ഒരു പെൺകുട്ടി.
കൈയിൽ കുറച്ച് വെള്ളാരം കല്ലുകൾ.
അവൾ തേടുന്നത് കല്ലുകളെയാണോ, അതോ നഷ്ടപ്പെട്ടുപോയ തന്റെ ജീവിതത്തെയോ?
ഓർമ്മകളുടെയും വേദനകളുടെയും പ്രണയത്തിന്റെയും നിശ്ശബ്ദ യാത്രയാണ് “വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി”. ബാല്യത്തിന്റെ മങ്ങിച്ചായങ്ങളും ബന്ധങ്ങളുടെ ചൂടും ജീവിതം മുന്നിൽ വെക്കുന്ന അനുത്തരിത ചോദ്യങ്ങളും ചേർന്ന് മനുഷ്യഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഈ നോവൽ സഞ്ചരിക്കുന്നു.
ഒരു ചെറിയ തിരച്ചിൽ എങ്ങനെ ആത്മാന്വേഷണമായി മാറുന്നു എന്നും ചിലപ്പോൾ ഏറ്റവും വിലപ്പെട്ട കണ്ടെത്തലുകൾ പുറംലോകത്തിലല്ല, നമ്മുടെ ഉള്ളിലാണെന്നും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. വായിച്ചു തീർന്നിട്ടും മനസ്സിൽ കുറേ നേരം മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു അനുഭവം—അതാണീ നോവൽ. വെള്ളാരം കല്ലുകൾ പോലെ ലളിതവും, മനുഷ്യജീവിതം പോലെ സങ്കീർണ്ണവും.
വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി
രചയിതാവ്: പ്രദീപ് മാരിയിൽ
പ്രസിദ്ധീകരണം: മാൻകൈൻഡ് ലിറ്ററേച്ചർ
പുസ്തകാസ്വാദനം
📖
ജ്യോൽസ്ന പി എസ്
പ്രദീപ് മാരിയിലിന്റെ “വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി” എന്ന നോവൽ, വെള്ളാരം കല്ലുകളും മണൽത്തരിയും നിളയും പറയുന്ന പരസ്പരബന്ധമുള്ള 18 കഥകളുമായാണ് എന്നിലേക്ക് എത്തിയത്. കഥ കേട്ടിരിക്കുന്ന ആ പെൺകുട്ടി ഞാനാണോ, അതോ എന്റെ കൂടെയുള്ള മറ്റാരോ ആണോ എന്ന തോന്നൽ ഓരോ അധ്യായവും വായിക്കുമ്പോഴും എനിക്ക് അനുഭവപ്പെട്ടു. ഓരോ വെള്ളാരം കല്ലും ജീവിതത്തിന്റെ ചെറുതും വലുതുമായ അനുഭവങ്ങളെ, ഓർമ്മകളെ, വേദനകളെ ഇവിടെ ചുരുളഴിക്കപ്പെടുന്നു.
വെള്ളാരം കല്ലുകളെ തേടുന്ന പെൺകുട്ടിയിലൂടെ തുടങ്ങുന്ന ഒരു സ്ത്രീയുടെ ജീവിതയാത്ര ഈ പുസ്തകം അടയാളപ്പെടുത്തുന്നു. ആകൃതി നഷ്ടപ്പെട്ട വെള്ളാരം കല്ലുകളുടെ ചിരി അപൂർണ്ണമാണ്. ആ കല്ലുകൾ മകൾക്ക് വഴികാട്ടുമെന്നും ജന്മം മുഴുവൻ കൂടെയുണ്ടാകുമെന്നും അമ്മയുടെ അന്ത്യാഭിലാഷത്തോടെയാണ് നോവൽ ആരംഭിക്കുന്നത്.
നിയതാകൃതികൾ ഇല്ലാത്ത ജന്മങ്ങൾ പരസ്പരം സ്നേഹിച്ചു. ആ സ്നേഹക്കൂട്ടിൽ അലിഞ്ഞുചേർന്ന് ഓരോരുത്തരും അവരുടെ കഥകൾക്കായി കാതോർത്തിരുന്നു.
വെള്ളാരം കല്ലുകളുടെ കഥ കേൾക്കാൻ സൂര്യൻ പടിഞ്ഞാറേ മാനത്ത് കാത്തുനിന്നു, കാറ്റ് പറന്നുവന്ന് അവളുടെ മടിയിൽ നിലയുറപ്പിച്ചു, നിളയുടെ മണൽത്തരികളിൽ തലയുയർത്തി പെൺകുട്ടിയോട് ചേർന്നിരുന്നു, മഴമേഘങ്ങൾ വിതുമ്പലടക്കി അവൾക്ക് കാവൽ നിന്നു, നിള ഒഴുക്ക് നിർത്തി അവൾക്കൊപ്പം കഥ കേൾക്കാൻ തുടങ്ങി. വെള്ളാരം കല്ല് കഥ പറഞ്ഞു തുടങ്ങി, ഞാനും കൂടെ കൂടി.
ആദ്യത്തെ വെള്ളാരം കല്ല് ഒരു വിഷുക്കൈനീട്ടത്തിന്റെ ഓർമ്മ പങ്കുവച്ചു. എത്ര കാലങ്ങൾ കഴിഞ്ഞാലും ചില വേദനകൾ അങ്ങനെ തന്നെ കിടക്കും.
പ്രത്യേകിച്ച് ചെയ്യാത്ത ഒരു തെറ്റിന്റെ വേദനയിൽ ഉരുകി ഇരിക്കുമ്പോൾ. വിഷുക്കണിയും കണ്ട്, കൈനീട്ടവും വാങ്ങി, വിഷുക്കോടിയുമുടുത്ത്, പടക്കവും പൊട്ടിച്ച്, വിഷു സദ്യയും കഴിച്ചിരിക്കേണ്ട സമയത്ത് കുഞ്ഞൂട്ടന് കിട്ടിയ സമ്മാനം കള്ളൻ എന്നുള്ള പേരാണ്. സത്യം പറഞ്ഞിട്ടും ആർക്കും മനസ്സിലാവാത്ത അവസ്ഥയിലും എല്ലാം മനസ്സിലാക്കുന്നതും നമ്മുടെ ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്നതും നമ്മുടെ മാതാപിതാക്കൾ ആണെന്ന് കഥാകാരൻ നമുക്ക് ഇതിലൂടെ കാട്ടിത്തരുന്നു.
തുടർന്ന് പട്ടാളക്കാരന്റെ മകൾ എന്ന മൂന്നാം അധ്യായത്തിലേക്ക് കടക്കുമ്പോൾ അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധം എഴുത്തുകാരൻ വരച്ചുകാട്ടുന്നു. പട്ടാളക്കാരന്റെ മകൾ എന്ന പേര് പറയുമ്പോൾ തന്നെ ഒരു ഹീറോയിസം മനസ്സിൽ ഉണ്ടാവുമല്ലോ. ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ ശക്തിയും ധൈര്യവും, മാതൃകയും വഴികാട്ടിയും എല്ലാം അവളുടെ അച്ഛനാണ്. ക്യാപ്റ്റൻ ബാലചന്ദ്രൻ നായർ എന്നൊരു കഥാപാത്രത്തിലൂടെ ഹീറോ എന്ന അച്ഛനെ, നായികയുടെ പിതാവിനെ വായനക്കാർക്ക് മുൻപിൽ കൊണ്ടുവരുന്നു.
നീണ്ട യാത്രകൾ ചിലർക്കൊക്കെ വിരസത ഉളവാക്കും. അത് അകറ്റാനുള്ള ഏക ഉപാധി ഉറക്കമാണ്. ഉറക്കം നടിച്ചിരിക്കുന്നത്, കണ്ടത് കണ്ടില്ലെന്ന് നടിക്കുന്നത്, ഇന്നൊരു സാധാരണ സംഭവമായിരിക്കുന്നു. പറയാനുള്ളത് പറയാൻ പറ്റാതെ, തികട്ടി വരുന്നത് പറയാനാവാതെ എല്ലാം വിഴുങ്ങുന്ന കാലം നോവലിസ്റ്റ് നമുക്ക് ഇന്നിന്റെ ലോകത്തെ കാണിച്ചുതരുന്നു മുന്നറിവുകളിലൂടെ.
ആദ്യാനുരാഗം വേദന നിറഞ്ഞതാണോ? അനുഭവിച്ചവർക്കേ അതിനുള്ള ഉത്തരം നൽകുവാൻ കഴിയുകയുള്ളൂ. അതിനൊപ്പം ഒരു മകനും കണ്ണുകളാൽ കാണാൻ പാടില്ലാത്ത, ഒരിക്കൽപ്പോലും ചിന്തിക്കാൻ കഴിയാത്ത സ്വന്തം അമ്മയുടെ മറുമുഖം ജയദേവൻ എന്ന മകനിൽ കണ്ണീരുപ്പ് നിറച്ച് അവനെ സഞ്ചാരിയാക്കുന്നു.
ഇഷ്ടങ്ങൾക്ക് രൂപമുണ്ടോ?
ചില ഇഷ്ടങ്ങൾക്ക് രൂപങ്ങളില്ല. പേരില്ലാത്ത അമൂർത്ത സ്നേഹങ്ങൾ പോലെയാണത്. ചിരിക്കാനും കരയാനും മാത്രം അറിയുന്ന ഒരു അത്ഭുത ജീവിയെപ്പോലെ ജീവിക്കുന്ന കൃഷ്ണേട്ടൻ എന്ന കഥാപാത്രത്തെ രൂപങ്ങളില്ലാത്ത ഇഷ്ടമായി കഥാകൃത്ത് നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നു. നിശബ്ദതകൾക്ക് ചിലപ്പോളൊക്കെ വാചാലതകളെക്കാൾ വാക്കുകൾ കൈമാറാൻ കഴിയണം എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
ജീവിതത്തിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളും ചിലപ്പോൾ ഉണ്ടാകും. ഉത്തരങ്ങൾ തേടിയുള്ള യാത്രയാണല്ലോ ജീവിതം. ഉത്തരങ്ങൾ നമ്മെ തേടിയെത്തുക തന്നെ ചെയ്യും. അത്തരം ഒരു ഉത്തരം തേടലിന്റെ കഥ. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചെറുഗോളങ്ങളായി മനസ്സിൽ പതിയുകയും, അവയിൽ ചിലത് പൊട്ടി അതിലെ ലാവ തന്നിലേക്ക് ഇറങ്ങിവരുന്നതും അനുഭവിച്ചറിയണം. രക്ഷപ്പെടാൻ ആകാത്ത ഒരു കൊളുത്ത് തന്റെ ഹൃദയത്തിലേക്ക് ആഴന്നിറങ്ങി ഹൃദയം രണ്ടാകുന്നതും ചോര വാർന്നുവീഴുന്നതും അടഞ്ഞ കണ്ണുകളിൽ തെളിഞ്ഞുവരണം. ആ ഉത്തരങ്ങൾ തേടി എഴുത്തുകാരൻ കഥാപാത്രങ്ങളിലൂടെ യാത്ര ചെയ്യുന്നു. ആടുന്ന വേഷങ്ങളുടെ മികവ് നോക്കിയിട്ട് കാര്യമില്ല. ആടാനായില്ലെങ്കിൽ ജീവിതം തന്നെ ഇല്ലാണ്ടായേക്കും. കിട്ടുന്ന വേഷങ്ങൾ ആടുക തന്നെ. ജീവിത വേഷങ്ങൾ അരങ്ങിൽ ആടിത്തിമർക്കുന്നു.
“ന്റെ അച്ഛൻ മാഷാ..” സൗമ്യയുടെ വാക്കുകളാണെങ്കിലും, എന്റെ അച്ഛനും ഒരു മാഷാണ്. ഞാനൊരു അധ്യാപികയും. ഒരധ്യാപകനും ജീവിതത്തിൽ കടന്നുപോകാനാഗ്രഹിക്കാത്ത വഴികളിലൂടെ രഘുരാമന്റെ യാത്ര കണ്ണ് നനയിക്കും.
‘സത്യം അത് അത്ര സന്തോഷകരമായ ഒന്നല്ല. പ്രകാശം പരത്താനേ പറ്റുള്ളൂ. പ്രകാശത്തിലെ കാഴ്ചകളെ മാറ്റിമറിക്കാൻ വെള്ളാരം കല്ലുകൾക്ക് കഴിയില്ല.’ വെള്ളാരം കല്ലുകൾ പെൺകുട്ടിയോട് പറഞ്ഞുകൊടുക്കുന്നു.
ഓരോ മനസ്സും ഓരോ കടലാണ്. കടലാഴം തേടുന്ന നാവികന്റെ മുമ്പിൽ മാത്രം വെളിപ്പെടുന്ന കടൽ. തന്റെ മുന്നിലിരിക്കുന്ന കടലിനെ തിരിച്ചറിയാതെ പോകുന്നവർ. ജീവിതവേഷം കെട്ടിയാടുന്നവർ. ഒന്നും പൂർണ്ണതയിൽ എത്താനാവാതെ അവർ ജീവിച്ചുതീർക്കുന്നു. അത്തരം മുഖങ്ങളുടെ കഥയായി ഈ പുസ്തകം മാറുന്നു.
പ്രണയത്തിന്റെ നിറമെന്താണ്?
“ചുവപ്പാണ് പ്രണയത്തിന്റെ നിറം.”
കടും നീലയായും വിപ്ലവത്തിന്റെ നിറമായ ചുവപ്പായും, ശാശ്വതമായ ആനന്ദത്തിന്റെ നിറമായ വെള്ളയായും, നഷ്ടങ്ങളില്ലാത്ത അപൂർണ്ണമായ പ്രണയത്തിന് മഞ്ഞനിറമായും, തണൽ തേടുന്നതിനാൽ പച്ചനിറമായും, ഏഴുനിറമുള്ള മഴവില്ലായും പ്രണയം രേഖപ്പെടുത്തുന്നു. പ്രണയത്തിന് നിറമുണ്ടെന്നും അത് മഴവില്ലിന്റെ നിറമാണെന്നും കഥാകാരൻ നമ്മോട് പറയുന്നു. മീരയുടെ പ്രണയവും, അഭയയെന്ന യാഥാർത്ഥ്യവും എങ്ങും നിറയട്ടെ.
അനുസരിക്കാൻ മാത്രം അറിയാവുന്നവളാണോ – പെണ്ണ്?
തലമുറകൾക്ക് ഗർഭപാത്രമാകുന്നവൾ – പെണ്ണ്. എഴുത്തുകാരൻ പെൺമയെ അടയാളപ്പെടുത്തുന്നു.
മരണത്തിന്റെ വാതിൽ കാണുമ്പോൾ അവസാനമായി ഒന്നു ചിരിക്കണം. അഗാധതയെ നോക്കി ചിരിക്കണം. പിന്നിൽ പ്രണയം, വിവാഹം, വിവാഹമോചനം….. അരങ്ങിൽ പുതിയ കഥാപാത്രങ്ങൾ, കഥ മാത്രം മാറുകയില്ല. കഥയങ്ങനെ നീളുകയായി. ചെറിയ ചെറിയ പിണക്കങ്ങളിൽ തുടങ്ങി, അത് അങ്ങനെ വലുതായി…. അല്ലെങ്കിലും ചെറുതിനെ വലുതാക്കാൻ എപ്പോഴും എല്ലാവർക്കും മിടുക്കാണല്ലോ. ഒടുവിൽ പൊട്ടിത്തെറിയാണല്ലോ ഉണ്ടാവാറുള്ളത്. ഇന്നിന്റെ ലോകം നമുക്ക് മുന്നിൽ തുറക്കപ്പെടുന്നു.
ഒരു ബന്ധത്തിൽ വിള്ളൽ വന്നാൽ അത് എത്ര ഏച്ചുകെട്ടിയാലും മുഴച്ചുതന്നെ നിൽക്കും. ആരായിരുന്നു ശരി, ആരായിരുന്നു തെറ്റ് എന്ന് ആർക്കും മനസ്സിലാവില്ല. എത്ര വർഷങ്ങളെടുത്താലും, എത്ര ആത്മാർത്ഥതയോടെ സ്നേഹിച്ചാലും, ശരി തെറ്റുകൾക്ക് ഒരു പ്രസക്തിയുമില്ല. ഓരോരുത്തർക്കും അവരവരുടെ ഭാഗം തന്നെയാണ് ശരി. ആ ശരികളിലൂടെയാണ് ജീവിതവും കൊണ്ടുപോകുന്നത്. ‘ഒരു മിസ്ഡ് കോൾ ദൂരത്ത്’ എന്ന അധ്യായത്തിലൂടെ, അനിരുദ്ധനിലൂടെ, യാമിനിയിലൂടെ ഓരോരുത്തർക്കും അവരുടേതായ ശരികൾ ഉണ്ടെന്ന് എഴുത്തുകാരൻ ഓർമ്മപ്പെടുത്തിത്തരുന്നു.
ജീവിതം ചിലപ്പോഴൊക്കെ ഇരുട്ടായി തോന്നാറുണ്ട്. തനിക്കായി എവിടെയൊക്കെയോ ഉയരുന്ന പ്രകാശത്തിന്റെ തരികൾ പോലും കെടുത്തിക്കളയുന്നതുപോലെ തോന്നുന്നു. മുന്നിൽ അവ്യക്തമായ കറുത്ത രൂപങ്ങൾ. “കറുപ്പിന് ഏഴഴകാണ്.”
വർണ്ണ വിവേചനം ഇന്നും നമുക്കിടയിൽ ഉണ്ടെന്ന് കഥാകാരൻ ഓർമ്മിപ്പിക്കുന്നു. കുട്ടികളുടെ ചിന്തകൾക്കുമപ്പുറം കറുപ്പിനെ വെറുക്കുന്ന അച്ചുവിലൂടെ. കറുമ്പി എന്ന വിളി, കൂട്ടുകാരുടെ കളിയാക്കലുകൾക്കിടയിൽ അച്ചുവിന്റെ മനസ്സിൽ കറുപ്പിന്റെ കൂടാരങ്ങൾ ഉയർന്നുവന്നു. ആ കൂടാരത്തിൽ നിന്നും അവൾ സ്വയം മുക്തി നേടുകയും ചെയ്തു.
“സ്ത്രീ ഒരു പുഴയാണ്.” ജനിമൃതികൾക്കിടയിലൂടെ സുഖദുഃഖ സ്വപ്നങ്ങൾ ഏറ്റുവാങ്ങുന്ന പുഴ. മഹാപ്രളയങ്ങൾ അവളെ മാറ്റിമറിക്കും. ഒടുവിൽ കടലിന്റെ മാറിൽ അവൾ ചേർന്നലിയും. അതെ, ഞാനും ഒരു പുഴയാണ്, കടലിനെ തേടുന്ന പുഴ.
ലോകം തന്നെ ഒരു അഗതി മന്ദിരം അല്ലേ? നാമെല്ലാം അതിലെ അതിഥികളും.
എവിടെനിന്നോ വന്ന് പല വഴികളായി പിരിഞ്ഞു യാത്രയിൽ എപ്പോഴോ കൈവഴികൾ ഒത്തുചേർന്ന് കിട്ടിയതെല്ലാം സ്വന്തമാക്കി ഒഴുകുന്ന ഒരു അഗതിയായ അതിഥി.
കഴിഞ്ഞുപോയ പീഡന കാലങ്ങളുടെ തിരുശേഷിപ്പുകൾ ഇപ്പോഴും അവശേഷിക്കുന്നു. ജാതിയും ഭാഷയും മതവും വർണ്ണ വിവേചനവും തൂക്കുകയറുകൾക്ക് പാകമായ കഴുത്തുകളും തടവറകളും സൃഷ്ടിക്കുന്നു. ആരോ ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നവരല്ലേ നമ്മളിൽ പലരും.
തെറ്റുകൾ എന്താണെന്ന് പോലും അറിയാതെ, പ്രതികരിച്ചതിന്റെ പേരിൽ തടവറ കിട്ടുന്ന കാലം.
പാപികളോട് പൊറുക്കേണമേ.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ..
എത്ര വലിയ വഴക്കായാലും ആത്മാർത്ഥതയോടെ, സ്നേഹത്തോടെ ഒന്നു കെട്ടിപ്പിടിച്ചാൽ അവസാനിക്കുന്നതേയുള്ളൂ. നമ്മുടെ മുത്തശ്ശിമാർ അങ്ങനെയായിരുന്നു. അവരുടെ സ്നേഹ പരിലാളനങ്ങൾക്ക് ഒരു പ്രത്യേക അനുഭൂതിയാണ്. കണ്ണുനീരാണെങ്കിലും ആ കണ്ണുനീരിന്റെ ഉപ്പിന് അവർ സന്തോഷത്തിന്റെ ചിരി വരുത്തും. അത്തരം ഒരു മുത്തശ്ശിയേയും ഇതിൽ കാണാനാകും.
പുരുഷൻ പ്രകൃതിയിൽ എത്തുമ്പോഴാണ് പൂർണ്ണനാകുന്നത്. പൂർണ്ണതയിലേക്കുള്ള യാത്രയാണ് ഓരോ ജീവിതവും. ഏതൊരു പുരുഷന്റെയും ഉള്ളിൽ ഒരു സ്ത്രീ ഒളിഞ്ഞു കിടപ്പുണ്ടാവും അല്ലേ? പുരുഷനെ പേറാത്ത ഏത് സ്ത്രീയാണുള്ളത്? സ്ത്രീഭാവമില്ലാത്ത പുരുഷൻ എവിടെയാണുള്ളത്? നമ്മുടെ അർദ്ധനാരി സങ്കല്പം തന്നെ അങ്ങനെയല്ലേ. വെള്ളാരം കല്ലുകളുടെ ഈ ചോദ്യം സമൂഹത്തോടുള്ള ഒരു ചോദ്യമായി അവശേഷിക്കുന്നു.
യാത്രയാണ് എന്നും.
എന്തിനു വേണ്ടിയെന്നോ ആർക്ക് വേണ്ടിയെന്നോ അറിയാത്ത യാത്ര. ലക്ഷ്യമില്ലാത്ത പ്രയാണം. ഒരുതരത്തിലുള്ള ഒളിച്ചോട്ടം. ഉത്തരങ്ങൾ തേടിയുള്ള യാത്ര. തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തുന്ന യാത്ര. പുഴ കടലിനെ തേടുന്ന യാത്ര. മോക്ഷത്തെ തേടിയുള്ള യാത്ര. കഥകളിലൂടെ, കഥാപാത്രങ്ങളിലൂടെ അനുവാചകനിലേക്കുള്ള എഴുത്തുകാരന്റെ യാത്ര……
ധർമ്മം…. അച്ഛൻ
അർത്ഥം…. മീര
കാമം…. നിശീഥിനി
മോക്ഷം എവിടെ?
തേടി വരുമായിരിക്കും.
ഇനിയും ഒരുപാട് പോകാനുണ്ട്. പ്രകാശം ഏറ്റുവാങ്ങി, മനസ്സിന്റെ വഴികാട്ടിയായി എന്നും വെള്ളാരം കല്ലുകൾ നിളയുടെ മടിത്തട്ടിൽ ഉണ്ടാവും. അവയെ കഥകളാക്കി നമ്മളിലേക്ക് എത്തിച്ച പ്രദീപ് മാരിയിലിന് ഒരുപാട് കഥകളും നോവലുകളും എഴുതാൻ കഴിയട്ടെ.◼️
















