുണ്ടായിരുന്നു. സ്നേഹത്തിന്റെ തഴുകലും തലോടലും പിള്ളാരുണ്ടെന്ന് ഓർമ്മിപ്പിച്ച് അവൾ നിയന്ത്രിച്ചുകൊണ്ടിരുന്നതാണ്. ഈ നാട്ടിലെത്താനുള്ള പപ്പയുടെ ‘നോസ്റ്റുവാണ്’ ഈ കാനനഭംഗി എന്ന് മക്കൾ പറയും. ‘ഇപ്പോൾ ഈ ഭൂമിയിൽ ഏറ്റവും ഹാപ്പിയസ്റ്റ് പേഴ്സനാണെടാ ഈ ജോൺ.’ ഈയിടെ കണ്ട സിനിമയിലെ പ്രകാശ് വർമ്മയുടെ ജോർജ് സാർ സ്റ്റൈലിലുള്ള ഡയലോഗും ആക്ടിങ്ങും കുട്ടികളെല്ലാം നന്നായി ആസ്വദിച്ചു, വീണ്ടും വീണ്ടും ചിരിച്ചു.

മലമുകളിൽ അവിടവിടങ്ങളിലായി അവർ കാഴ്ചകളാസ്വദിച്ചുകൊണ്ടിരിക്കെ സമയം കടന്നുപോകുന്നത് അവർ അറിയുന്നില്ല. വിനോദയാത്രകളുടെ സവിശേഷതകളിൽ ഒന്നാണല്ലോ അത്. ശിരസ്സുകളിലേറ്റുന്ന ഭാരങ്ങളിറക്കിവെക്കാൻ അത്താണിയുമാകാറുണ്ട്.

പെട്ടെന്നാണ് ദീനരോദനത്തിന്റെ ഒച്ച ഒരട്ടഹാസമായി അവരുടെ കാതിൽ തറിച്ചത്. അവരുടെയല്ലേ ആ കരച്ചിൽ. ജ്യോത്സ്ന വ്യാകുലപ്പെട്ടു. കുട്ടികൾ അടുത്തുണ്ടെന്നുറപ്പുവരുത്തിയ ഉടനെ കരച്ചിൽ കേൾക്കുന്ന ദിക്കിലേക്ക് അവർ ധൃതിയിൽ കയറിച്ചെന്നു. ശ്രേയയും അനുവുമാണ്. കൈവിട്ടുപോയ അഭിനവ് മോൻ കാൽതെറ്റി താഴേക്ക് വീണതാണ്. കുത്തനെയുള്ള മലയുടെ പൊത്തിൽ കുടുങ്ങിക്കിടക്കുന്ന മോനെ അവർക്ക് കാണാൻ കഴിയുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ സാധ്യതകളാരാഞ്ഞ് അവരെല്ലാവരും മൊബൈൽ ഫോണിൽ ജാഗരൂകരായി, നാനാഭാഗത്തും സഹായമഭ്യർത്ഥിച്ച് അവർ അധികൃതരെ വിളിച്ചു.

വിലക്കുകൾ മറികടന്ന് ഈക്കാൻതൂക്കായ പാറക്കെട്ടിനിടയിലൂടെ താഴേക്ക് ഇറങ്ങിച്ചെല്ലാൻ ജോൺ പരാശ്രമിച്ചുകൊണ്ടിരുന്നു. ശ്വാസം അടക്കിപ്പിടിച്ച് എല്ലാവരും സാഹസികമായ ആ ദൗത്യം നോക്കിനിന്നു. ജീവൻവെച്ചുള്ള ഒരു കർമ്മമായിരുന്നു അത് എന്നറിഞ്ഞിട്ടും ആ കൊച്ചിനെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിൽ ജോൺ മുഴുകിയിരുന്നു. അഭിനവിനെ കോരിയെടുത്ത് ജോൺ മേലോട്ടു കയറിവരുന്ന കാഴ്ച മറ്റുള്ളവരുടെ ഉള്ളകം ഞെരിപ്പോടാക്കിയിരുന്നു.

കുട്ടിയുടെ കൈ അനുവിന് പിടിക്കാനെത്തുന്ന ദൂരത്തിൽ ഉയർത്തിക്കൊടുത്തു. അവർ കുട്ടിയെ വലിച്ചു മേലെയെത്തിച്ചു. കരുതലോടെ മേലോട്ട് കയറിവരുന്ന ജോൺ കാൽ വഴുതി താഴോട്ട് വീഴുന്നതാണ് മറ്റുള്ളവർ കാണുന്നത്.

താഴ്‌വാരങ്ങളിലേക്ക് താഴ്ന്നു താഴ്ന്നു പോകുന്ന ജോണിനെ നിസ്സഹായമായി നോക്കിനിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ ആർക്കുമായില്ല. അഗാധഗർത്തം പോലെ കണ്ണെത്താദൂരത്തോളം നീണ്ടുകിടന്ന താഴ്ഭാഗത്തേക്ക് ഒരിക്കൽക്കൂടി നോക്കാനവർക്കായില്ല. തിരച്ചിലിനൊടുവിൽ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാനുള്ള ദുര്യോഗമാണ് കുടുംബത്തിനുണ്ടായത്.

അർധമയക്കത്തിലെന്നപോലെ വശ്യമായ പുഞ്ചിരി വിടരുംപോലെയുള്ള ഭാവത്തിൽ ശീതീകരിച്ച ചില്ലുപെട്ടിയിൽ ജോൺ കിടക്കുന്നത് വിശ്വസിക്കാനാകാതെ അവർ നോക്കിനിന്നു. ദീർഘയാത്രയ്ക്കൊടുവിലാണ് അവരിൽ പലരും അവിടെയെത്തിയത്. സംസ്കാര ചടങ്ങ് തുടരുമ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

സുമുഖനായ പുരോഹിതൻ ഈണത്തിൽ ആലപിക്കുന്ന,

“ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു..”

എന്നുതുടങ്ങുന്ന വരികൾക്കൊപ്പം മനസ്സ് വാനിലേക്ക് നോട്ടമിട്ടു. സമാധാനത്തിന്റെ മാലാഖമാർ ആനന്ദനൃത്തമാടി ഈരടികൾ ഏറ്റുപാടുന്നതായി അസ്ഫറിന് അനുഭവപ്പെട്ടു. ഫ്രീസറിൽ നിന്നും ജോണിന്റെ ശരീരം മെല്ലെ മാലാഖക്കൂട്ടങ്ങൾക്കൊപ്പം കൈവീശി യാത്ര പറഞ്ഞുകൊണ്ട് ആകാശനീലിമയിലേക്ക് മാഞ്ഞുപോകുന്നത് നിർന്നിമേശരായി നോക്കിനിൽക്കുകയായിരുന്നു അവർ.
🌐

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജനുവരി 7ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചിലത് വൈകും

തിരുവനന്തപുരം: 2027 ജനുവരി ഏഴാം തീയതി സംസ്ഥാനത്തേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും...

ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും ഡിസംബർ ആറിന് ബെംഗളൂരുവില്‍ 

ബെംഗളൂരു: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ...

മദ്യലഹരിയില്‍ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍

കോട്ടയം: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍...

കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ല; ചികിത്സയില്‍ ദുരൂഹത ആരോപിച്ച്‌ മകൻ

തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകനും മരുമകനും...

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ...

ജനുവരി 7ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചിലത് വൈകും

തിരുവനന്തപുരം: 2027 ജനുവരി ഏഴാം തീയതി സംസ്ഥാനത്തേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും...

ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും ഡിസംബർ ആറിന് ബെംഗളൂരുവില്‍ 

ബെംഗളൂരു: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ...

മദ്യലഹരിയില്‍ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍

കോട്ടയം: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍...

കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ല; ചികിത്സയില്‍ ദുരൂഹത ആരോപിച്ച്‌ മകൻ

തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകനും മരുമകനും...

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ...

ഷെയ്ഖ് ഹസീന ഡിസംബര്‍ 16-ന് റോഡ് മാര്‍ഗം മടങ്ങും; ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍ കനത്ത സുരക്ഷ

ഡൽഹി: ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ...

പൊന്മുടി ജലാശയത്തില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമനായി തിരച്ചില്‍ തുടരുന്നു

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം...

വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയ തീരത്തുണ്ടായ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ...

Related Articles

Popular Categories