അധ്യായം 11 📖 കല്യാണക്കോപ്പ്

 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

 

കല്യാണാലോചന തുടങ്ങുമ്പോൾത്തന്നെ ബന്ധുക്കളോടും സമ്മന്തക്കാരോടും ഇടവലക്കാരോടും മുഖ്യസ്ഥരോടും വിവരം അറിയിക്കണം. മംഗലവുമായി ബന്ധപ്പെട്ട് ഓരോ വീട്ടിലും പല പ്രാവശ്യം കയറി പറയണം. ചെക്കൻ പെണ്ണുകണ്ട് ഇഷ്ടപ്പെട്ടാൽ ഈ വിവരം വേണ്ടപ്പെട്ടവരെയെല്ലാം അറിയിച്ചിരിക്കണം. ചെക്കന്റെ വീട്ടിൽ ആദ്യമായി അന്വേഷണത്തിനു പോകുന്ന കാര്യം പെൺവീട്ടുകാർ അവർക്കു വേണ്ടപ്പെട്ടവരെ അറിയിക്കും. പരസ്പ്‌പരം ഇഷ്ടപ്പെട്ടു കൊടുക്കാമെന്നും മംഗലം കഴിക്കാമെന്നും ധാരണയായാൽ ബന്ധം നാട്ടാചാര പ്രകാരം ഉറപ്പിക്കുന്ന ദിവസം കാണും. അന്നാണു കല്യാണം ഉറപ്പിക്കൽ. ഇതു പെൺവീട്ടിൽ വെച്ചാണു നടത്തുന്നതെങ്കിൽ അവർക്കു വേണ്ടപ്പെട്ടവരെ ചടങ്ങിനു ക്ഷണിക്കുകയും മറ്റുള്ളവരോടു വിവരം പറഞ്ഞ് അനുവാദം വാങ്ങിക്കുകയും ചെയ്യും. ഈ ചടങ്ങിനായി പെൺവീട്ടിലേക്കു പോകാൻ ബന്ധത്തിലുള്ളവരെയും പ്രദേശത്തുള്ള വേണ്ടപ്പെട്ടവരെയും ചെക്കൻ്റെ വീട്ടുകാർ ക്ഷണിക്കുകയും മറ്റുള്ളവരോട് അനുവാദം വാങ്ങുകയും ചെയ്യണം.

ഉറപ്പു കഴിഞ്ഞാൽ പിന്നെ നിശ്ചയമാണ്. കല്യാണത്തീയ്യതി കാണുന്നതാണു നിശ്ചയം. അന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ മംഗലം നടന്നിരിക്കണം. ഉറപ്പു പെണ്ണിന്റെ വീട്ടിലാണെങ്കിൽ നിശ്ചയം ചെക്കൻ്റെ വീട്ടിലായിരിക്കും. ഉറപ്പും നിശ്ചയവും അറിയിച്ച് അനുവാദം വാങ്ങിക്കാത്ത വീട്ടുകാരെ കല്യാണത്തിനു മാത്രം ക്ഷണിച്ചാൽ അവർ പങ്കെടുക്കുകയില്ല. കുട്ടികളെയും കൂട്ടണമെന്നു പറഞ്ഞില്ലെങ്കിൽ മുതിർന്നവർ മാത്രമേ പങ്കെടുക്കുകയുള്ളൂ. ഇക്കാരണത്താൽ ചില കല്യാണങ്ങൾക്കു ഞാൻ പോയിരുന്നില്ല. പല കല്യാണങ്ങൾക്കും എന്നെ കൊണ്ടുപോയിരുന്നതു കൊട്ടാരത്തെ കേളപ്പനാണ്. പരിസരത്തെ കല്യാണവീടുകളിൽ എന്നെ കണ്ടില്ലെങ്കിൽ അദ്ദേഹം വീട്ടിൽവന്നു കൂട്ടിക്കൊണ്ടു പോകും.

കല്യാണങ്ങൾ പ്രദേശത്ത് ഉത്സവപ്രതീതി നൽകിയിരുന്നു. വീട്ടുകാരോടൊപ്പം പരിസരത്തുള്ളവരും മുന്നൊരുക്കം തുടങ്ങും. കല്യാണവീടും ചുറ്റുപാടും വൃത്തിയാക്കുന്നതുമുതൽ സർവസഹായങ്ങളും ചെയ്യാൻ ആളുകൾ ഏറെ തൽപരരായിരുന്നു. വളപ്പിൽനിന്നു അടിക്കൊട്ടയിൽ പുതുമണ്ണു കൊണ്ടുവന്നു മുറ്റം നന്നാക്കുന്നതും ചുമരിൽ കുമ്മായം പൂശുന്നതുമെല്ലാം അയൽക്കാരും മറ്റുള്ളവരുമായിരിക്കും. കൊത്തിനനച്ചു വെങ്കല്ല് കൊണ്ടു കുത്തിയമർത്തി നെലോതിക്കകൊണ്ട് അടിച്ചു മിനുസപ്പെടുത്തിയാണു മുറ്റമൊരുക്കുക. കക്ക വെള്ളത്തിലിട്ടു നൂറാക്കി അതിൽ പൊടിനീലം ചേർത്താണു ചുമരിൽ വെള്ള വലിക്കുന്നത്. പൂശുമ്പോൾ നീല നിറത്തിലാവുന്ന ചുമർ ആറിയാൽ വെള്ള നിറമാവും. പാറാട്ടാണു കക്കച്ചുള ഉണ്ടായിരുന്നത്.

പുതുതായി കിണർ കുഴിക്കുന്നതും പഴയതു നന്നാക്കുന്നതും ഈ സമയത്താണ്. ദാറു ചെട്ടിയാരുടെ വീട്ടിലെ കണ്ണന്റെയും സഹോദരി ജാനുവിന്റെയും ഒരേ ദിവസം നടന്ന കല്യാണ സയയത്താണ് അവിടെ കിണർ കുഴിച്ചത്. ഞാനപ്പോൾ നാലിലായിരുന്നു. കിണർ കുഴിക്കുന്നതു ശ്രമകരമായ പണിയാണ്. നേക്കുള്ളവർ മാത്രമേ കിണറിന്റെ പട ചെത്തുകയുള്ളു. തുപ്പനാറത്തെ അനന്തൻ കിണർ കുഴിക്കലിൽ വിദഗ്‌ധനായിരുന്നു. കിണറ്റിൽ വെള്ളം കണ്ടാൽ മധുരം നൽകണമെന്നതു നാട്ടുനടപ്പായിരുന്നു.

മുഖ്യസ്ഥന്മാരും അയൽക്കാരും ചേർന്നാണു കല്യാണത്തിന് ആവശ്യമായ ചരക്കിൻ്റെ ബില്ലിടുക. പന്തൽ കെട്ടാനും അരി പാറ്റാനും പയറു കുത്താനും മല്ലിവറുത്ത് ഇടിക്കാനും അച്ചാറിടാനു മൊക്കയായി പരിസരത്തുള്ളവർ സ്വന്തം കാര്യങ്ങൾ മാറ്റിവെച്ചു ദിവസങ്ങളോളം പെടാപ്പാടിലായിരിക്കും. കവുങ്ങും ചെറിയ പാഴ്മരങ്ങളും മുറിച്ചു ദിവസങ്ങൾക്കുമുന്നെ പന്തലിൻ്റെ പണിതുടങ്ങും. പാഴ്ത്തടികൊണ്ടു തൂണും കവുങ്ങ് ചീന്തിയ അലക് തലങ്ങും വിലങ്ങുമിട്ട് അതിനു മുകളിൽ മടഞ്ഞ തെങ്ങോലയിട്ടാണു പന്തൽ നിർമാണം. ഓല കുത്തനെ വെച്ച്കെട്ടിയാണ് പന്തലിനു മറയൊരുക്കുക. ഈന്തിൻപട്ടകൊണ്ടു കല്യാണവീടിൻ്റെ നടയിൽ കവാടം ഒരുക്കിയും പന്തലിൻ്റെ മറയിൽ ജാലകത്തിൻ്റെ മാതിരി അറകൾ ഉണ്ടാക്കിയും കുട്ടികൾ തങ്ങളുടെ വിരുതു കാട്ടും. കുലച്ച വാഴയും, ആനപ്പനയുടെ പട്ടയും കുമ്പും കൊണ്ടും പന്തലിന്റെ മുൻവശം കമനീയമാക്കും.

കലവറ ഒരുക്കലും കലവറ ഭരണവും പ്രധാനികളായ ചെറുമുഖ്യസ്ഥരുടെ ചുമതലയാണ്. ആളുകളെ നോക്കി ഭക്ഷണം വിളമ്പാനും കറികൾ എല്ലാവർക്കും എത്തുന്ന രീതിയിൽ നൽകാനും തികയാതെ വന്നാൽ ഉടനെ തയ്യാറാക്കാനും നിർദേശം നൽകേണ്ടതു കലവറക്കാരൻ്റെ ചുമതലയാണ്. എത്രതന്നെ നല്ല രീതിയിൽ സദ്യവട്ടം ഉണ്ടാക്കിയാലും കലവറക്കാരൻ വിചാരിച്ചാൽ സദ്യ അലങ്കോലമാക്കാൻ കഴിയും. അതുകൊണ്ടു വീട്ടുകാരുമായി നല്ല ബന്ധമുള്ളവരെ മാത്രമേ മുഖ്യസ്ഥർ കലവറക്കാര്യം ഏൽപ്പിക്കുകയുള്ളു.

കല്യാണത്തലേന്നു പുലർച്ചെയാണു മീനും പച്ചക്കറിയും വാങ്ങിക്കാൻ തലശ്ശേരിയിൽ പോകുക. ഇവർ തിരിച്ച് എത്തിയാൽ മീൻ മുറിച്ചു വൃത്തിയാക്കുന്ന തിരക്കിലായിരിക്കും സ്ത്രീകൾ. തെരണ്ടിയും ചെറാവുമാണു കല്യാണത്തിനു വിശേഷപ്പെട്ട മീൻ.

മീനിന്റെ നെയ് ഉപ്പിലയിൽ പൊതിഞ്ഞു പെണ്ണുങ്ങൾ കൊണ്ടു പോകും. പച്ചനെയ് പുഴുക്കിലിടാനും ഉപ്പു പെരക്കി ഉണക്കി സൂക്ഷിക്കുന്ന നെയ് പിന്നീടു കറിവെയ്ക്കാനുമാണ് ഉപയോഗിക്കുക.

നാട്ടിലെ അടിക്കാരുടെ പ്രൗഢി വെളിപ്പെടുന്ന സ്ഥലംകൂടിയാണു കല്യാണവീട്ടിലെ മീൻമുറിക്കുന്ന ഇടങ്ങൾ. അരയിൽ കൊണ്ടുനടക്കുന്ന കത്തികൊണ്ട് അടിവീരന്മാരാണു മീൻ മുറിച്ചു കതിരമാക്കുക. കത്തിയിൽ ചോര പുരളുന്നതു നല്ലതാണെന്ന ധാരണയായിരുന്നു ഇവർക്ക്. മംഗലാടൻ അച്ചു, ഭാസ്കരൻ, ബാലൻ, കുന്നത്താൻ ഭാസ്‌കരൻ, കാളിശ്ശേരി ചാത്തു എന്നിവരുടെ അരയിൽ ലെതറിൻ്റെ ഉറയോടുകൂടിയ പീശാത്തിയുണ്ടാകും.

മീൻ മുറിക്കുന്നിടത്തു തെരണ്ടിവാൽ കൈക്കലാക്കാൻ കുട്ടിക്കൂട്ടം ചുറ്റിപ്പറ്റിയുണ്ടാകും. ഉണക്കിയ തെരണ്ടിവാൽ അരയിൽ ചുറ്റിനടക്കുന്നതു കുട്ടികൾക്കിടയിൽ വീരത്വമായിരുന്നു. കശപിശകൾക്കിടയിൽ അരയിൽനിന്നു തെരണ്ടിവാൽ വലിച്ചെടുത്ത് ഉറുമിമാതിരി വീശിയാണ് എതിരാളികളെ വിരട്ടുക. ബോൾട്ട് പിടിപ്പിച്ച തെരണ്ടിവാൽ കയ്യിലുള്ളവരോടു മറ്റുള്ളവർ വഴക്കിനു മുതിരില്ല. സ്വയം രക്ഷയ്ക്കായി തെരണ്ടിവാലുമായി നടക്കുന്ന പേടിത്തൊണ്ടന്മാരും ഉണ്ടാകും. മുതിർന്നവരും തെരണ്ടിവാൽ എടുത്തിരുന്നു. കിടക്കപ്പായയിൽ മുത്രമൊഴിക്കുന്ന മുതിർന്ന കുട്ടികളുടെ അരയിൽ കെട്ടാനായിരുന്നു ഇത്. രാത്രിയിൽ തെരണ്ടിവാൽ അരയിൽ കെട്ടിയാൽ ഉറക്കത്തിൽ അറിയാതെയുള്ള മൂത്രമൊഴിക്കൽ നിൽക്കുമെന്നാണു വിശ്വാസം. ഒരുവിധത്തിലും തെരണ്ടിവാൽ കൈക്കലാക്കാൻ കഴിഞ്ഞില്ലെങ്കിൽ മീൻ മുറിക്കുന്നിടത്തുനിന്ന് ഏതു വീട്ടുകാരാണു കൊണ്ടുപോകുന്നത് എന്നു നോക്കിവെയ്ക്കും. നായ്ക്കളോ പൂച്ചയോ തിന്നാതിരിക്കാൻ ഓലപ്പുറത്താണു തെരണ്ടിവാൽ ഉണക്കാൻ വെയ്ക്കുക. ഇവിടെ നിന്നാണു സൂത്ര ശാലികൾ തെരണ്ടിവാൽ അടിച്ചുമാറ്റുക.

ആണുങ്ങളാണു പരിസരത്തെ വീടുകളിൽനിന്ന് ഉരളും അമ്മിയും ഉരുളിയും ചെമ്പും മറ്റും എത്തിച്ചിരുന്നത്. മുളയിൽ കയറുകൊണ്ടു പ്രത്യേക രീതിയിൽ കെട്ടി രണ്ടുപേർ ചുമലിൽ താങ്ങിയാണ് അമ്മി കൊണ്ടുവരിക. അമ്മിക്കുട്ടി എടുക്കാൻ ഞങ്ങളും ഇവർക്കൊപ്പം ഉണ്ടാകും. ഉച്ചയ്ക്കു കഞ്ഞി കുടിക്കാനുള്ള പ്ലാവില കുത്തേണ്ടതു കുട്ടികളായിരുന്നു. പ്ലാവിലയുടെ അറ്റം മടക്കി ഈർക്കിൽ കൊണ്ടാണു പിലാല കുത്തുക. പിലാല കുത്താൻ അറിയാത്തവരെ ഒന്നിനും കൊള്ളാത്തവർ എന്നു പരിഹസിച്ചിരുന്നു. ചോറ് വിളമ്പാനുള്ള വാഴയില മുറിച്ചു വൃത്തിയാക്കേണ്ടതും കുട്ടികളാണ്. ഇല മുറിച്ചു കൊണ്ടുവരുന്ന കുട്ടികൾക്കു പ്രത്യേക പരിഗണനയായിരിക്കും. നാക്കില മുറിച്ചു തുടച്ചു വെച്ചശേഷം ബാക്കി വരുന്ന ഇലയാണു ചെർമ്മത്തിന് എടുക്കുക.

മൈക്കുള്ള കല്യാണം, വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിയെ സൂചിപ്പിച്ചിരുന്നു. കല്യാണം നിശ്ചയിച്ചു കഴിഞ്ഞാൽ ആദ്യം അറിയേണ്ടതു മൈക്കുണ്ടോ എന്നാണ്. പെണ്ണുങ്ങൾ തലച്ചുമടായാണു മൈക്ക് കൊണ്ടുവരിക. കണ്ണാടിക്കൂട്ടയുമായി അവർ പോയാൽ ഞങ്ങൾ മൈക്കുകാരൻ്റെ വരവും കാത്തിരിക്കും. തെങ്ങിൻമുകളിൽ മൈക്ക് കെട്ടുന്നതും വയർ കൊടുക്കുന്നതും റെക്കാർഡ് പ്ലെയർ തിരിക്കുന്നതുമെല്ലാം കൗതുകത്തോടെയാണു നോക്കിയിരുന്നത്. മൈക്ക് സെറ്റ് അഴിച്ചുകൊണ്ടു പോകുന്നതു വരെ കുട്ടികൾ മൈക്കുകാരനെ ചുറ്റിപ്പറ്റിയായിരിക്കും. സിനിമാ പാട്ടുകളും സന്ധ്യയ്ക്കു ഭക്തിഗാനങ്ങളുമാണു വയ്ക്കുക. രാത്രിയിൽ മണ്ണെണ്ണ മാക്സാണ് കത്തിച്ചിരുന്നത്. പെട്രോമാക്സിൽ എണ്ണ ഒഴിക്കുന്നതും കാറ്റടിക്കുന്നതും മാൻ്റിൽ കത്തിക്കുന്നതു മെല്ലാംഎന്തോ സംഭവം എന്ന രീതിയിലാണു കണ്ടിരുന്നത്. ഇത് അറിയാവുന്നവർക്കു വളരെ ഡിമാൻഡായിരുന്നു.

രാത്രി സ്ത്രീകളുടെ വടക്കൻപാട്ടും പുരുഷന്മാരുടെ കൈ കൊട്ടിപ്പാട്ടും പതിവാണ്. പാട്ടുകാരുടെ മുന്നിൽ അരിയിട്ടു കിണ്ണം വെയ്ക്കും. കല്യാണവീട്ടുകാരും ബന്ധുക്കളും ഈ കിണ്ണത്തിൽ പൈസ ഇടണമെന്നതു നിർബന്ധമാണ്. വരനും അടുത്ത ബന്ധുക്കളും കിണ്ണത്തിൽ പൈസ ഇടാതിരുന്നാൽ വടക്കൻപാട്ടിന്റെ ഈണത്തിൽത്തന്നെ പെണ്ണുങ്ങൾ ഇവരുടെ പേരെടുത്തു പാടി കളിയാക്കും. ചെക്കൻ്റെ വീട്ടുകാർ പുത്തൻപെണ്ണിന് അണിയാൻ എത്തിക്കുന്ന പുടവയോടൊപ്പം പെൺവീട്ടിലെ പാട്ടുകാർക്കുള്ള പാട്ടുപണം വെയ്ക്കുന്നതും നാട്ടുനടപ്പാണ്. കല്യാണം കഴിഞ്ഞാലാണു പാട്ടുകാരും ഉറക്കമൊഴിച്ചു ചെർമിച്ച പെണ്ണുങ്ങളും പാട്ടു പണം വീതിച്ചെടുക്കുക.

മൈക്കിൽ പാടാൻ അവസരം കിട്ടുന്നതുകൊണ്ടു കുട്ടികൾ ആഴ്ചകൾക്കു മുന്നേ പാട്ടുകൾ മനഃപാഠമാക്കി ഒരുങ്ങും. കുളിച്ചാലിലെ രാജൻ നന്നായി പാടിയിരുന്നു. പാറാട്ടെ ഒ പി ആർ ആണു പുത്തൂർ പ്രദേശത്തെ ആദ്യ മൈക്ക് സെറ്റുടമ. ആനപ്പാലത്തിനടുത്ത വട്ടപ്പറമ്പത്ത് അച്ചൂട്ടിയും കുനിയിൽ വേണുവും കുറച്ചുകാലം മൈക്ക്സൈറ്റ് വാടകയ്ക്കു കൊടുത്തിരുന്നു. വട്ടപ്പറമ്പത്ത് അച്ചൂട്ടിയുടെ കല്യാണ ദിവസം രാവിലെ പെണ്ണിന്റെ അമ്മ തലശ്ശേരി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. കല്യാണം മുടങ്ങാതിരിക്കാൻ മംഗലം കഴിഞ്ഞതിനു ശേഷമാണു മരണവിവരം വീട്ടുകാരെ അറിയിച്ചത്.

പച്ചക്കറികൾ മുറിക്കുന്നതും ഉള്ളിയും ഇഞ്ചിയും തൊലികളഞ്ഞു നുറുക്കുന്നതും മറ്റുമായ എല്ലാ കാര്യങ്ങളും വളരെ സന്തോഷത്തോടെയാണ് ആളുകൾ ചെയ്‌തിരുന്നത്. കാലഘട്ടം മാറിയ തോടെ എല്ലാം പാചകത്തൊഴിലാളികളായി.

പ്രഥമനുള്ള തേങ്ങ ചിരകിപ്പിഴിയുന്നതു വാല്യേക്കാരാണ്. ആദ്യം പിഴിഞ്ഞു കിട്ടുന്നതു മുമ്പാലാണ്. പിന്നെ രണ്ടു പ്രാവശ്യം കൂടി ചൂടുവെള്ളം ഒഴിച്ചു കുഴച്ചു പിഴിയും. ഉശിരുള്ള വാല്യേക്കാർ തോർത്തിലാക്കിയാണു തേങ്ങ പിഴിയുക. മൂന്നാം പിഴിയലോടെ തോർത്തു നുറുങ്ങി ചറപറയാകും. പുലർച്ചെയാണു പ്രഥമൻ ഉണ്ടാക്കുക. പ്രഥമൻ പാത്രങ്ങളിലേക്കു മാറ്റിക്കഴിഞ്ഞാൽ ഉരുളിയുടെ അടിഭാഗത്തുള്ളത് അവിടെയുള്ളവർക്കു ചിരട്ടയിൽ ഒഴിച്ചു കൊടുക്കും. ഉരുളിയുടെ വക്കത്തെ പ്രഥമൻ കുട്ടികൾക്കുള്ളതാണ്. ഇതു കൈകൊണ്ടു വടിച്ചെടുക്കാൻ കടിപിടിയായിരിക്കും. ഉറക്കമൊഴിഞ്ഞതോടൊപ്പം വെറും വയറ്റിൽ പ്രഥമൻ കൂടിയാകുമ്പോൾ മല്ക്ക് പിടിക്കും. പിന്നെ നല്ലൊരു ഉറക്കമാണ്. പെൺവീടാണെങ്കിൽ ഉച്ചവരെ കിടന്നുറങ്ങും.

ഫോട്ടോഗ്രാഫറായിരുന്നു മംഗല വീട്ടിലെ മുഖ്യ ശ്രദ്ധാ കേന്ദ്രം. ഇയാളുടെ ചുറ്റും കുട്ടികളുടെ ബഹളമായിരിക്കും. ശല്യം ഒഴിവാക്കാൻ ഇയാൾ കുട്ടികളെ നിരത്തി നിർത്തി വെറുതെ ഫ്ളാഷടിക്കും. പുതിയേണ്ണിന്റെയും പുതിയേക്കൻ്റെയും കൂടെനിന്നു ഫോട്ടോ എടുക്കാൻ ബന്ധുക്കളുടെ നീണ്ടനിരയുണ്ടാകും. ബന്ധത്തിലുള്ള സ്ത്രീകളിൽ ആരെങ്കിലും ഫോട്ടോ എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞുപോയാൽ അതു കുടുംബ വഴക്കിനും വെറുപ്പിനും ഇട നൽകിയിരുന്നു.

ആനപ്പാലത്തിൽ കുമാരൻ്റെ മംഗലത്തിനാണു വലിയ ക്യാമറ ഉപയോഗിച്ചു ഫോട്ടോ എടുക്കുന്നതു ഞാനാദ്യമായി കണ്ടത്. കുമാരൻ്റെ അച്ഛൻ പൊക്കൻ സിങ്കപ്പൂരിലായിരുന്നു. മരത്തിന്റെ സ്റ്റാന്റിൽ ഘടിപ്പിച്ച് കറുത്ത തുണിയിട്ടു മൂടിയ വലിയ ക്യാമറ കൊണ്ടു പാനൂരിലെ പ്രഭാത് സ്റ്റുഡിയോ ഉടമ കുഞ്ഞിക്കണ്ണനാണു ഫോട്ടോ എടുത്തത്. ആളുകളെ ഒന്നിച്ചു നിർത്തി ഗ്രൂപ്പ് ഫോട്ടോയും ചെറിയ ക്യാമറ കൊണ്ടു മറ്റു ഫോട്ടോകളും എടുത്തു. തൊട്ടടുത്തു തന്നെയുള്ള തണ്ട്യൻ കുഞ്ഞിരാമൻ്റെ മകൾ ലീലയായിരുന്നു കുമാരൻ്റെ ഭാര്യ. കല്യാണം കഴിഞ്ഞ് ഒരുവർഷം തികയും മുന്നെ ചെന്നിപ്പനി ബാധിച്ച് 1976ൽ കുമാരൻ മരണപ്പെടുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. അവരുടെ മകൻ പവിത്രൻ എന്ന ബാബു അധ്യാപകനാണ്.

ചെക്കനും കൂട്ടരും വാദ്യ മേളത്തോടെയാണു പെൺവീട്ടിൽ പോവുക. ചിലയിടത്തു ബാൻ്റ് സംഘമായിരിക്കും അകമ്പടി. ചെർമ്മത്തിനു രാത്രി ബാൻ്റ് സംഘത്തിൻ്റെ അഭ്യാസ പ്രകടന ങ്ങളും ഇവരുടെ കൂടെ വരുന്ന പെൺകുട്ടികളുടെ ഡാൻസും ഉണ്ടാകും. കൂത്തുപറമ്പിലെ പൂക്കോടാണ് ബാൻ്റ് സംഘങ്ങളുടെ കേന്ദ്രം. ഇവിടത്തെ ന്യൂ ഭാരത് ബാൻ്റ് സംഘവും ന്യൂ കേരള ബാന്റ് സംഘവുമാണു പരിസരങ്ങളിൽ സ്ഥിരമായി വന്നിരുന്നത്.

ആളുകൾ തമ്മിലുള്ള സ്നേഹബന്ധങ്ങൾ ദൃഢമായിരുന്നെങ്കിലും അടുത്ത വീടുകളിൽപോലും ക്ഷണിക്കാതെ ഒരു ചടങ്ങിനും ആരും പങ്കെടുക്കില്ല. ചെറിയ ചടങ്ങുകൾ നടക്കുമ്പോൾ പോലും വിവരം അറിയിച്ച് അനുവാദം വാങ്ങണം. മരണവിവരവും ഓരോ വീട്ടിലും കയറി അറിയിക്കുന്നതായിരുന്നു നാട്ടുനടപ്പ്.

കല്യാണവീടുകളിൽ വിളിക്കാതെ അതിരാവിലെതന്നെ എത്തിയിരുന്ന ഒരാളായിരുന്നു പാട്യം ഗോയിന്നൻ. ആദ്യപന്തിയിൽ ത്തന്നെ ചോറ് തിന്നാനിരിക്കുന്നതാണ് ഇയാളുടെ പതിവ്. കുന്നിൻ മേലും മരത്തിലും കയറി മൈക്കിൻ്റെ ഒച്ച കേട്ടാണു ഗോവിന്ദൻ മംഗലവീടുകൾ കണ്ടെത്തുക. മൈക്കിൻ്റെ ഒച്ചകേട്ട ഭാഗം നോക്കി നടന്നു പൊതുയോഗസ്ഥലങ്ങളിൽ എത്തി ഗോവിന്ദനു നിരാശനാകേണ്ടിയും വന്നിട്ടുണ്ട്. സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നത്രേ ഗോവിന്ദൻ. ഇയാളുടെ വീട്ടിൽ നടന്ന രഹസ്യചർച്ച ഒളിഞ്ഞുകേട്ട സഹോദരിയുടെ മരണശേഷമാണു ഗോവിന്ദൻ ഇങ്ങനെയായതെന്നു പറയപ്പെടുന്നു.

മച്ചൂനിയൻ കല്യാണവും മാറ്റക്കല്യാണവും സാർവത്രികമായിരുന്നു. സഹോദരീ സഹോദരന്മാർ മറ്റൊരു വീട്ടിലെ സഹോദര സഹോദരിമാരെ മംഗലം കഴിക്കുന്നതാണു മാറ്റക്കല്യാണം. അമ്മയുടെ സഹോദരപുത്രിയും അച്ഛൻ്റെ സഹോദരീപുത്രിയും മച്ചുനത്തിമാരാണ്. അച്ഛൻ്റെ സഹോദരീ പുത്രനും, അമ്മയുടെ സഹോദര പുത്രനുമാണ് മച്ചുനിയന്മാർ. മച്ചുനത്തി മച്ചൂനന്റെ അവകാശമായിരുന്നു. മച്ചൂനത്തിയെ വേറൊരാൾ കല്യാണം കഴിക്കുമ്പോൾ നാട്ടുനടപ്പനുസരിച്ചു മച്ചുനനു അവകാശപ്പണം നൽകണമായിരുന്നു. ഇതാണു മച്ചുനിയൻ പണം. നിശ്ചിത പണം നൽകി നാട്ടാചാര പ്രകാരം മച്ചുനനു പെണ്ണിൻ്റെ മേലുള്ള അവകാശം തീർക്കലാണിത്. പെണ്ണിനു കൂടുതൽ മച്ചൂനന്മാരുണ്ടെങ്കിൽ അവരിൽ ഇളയവനാണ് ഈ പണത്തിന് അവകാശി. മരുമക്കത്തായ സമ്പ്രദായത്തിൻ്റെ ബാക്കിപത്രമായിരുന്നു ഈ വ്യവസ്ഥ.

കെട്ടിക്കുറിക്ക, കാണപ്പണം എന്നീ സമ്പ്രദായങ്ങളും നില വിലുണ്ടായിരുന്നു. കല്യാണനിശ്ചയം കഴിഞ്ഞാൽ അന്നുമുതൽ പെണ്ണിൻ്റെ പൂർണ ഉത്തരവാദിത്വം ചെറുക്കനാണ്. നിശ്ചയം മുതൽ കല്യാണം വരെ പെണ്ണിൻ്റെ ചെലവിനായി ചെക്കൻ നൽകേണ്ട തുകയാണ് കെട്ടിക്കുറിക്ക. നിശ്ചയ വേളയിലാണു ചെക്കൻ്റെ വീട്ടുകാർ മുഖ്യസ്ഥന്മാർ മുഖാന്തരം അവിടെ കൂടിയവരെ സാക്ഷി നിർത്തി കെട്ടിക്കുറിക്ക പെണ്ണിൻ്റെ വീട്ടുകാരെ ഏൽപ്പിക്കുക. കഴിവിനനുസരിച്ചും കല്യാണ ദിവസത്തിനനുസരിച്ചും ആനുപാതികമായി ഈ തുക വ്യത്യാസപ്പെട്ടിരിക്കും. നിശ്ചയത്തിനു ശേഷം പെണ്ണിന് എവിടെയെങ്കിലും പോകണമെങ്കിൽ ചെറുക്കന്റെ വീട്ടുകാരുടെ അനുവാദം വാങ്ങണം.

കല്യാണച്ചെലവിലേക്കു ചെറുക്കൻ്റെ വീട്ടുകാർ പെൺ വീട്ടുകാർക്കു പണം നൽകണമായിരുന്നു. ഇതു രണ്ടു രീതിയിലുണ്ട്. കാണപ്പണവും വന്നാൽകാണവും. നിശ്ചിത സംഖ്യ നൽകുന്നതാണു കാണപ്പണം. കല്യാണത്തിനു ചെറുക്കനൊപ്പം പെൺ വീട്ടിൽ വരുന്നവരുടെ എണ്ണത്തിനു അനുസരിച്ച് പണം നൽകുന്ന താണു വന്നാൽ കാണം. കല്യാണച്ചടങ്ങിനു മുൻപാണു കാണപ്പണവും മച്ചൂനിയൻപണവും നൽകുക. കല്യാണരീതിയിലും നാട്ടു നടപ്പുകളിലും മാറ്റങ്ങൾ വന്നതോടെ മച്ചുനിയൻ പണം, കെട്ടിക്കുറിക്ക, കാണപ്പണം, വന്നാൽകാണം എന്നീ സമ്പ്രദായങ്ങൾ ഇല്ലാതായി. കല്യാണങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും എല്ലാ വരും അണിഞ്ഞൊരുങ്ങിയാണു വരിക. സ്ത്രീകൾ വളരെ നല്ല വസ്ത്രങ്ങളും സ്വർണപ്പണ്ടങ്ങളും ധരിക്കും. സ്വന്തമായി സ്വർണമില്ലാത്തവർ മറ്റു വീടുകളിൽനിന്നു കടം വാങ്ങിക്കും. സ്വർണ ത്തിനു മുൻകൂട്ടി പറഞ്ഞുവെയ്ക്കുമായിരുന്നു. രാവിലെ വാങ്ങുന്ന ആഭരണം അന്നു വൈകുന്നേരംതന്നെ തിരിച്ചു നൽകും. വാങ്ങു ന്നവരുടെ വീട്ടിൽ സൂക്ഷിക്കാൻ ഇടമില്ലാത്തതു കൊണ്ടാണിത്.

കല്യാണപ്പുടവ എടുക്കേണ്ടതും കൊണ്ടുപോക്കേണ്ടതും ചെക്കന്റെ പെങ്ങളുടെ കടമയാണ്. പുതിയേക്കനെ ഒരുക്കുന്നത് ഒക്കച്ചെക്കനും കൂട്ടുകാരുമാണ്. കല്യാണം കഴിഞ്ഞ സുഹൃത്താ യിരിക്കണം ഒക്കച്ചെക്കൻ. സ്വയംവരം എന്ന സമ്പ്രദായമാണു കണ്ടുവരുന്നത്. മണ്ഡപത്തിൽവെച്ചു പെണ്ണ് ചെക്കനെ വരണ മാല്യം അണിയിക്കുന്നു. ചെക്കൻ താലികെട്ടി പെണ്ണിനെ പാണി ഗ്രഹണം ചെയ്യുന്നു. അച്ഛനോ അമ്മാവനോ പെണ്ണിനെ പയ്യന് ഏൽപ്പിക്കുന്ന ചടങ്ങും ഉണ്ട്. താലി കെട്ടിനുശേഷം വരൻ വധു വിന്റെ അമ്മാവനും അച്ഛൻ്റെ പെങ്ങൾക്കും പുടവ നൽകണമെന്നതും നിർബന്ധമാണ്. പുടവ സ്വീകരിക്കുന്നവർ വധൂവരന്മാരെ വീട്ടിൽ ക്ഷണിച്ചു സൽക്കരിക്കണമെന്നാണു നാട്ടുനടപ്പ്.

താലികെട്ടും അനുബന്ധ ചടങ്ങുകളും കഴിഞ്ഞാൽ സു ഹൃത്തുക്കളുടെ വക മംഗളപത്രം ഉണ്ടാകും. നാടൻ സാഹിത്യവും വർണനകളും നിറഞ്ഞ മംഗളപത്രം മണ്ഡപത്തിൽ വായിക്കും. തുടർന്നു, ചില്ലിട്ട മംഗളപത്രം വധൂവരന്മാർ പരസ്‌പരം കൈമാറും. കോപ്പികൾ വിതരണം ചെയ്യുമ്പോൾ പിടിച്ചു വാങ്ങാൻ കുട്ടികൾ മത്സരമായിരിക്കും. സിനിമാ നോട്ടീസുകളും മംഗളപത്രങ്ങളും ഞാൻ വർഷങ്ങളോളം സൂക്ഷിച്ചിരുന്നു.

ഇത്തരം സാധാരണ കല്യാണത്തിനു പുറമേ വീട്ടു-സമ്മന്ധം എന്ന സമ്പ്രദായവും ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കളുടെയും മുഖ്യസ്ഥരുടെയും സമക്ഷം മുതിർന്ന സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കാൻ ധാരണയാകുന്നതാണു വീട്ടു സമ്മന്ധം.

സദ്യയ്ക്കും കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്. പായ വിരിച്ച് ആളുകളെ ഇരുത്തും. ചമ്രംപടിഞ്ഞാണ് ഇരിക്കേണ്ടത്. പലർക്കും ഇതു വിഷമമായിരുന്നു. മുഖ്യസ്ഥൻ അനുവാദം നൽകിയാലേ ഭക്ഷണം വിളമ്പുകയുള്ളൂ. മുതുതല മുതലാണ് വിളമ്പുക. ഇതാണു മുഖ്യസ്ഥരുടെ ഇരിപ്പിടം. ഇലയിട്ട് എല്ലാ വിഭവങ്ങളും എല്ലാവർക്കും വിളമ്പിയശേഷം ഉപ്പെത്തി എന്നു കലവറക്കാരൻ മുഖ്യസ്ഥനെ അറിയിക്കും. ഉടനെ മുഖ്യസ്ഥൻ ഉപ്പെത്തി എന്നു ഉച്ചത്തിൽ വിളിച്ചുപറയും. അപ്പോൾ മാത്രമേ കഴിച്ചു തുടങ്ങാൻ പാടുള്ളൂ. പന്തിയിലിരുന്ന എല്ലാവരും ചോറ് തിന്നുകഴിഞ്ഞ ശേഷമേ പ്രഥമൻ വിളമ്പുകയുള്ളൂ. ഇലയെടുത്ത ശേഷം ഇല പുറത്തേക്ക് എന്നു പറഞ്ഞാൽ മാത്രമേ പന്തിയിൽനിന്ന് ആളുകൾ എഴുന്നേൽക്കാൻ പാടുള്ളൂ. വാട്ടിയ പപ്പടത്തിന്റെ കണക്കു നോക്കിയാണു സദ്യകഴിച്ചവരുടെ എണ്ണം കണക്കാക്കുക.

പെൺവീട്ടിലെ സദ്യയ്ക്ക് ആദ്യപന്തിയിൽ ചെറുക്കൻ്റെ കൂടെ വന്നവർ, പിന്നെ പെൺവീട്ടിലെ സമ്മന്തക്കാർ, നാട്ടിലെ മുതിർന്നവർ എന്നിവർക്കു ശേഷമേ കുട്ടികളെയും സ്ത്രീകളെയും ഭക്ഷണം കഴിക്കാൻ ഇരുത്തുകയുള്ളൂ. ആദ്യ പന്തിയിൽ കുട്ടി കൾ ഇരുന്നാൽ മുഖ്യസ്ഥർ വഴക്കുപറഞ്ഞ് എഴുന്നേൽപ്പിക്കും. കല്യാണസദ്യ അടുക്കും ചിട്ടയോടും ആയിരുന്നെങ്കിലും കുട്ടികളോടുള്ള വിവേചനം ശരിയായിരുന്നില്ല. അതുകൊണ്ടുതന്നെ പല സ്ഥലത്തുനിന്നും സദ്യകഴിക്കാതെ ഞാൻ മടങ്ങിയിട്ടുണ്ട്. ആ ദിവസങ്ങളിൽ വീട്ടിൽവന്നു ഭക്ഷണം കഴിക്കുന്ന എന്നെ അമ്മമ്മ കളിയാക്കിയിരുന്നു.

കല്യാണത്തിന്റെ എല്ലാ ചടങ്ങുകളും മുഖ്യസ്ഥന്മാരുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് എല്ലാം വീഡിയോക്കാരാണ്. ഒരുക്കുന്നതു മുതൽ കല്യാണം കഴിഞ്ഞു വീട്ടിലെത്തുന്നതുവ രെയും വധൂവരന്മാരെ നിയന്ത്രിക്കുന്നതു വീഡിയോഗ്രാഫർ മാരാണ്. ഒക്കച്ചെക്കനും മുഖ്യസ്ഥരും പിന്നെ പൂജാരിയും അപ്ര സക്തരായി. നിലത്ത് ഇരിക്കുന്നതിനു പകരം കസേരയും ടേബിളുമായി. സദ്യയ്ക്കു പകരം ബിരിയാണിയായി. സ്വീകരണവും കല്യാണത്തിന്റെ ഭാഗമായി🟥

അടുത്ത അധ്യായം ▶  പുളിമുറിക്കല്യാണം 

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10:
ശാക്തേയം

 

 

Hot this week

അവയവദാനത്തിന് വ്യാജരേഖ ചമച്ച് തട്ടിപ്പ്: മുഖ്യപ്രതി നജീബ് ഗാസിയാബാദില്‍ അറസ്റ്റിൽ

കൊച്ചി: അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി...

നന്ദഗോവിന്ദം ഭജൻസ് ജൂലായ് 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ അന്തരിച്ചു

ബെംഗളൂരു: കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ (66)...

ചക്രവാതച്ചുഴി; അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

അവയവദാനത്തിന് വ്യാജരേഖ ചമച്ച് തട്ടിപ്പ്: മുഖ്യപ്രതി നജീബ് ഗാസിയാബാദില്‍ അറസ്റ്റിൽ

കൊച്ചി: അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി...

നന്ദഗോവിന്ദം ഭജൻസ് ജൂലായ് 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ അന്തരിച്ചു

ബെംഗളൂരു: കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ (66)...

ചക്രവാതച്ചുഴി; അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

ബിഎംടിസിയുടെ വജ്ര വിസ്താര എസി ബസ് ഇനി ചന്നപട്ടണയിലേക്കും

ബെംഗളൂരു: ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) വജ്ര വിസ്താര എ.സി...

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത നിർദ്ദേശം

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ കനത്ത ജാഗ്രത....

കൊ​ച്ചി​യി​ൽ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​കൻ മരിച്ചു. കൊ​ല്ലം​കു​ടി വീ​ട്ടി​ൽ അ​ബു...

Related Articles

Popular Categories