അധ്യായം 12 📖 പുളിമുറിക്കല്യാണം

 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

ചെക്കനും പാർട്ടിയും പെണ്ണുമായി പോയശേഷം പെൺവീട്ടിൽനിന്നു ബന്ധുക്കളും അയൽക്കാരും ചെറുക്കന്റെ വീടു കാണാൻ പോകും. ഇതാണു വിരുന്നിനു പോക്ക്. നല്ലൊരു ചായ സൽക്കാരത്തോടെയാണ് ഇവരെ സ്വീകരിക്കുക. പിറ്റേ ദിവസം ചെക്കനും പെണ്ണും ബന്ധുക്കളും അയൽക്കാരും പെൺവീട്ടിൽ പോകും. ഇതു തക്കാരമാണ്. പിന്നീടു ചെക്കനും പെണ്ണും പെൺ വീട്ടിൽ താമസിക്കാൻ പോകുന്നതാണു പാർക്കാൻ പോകൽ. ധാരാളം വിഭവങ്ങൾ ഒരുക്കിയാണ് ഇവരെ വരവേൽക്കുക. ചെക്കൻ കൂടുതൽ നാൾ തങ്ങുമ്പോൾ വിഭവങ്ങൾ കുറഞ്ഞു വരും. ഭാര്യ വീട്ടിൽ പരമസുഖം, നാലാം നാൾ പട്ടിക്കുസമം എന്നൊരു ചൊല്ലുണ്ട്.

ദാമ്പത്യത്തെക്കുറിച്ച് ഒന്നുമറിയാത്ത പ്രായത്തിലാണ് അന്നത്തെ ഒട്ടുമിക്ക കല്യാണങ്ങളും. ചെറിയ വീടുകളും കൂട്ടുകുടുംബവുമായതിനാൽ ഭാര്യാഭർത്താക്കന്മാർക്കു സ്വകാര്യമായി സംസാരിക്കാൻപോലും കഴിഞ്ഞിരുന്നില്ല. കൃഷിയിടത്തിലേക്കും മറ്റും ഒന്നിച്ചുപോകുമ്പോൾ കിട്ടിയിരുന്ന അപൂർവ വേളകളിലായിരുന്നത്രേ ഇവർ മനസ്സു തുറന്നിരുന്നത്. മാസങ്ങൾക്കു ശേഷമായിരിക്കും വീട്ടിൽ ദമ്പതികൾക്ക് ഒന്നിച്ചു കിടക്കാൻ കഴിയുക.

ദൂരത്തായ പെണ്ണുങ്ങൾ മൂന്നു മുതൽ ഏഴു ദിവസം വരെ മാറി നിന്നിരുന്നു. തീണ്ടാരിയായവർക്കു കിടക്കാൻ പ്രത്യേക സ്ഥലം ഉണ്ടാകും. ഈ സമയത്ത് ഇവർ ഒരു ജോലിയും ചെയ്യില്ല. ഇവർ മറ്റുള്ളവരെ തൊടാനോ, വീടിൻ്റെ വാതുക്കൽ ഇറങ്ങാനോ, അടുക്കളയിൽ കയറാനോ, കിണറും തൂണുകളും തീണ്ടാനോ അന്തിത്തിരി കാണാനോ പാടില്ലായിരുന്നു. ഇവർക്കുള്ള ഭക്ഷണം വിളമ്പി കുഞ്ഞിക്കോലായിൽ വയ്ക്കും. കഴിച്ച പാത്രം ഇവർ കഴുകി കമിഴ്ത്തി വെയ്ക്കണം. ദിവസവും പുഴയിൽ കുളിക്കണം. അതോടൊപ്പം ആ ദിവസങ്ങളിൽ കിടന്ന പായയും മറ്റും കഴുകണമായിരുന്നു. കുയിമ്പിൽ ചാരയും മൂത്തമ്മയും ഇങ്ങനെ മാറി നിന്നിരുന്നു.

പെൺകുട്ടികൾ പ്രായപൂർത്തിയായാൽ അതുമായി ബന്ധപ്പെട്ട് അന്നു നിലവിൽ ഉണ്ടായിരുന്ന ആചാരമാണു തിരണ്ടു കല്യാണം. ആദ്യമായി ദൂരത്താകുന്ന പെൺകുട്ടിയെ ആണുങ്ങളുടെ മുന്നിൽപ്പെടാതെ മൂന്നു ദിവസം മറപ്പുരയിൽ ഇരുത്തും. നാലാം ദിവസം ബന്ധത്തിലും അയലത്തുമുള്ള സ്ത്രീകൾ ചേർന്നു പുഴയിൽ കുളിപ്പിക്കും. പെൺകുട്ടിക്കു പ്രായപൂർത്തിയായി എന്ന വിവരം മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു ചടങ്ങാണെങ്കിലും ഇതിൻ്റെ പിന്നിൽ ഇരുണ്ട കാലഘട്ടത്തിന്റെ ദുഷിച്ച മുഖമുണ്ട്. ഋതുമതികളായ പെൺകുട്ടികളെ തിരിച്ചറിയാൻ സവർണ മേധാവിത്വത്തിൻ്റെ കുടിലബുദ്ധിയിലുദിച്ച് അവർ അടിച്ചേൽപ്പിച്ചതായിരുന്നു ഈ ദുരാചാരം. ഋതുമതിയാകാത്ത പെൺകുട്ടികളെ പ്രാപിക്കുന്നതു ദൈവകോപത്തിന് ഇടയാക്കുമെന്നു വിശ്വസിച്ചിരുന്നു. തലമുറകളും കാഴ്‌ചപ്പാടുകളും മാറിയതോടെയാണു പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന ഈ അനാചാരം ഇല്ലാതായത്.

നികൃഷ്ടമായ മറ്റൊരു ആചാരമായിരുന്നു പുളിമുറി കല്യാണം. ഗർഭം ധരിച്ചു മൂന്നാം മാസം പുളി അരച്ചുകലക്കി ഗർഭിണികൾക്കു നൽകുന്ന ചടങ്ങായിരുന്നു ഇത്. കീഴ്ജാതിക്കാർക്കു ബുദ്ധിയും ആരോഗ്യവുമുള്ള കുഞ്ഞുങ്ങൾ പിറക്കാതിരിക്കാൻ സവർണർ ചെയ്‌തുവെച്ച കെണിയായിരുന്നു പുളിമുറിക്കല്യാണം. ഗർഭം അലസാൻ ശക്തിയുള്ള പുളിക്കുട്ട് മുന്നാം മാസം കഴിച്ചാൽ പിറക്കുന്ന കുട്ടിക്ക് അംഗവൈകല്യമോ ബുദ്ധി മാന്ദ്യമോ സംഭവിക്കും. ആളുകളുടെ അജ്ഞത മുതലെടുത്ത് ഈ ആചാരവും ഒരർഥത്തിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. ശ്രീനാരായണ ഗുരുദേവൻ നിരന്തരം ബോധവൽക്കരണം നടത്തിയാണ് ഈ അനാചാരം നിർത്തലാക്കിയത്.

ഗർഭവും പ്രസവവുമായി ബന്ധപ്പെട്ടും നിരവധി ചടങ്ങുകൾ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞു പെണ്ണിൻ്റെ കുളി തെറ്റിയാൽ വരന്റെ വീട്ടുകാർ വിവരം പെൺവീട്ടിൽ ചൊല്ലിയയക്കും. അടുത്തതു ചോയിക്കാൻ പോക്കാണ്. മൂന്നാം മാസമാണ് ഈ ഏർപ്പാട്. പെണ്ണിൻ്റെ അമ്മാമൻ, ബന്ധത്തിലെ മുതിർന്ന ഒരാൾ, എടവലക്കാരൻ എന്നിവരാണു ചെക്കൻ്റെ വീട്ടിൽ ചോയിക്കാൻ പോവുക. ഇവർ എത്തിക്കഴിഞ്ഞാൽ ചെറുക്കൻ്റെ വീട്ടുകാർ അയൽക്കാരെ വിളിച്ചുവരുത്തും. പെണ്ണ് ഗർഭിണിയാണെന്നും അതിന്റെ ഉത്തരവാദി ഭർത്താവ് തന്നെയാണെന്നുമുള്ള കാര്യം പരസ്പരം ഉറപ്പിക്കുന്ന ചടങ്ങായിരുന്നു ഇത്. പക്ഷേ ഇതിൻ്റെ പിന്നിലെ കാഴ്ച‌പ്പാട് തികച്ചും സ്ത്രീവിരുദ്ധമാണ്.

കുട്ടാൻ വരുന്നതാണ് അടുത്ത ചടങ്ങ്. ഗർഭിണിയുടെ അച്ഛന്റെ പെങ്ങൾ, അമ്മാമൻ്റെ ഭാര്യ, അടുത്ത ബന്ധത്തിലുള്ള സ്ത്രീകൾ എന്നിവർ ഏഴാം മാസം ആരംഭത്തിൽ കിണ്ണത്തപ്പം, വാഴപ്പഴം എന്നിവയുമായാണു കുട്ടാൻ വരിക. സദ്യവട്ടമൊരുക്കിയാണു ഭർതൃവീട്ടുകാർ ഇവരെ സ്വീകരിക്കുക. ഗർഭക്കാഴ്ചയായ പലഹാരവും പഴവും ബന്ധുക്കൾക്കും പരിസരത്തുള്ളവർക്കും വീതിച്ചു നൽകും. അടുത്തതു കെർപ്പതക്കാരമാണ്. ഭർത്താവിന്റെ ബന്ധുവീടുകളിൽ ഗർഭിണിയെ സൽക്കരിക്കുന്നതാണു കെർപ്പ തക്കാരം. പിന്നീടു കൂട്ടിക്കൊണ്ടാക്കലാണ്. ഏഴാം മാസം പൂർത്തിയാകും മുന്നെ ഗർഭിണിയെ സ്വന്തം വീട്ടിൽ കൊണ്ടാക്കണം. ഏഴു മാസം തികഞ്ഞാൽ ഭാര്യാഭർത്താക്കന്മാർ ബന്ധപ്പെടാൻ പാടില്ലെന്നായിരുന്നു വിശ്വാസം. ഭർത്താവിൻ്റെ അമ്മയോ പെങ്ങളോ ബന്ധത്തിലുള്ള മറ്റു സ്ത്രീകളോ ആയിരിക്കും ഗർഭിണിയെ കൂട്ടിക്കൊണ്ടാക്കുക.

എല്ലാ പ്രദേശത്തും പേറെടുക്കാൻ അവകാശമുള്ള മലയ, പരവൻ സമുദായങ്ങളിൽപ്പെട്ട വയറ്റാട്ടിമാർ ഉണ്ടായിരുന്നു. ഗർഭിണി എത്തിയ വിവരം അറിഞ്ഞാൽ അലക്കി ഉണക്കിയ വെള്ളത്തുണിയുമായി വയറ്റാട്ടി എത്തും. തൻ്റെ അവകാശം ഉറപ്പിക്കാനാണ് ഈ വരവ്. ഗർഭിണിയുടെ വിവരം അറിയാൻ ഇടയ്ക്കെക്കെത്തുന്ന വയറ്റാട്ടിയെ സന്തോഷിപ്പിക്കാൻ തേങ്ങ, വെള്ളരിക്ക, ചക്ക എന്നിവ നൽകും.

ഭർത്താവിന്റെ വീട്ടിൽ പോയി പേറ് അറിയിക്കുന്നതും വയറ്റാട്ടിമാരുടെയും സഹായികളായ കൈത്താട്ടിമാരുടെയും അവകാശമാണ്. ആചാരമര്യാദകളോടെയാണു ഭർതൃവീട്ടുകാർ ഇവരെ സ്വീകരിക്കുക. അരിയും തേങ്ങയും പണവും ഇവർക്കു കാഴ്ചയായി നൽകും. അമ്മാമൻ്റെ ഭാര്യ ചാര പെറ്റ വിവരം പറയാൻ വന്നപ്പോഴാണു ഞാനിത് കണ്ടത്. മൂത്ത മകൻ ഹരി മരിച്ചു വർഷങ്ങൾക്കു ശേഷം ചാരയ്ക്ക് ആൺകുട്ടി പിറന്ന വിവരം അറിയിക്കാൻ എത്തിയ വയറ്റാട്ടിക്ക് അമ്മമ്മ എടുക്കെ കാഴ്ച നൽകിയിരുന്നു. 1975 ഏപ്രിൽ 8ാണു മാമൻ്റെ രണ്ടാമത്തെ മകൻ പിറന്നത്. ചാരയുടെ അച്ഛൻ കുഞ്ഞിനു മോഹൻ എന്നാണു പേരിട്ടതെങ്കിലും കുയിമ്പിലുള്ളവർ ഹരി എന്നാണു വിളിച്ചത്. പ്രസവത്തിനിടെ എന്തെങ്കിലും അരുതാത്തതു സംഭവിച്ചാൽ വിവരം അറിയിക്കാൻ വയറ്റാട്ടിയുടെ കൂടെ ആണുങ്ങളും പോകും. വയറ്റാട്ടിയുടെ കൂടെ ആണുങ്ങളെ കണ്ടാൽ വീട്ടുകാർക്കു കാര്യം മനസ്സിലാകും. പ്രസവത്തോടെ മരിക്കുന്ന കുട്ടികൾക്കു ചാപിള്ള എന്നാണു പറയുക. പ്രസവിക്കാൻ കഴിയാത്ത പെണ്ണുങ്ങളെ മച്ചി എന്നും വിളിക്കും.

പ്രസവച്ചു ഏഴാം ദിവസം ഈറ്റുപണം എത്തിക്കേണ്ടത് നിർബന്ധമായിരുന്നു. പ്രസവാനന്തര ശുശ്രൂഷയ്ക്കും ചെലവിനും ഭർതൃവീട്ടുകാർ നൽകുന്നതാണ് ഈ പണം. ഈറ്റുപണം എത്തിക്കാതിരുന്നാൽ അതു കുടുംബവഴക്കിനു കാരണമാകും. കുട്ടി തന്റെതല്ല എന്നാണ് ഇതിൻ്റെ അർത്ഥം. പെറ്റുകിടക്കുന്നവർക്കു മറ്റാരും കാണാതെയാണു ഭക്ഷണം കൊടുക്കുക. മറ്റുള്ളവർ കണ്ടാൽ ആശവെച്ച് കൊതികൂടി വയറിളക്കം പിടിപെടുമെന്നാണു വിശ്വാസം. ഇങ്ങനെ അസുഖം വന്നാൽ ഉപ്പും കുരുമുളകും മന്ത്രിച്ചു വാങ്ങി മറ്റുള്ളവരെ തൊട്ടുരിയാടാതെ കഴിക്കും. ബാക്കി ഉഴിഞ്ഞ് അടുപ്പിലിടും.

മരുന്നൻപൊയിലിലെ വരപ്രവൻ ചാത്തുവിൻ്റെ അമ്മ ചീരുവും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ രാധയുമാണു ഞങ്ങളുടെ പ്രദേശത്തു കൊതിക്കു മന്ത്രിച്ചിരുന്നത്. എനിക്കു ചെറുപ്പത്തിൽ വയറിളക്കം വന്നപ്പോൾ അമ്മമ്മ ഇവരെക്കൊണ്ട് ഉപ്പുംമുളകും മന്ത്രിച്ചു തന്നിട്ടുണ്ട്. ആനപ്പാലം പ്രദേശത്ത് ഇത്തരം ചില വിശ്വാസങ്ങൾ നിലനിന്നിരുന്നു. തലമുറകളായി അറിഞ്ഞും കേട്ടും വിശ്വസിച്ചു വന്നവയായിരുന്നു അവ. ഈ കൊതിച്ചു കൊടുക്കൽ ഒരു മന്ത്രജപമാണ്. ഇതെന്താണെന്ന് അറിയാൻ ഞാൻ ചെറുപ്പ ത്തിലേ ആഗ്രഹിച്ചിരുന്നു. വർഷങ്ങൾക്കുശേഷം 1998ലാണ് എനിക്ക് ഈ മന്ത്രം ഹൃദിസ്ഥമാക്കാൻ കഴിഞ്ഞത്. കുയിമ്പിലെ പ്രമീളയുടെ കല്യാണത്തലേന്നു വരപ്രവൻ രാധയാണ് ഇത് എനിക്കു ചൊല്ലിത്തന്നത്.

പ്രസവം കഴിഞ്ഞ് 28-ാം ദിവസമാണു കുട്ടിക്കു പേര് വിളിക്കുക. അന്നുതന്നെ അച്ഛന്റെ ബന്ധുക്കൾ വന്നു കുട്ടിക്ക് അരഞ്ഞാണം അണിയിക്കും. പൂർവികരുടെ പേരാണു കുഞ്ഞുങ്ങൾക്ക് വിളിച്ചിരുന്നത്. അച്ഛച്ഛൻ്റെ അച്ഛൻ്റെ പേര് ചാത്തുവെന്നാണ്. ആ പേരാണ് മാമനിട്ടത്. പേര് കൈമാറ്റം എല്ലാ കുടുംബങ്ങളിലും സർവ്വ സാധാരണമാണ്. പുതിയ വീടെടുത്തു താമസം മാറിയാലും വീട്ടു പേര് പഴയതു തന്നെയായിരിക്കും. കാലക്രമത്തിൽ തറവാടിന്റെ പേരിനു പകരം വീടുകൾക്കു മക്കളുടെയും ദൈവങ്ങളുടെയും പേരുകളായി. കുട്ടികളുടെ പേരിലും പാരമ്പര്യം കൈവിട്ടു. പ്രശസ്‌തരുടെയും ദൈവങ്ങളുടെയും പേരുകളായി കുട്ടികൾക്ക്. സ്കൂ‌ൾ രജിസ്റ്ററിൽ ആദ്യ പേരുകാരാകാൻ ഇംഗ്ലീഷ് അക്ഷരമാലയിലെ എയിൽ തുടങ്ങുന്ന പേരുകളോടായി പ്രിയം. ട്രെന്റ് മാറി, പഴയ പേരുകൾ സ്വീകരിക്കുന്നതാണു പുതിയ ഫാഷൻ. അതുവരെ കേൾക്കാത്ത പേരുകൾക്കായി പിന്നീടു തിരച്ചിൽ.

ഭൂരിഭാഗവും ഓലപ്പുരകളായിരുന്നു അന്ന്. പുല്ലുമേഞ്ഞ വീടുകളും ഓടിട്ട വീടുകളും അപൂർവം. ഉണങ്ങിയ തെങ്ങോല ചീന്തി വെള്ളത്തിൽ കുതിർത്തുവെച്ചു പിറ്റേന്നാണ് ഓല മടയുക. ഓല ഉണക്കിയാണ് അട്ടിയിടുക. ഇതാണ് ഓലപ്പുറം. ഓലവീടുകൾ വർഷാവർഷം പുതുക്കി മേയാൻ എല്ലാവരും സഹായിച്ചിരുന്നു. കരിച്ചോല അഴിച്ചു മേൽക്കൂര അടിച്ചു വൃത്തിയാക്കി ചെത പ്പൊടി പാറ്റേണ്ടത് ആണുങ്ങളാണ്. കരിച്ചോലയിലെ നല്ലതും വെടക്കും തിരിഞ്ഞ് അടുക്കിവെയ്ക്കുന്നതും കാട്ടം വാരി വൃത്തിയാക്കുന്നതും പുരകെട്ടാൻ ആവശ്യമായ പുതിയ ഓലയും നല്ല കരിച്ചോലയും ചേർത്തുവെയ്ക്കുന്നതും പെണ്ണുങ്ങളാണ്. എരങ്കോലിൽ കുത്തിയാണ് ഓല പുരപ്പുറത്തുള്ളവർക്കു കൊടുക്കുക. ഇടത്തോട്ടു മെടഞ്ഞ ഓല വലതുവശത്തും വലത്തോട്ടു മെടഞ്ഞ ഓല ഞാലിയുടെ ഇടതുഭാഗത്തുമാണു കൊടുക്കുക. നേക്കോടെയുള്ള ഈ ഓലചായ്‌പ് മുൻവശത്തെ ഞാലി മനോഹരമാക്കും.

പുര കെട്ടുമ്പോൾ ബന്ധുക്കളും സഹായികളുമായി നിറയെ ആളുകളുണ്ടാകും. ചക്കപ്പുഴുക്കും കഞ്ഞിയും മാങ്ങാച്ചമ്മന്തിയുമാണു ഭക്ഷണം. പുരകെട്ടിൽ പരിചയസമ്പന്നരാണു മോന്തായം കുടുക്കുക. ഓലമടലുകൾ മട്ടൽ ഭാഗം കീഴാക്കി തിരിച്ചും മറിച്ചും വെച്ച് അവയ്ക്കു മുകളിൽ വേറൊരു ഓലമടൽ വെച്ചു പാരക്കോലുകൊണ്ടു കുത്തിക്കയറ്റും. ഓരോ പാരക്കോലിന്റെയും അറ്റങ്ങൾ പാന്തോൻകൊണ്ടു വരിഞ്ഞു മുറുക്കും. പുര കെട്ടിന്റെ അവസാനം ഇറങ്കണ്ണി അരിയലാണ്. പുരയുടെ ഏറ്റവും താഴത്തെ ഇറയോലയുടെ അടിഭാഗം അരിയുന്നതാണ് ഇറങ്കണ്ണി അരിയൽ. ഓലയുടെ അറ്റത്തു താഴെയും മുകളിലും അലക വെച്ച് ഭംഗിയോടെയാണ് ഇറങ്കണ്ണി അരിയുക. ഈ സമയം പായസം നൽകണമെന്നാണ് ആചാരം. പുരകെട്ടു നാളിലെ പായസം വെയ്പ്പു ഉറുമ്പിനു കൊടുക്കലാണ്. ഉറുമ്പിനു വെച്ചില്ലെങ്കിൽ ഓല ഉറുമ്പരിച്ചു മഴക്കാലത്തു വീടു ചോരുമെന്നാണു പറയുക.

സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ഏറെ മാന്യത നൽകിയിരുന്നവരാണ് എൻ്റെ നാട്ടുകാർ. ഈ മനഃസ്ഥിതിയാണ് അന്യനാട്ടുകാരനായ സുകുമാരൻ മാസ്റ്റർക്കു വീട് ലഭിക്കാൻ കാരണം. പാലക്കൂൽ യുപി സ്‌കൂൾ അധ്യാപകനും തിരുവിതാംകൂറുകാരനുമായ സുകുമാരൻ മാസ്റ്റർ കുയിമ്പിൽ ക്ഷേത്രത്തിനു തൊട്ടടുത്ത പൈതൽ മാസ്റ്ററുടെ വീട്ടിൽ വാടകയ്ക്കാണു താമസിച്ചിരുന്നത്. ഈ കാലയളവിൽ സുകുമാരൻ മാസ്റ്റർ മരുന്നൻപൊയിലിൽ വീടുവെയ്ക്കാൻ വാങ്ങിയ സ്ഥലത്തു ചെറ്റപ്പുര കെട്ടാൻ നാട്ടുകാരുടെ സഹായം തേടിയിരുന്നു. മൺകട്ടയും വള്ളുപറമ്പൻ കുഞ്ഞിരാമനോടു വാങ്ങിയ മര ഉരുപ്പടികളും ഉപയോഗിച്ചാണു ചെറ്റപ്പുരയ്ക്കു പകരം അദ്ദേഹത്തിനു നാട്ടുകാർ വീടു നിർമിച്ചത്. പുരപ്പണിക്കാർക്കുള്ള ഭക്ഷണം നൽകുന്ന കാര്യം ഏറ്റെടുത്തത് അച്ഛച്ഛനായിരുന്നു. ദിവസങ്ങളോളം കുയിമ്പിൽ നിന്ന് ഇവർക്കായി ഭക്ഷണം ഉണ്ടാക്കിയിരുന്നു. വീടെടുക്കുന്നിടത്തേക്കു ഭക്ഷണവുമായി അമ്മമ്മയോടൊപ്പം ഞാനും പല പ്രാവശ്യം പോയിട്ടുണ്ട്.

ദീർഘ ചതുരാകൃതിയിലുള്ള മരപ്പെട്ടിയിൽ കുഴച്ച മണ്ണിട്ടു മിനുസിയാണു മൺകട്ട ഉണ്ടാക്കുക. ഏകദേശം ഒന്നരയടി നീളവും ഒരടി വീതിയുമാണു മൺകട്ടയ്ക്ക്. നാലുവശവും മരപ്പലകകൾ യോജിപ്പിച്ചു നടു പൊള്ളയായ രീതിയിലുള്ളതാണു മൺകട്ടയുണ്ടാക്കുന്ന മരപ്പെട്ടി. ഇതു നിരപ്പായ കണ്ടത്തിൽവെച്ച് അതിൽ കുഴച്ച മണ്ണിട്ട് അമർത്തി കുടുക്കി മേൽഭാഗം മിനുസിയശേഷം പെട്ടിവലിച്ചെടുക്കും. ദിവസങ്ങളോളം വെയിലത്ത് ഉണക്കിയ ശേഷമാണ് മൺകട്ടകൊണ്ടു ചുമർ ചായ്ക്കുക. സാമ്പത്തികമായി ഭദ്രതയുള്ളവർ മാത്രമേ ചെങ്കല്ലുകൊണ്ടു വീടു പണിതിരുന്നുള്ളൂ. കാരായി കുഞ്ഞുട്ടിയായിരുന്നു പ്രദേശത്തെ പ്രധാന കല്ലുകൊത്തുകാരൻ. അദ്ദേഹമാണു കുണ്ടത്തിലെ പറമ്പിൽനിന്നു ഞങ്ങൾക്ക് ആവശ്യമുള്ള കല്ലുകൾ കൊത്തിയത്.

പ്രദേശത്തുകാരുടെ മക്കൾക്കു ട്യൂഷനെടുത്തും കലാപരിശീലനം നൽകിയും സുകുമാരൻ മാഷും കുടുംബവും നാട്ടുകാർക്ക് ഏറെ വേണ്ടപ്പെട്ടവരായി. മികച്ച ഗായികയായിരുന്നു അദ്ദേഹത്തിന്റെ മുത്ത മകൾ പ്രസന്ന. കണ്ണൂർ ജില്ലയിലെ ഗാനമേള സംഘങ്ങൾക്കുവേണ്ടി പ്രസന്ന നിരവധി വേദികളിൽ പാടിയിട്ടുണ്ട്. 1985-ൽ തലശ്ശേരി മഹാത്മ കോളേജിൽ വെച്ചു ഞങ്ങൾ റെക്കോർഡ് ചെയ്തത റേഡിയോ നാടകത്തിൽ പ്രസന്നയുമുണ്ടായിരുന്നു. അംബികയാണു സുകുമാരൻ മാസ്‌റ്ററുടെ ഭാര്യ. ശൈലജ, ശശികല, ശ്രീവത്സൻ എന്നിവരാണു മറ്റു മക്കൾ. മാസ്റ്റർ വന്ധ്യ തയ്ക്കുള്ള ശസ്ത്രക്രിയ (വാസക്‌ടമി) ചെയ്‌തിരുന്നു. സ്ത്രീകൾക്കു മാത്രമല്ല ആണുങ്ങൾക്കും വന്ധ്യത ശസ്ത്രക്രിയ ചെയ്യും എന്ന് അറിഞ്ഞത് അദ്ദേഹത്തിലൂടെയാണ്. 1988 മാർച്ച് 14നാണ് സുകുമാരൻ മാസ്‌റ്റർ മരണപ്പെട്ടത്. മൃതദേഹം സ്വദേശമായ തിരുവനന്തപുരം വെഞ്ഞാറമുട്ടിലേക്കാണു കൊണ്ടു പോയത്.

അലഞ്ഞുതിരിഞ്ഞു നടന്ന് ഒടുവിൽ ആളുകളുടെ ആരാ ധ്യനായി മാറിയ വ്യക്തിയാണ് ജാതിക്കൂട്ടം അമ്മത് മുസ്ല്യാർ എന്ന അഹമ്മദ് മുസ്ല്യാർ. ചെണ്ടയാട് സ്വദേശിയും അവിവാഹിതനുമായ അദ്ദേഹം ജാതിക്കൂട്ടത്തെ ബന്ധുവീടായ വേലേരിന്റെ വിടയാണു താമസിച്ചത്. മുഷിഞ്ഞു കീറിയ വസ്ത്രങ്ങളിട്ടു പരിസരപ്രദേശ ങ്ങളിലെല്ലാം അലഞ്ഞുതിരിഞ്ഞ് അദ്ദേഹം അവധൂതതുല്യമായ ജീവിതമാണു നയിച്ചത്. ജാതിക്കൂട്ടം ജുമാമസ്‌ജിദ് മുറ്റത്താണ് അദ്ദേഹത്തിന്റെ ഭൗതികദേഹം ഖബറടക്കിയത്. വർഷംതോറും നടക്കുന്ന അദ്ദേഹത്തിന്റെ ആണ്ട് നേർച്ചയിൽ ദുരദേശങ്ങളിൽ നിന്നുപോലും ജാതിമതഭേദമെന്യേ നൂറുകണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്.🟥

അടുത്ത അധ്യായം ▶  മാമ്പഴക്കാലം 

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10:
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓടുന്ന ട്രെയിനിൻ്റെ പടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു....

അധ്യായം 26 📖 ഡിസ്കോ ഡാന്‍സര്‍ 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂരും...

സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍...

അധ്യായം 25 📖 കുറുപ്പാൾ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അധ്യാപക...

ഓടുന്ന ട്രെയിനിൻ്റെ പടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു....

അധ്യായം 26 📖 ഡിസ്കോ ഡാന്‍സര്‍ 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂരും...

സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍...

അധ്യായം 25 📖 കുറുപ്പാൾ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അധ്യാപക...

കണ്ണൂരിൽ കുഴിമന്തി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു

കണ്ണൂർ: കണ്ണൂർ പാനൂർ പൂക്കോം റോഡിലുള്ള മന്തി ഹോട്ടലില്‍ നിന്നും കുഴിമന്തി...

‘സ്ത്രീത്വത്തെ അപമാനിച്ചു’; ലക്ഷ്മിപ്രിയക്കെതിരെ പരാതി നല്‍കി അൻസിബ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസില്‍ പരാതി നല്‍കി...

മീനച്ചില്‍ ആറ്റില്‍ച്ചാടി യുവതി ജീവനൊടുക്കി

കോട്ടയം: മീനച്ചിലാറ്റില്‍ച്ചാടി യുവതി ആത്മഹത്യ ചെയ്‌തു. വയല സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ...

Related Articles

Popular Categories