‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
1891 മുതൽ 1920 വരെ ബാംഗ്ലൂരിൽ സേവനം അനുഷ്‌ഠിച്ച ഡോക്ടർ പത്മനാഭൻ പൽപ്പു മലയാളികളുടെ മറുനാട്ടിലെ മുഖമായിരുന്നു. ജാതീയതയുടെ പേരിൽ അവഗണിക്കപ്പെട്ട് അന്യദേശത്തു ജീവിക്കേണ്ടിവന്ന ഡോ. പൽപ്പു ഒരർഥത്തിൽ നാടുകടത്തപ്പെടുകയായിരുന്നു. തിരുവിതാംകൂർ സംസ്ഥാനത്തു ജോലി നിഷേധിക്കപ്പെട്ട ഡോ. പൽപ്പു ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ ഭിഷഗ്വരനായി. ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിൻ നിർമി ക്കാനായി ലിംഫ് ഉണ്ടാക്കുന്ന മദ്രാസിലെ സ്പെഷ്യൽ വാക്‌സിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യനിയമനം. മൈസൂർ സർക്കാരിൻ്റെ കീഴീൽ ബാംഗ്ലൂരിൽ ഒരു പുതിയ വാക്‌സിൻ നിർമാണശാല തുടങ്ങിയപ്പോൽ ഡോ. പൽപ്പു അതിൻ്റെ മേൽനോട്ടക്കാരനായി.
1894 മുതൽ 1898 വരെ ബാംഗ്ലൂരിലെ കുഷ്ഠരോഗാശുപത്രി, ഭ്രാന്താശുപത്രി, മെഡിക്കൽ സ്‌റ്റോർ എന്നിവയുടെ ചുമതലയും ഡോ. പൽപ്പുവിന് ആയിരുന്നു. 1896ൽ ബാംഗ്ലൂരിൽ പ്ലേഗു ബാധ വ്യാപിച്ചപ്പോൾ സ്വന്തം ജീവൻ തൃണവൽഗണിച്ചാണ് അതിനെ തിരെ പോരാടിയത്. ഏറെക്കാലം ബാംഗ്ലൂർ സെൻട്രൽ ജയിലിന്റെ സൂപ്രണ്ടായും മുൻസിപ്പൽ കോർപറേഷൻ എക്സ് ഒഫീഷ്യ വൈസ് പ്രസിഡണ്ടായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു.
സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിക്കാൻ നിമിത്തമായതു ഡോക്ടർ പൽപ്പുവാണ്. കുമാരനാശാന് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാൻ ശ്രീ നാരായണ ഗുരുദേവൻ നേരിട്ടുവന്നു ചുമതല പ്പെടുത്തിയതും അദ്ദേഹത്തെയാണ്. ശ്രീ നാരായണ ഗുരുദേവ നാൽ 1903ൽ കമ്പനി നിയമ പ്രകാരം സ്ഥാപിതമായ എസ്എൻ ഡിപി യോഗത്തിൻ്റെ വൈസ് പ്രസിഡണ്ട് ഡോ. പൽപ്പുവും ജനറൽ സെക്രട്ടറി കുമാരനാശാനും ആയിരുന്നു. 1924 ജനുവരി 16ന് 51-ാം വയസ്സിൽ തൃക്കുന്നപ്പുഴ (പല്ലനയാറ്റിൽ) വെച്ചാണു കുമാരനാശാൻ മരണപ്പെട്ടത്. 1950 ജനുവരി 25-ന് 87-ാം വയസ്സിൽ തിരുവനന്തപുരത്തു വെച്ചാണു ഡോ. പൽപ്പു അന്തരിച്ചത്. കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾക്കു നിമിത്തമായ ഡോക്ടർ പത്മനാഭൻ പൽപ്പു ജീവിച്ചിരുന്ന ബാംഗ്ലൂരിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനായി യാതൊരു പ്രവർത്തനവും നടന്നിട്ടില്ല.
ബാംഗ്ലൂർ മലയാളികളുമായി എന്നെ ബന്ധപ്പെടുത്തിയത് ശ്രീ നാരായണ സമിതിയിലെ കെ സി രാജനാണ്. കോട്ടൺപേട്ട യിലെ ഭരതൻ വിദ്യാരണ്യപുരത്തു നിർമിച്ച ഗൃഹത്തിന്റെ പ്രവേശനവേളയിൽ 1993ലാണു ശ്രീ നാരായണ സമിതി പ്രസിഡണ്ട് കെ രാജേന്ദ്രൻ, സെക്രട്ടറി വി സോമനാഥൻ, വൈസ് പ്രസിഡണ്ട് കെ സി രാജൻ തുടങ്ങിയവരെ പരിചയപ്പെട്ടത്. അച്ഛന്റെ പെങ്ങളുടെ ഭർത്താവ് ശങ്കരൻ ശ്രീ നാരായണ സമിതിയുടെ സ്ഥാപകാംഗമാണ്. ആദ്യകാലത്ത് അദ്ദേഹത്തിൻറെ ബേക്കറിയുടെ മുന്നിൽ വെച്ചു ചതയ ദിനത്തിൽ പായസവിതരണം നടത്തിയിരുന്നു. ഈ കൂട്ടായ്‌മയാണു സമിതിയുടെ പിറവിക്കു കാരണം.
ഞാൻ അംഗമായ ബാംഗ്ലൂരിലെ ആദ്യ മലയാളി സംഘടന ശ്രീ നാരായണ സമിതിയാണ്. ബാംഗ്ലൂർ അൾസൂർ തടാകത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തായിട്ടാണു ശ്രീ നാരായണ സമിതിയുടെ ഓഫീസ്. ജെ. അലക്സാണ്ടർ ബാംഗ്ലൂർ കോർപ്പറേഷൻ കമ്മീഷണർ ആയിരിക്കുമ്പോഴാണ് ഈ സ്ഥലം സമിതിക്കു ലഭിച്ചത്. നൂറിൽപ്പരം പ്രധാനപ്പെട്ട പ്രവർത്തകർ ഉൾപ്പെട്ടതായിരുന്നു സമിതിയുടെ കമ്മിറ്റി. മരണവീടുകളിലും അപകടസ്ഥലങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും വേണ്ട സഹായങ്ങൾ എത്തിക്കുന്നതിൽ സമിതി പ്രവർത്തകർ മാതൃകയായിരുന്നു.
സമിതിയുടെ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലാണു നാലു സോണുകൾക്കു കീഴിലായി 20 യൂണിറ്റുകൾ രൂപീകരിച്ചത്. അംഗ സംഖ്യ 3000ത്തിൽനിന്ന് 6000 ആയി. പ്രിൻ്റിംഗ് പ്രസ്സും ഹോമിയോ ഡിസ്പെൻസറിയും ‘സന്ദേശം’ മാസികയും ആംബുലൻസും സ്കൂളുമുള്ള മലയാളി സംഘടനയായിരുന്നു സമിതി. വേൾഡ് ബാങ്കിൽനിന്നു വിരമിച്ചശേഷം ബാംഗ്ലൂരിലെത്തിയ കൊമ്പൻ ആന്റണിയാണ് ‘കുമാരനാശാൻ പഠനവേദി’ തുടങ്ങിയത്. കെ കവിതയും ടി കെ രവീന്ദ്രനുമായിരുന്നു ഇതിനെ നിലനിർത്തിയത്.
എന്നെക്കുറിച്ച് ആദ്യമായി ഒരു മലയാള പ്രസിദ്ധീകരണത്തിൽ ലേഖനം വന്നതു ശ്രീ നാരായണ സമിതിയുടെ മുഖപത്രമായ സന്ദേശം മാസികയിലാണ്. കെ ആർ കിഷോറാണു ലേഖനം എഴുതിയത്. അദ്ദേഹം സംവിധാനം ചെയ്‌ത ശ്രീ നാരായണ ഗുരു ദേവനെക്കുറിച്ചുള്ള നാടകത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. കന്നട സിനിമകളിൽ അമ്മ വേഷങ്ങളിലൂടെ പ്രശസ്‌തിയാർജിച്ച മലയാളി നടി കമനീധരൻ ആയിരുന്നു നായിക.
ശ്രീ നാരായണ സമിതിയുടെ പ്രവർത്തനങ്ങൾക്കിടയിലാണു വിപി എന്ന ചുരുക്കപ്പേരിൽ ബാംഗ്ലൂർ മലയാളികൾക്കിടയിൽ പ്രശസ്തനായ വി പീതാംബരനുമായി ഞാൻ പരിചയപ്പെട്ടത്. ഏറെ പ്രത്യേകതകളുള്ള വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം. 1994ൽ വിപി ചെയർമാനായി സമിതി സംഘടിപ്പിച്ച ചതയാഘോഷ കമ്മിറ്റിയുടെ കൺവീനർ ഞാനായിരുന്നു. കബ്ബൺ പാർക്കിൽനിന്നു ടൗൺഹാളിലേക്കു നടത്തിയ വർണപ്പകിട്ടാർന്ന ചതയാഘോഷ സാംസ്‌കാരിക ഘോഷയാത്ര ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഘോഷയാത്ര സുഗമമായി കടന്നുപോകാൻ പോലീസ് റോഡ് ബ്ലോക്ക് ചെയ്‌തിരുന്നു. രണ്ടു ദിവസങ്ങളിലായി ടൗൺ ഹാളിൽ നടന്ന ചതയാഘോഷം ഗംഭീര വിജയമായിരുന്നു. ഈ അവസരത്തിലാണു കർണാടക ഉപമുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി ഗുത്തേദാർ, ആർ ജാലപ്പ, കേരള മന്ത്രി കൃഷ്‌ണൻ കണിയാംപറമ്പിൽ തുടങ്ങിയ പ്രമുഖരുമായി ഞാൻ പരിചയപ്പെട്ടതു.
ഈ പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വിപി എന്നെ കുറച്ചു രൂപ ഏൽപ്പിച്ചിരുന്നു. പരിപാടിക്കു ശേഷം കണക്കു തയ്യാറാക്കിയപ്പോൾ കണക്കിൽ പെടാതെ എൻ്റെ കയ്യിൽ 500 രൂപ കൂടുതലായി വന്നു. കണക്കും ബാക്കി പണവും തിരിച്ചേൽപ്പിക്കുമ്പോൾ ഇക്കാര്യം ഞാൻ അദ്ദേഹത്തോടു സൂചിപ്പിച്ചു. പണം കൊടുത്ത ആർക്കോ 500 രൂപ കുറഞ്ഞുപോയിരിക്കും എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. പിന്നീടു, വളരെ വിപുലമായ രീതിയിൽ നടത്തപ്പെട്ട അദ്ദേഹത്തിൻ്റെ ഷഷ്‌ടിപൂർത്തി ആഘോഷത്തിന്റെ കൺവീനർ ഞാനായിരുന്നു. വിപിയുടെ മരണശേഷം നടന്ന അനുശോചന യോഗത്തിൽ വെച്ചാണ് അദ്ദേഹത്തിന്റെ ഈ സ്വഭാവ വൈശിഷ്ട്യം എനിക്കു വ്യക്തമായത്. കൂടുതൽ പണം നൽകി ആളുകളുടെ വിശ്വസ്‌തത മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു.
ഈ കാലഘട്ടത്തിലാണു മംഗളം പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനായ ജോസഫ് വന്നേരി, വികെ ജോണി എന്നിവരെ ഞാൻ പരിചയപ്പെട്ടത്. ബാംഗ്ലൂരിൻ്റെ വികസനത്തിനു നാഴികക്കല്ലായി മാറിയ റിംഗ്‌റോഡിൻ്റെ പ്ലാൻ തയ്യാറാക്കിയതു ജിയോളജിക്കൽ സർവേയിൽ ഉദ്യോഗസ്ഥനായ ജോസഫ് വന്നേരിയാണ്. ഇവരാണു ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ആൻ്റ് ആർട്ടിസ്റ്റ് ഫോറം രൂപീകരിച്ചത്. ബാംഗ്ലൂരിലെ മലയാളി എഴുത്തുകാരുടെയും കലാകാരന്മാരുടെയും അദ്യ കുട്ടായ്‌മയാണിത്. ഫോറത്തിൻ്റെ ആദ്യ സെക്രട്ടറിയായ ജോസഫ് വന്നേരിയാണു സിനിമാ അഭിനേതാവ് എന്ന നിലയിൽ എന്നെ ഇതിൽ മെമ്പറാക്കിയത്. ആദ്യകാലങ്ങളിൽ വിപിയുടെ സ്മരണയ്ക്കായി റൈറ്റേഴ്‌സ് ആന്റ് ആർട്ടിസ്റ്റ് ഫോറം അവാർഡുകൾ നൽകിയിരുന്നു. പിന്നീട് ഈ സംഘടനയെയും ഇടതുപക്ഷം കൈപ്പിടിയിൽ ഒതുക്കി.
രാജ്മോഹൻ സെക്രട്ടറിയായിരിക്കുമ്പോഴാണു സമിതി സ്‌കൂളിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയത്. വൈറ്റ് ഫീൽഡിൽ സ്‌കൂൾ തുടങ്ങാൻ ഉദ്ദേശിച്ച സ്ഥലത്തുണ്ടായ പ്രശ്‌നങ്ങളെത്തുടർന്നു മറ്റൊരു കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റേണ്ടി വന്നു. ആ കെട്ടിടത്തിനുള്ള അഡ്വാൻസ് തുക നൽകിയത് ഞാനായിരുന്നു. പിന്നീടു സ്‌കൂൾ നല്ല നിലയിലേക്കു വളർന്നു.
ശ്രീ നാരായണ സമിതിയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ജനറൽ കൺവീനർ ഞാനായിരുന്നു. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സർവമത പ്രതിനിധികളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ ഗുരുദേവ പ്രസ്ഥാനങ്ങളുടെയും ബാംഗ്ലൂരിലെ മലയാളി സംഘടനകളുടെയും പങ്കാളിത്തം കൊണ്ടു പരിപാടി വൻവിജയമായി. ശ്രീ ശാശ്വതീകാനന്ദ സ്വാമിയായിരുന്നു മുഖ്യാതിഥി. ഈ അവസരത്തിലാണ് ഞാൻ അദ്ദേഹവുമായി കൂടുതൽ അടുത്തത്. 2002 ജൂലൈ ഒന്നിനാണു ശ്രീ ശാശ്വതീകാനന്ദ സ്വാമി സമാധിയായത്.
ഇന്ത്യയിലെ 30തിൽപ്പരം പ്രബല ശ്രീ നാരായണ പ്രസ്ഥാനങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുമെന്നുള്ള ഒരു വലിയ പ്രതിജ്ഞയുമായാണ് ഒരു മാസം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷം സമാപിച്ചത്. പിന്നീട് എന്തുകൊണ്ടോ ഇതിൻ്റെ തുടർ പ്രവർത്തനങ്ങൾ നടന്നില്ല. ഇന്ത്യയിലും വിദേശത്തുള്ള മലയാളി സംഘടനകളിൽ കൂടുതലും ശ്രീ നാരായണ ഗുരുദേവനുമായി ബന്ധപ്പെട്ടതാണ്.
ശ്രീ നാരായണ സമിതി രൂപീകരിച്ച ഹൗസിങ്ങ് സൊസൈറ്റി സർജാപുരയിൽ ഏകദേശം 130 ഏക്കറും പീനിയയിൽ 15 ഏക്കറും ഭൂമി വാങ്ങിയിരുന്നു. ലേഔട്ടുകളാക്കി വിൽപന നടത്തുന്നതിനിടയിൽ കെ രാജേന്ദ്രൻ ഇതു സ്വന്തമാക്കി. കൂടെ വി സോമനാഥനും കെ സി രാജനും ചിലരും. ഇതുമായി ബന്ധപ്പെട്ടു സമിതിയിൽ അഭിപ്രായ ഭിന്നത ഉടലെടുത്തു. വി പീതാംബരന്റെ നേതൃത്വത്തിൽ അനുരഞ്ജനത്തിനു ശ്രമം നടന്നെങ്കിലും അതും പരാജ യപ്പെട്ടു. ഇതോടെ പ്രമുഖരായ പല നേതാക്കളും ശ്രീ നാരായണ സമിതിയിൽനിന്ന് അകന്നുതുടങ്ങി. സൊസൈറ്റിയും ലേഔട്ടും ശ്രീ നാരായണ സമിതിയുടെതന്നെ ഭാഗമാക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ഈ പ്രശ്‌നം സമിതിയുടെ അടിവേരിളക്കി.
ചിലരുടെ വഴിവിട്ട പ്രവർത്തനങ്ങൾ കാരണം ശ്രീ നാരായണ സമിതി ഭാരവാഹികളെല്ലാം അഴിമതിക്കാരാണെന്ന പരിവേഷമായിരുന്നു പൊതുസമൂഹത്തിനിടയിൽ. സമിതി വൈസ് പ്രസിഡണ്ടായിരുന്ന ഞാനും അതിൽ ഉൾപ്പെടുമെന്നു ഭയന്നിരുന്നു. കാലാകാലങ്ങളായി സമിതിയുടെ ഭരണം വിരലിലെണ്ണാവുന്ന ഉന്നതന്മാരുടെ കൈകളിലായിരുന്നു. സൊസൈറ്റി സമിതിയിൽ ത്തന്നെ നിലനിർത്താൻവേണ്ടി തുടർന്നു വന്ന വാർഷിക പൊതു യോഗത്തിൽ സമന്വയത്തിനു വഴിപ്പെടാതെ ഞങ്ങൾ പുതിയ പാനലുണ്ടാക്കി. ശ്രീ നാരായണ സമിതിയിൽ ആദ്യമായി തിരഞ്ഞെടുപ്പിനു കളമൊരുക്കി. വിജയ ബാങ്കിൽ ജനറൽ മാനേജറായിരുന്ന സി എച്ച് ശ്രീധരനായിരുന്നു എനിക്കെതിരെ മത്സരിച്ചു ജയിച്ചത്. 2022 മാർച്ച് ഒന്നിനാണു സി എച്ച് ശ്രീധരൻ നിര്യാതനായത്.
ഔദ്യോഗിക പക്ഷത്തു നിന്നിരുന്നെങ്കിൽ ജനറൽ സെക്രട്ടറി ആകാമായിരുന്നിട്ടും അവരുടെ കൂടെയല്ലെന്നു ബോധ്യപ്പെടുത്താൻ വേണ്ടിയാണു ഞാൻ പ്രസിഡണ്ടു സ്ഥാനത്തേക്കു മത്സരിച്ചത്. സമിതിയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അപ്രീതിക്കു പാത്രമായെങ്കിലും ബഹുഭൂരിപക്ഷത്തിൻ്റെ സ്നേഹവും ബഹുമാനവും ഊട്ടിയുറപ്പിക്കാൻ എനിക്ക് ഇതിലൂടെ കഴിഞ്ഞു. കെകെ പ്രദീപായിരുന്നു ഖജാൻജി സ്ഥാനാർഥി. പ്രദീപ് കർണാടക ദുരന്ത നിവാരണ സേനയുടെ സംസ്ഥാന സംയോജകനായിരുന്നു.
എം ഗോപാലകൃഷ്‌ണൻ, കെ ശ്രീധരൻ, ഉദയഭാനു, കെ സുരേന്ദ്രൻ, വേണു, ശശി, രാജ്മോഹൻ, ഗോവിന്ദൻകുട്ടി, സത്യൻ പണിക്കർ, സദാശിവൻ, എൻ ആനന്ദൻ, ചന്ദ്രൻ, സത്യവാൻ, തങ്കപ്പൻ, വേണു, സോമരാജൻ, സുരേഷ് എ കെ, കാർത്തികേയൻ, സോമൻ, മുരളി, ജഗദീഷ്, ഷാജി, പ്രദീപൻ, അപ്പുക്കുട്ടൻ, ഗോവിന്ദൻകുട്ടി, അനിൽകുമാർ, എം കെ രാജേന്ദ്രൻ, ശർമ്മ, കാശിയപ്പൻ, വി കെ വിജയൻ, സലിം കുമാർ, ഷാജ് എ ബി, സന്തോഷ്, സജി, സോയാ കുട്ടപ്പൻ, സുധീഷ്, സാലി ഒ സി, വൽസല, പ്രമോദ്, പ്രസാദ് തുടങ്ങിയവരാണു പ്രധാന പ്രവർത്തകർ. 2020 സെപ്റ്റംബർ 2നാണു കെ രാജേന്ദ്രൻ മരിച്ചത്. ദീർഘകാലം സെക്രട്ടറിയായിരുന്ന കെ സുധാകരൻ 2022 മാർച്ച് 11നു മരണപ്പെട്ടു.
2020ൽ കെ സി രാജൻ സമിതിയുടെ പ്രസിഡണ്ടും കെ കെ പ്രദീപ് സെക്രട്ടറിയുമായി. എന്നാൽ സമിതിയുടെ അവസ്ഥ പരിതാപകരമായിരുന്നു. 2022ൽ ലക്ഷങ്ങൾ മുടക്കിയാണു തിരഞ്ഞെടുപ്പു നടന്നത്. എസ് അനിൽകുമാർ പ്രസിഡണ്ടും സുധി തയ്യിൽ സെക്രട്ടറിയും രാജ്‌മോഹൻ ട്രഷററുമായ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. സമിതിയെ പുനർജീവിപ്പിക്കാനും നഷ്ടപ്പെട്ട വസ്തുവകകൾ തിരിച്ചെടുക്കാനും ഇവർക്കു കഴിയുമെന്നു പ്രത്യാശിക്കാം.
കർണാടകത്തിലെ പ്രമുഖ സംഘടനയാണു കെഎൻ എസ്.എസ്. (കർണാടക നായർ സർവീസ് സൊസൈറ്റി) നൂറോളം കരയോഗങ്ങളും സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളുമുള്ള ഇതിന്റെ മുന്നണി പ്രവർത്തകരായ എൻ ശിവരാമൻ, രാമചന്ദ്രൻ പലേരി, എം രാധാകൃഷ്‌ണൻ, അഡ്വ. വിജയ കുമാർ, നാരായണൻ ടി വി, മനോഹരക്കുറുപ്പ് ആർ, പി എസ് നായർ, കെ വി ഗോപാലകൃഷ്ണൻ, സി വേണുഗോപാൽ, ജി കെ കുറുപ്പ്, സി ഗോപിനാഥൻ തുടങ്ങി അമ്പതോളം പേർ എൻ്റെ അടുത്ത സുഹൃത്തുക്കളാണ്.
എ കെ നായർ, സി വി നായർ, വിജയൻ എന്നിവരുടെ നേതൃത്വത്തിൽ എൻഎസ്എസ് കെ (നായർ സേവാ സംഘ കർണാടക) എന്ന പേരിലും ഒരു സംഘടനയുണ്ട്. എ കെ നായർ ബാംഗ്ലൂരിൽ വർഷാവർഷം കൺസ്യൂമർ എക്‌സ്പോ പ്രദർശനം നടത്താറുണ്ട്. സൗത്ത് ഇന്ത്യ മുഴുവൻ അദ്ദേഹം എക്സ്പോ സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മകളുടെ ഭർത്താവാണ് ഇതിന്റെ സാരഥി. ബാംഗ്ലൂർ സെൻ്റ് ജോസഫ് ഹൈസ്‌കൂളിൽ എല്ലാ ഡിസംബറിലും നടക്കുന്ന കേക്ക് ഷോയുടെ സംഘാടകർ ഇവരാണ്. 2020 മാർച്ച് 2നാണ് എൻ ശിവരാമൻ മരണപ്പെട്ടത്.
മലബാർ മുസ്ലീം അസോസിയേഷനാണു ബാംഗ്ലൂരിലെ ആദ്യ മലയാളി സംഘടന. ജാതിമതഭാഷാ ഭേദമെന്യേ എല്ലാവർക്കും സഹായങ്ങൾ ചെയ്യുന്ന സന്നദ്ധ സംഘടനയാണ് എം എംഎ. അപകട സ്ഥലങ്ങളിലും ആശുപത്രികളിലും സജീവമായ വേളകളിലാണു ഞാൻ ഇതിൻ്റെ പ്രവർത്തകരെ പരിചയപ്പെട്ടത്. മലബാർ മുസ്ലീം അസോസിയേഷനാണ് ആംബുലൻസ് സർവീസ് തുടങ്ങിയ ആദ്യ മലയാളി സംഘടന, എൻ എ മുഹമ്മദ്, എ ബി ഖാദർ ഹാജി, എം കെ നൗഷാദ്, വി പി സുലൈമാൻ, അക്ബർ തുടങ്ങിയ നൂറോളം പേരുടെ നേതൃത്വത്തിലാണ് എംഎംഎയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. ഇതിൻ്റെ മുന്നണി പ്രവർത്തകരെ ശ്രീ നാരായണ സമിതിയുമായും കേരള സമാജവുമായും ബന്ധപ്പെടുത്തിയതു ഞാനാണ്. 2016 ഓക്ടോബർ 7നാണ് എ ബി ഖാദർ ഹാജി നിര്യാതനായത്.
എൻ എ മുഹമ്മദാണു പതിറ്റാണ്ടുകളായി എംഎംഎ യുടെ പ്രസിഡണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിനു നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോസ്മോ പോളിറ്റൻ സർവകലാശാലയിൽനിന്ന് ഓണററി ഡോക്‌ടറേറ്റും വേൾഡ് പീസ് കൗൺസിലിൻ്റെ സേവാരത്ന അവാർഡും നേടിയ അദ്ദേഹത്തിന് 2007 നവംബർ 2നു ബാംഗ്ലൂർ ടൗൺ ഹാളിൽ സ്വീകരണം നൽകിയിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, കെ സുധാകരൻ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ച ഈ പരിപാടിയിൽ ഞാനും പങ്കെടുത്തിരുന്നു.
എൻ എ മുഹമ്മദിൻ്റെ മകളുടെ വിവാഹവേളയിലാണു കേരളത്തിലെ മുസ്ലിം സമുദായത്തിൻ്റെ ആത്മീയ നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പരിചയപ്പെടാൻ എനിക്ക് അവസരം ലഭിച്ചത്. എ ബി ഖാദർ ഹാജിയാണ് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. പ്രബല വിഭാഗത്തിൻ്റെ ആചാര്യപദവിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ സംസ്ഥാന അധ്യക്ഷ പദവിയും വഹിക്കുമ്പോഴും എളിമയുടെ ആൾരൂപമായിരുന്നു പാണക്കാട് ശിഹാബ് തങ്ങൾ. 2009 ഓഗസ്റ്റ് ഒന്നിനാണ് അദ്ദേഹം നിര്യാതനായത്. 2021ൽ അധ്യക്ഷനായ സയിദ് സാദിഖ് അലി ശിഹാബ് തങ്ങളുമായും നല്ല ബന്ധം പുലർത്തുന്നു.
🟥
അടുത്ത അധ്യായം ▶ സമാജങ്ങളിലൂടെ
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
















