തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പീക്ക് അവറില്‍ 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെട്ടത്. രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി ലഭ്യമായിരുന്നില്ല.
മാതൃകാരാർ അടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് സൂചന. 300 മെഗാവാട്ട് കടംകൊടുക്കല്‍ അവസാനിച്ച സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി നീങ്ങുമെന്നായിരുന്നു മുമ്പ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, പ്രതിസന്ധി ഇപ്പോഴും തുടരുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ പവർ കട്ട് വ്യക്തമാക്കുന്നത്. ഇന്നലെ പലയിടത്തും രാത്രിയില്‍ ഒന്നിലേറെ തവണ വൈദ്യുതി തടസ്സപ്പെട്ടു.
ചൂട് ഉയരുന്നതും മഴ ലഭിക്കാത്തതും വൈദ്യുതി ഉപഭോഗം ഉയർന്നുതന്നെ നില്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലും വലിയ രീതിയില്‍ കുറവുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി ചർച്ചകള്‍ നടത്തിയിട്ടും പ്രതിസന്ധി അയയുന്നില്ലെന്നതാണ് നിലവിലെ സാഹചര്യം. ജനങ്ങള്‍ വൈദ്യുതി പ്രതിസന്ധിയില്‍ വലയുമ്പോള്‍ സർക്കാർ നിഷ്ക്രിയമാകുന്നു എന്ന വിമർശനമാണ് പ്രതിപക്ഷ പാർട്ടികള്‍ ഉയർത്തുന്നത്.
SUMMARY: Possibility of power restrictions in the state today as well
















