‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
സ്വാതന്ത്യ്രത്തിമിർപ്പിൻ്റെ ആരവങ്ങൾ നിറഞ്ഞ മധ്യവേനൽ അവധികൾ മാധുര്യമേറിയ മാമ്പഴക്കാലമാണ്. മാവ് പൂത്താൽ മധുരപ്രതീക്ഷകളുടെ കാത്തിരിപ്പാണ്. ഉണ്ണിമാങ്ങ വിരിയുന്നതോടെ മാഞ്ചോട്ടിൽ പരതൽ തുടങ്ങും. മുരീൻ്റാടത്തെ നിരത്തിലേക്കു ചാഞ്ഞ മാവിൽനിന്നു ഞങ്ങൾ ഉണ്ണിമാങ്ങ കല്ലെറിഞ്ഞു വീഴ്ത്തിയിരുന്നു. നാട്ടുമാങ്ങ, കപ്പായിമാങ്ങ, കപ്പൂസ്‌മാങ്ങ, പുളിയൻമാങ്ങ, കോമാങ്ങ എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ. മഴ തുടങ്ങിയാൽ മാങ്ങ ചെത്തിയിട്ടു കുരുമുളക് പൊടിയും ഉപ്പും ചേർത്താണു തിന്നുക. കശുവണ്ടി പന്തയംവെച്ചു ഞങ്ങൾ അച്ചിയും മാതയും കളിക്കാറുണ്ട്. മുതിർന്നവരുടെ കണ്ണിൽപ്പെടാതെ പുഴക്കരയിലോ മാവിൻചുവട്ടിലോ വാഴക്കുണ്ടിലോ വെച്ചായിരുന്നു ഈ കുട്ടിച്ചൂതാട്ടം.
അവധിക്കാലത്തു തേനീച്ചക്കൂടു തേടിയും അലഞ്ഞിരുന്നു. തേങ്ങമടലിൽ തീക്കനൽ ഇട്ടു പുകച്ചും, കുരുമുളകുവള്ളിയുടെ ഇല ചവച്ചു കൂട്ടിൽ ഊതിയുമാണു തേനീച്ചകളെ അകറ്റിയിരുന്നത്. കുയിമ്പിലെ കിണറിനടുത്തുള്ള പൂവ്വത്തിൽ എപ്പോഴും തേനീച്ചയുടെ കൂടുണ്ടാകും. കൊല്ലത്തിൽ ഒരിക്കലാണ് ഇതിൽ നിന്നും തേനെടുക്കുക. കുട്ടികൾക്കു മരുന്നു കൊടുക്കാനാണു കാര്യമായി തേൻ സൂക്ഷിച്ചിരുന്നത്. മരുന്നു കാണുമ്പോൾ ഓടുന്നവരെയും നിർബന്ധിച്ചു കൊടുത്താൽ തുപ്പിക്കളയുന്നവരെയും തേൻ കാണിച്ചാണു വശത്താക്കുക. വിശേഷപ്പെട്ട വിരുന്നുകാർക്കു തേനൊഴിച്ച വെള്ളമാണു നൽകുക.
ചക്കക്കാലത്തു ചക്കയും ചക്കക്കുരുവുമാണു മുഖ്യ ഭക്ഷണം. ചക്ക രണ്ടു വിധമുണ്ട്. വരിക്കയും പഴംചക്കയും. ചക്കപ്പുഴുക്കും കുരുച്ചൊളയുമാണു പ്രധാന ചക്കവിഭവം. ചക്കച്ചുള കുരുവോടെ ഉപ്പിട്ടു വേവിക്കുന്നതാണു കുരുച്ചൊള. പെട്ടെന്ന് ഉണ്ടാക്കാനാവുന്നതിനാൽ പണിയിടങ്ങളിൽ കുരുച്ചൊളയാണു പതിവ്. വെള്ളരിക്കയും ചക്കക്കുരുവും ചേർത്തുണ്ടാക്കുന്ന കറി ഏറെ സ്വാദിഷ്ടമാണ്. ചക്കക്കുരു ചുട്ടു തിന്നുമായിരുന്നു. പിന്നീടു പുഴുങ്ങാൻ വേണ്ടി ചക്കക്കുരു മണ്ണു പുരട്ടി ഉണക്കി വെച്ചിരുന്നു. ചക്കമടൽ പശുക്കൾക്കു തിന്നാൻ കൊടുക്കും. മിക്ക വീടുകളിലും മെളിഞ്ഞിക്കോൽ ഉണ്ടാകും. ചക്ക മുറിക്കുമ്പോൾ ഒലിക്കുന്ന മെളിഞ്ഞിൽ കോലിൽ ചുറ്റിയാണ് എടുത്തുവെക്കുക. ഓട്ടവന്നു ചോരുന്ന അലുമിനിയം മൺപാത്രങ്ങളും മറ്റും മെളിഞ്ഞിൽ ഉരുക്കിയാണ് അടച്ചിരുന്നത്. ഇക്കാലത്തു വീട്ടിലും പരിസരത്തും ഈച്ചകളുടെ ശല്യം കൂടുതലായിരിക്കും. ഇവയെ കൊല്ലാനായി ഈച്ചക്കോൽ കരുതിവെയ്ക്കും. മിനുസപ്പെടുത്തിയ ഈർക്കിൽ ചേർത്തുകെട്ടിയതാണ് ഈച്ചക്കോൽ. കൊതുകിന്റെ ശല്യം കൂടുമ്പോൾ മുറ്റത്തു ചാണകം പാറ്റിയും തേങ്ങമടൽ പുകച്ചുമാണു പിറുക്കിനെ അകറ്റുക.
നാട്ടുമുഖ്യസ്ഥർ ഒരർഥത്തിൽ ഗ്രാമീണ ന്യായാധിപന്മാർ ആയിരുന്നു. നാട്ടുനടപ്പും സാമാന്യമര്യാദകളും മുൻനിർത്തി മാനുഷിക പരിഗണനകളോടെ തികച്ചും നിഷ്‌പക്ഷമായാണു മുഖ്യ സ്ഥന്മാർ തർക്കങ്ങൾക്കും വഴക്കുകൾക്കും പരിഹാരം കണ്ടിരുന്നത്. ആളുകൾ എല്ലാ പ്രധാന കാര്യങ്ങളും മുഖ്യസ്ഥന്മാരെയാണ് ആദ്യം അറിയിക്കുക. രണ്ടു പ്രദേശത്തുള്ളവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഇരുപ്രദേശത്തെയും മുഖ്യസ്ഥന്മാർ ചേർന്നാണു പരിഹാരം കണ്ടിരുന്നത്. കോയ്യോട്ടുമ്മൽ കുഞ്ഞിരാമൻമാസ്റ്റർ, പരപ്ര അച്ചു, ചെമ്പട്ട കേളു, പടിഞ്ഞാറെതയ്യിൽ കേളു എന്നിവരായിരുന്നു പുത്തൂർ-മരുന്നൻപൊയിൽ ഭാഗത്തെ പ്രമുഖ മുഖ്യസ്ഥർ.
തെക്കയിൽ മത്തിക്കുട്ടി, മാറോളി ചാത്തു, പോയകുഞ്ഞമ്പു, അമ്പുവിൻ്റെ പറമ്പത്ത് ചെക്കു, പാലക്കണ്ടി പോടൻ, പഞ്ചാര കൃഷ്ണൻ എന്നിവരായിരുന്നു കൈവേലിക്കൽ, ആലംപെറ്റ ഭാഗത്തെ മുഖ്യസ്ഥർ. അച്ഛച്ഛനെ കാണാൻ വീട്ടിൽ വന്നിരുന്ന ഇവരെ ചെറുപ്പം മുതലേ എനിക്കറിയാം. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഐഎൻഎയിൽ ഭടനായിരുന്നു അമ്പുവിന്റെ പറമ്പത്ത് ചെക്കു. മാറോളി ചാത്തുവും മകൻ കൃഷ്‌ണനും വിഷവൈദ്യരായിരുന്നു. എനിക്കു പാമ്പുകടി ഏറ്റപ്പോൾ മാറോളി കൃഷ്ണൻ വൈദ്യരാണു ചികിത്സിച്ചത്. കടയങ്കോട്ടു വയലിൽ വാഴയ്ക്കു വെള്ളം കോരുമ്പോഴാണ് എൻ്റെ കാലിൽ വിഷം തീണ്ടിയത്. മുറിവിൽ ചെമന്ന മരുന്നാണു വെച്ചുകെട്ടിയത്. അന്നുരാത്രി ഉണ്ണാതെ ഉറങ്ങാതെ ഇരുന്നു. അതാണു പഥ്യം. കൃഷ്‌ണന്റെ മൂത്തമകൻ ചാത്തുക്കുട്ടി ഹൈസ്‌കൂളിൽ എൻ്റെ സഹപാഠിയായിരുന്നു.
പാലക്കണ്ടി കുഞ്ഞിരാമൻ വൈദ്യരും പ്രഗത്ഭനായ വിഷ വൈദ്യരായിരുന്നു. ലക്ഷണങ്ങൾ നോക്കി ഏതു വിഭാഗത്തിൽപ്പെട്ട പാമ്പാണു കടിച്ചതെന്നു പറയാൻ കഴിവുള്ള വിഷഹാരിയായിരുന്ന ഇവർ സൗജന്യമായാണു വിഷചികിത്സ ചെയ്തത്. ആളു കൾക്ക് ഏറെ അനുഗ്രഹമായിരുന്ന ഇവിടത്തെ വിഷചികിത്സ ഇവ രോടുകൂടി അന്യംനിന്നുപോയി. കുനിയിൽ വേണുവും വടക്കേലെ ബാലനും മത്തിരാജനും കുറച്ചുകാലം വിഷചികിത്സ പഠിച്ചിരുന്നു. പക്ഷേ ഇവർ ഇടയ്ക്കുവെച്ചു നിർത്തി. ഞാൻ വേണുവിനെ കരാട്ടെ പഠിപ്പിക്കുമ്പോൾ അവൻ എനിക്കു വിഷചികിത്സയെ കുറിച്ചു പറഞ്ഞു തന്നിരുന്നു. വേണു ആർഎസ്എസ് പ്രവർത്തകനാണ്. രാജനും ബാലനും ദുബായിൽ ടൈലർമാരാണ്. പഞ്ചാര കൃഷ്ണൻ ഗുരുക്കൾ നാട്ടുവൈദ്യരായിരുന്നു. അദ്ദേഹം സ്വന്തമായി പച്ചമരുന്നുണ്ടാക്കിയാണു ചികിത്സ നടത്തിയത്. തീപ്പൊള്ളലേറ്റ പാടു മാറ്റാനും വ്രണത്തിനും അദ്ദേഹത്തിന്റെ നാട്ടുമരുന്നുകൾ ഏറെ ഫലപ്രദമായിരുന്നു. എത്ര ആഴത്തിൽ തറച്ച മുള്ളും അദ്ദേഹത്തിൻ്റെ മരുന്നു തേച്ചാൽ പുറത്തേക്കു വരും. പുരാണേതിഹാസങ്ങളിൽ നല്ല പരിജ്ഞാനമുള്ള കൃഷ്ണൻ ഗുരുക്കൾ അച്ഛച്ഛന്റെ ഉറ്റ മിത്രമായിരുന്നു. കുടുംബ സ്വത്ത് സംബന്ധമായി ധാരാളം കേസുകൾ നടത്തിയിരുന്ന അദ്ദേഹം ഇടയ്ക്കിടെ വീട്ടിൽ വരുമ്പോൾ വക്കീൽമാരെ പറ്റിയും ജഡ്‌ജിമാരെപ്പറ്റിയും പറയുമായിരുന്നു. അദ്ദേഹത്തിന്റെ സംസാരം കേട്ടായിരിക്കാം വക്കീലാകണമെന്ന മോഹം എന്നിൽ നാമ്പിട്ടത്. കൃഷ്ണൻ ഗുരുക്കളുടെ മക്കളായ രാഘവൻ, ബാലൻ, നന്ദനൻ എന്നിവർ എന്റെ ആദ്യകാല സുഹൃത്തുക്കളാണ്.
എന്റെ സുഹൃത്തുക്കളിൽ വീട്ടുകാർക്ക് ഏറെ വിശ്വാസം കൃഷ്ണൻ ഗുരുക്കളുടെ ഇളയമകൻ നന്ദനനെയാണ്. ഡിസ്കോ ഡാൻസ്, കരാട്ടെ പ്രദർശനം എന്നിവ ഉള്ള ദിവസങ്ങളിൽ നന്ദനൻ എന്നോടൊപ്പം വരാറുണ്ട്. അവന്റെ കൂടെ എവിടെ പോകാനും വിലക്കുണ്ടായിരുന്നില്ല. നന്ദനനോടുള്ള വീട്ടുകാരുടെ വിശ്വാസം ഞാൻ പലപ്പോഴും മുതലാക്കിയിട്ടുണ്ട്. ദിവസങ്ങളോളം വീട്ടിൽ നിന്നു മാറി നിൽക്കേണ്ടി വരുമ്പോൾ ഞാൻ നന്ദനനെ മുൻകൂട്ടി ചട്ടംകെട്ടും. എനിക്കും സത്യനും ദൂരസ്ഥലത്തു പോകേണ്ടതു ണ്ടെന്നു ദിവസങ്ങൾക്കുമുൻപേ നന്ദനൻ അമ്മമ്മയുടെ മുന്നിൽ പറയും. വീട്ടിൽനിന്ന് ഒന്നിച്ചിറങ്ങി കൈവേലിക്കലിലെത്തിയാൽ ഞാനും നന്ദനനും വേർതിരിയും. പിന്നീടു ഞാൻ തിരിച്ചു വരുമ്പോൾ മാത്രമേ നന്ദനൻ കുയിമ്പിൽ വരികയുള്ളൂ.
പശുവളർത്തലും സ്ഥിരമായി കറവുള്ളതും അന്തസ്സായിരുന്നു. ഏറെ ശ്രദ്ധയോടെയും ലാളനയോടെയുമാണു പശുക്കളെ വളർത്തിയിരുന്നത്. ദിവസവും ചാണകം വാരി ആല വ്യത്തിയാക്കേണ്ടത് എന്റെ പണിയായിരുന്നു. ആലയോടു ചേർന്നാണു ചാണകക്കുണ്ട്. പശു പ്രത്യേക രീതിയിൽ അമറുമ്പോഴാണ് ഇണ യെടുപ്പിക്കാൻ സമയമായെന്നു മനസ്സിലാക്കിയിരുന്നത്. ചില വീടുകളിൽ ഇണക്കുട്ടന്മാരെ വളർത്തിയിരുന്നു. ഇണയെടുപ്പിക്കാൻ നിശ്ചിത പണം കൊടുക്കണം. കൊട്ടാരത്ത് വീട്ടിൽ സങ്കരയിനത്തിൽപ്പെട്ട പശുക്കുട്ടന്മാരും ആട്ടിൻ കുട്ടന്മാരും ഉണ്ടായിരുന്നു. പ്രത്യേകം കെട്ടിയുണ്ടാക്കിയ ഇട്ടറയിൽ പൂട്ടിയാണ് ഇണയെടുപ്പിക്കുക. അവ ഗർഭിണികളായാൽ ചെനപിടിച്ചു എന്നാണു പറയുക. പാനൂരിൽ മൃഗാശുപത്രി വന്നതിനു ശേഷം ഇണയെടുപ്പിക്കുന്നതിനു പകരം കുത്തിവെപ്പായി. മൃഗാശുപത്രിയിൽനിന്നു ഡോക്ടർ വീട്ടിൽ വന്നാണു പശുക്കൾക്കു കുത്തിവെക്കുക.
കൊട്ടാരത്തുവീട്ടിലെ ശ്രീധരൻ മാനസികവളർച്ച കുറഞ്ഞവനായിരുന്നു. ഇയാൾക്കു വിക്കുള്ളതിനാൽ സംസാരിക്കുമ്പോൾ ചുറ്റിലും തുപ്പൽ തെറിക്കും. രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന ശ്രീധരൻ പുത്തൂർ, പാറാട്, കുന്നോത്ത്പറമ്പ്, ആനപ്പാലം, കൈവേലി ക്കൽ, കൂറ്റേരി, മാവിലാട്ട്മൊട്ട, എലാങ്കോട്, പാലക്കുൽ, പുത്തൂർ വഴി സന്ധ്യയോടെയാണു വീട്ടിൽ തിരിച്ചെത്തുക. കൃത്യസമയത്ത് ഓരോ പ്രദേശത്തും എത്തിയിരുന്ന ശ്രീധരൻ പോലീസിനെ പേടിച്ചു പാനൂരിൽ പോയിരുന്നില്ല.
പശുവിന്റെ പ്രസവമടുത്താൽ ആലയിൽ വിളക്ക് കത്തിച്ചുവെക്കും. പ്രസവശേഷം കരു വീണാൽ ഉടൻ നീക്കണം. പശു കരു തിന്നാൽ പാൽ കുറയുമെന്നാണു വിശ്വാസം. ദിവസവും ഇടയ്ക്കിടെ കന്നൂട്ടിയെ കൊണ്ടു മുല കുടിപ്പിക്കും. തേങ്ങമടൽ ചെറുതായി ചെത്തി മിനുക്കി ബലമായി വായിൽ തിരുകിയാണു പശുവിനും കന്നൂട്ടിക്കും മരുന്നു കൊടുക്കുക. കന്നൂട്ടിയുടെ കഴുത്തിൽ ചെറിയ മണികെട്ടും. കന്നൂട്ടിയുടെ കൂടെയുള്ള കളി നല്ലരസമാണ്. ഞാൻ ഒളിക്കുന്നിടത്തേക്കു കന്നൂട്ടി ഓടിവരും. പിടിക്കാൻ ചെന്നാൽ അതു പശുവിൻ്റെ അടുത്തേക്ക് ഓടിക്കളയും. കന്നിനെ കാണാതെ പശു അമറിയാലും കന്നൂട്ടി ഓടിപ്പോകും. ഇതിനെ ആലയോടു ചേർന്നുള്ള കുഞ്ഞിക്കൂടയിലാണു കെട്ടുക. ഞാൻ പുറത്തു പോയി തിരിച്ചുവരുമ്പോൾ എന്നെ കാണുന്നതിനു മുൻപേ തന്നെ കന്നൂട്ടി തുള്ളിച്ചാടുന്നുണ്ടാകും. ഇതു കാണാൻ വേണ്ടി ഞാൻ ഒളിച്ചു നിൽക്കുമായിരുന്നു.
പ്രസവിച്ച് 7 ദിവസം കഴിഞ്ഞു മുല പിഴിയുമ്പോൾ രക്തം കിനിയുന്നില്ലെങ്കിൽ കറവ് തുടങ്ങും. വൈകുന്നേരം ചൂടാക്കിയ പാൽ തണുത്തശേഷം മോരൊഴിച്ച് ഉറകൂട്ടാൻ വെയ്ക്കും. കലത്തിൽ ഉറുമ്പ് കേറാതിരിക്കാൻ ഉറിയിലാണു തൂക്കിയിടുക. പിറ്റേ ന്നാണ് തൈര് കടയുക. അമ്മമ്മ തൈര് കടയുമ്പോൾ ഞാൻ വെണ്ണയ്ക്കായി അടുത്തുകൂടും. ഉച്ചയ്ക്കു സ്‌കൂളിൽ നിന്നു വന്നാൽ കൂട്ടാൻ ആയില്ലെങ്കിൽ ഉരുക്കിയ പശുവിൻ നെയ്യും ഉപ്പും ചേർത്താണ് ചോറ് തിന്നുക. എനിക്കേറെ ഇഷ്‌ടമായിരുന്നു ഇത്.
അമ്മമ്മ ഉണ്ടാക്കുന്ന എല്ലാ കൂട്ടാനും പ്രത്യേക രുചിയായിരുന്നു. ആ കറികൾ അമ്മമ്മയുടെ സ്നേഹമായിരുന്നു. കറിക്കൂട്ടുകൾ കൈകൊണ്ടു കുറേനേരം ഞമുക്കുമായിരുന്നു. അതു കഴി ഞ്ഞാണ് അടുപ്പത്തു വെയ്ക്കുക. കിണ്ണം, കോപ്പ, കലം, ചട്ടി, ചീനച്ചട്ടി, കുയ്യല്, കഞ്ഞിക്കലം, കരണ്ടി എന്നിവയാണ് അടുക്കളയിലെ പണിക്കോപ്പുകൾ. കലത്തിൽ ചോറും ചട്ടിയിൽ കറി യുമാണു വെയ്ക്കുക, ചീനച്ചട്ടിയിലാണു വറത്തിടുക, കഞ്ഞിക്ക ലത്തിലാണു കഞ്ഞിവാർക്കുക. വെണ്ണീരും ചകിരിയും ഉപയോഗിച്ചാണു പാത്രങ്ങൾ കഴുകിയത്. മിക്ക ദിവസവും പച്ചക്കായ് കറിയും മീൻകറിയുമായിരുന്നു. മീൻകറി പിറ്റേന്നു കൂട്ടാനാണു കുടുതൽ രുചി. ചട്ടിയുടെ അരികിൽ കട്ടപിടിച്ചിരിക്കുന്ന കറി ചൂണ്ടുവിരൽ കൊണ്ടു വടിച്ചാണു കൂട്ടുക.
വളർത്തുമൃഗങ്ങളുള്ള വീടുകളിൽ ഇടനിലക്കാരും കച്ചവടക്കാരും ഇടയ്ക്കിടെ കയറിയിറങ്ങും. വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള വിലപേശൽ നല്ല രസമാണ്. ഉടമ പറഞ്ഞ വില തരാൻ പറ്റില്ലെന്നു പറഞ്ഞ് ഇവർ ഇറങ്ങിപ്പോകും. വീണ്ടും വന്നു തുക ഏറ്റിപ്പറയും. ഇങ്ങനെ ഒരുപാടു പ്രാവശ്യം വിലപേശിയാണു കച്ചവടം ഉറപ്പിക്കുക. വാങ്ങുന്നവർ വീട്ടിലെ സ്ത്രീകൾക്കു കയറുപണം നൽകണമായിരുന്നു. കയറുപണം കുറഞ്ഞാൽ ഉരു വിനെ മാത്രമേ വിറ്റിട്ടുള്ളു എന്നും കെട്ടിയ കയർ അവരുടേതാണെന്നും സ്ത്രീകൾ ശാഠ്യം പിടിക്കും. കുയിമ്പിലെ പശുക്കളെ വിൽക്കുമ്പോൾ അമ്മമ്മയ്ക്കു കിട്ടിയിരുന്ന കയറുപണം എനിക്കായിരുന്നു. എന്നാലും പശുവിനെയും കന്നൂട്ടിയെയും കൊണ്ടു പോകുമ്പോൾ വലിയ വിഷമമായിരുന്നു.
പശു, ആട് എന്നിവയെ പോറ്റാൻ വാങ്ങുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. രണ്ടാമത്തെ പ്രസവത്തിനുശേഷം ഇവയെ ഉടമയ്ക്കു തിരിച്ചു കൊടുക്കുന്നതാണ് ഈ രീതി. ആദ്യ പ്രസവത്തിലെ കുട്ടി പോറ്റിയ ആൾക്കാണ്. രണ്ടാമത്തെ പ്രസവത്തിനു ശേഷം തള്ളയെയും കുട്ടിയെയും ഉടമയെ തിരിച്ചേൽപ്പിക്കും. തുപ്പ നാർത്ത് അനന്തൻ എനിക്ക് ഒരാടിനെ പോറ്റാൻ തന്നിരുന്നു. ആദ്യ പ്രസവത്തിലെ മുട്ടനാടിനെ വിറ്റപ്പോഴാണ് ഞാനാദ്യമായി ഹീറോ പേനയും ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും വാങ്ങിയത്.
തെങ്ങ് കേരം എന്നും കൽപവൃക്ഷം എന്നും അറിയപ്പെടുന്നു. തേങ്ങ വെളിച്ചെണ്ണയ്ക്കും തെങ്ങിൻതടി കഴുക്കോലിനും ഓല പുര മേയാനും ഓലക്കണ്ണിയും കൊതുമ്പിലും ചിരട്ടയും മടലും ചകിരിയും കത്തിക്കാനും പാന്തോൻ കെട്ടാനും മറ്റുമായി തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. കൂമ്പ്, അല്ലി, മെളിച്ചില്, കരിക്ക്, ഇളനീർ, ബന്നങ്ങ, തേങ്ങ, കൊട്ടത്തേങ്ങ, കൊപ്ര, ബോഡ എന്നിങ്ങനെ പല വേളകളിൽ പല പേരുകളിലാണു തേങ്ങ അറിയപ്പെടുന്നത്.
തെങ്ങു കയറാൻ സമയമായാൽ ഇളനീർക്കുല കെട്ടാ നുള്ള കയർ പിരിക്കുന്ന തിരക്കായിരിക്കും. അച്ഛച്ഛനും മാമനും ചൂടികൊണ്ടു കയർ പിരിക്കുമ്പോൾ മറുതല പിടിച്ചു ഞാനും ഒപ്പം കൂടും. പച്ചയോല മടഞ്ഞുണ്ടാക്കുന്ന കൊട്ടകൊണ്ടാണു കരിക്കു മുടിക്കെട്ടുക. സ്കൂൾ ദിവസമാണു തെങ്ങുകെട്ടെങ്കിൽ അച്ഛച്ഛൻ എനിക്ക് ഇളനീർ കൊണ്ടുവരും. ഇളനീർ പാടയിൽ അവിലും വെല്ലവുമിട്ടു കുഴച്ചാണു കഴിക്കുക. തെങ്ങ് കെട്ടുകാരനും പെറുക്കുന്ന പെണ്ണുങ്ങൾക്കും തേങ്ങയും നിശ്ചിത പണവുമാണ് കൂലി.
ആചാരം പോലെ വർഷംതോറും തെങ്ങിനു തടമെടുക്കുന്നവരുണ്ട്; തെങ്ങിനു ചുറ്റും മടൽ, ചാണകം, എന്നിവ ഇട്ടാണു മുടുക. ചില സ്ഥലങ്ങളിൽ ഉപ്പും വിതറും.
തെങ്ങ് പണയപ്പെടുത്തി പണം വാങ്ങിക്കുന്ന സമ്പ്രദായം സാർവത്രികമായിരുന്നു. പണം നൽകുന്നയാൾക്ക് ഒരു വർഷത്തേക്കു തേങ്ങ പറിക്കാൻ അവകാശം നൽകുന്ന ഈ ഇടപാട് ‘തേങ്ങാപ്പാട്ടം’ എന്നാണ് അറിയപ്പെട്ടിരുന്നത്. തെങ്ങിന്റെ കുല നോക്കിയാണു പണം നൽകുക. ഊഹക്കച്ചവടമായ പാട്ടക്കരാർ കൂടാതെ ‘പറിച്ചെണ്ണം’ എന്ന രീതിയും ഉണ്ടായിരുന്നു. ഒരു തേങ്ങയ്ക്ക് ഇത്ര പൈസ എന്ന നിലയിൽ നിശ്ചിത സമയത്തിനുള്ളിൽ കൊടുത്തു തീർക്കാനാണു പറിച്ചെണ്ണത്തിനു പണം നൽകുക.
കറുത്താത്തു ആയിരുന്നു കുയിമ്പിലെ ആദ്യകാല തെങ്ങു കയറ്റക്കാരൻ. പിന്നീടു മംഗലാടൻ ബാലനാണു തെങ്ങ് കെട്ടിയിരുന്നത്. തെങ്ങു കയറ്റക്കാർ കുറവായതിനാൽ പറഞ്ഞ ദിവസം എല്ലായിടത്തും എത്താൻ ഇവർക്കു കഴിഞ്ഞിരുന്നില്ല. മരുന്നൻപൊയിലിലെ ചെമ്പട്ട ശശിയാണു വർഷങ്ങളായി ഞങ്ങളുടെ പറമ്പിൽ തെങ്ങു കയറുന്നത്. പാചക വിദഗ്‌ധനായ ശശി നല്ലൊരു പരോപകാരിയാണ്. പണി മെനക്കെട്ടു ശശി എല്ലായിടത്തും ചെർമ്മത്തിനു മുൻപന്തിയിൽ ഉണ്ടാകും. കൂടുതൽ പറമ്പിൽ തെങ്ങു കയറാൻ പോകേണ്ടതുകൊണ്ടാണു തെങ്ങുകെട്ടുകാർക്കു തിരക്കെങ്കിൽ, മറ്റു ള്ളവരെ സഹായിക്കുന്നതിനാലാണു ശശിക്കു തിരക്ക്.
തേങ്ങാക്കൂട, തേങ്ങാക്കുന, പുല്ലേരി എന്നിവ വീട്ടുകാരുടെ പ്രതാപത്തെ സൂചിപ്പിച്ചിരുന്നു. കുയിമ്പിൽ സ്ഥിരമായി വലിയ പുല്ലേരി ഉണ്ടായിരുന്നു. നിലത്തു നാലു മൂലകളിലായി കല്ലുവെച്ച് അതിനു മുകളിൽ കഴുക്കോൽ കിടത്തിവെച്ചാണു പുല്ലേരി ചായ് ക്കുക. കനത്ത മഴപെയ്‌താലും ഉള്ളിൽ വെള്ളം ഇറങ്ങാതെ പുറത്തേക്ക് ഒഴുകുന്ന രീതിയിലാണു പുല്ലേരി ചായ്ക്കുന്നത്. നേക്കുള്ളവർക്കു മാത്രമേ പുല്ലേരിചായിക്കാൻ കഴിയുകയുള്ളൂ. കറ്റയായും പുല്ലേരി ചായ്ച്ചിരുന്നു. മഴക്കാലത്ത് തച്ചുണക്കാൻ കഴിയാത്തതിനാലാണു നെല്ല് ഉതിർന്ന കറ്റ ഉണക്കി ചായ്ച്ചിരുന്നത്.
പ്രാഥമികാവശ്യം പറമ്പുകളിലാണു നിർവഹിച്ചിരുന്നത്. ഞങ്ങളും അയൽക്കാരും തുറാൻ പോയിരുന്നതു പള്ളിച്ചിപ്പക്കറുടെ പുഴക്കരയിലുള്ള പറമ്പിലാണ്. പുലർച്ചയ്ക്കു വിളക്കു വെച്ചു കഴിഞ്ഞാലാണു പെണ്ണുങ്ങൾ വെളിക്കിരിക്കുക. വൃത്തിഹീനമായ പറ മ്പുകളിൽ വീഴുന്ന മാങ്ങയും കശുമാങ്ങയും തിന്നുന്നതിനാൽ വിര കാരണം കുട്ടികൾക്കു വിളർച്ച ബാധിച്ചിരുന്നു. വയർ വീർത്ത കുട്ടികൾക്ക് ആവണക്കെണ്ണ കൊടുത്ത് ഇടയ്ക്കിടെ വിരയിളക്കും. നീളമുള്ള വിര തൂറുമ്പോൾ ചെറിയ കുട്ടികൾ പാമ്പെന്ന് വിചാരിച്ചു പേടിച്ചു നിലവിളിക്കും. സന്ധ്യയ്ക്കുശേഷം വീടിന്റെ പിൻവശത്തായിരുന്നു സ്ത്രീകൾ കുളിച്ചത്. പിന്നീടു മുറ്റത്തു സ്ത്രീകൾക്കു കുളിക്കാനായി ഓലപ്പന്തലായി. കാലക്രമേണ കുളി മുറിയും കക്കൂസും സാർവത്രികമായി.
അഴുക്കുവെള്ളത്തിലെ കളിമൂലം പുഴുക്കടികൊണ്ടു കാലു പഴുത്തു കാലത്താൻ വീങ്ങിയിരുന്നു. പറമ്പിലെ കൊത്തുപണിയും മറ്റു ജോലികളുമാണു മുതിർന്നവർക്കു പുഴുക്കടി ബാധിക്കാൻ കാരണം. കാൽ വിരലുകൾക്കിടയിലും അടിഭാഗത്തും പഴുപ്പും ചൊറിച്ചിലുമായി പുഴുക്കടി ശല്യമേറുമ്പോൾ പരുപരുത്ത ഇടങ്ങളിൽ ഉരച്ചാൽ ശമനം കിട്ടും. വയൽവരമ്പത്തെ അഗ്രം കൂർത്ത പുൽനാമ്പുകളിൽ പുഴുക്കടിയുള്ള കാൽവിരൽ ഉരച്ചു നടക്കുന്നതും കയ്യിൽക്കണ ചൂടാക്കി വിരലുകൾക്കിടയിൽ വെയ്ക്കുന്നതും പ്രത്യേക സുഖമായിരുന്നു.
സാധാരണ അസുഖങ്ങൾക്ക് ആളുകൾ കൈവേലിക്കലിലെ പപ്പു കമ്പൗണ്ടറെയാണു കണ്ടിരുന്നത്. ജലദോഷം കാണിക്കാൻ ചെന്നാലും തെർമോമീറ്റർ വെച്ചുനോക്കി പനി നൂറ്റഞ്ചി ലെത്തി എന്നായിരിക്കും അദ്ദേഹത്തിൻ്റെ പതിവു പല്ലവി. ഇടവിട്ടു മൂക്കു ചീറ്റിയിരുന്ന അദ്ദേഹത്തെ ‘പനികമ്പോണ്ടർ’ എന്നും വിളിച്ചിരുന്നു. കൊട്ടയോടി സ്വദേശിയായ അദ്ദേഹത്തിന്റെ പേര് പത്മനാഭൻ എന്നാണ്. അദ്ദേഹത്തിൻ്റെ മകളുടെ മകനാണു പ്രശസ്ത അനൗൺസറായ പ്രശാന്ത് പാട്യം.
പാനൂരിലെ ഗോപാലൻ കമ്പൗണ്ടർ രോഗികളുടെ ആശ്രയ കേന്ദ്രമായിരുന്നു. ഫീസ് ഈടാക്കാതെ മരുന്നിൻ്റെ പൈസ മാത്രമാണ് അദ്ദേഹം വാങ്ങിയിരുന്നത്. ഗോപാലൻ കമ്പൗണ്ടറുടെ കൈപ്പുണ്യമാണ് ആളുകളെ ആകർഷിച്ചത്. അദ്ദേഹത്തിന്റെ മകൻ രാജഗോപാലൻ മാഷ് പാനൂർ ഹൈസ്‌കൂളിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്. കമ്പൗണ്ടറുടെ മകൾ ഡോക്‌ടർ പ്രസന്നഭായിയും എലാങ്കോട്ടെ പി പി കരുണനും തമ്മിലുള്ള പ്രണയവും വിവാഹവും ജനങ്ങൾക്കിടയിൽ ചർച്ചയായിരുന്നു. പിആറിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പി പി കരുണൻ.
പാനൂർ-കൂത്തുപറമ്പ് റോഡിലെ ഡോക്ടർ ഉണ്യാത്തുവിൻ്റെ ഗിരിജ ഹോമിയോ ഡിസ്പെൻസറിയും പ്രസിദ്ധമായിരുന്നു. കോളറയും വസൂരിയും പടർന്ന കാലഘട്ടത്തിൽ നിസ്വാർഥ സേവനം കാഴ്ചവെച്ചു ജനങ്ങളുടെ ഹൃദയം കവർന്ന ഭിഷഗ്വരനായിരുന്നു കോഴിക്കോട്ടുകാരനായ ഡോക്ടർ ഉണ്യാത്തു. പിന്നീട് അദ്ദേഹം പാനൂരിന്റെ ഭാഗമായി.
എലാങ്കോട്ടെ തിരുവാൽ യുപി സ്‌കൂളിനടുത്ത ഭാസ്കരൻ വൈദ്യർ പ്രശസ്‌തനായ ആര്യവൈദ്യരായിരുന്നു. അദ്ദേഹത്തിന്റെ ആര്യവൈദ്യഭവൻ എന്ന സ്ഥാപനം നിരവധി ആയുർ വേദമരുന്നുകൾ നിർമിച്ചിരുന്നു. സാഹിത്യ നിപുണനായ അദ്ദേഹം ‘ഭാസ്’എന്ന തൂലികാനാമത്തിലാണ് രചനകൾ നടത്തിയത്. ഭാസ്കരൻ വൈദ്യരോടുള്ള ആദര സൂചകമായാണ് ഈ സ്ഥലത്തിനു ‘വൈദ്യരു പീടിക’ എന്നു പേരുവന്നത്.
കുന്നോത്തുപറമ്പിലെ നെല്ലിയുള്ളപറമ്പത്ത് കുഞ്ഞിരാമൻ വൈദ്യർ എന്ന ആര്യവൈദ്യർ പ്രഗത്ഭ ആയുർവേദ ചികിത്സകനായിരുന്നു. ശരീരം മെലിഞ്ഞ എന്നെ അമ്മമ്മ ആര്യവൈദ്യരെയാണു കാണിച്ചത്. അദ്ദേഹം നൽകിയ കഷായം കയ്‌പ്പേറിയതിനാൽ ഞാൻ ആരും കാണാതെ ഒഴിച്ചുകളഞ്ഞിരുന്നു. നല്ലൊരു കലാകാരനായിരുന്ന എൻ പി കെ വൈദ്യർ നാടകങ്ങൾ എഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്. വാഗ്‌ഭടാനന്ദ ഗുരുദേവൻ രൂപീകരിച്ച ആത്മവിദ്യാ സംഘത്തിൻ്റെ ആദ്യകാല സാരഥിയായിരുന്നു ആര്യ വൈദ്യർ. അദ്ദേഹത്തിൻ്റെ മകൻ ദേവൻ ഏഴാം ക്ലാസിൽ എന്റെ സഹപാഠിയായിരുന്നു.
ജാതിക്കൂട്ടത്തിലെ ബാലൻ വൈദ്യരും പ്രഗത്ഭ ആയുർ വേദ ചികിത്സകനായിരുന്നു. ജനസംഘത്തിൻ്റെ ആദ്യകാല നേതാവായിരുന്നു ബാലൻ വൈദ്യർ. കൈവേലിക്കലിൽ തറിമരുന്നു കട നടത്തിയ കൃഷ്ണൻ വൈദ്യരും നല്ലൊരു നാടൻചികിത്സകനായിരുന്നു. പാനൂർ മേഖലയിലെ പ്രശസ്‌ത തീയ്യത്തറവാടായ ഒറ്റതയ്യുള്ളതിൽ കുടുംബാംഗമായിരുന്നു കൃഷ്‌ണൻ വൈദ്യർ.
വൈദ്യന്മാർ കുറിക്കുന്ന നീളമുള്ള ശീട്ടുപ്രകാരം തറിക്കട യിലുള്ള പച്ചമരുന്നുകൊണ്ടാണു കഷായവും ലേഹ്യവും മരുന്നും ഉണ്ടാക്കുക. കൈവേലിക്കലിലും പാറാട്ടും ചെറുപ്പറമ്പിലും പാനുരിലും, മാക്കൂൽ പീടികയിലുമായിരുന്നു പ്രധാന തറിക്കടകൾ. ആയുർവേദ ഫാർമസികൾ വന്നതോടെ തറിക്കടകൾ നാമാവശേഷമായി. ഇതിൻ്റെ ബാക്കിപത്രമായി ചുരുക്കം ചില തറിക്കടകൾ മാത്രമാണ് ഉള്ളത്. ഏറെ ഫലപ്രാപ്‌തിയുണ്ടായിരുന്ന പാരമ്പര്യ ആയുർവേദ ചികിത്സാരംഗത്തു ലാഭേച്ഛയോടെയുള്ള കടന്നുകയറ്റം ഈ മേഖലയുടെ വിശ്വാസം നഷ്‌ടപ്പെടുത്തിയിരിക്കയാണ്. മരുന്നു കേടുകൂടാതെ സൂക്ഷിക്കാൻ ആവശ്യമായ ചേരുവയുടെ അപകടവും ഔഷധച്ചെടികളുടെ ദൗർലഭ്യവുമാണ് ആയുർവേദമേഖല അനുഭവിക്കുന്ന പ്രതിസന്ധി.
🟥
അടുത്ത അധ്യായം ▶ ജലവിനോദങ്ങള്‍
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: മാമ്പഴക്കാലം
















