‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്
![]()
അഞ്ചാം ക്ലാസിലെ അർധവാർഷിക പരീക്ഷയ്ക്കുശേഷം പുതിയ സ്കൂളിനെ കുറിച്ചായിരുന്നു ഞങ്ങളുടെ സംസാരം. വിട പറയുന്നതിന്റെ ഭാഗമായി സ്കൂളിൻ്റെ ചുമരിലും പിട്ടത്തിലും ചോക്കുകൊണ്ടു പേരും പല വാചകങ്ങളും എഴുതി വെച്ചിരുന്നു. റിസൽറ്റ് വന്നശേഷം ടിസി വാങ്ങുന്നതിനെക്കുറിച്ചായി ചിന്ത. ടിസിയിൽ എന്റെ ജനനത്തീയതി 1965 ഏപ്രിൽ അഞ്ചാണ്. ജാതകത്തിലെ ജനനത്തീയതി മെയ് 30 ആണ്. മിക്ക വിദ്യാർഥികളുടെയും ജനനത്തീയതി മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. സ്കൂളിൽ ചേർക്കാൻ ആവശ്യമായ നിശ്ചിത വയസ്സ് ഒപ്പിക്കാൻ വേണ്ടിയുള്ള അധ്യാപകരുടെ വേലയാണിത്.
ജനനത്തീയതിയുടെ ആധികാരിക രേഖ കോട്ടാളമായിരുന്നു. കണിയാന്മാരാണു കോട്ടാളം എഴുതിയിരുന്നത്. മലയാള വർഷം, മാസം, തീയതി, സമയം, ജനനസ്ഥലം, മാതാപിതാക്കളുടെ പേര് എന്നിവയാണു കോട്ടാളത്തിൽ രേഖപ്പെടുത്തുക. അധിവർഷവും അപകടങ്ങളും മറ്റും സാക്ഷ്യപ്പെടുത്തിയാണ് ആളുകൾ വയസ്സ് കണക്കാക്കിയത്. 1970ലാണു ജനന, മരണ റജിസ്ട്രേഷൻ നിലവിൽ വന്നത്. പിന്നീട് ജനന, മരണ രേഖകൾ പഞ്ചായത്തിന്റെ പരിധിയിലായി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ജാതകം എഴുതാൻ കൊളവല്ലൂർ യുപിയിലെ സുകുമാരൻ മാസ്റ്ററുടെ അടുത്ത് അച്ഛച്ഛൻ കോട്ടാളം കൊടുത്തത്. പിന്നെ എഴുതാമെന്നു പറഞ്ഞു ജ്യോത്സ്യർ അച്ഛച്ഛനെ മടക്കി അയച്ചു. നാലിൽ ഉള്ളപ്പോഴാണു സുകുമാരൻ മാസ്റ്റർ എൻ്റെ ജാതകം കുറിച്ചത്.
യുപി സ്കൂളിലെ ആദ്യദിവസം കനത്ത മഴയുടെയും വഴക്കിന്റെയും ഓർമകളാണ്. രാവിലെ മുതൽ ഏഴാം ക്ലാസിലെ വിദ്യാർഥികൾ പുതുമുഖങ്ങളായ ഞങ്ങളെ ഉപദ്രവിച്ചിരുന്നു. കുന്നോത്തുപറമ്പിലെ വയലിൽ ഫുട്ബോൾ കളി കാണുന്നതിനിടെ ഉണ്ടായ വഴക്കാണു കൊളവല്ലൂർ യുപിയിലെ ആദ്യദിവസത്തെ അടിപിടിക്കു കാരണം. വൈകുന്നേരങ്ങളിൽ ഞങ്ങളുടെ പ്രധാന പരിപാടി ഫുട്ബോൾ കളി കാണലാണ്. മാധവിടീച്ചറുടെ വീടിനു മുന്നിലെ വയലായിരുന്നു ഫുട്ബോൾ ഗ്രൗണ്ട്. ഞായറാഴ്ചകളിൽ ചെറുപ്പറമ്പിൽനിന്നു വരുന്ന ടീമുമായുള്ള മത്സരക്കളിയുണ്ടാകും. അവരോടൊപ്പം വന്നിരുന്ന കുട്ടികളുമായി ഞങ്ങൾ ഗ്രൗണ്ടിനു പുറത്തു കശപിശ പതിവാണ്. സ്കൂൾ വിട്ടു തിരിച്ചു വരുമ്പോൾ ശല്യക്കാരിൽ ഒരാൾ ഞങ്ങളുടെ മുന്നിലകപ്പെട്ടു. വരപ്ര ചന്ദ്രനും പന്നല അനന്തനും അനുജൻ കുഞ്ഞാണ്ണനും ഇയാളെ നന്നായി കൈകാര്യം ചെയ്തു. ഇതിന്റെ പേരിൽ പിറ്റേന്നു പോയ കൃഷ്ണൻ മാസ്റ്റരുടെ കനത്ത ചുരൽ പ്രയോഗം ഏൽക്കേണ്ടിവന്നെങ്കിലും പിന്നീടു ഞങ്ങൾക്ക് ഇവരുടെ ശല്യം ഉണ്ടായില്ല.
ശാന്ത ടീച്ചറായിരുന്നു കൊളവല്ലൂർ യുപിയിലെ ഹെഡ് ടീച്ചർ. അവർ എപ്പോഴും ഓഫീസ് റൂമിലായിരിക്കും. ടീച്ചറുടെ മകൾ പ്രമീള ഞങ്ങളുടെ ക്ലാസിലായിരുന്നു. അനിൽ കുമാർ പോലീസ്, കൊപ്പര രാജൻ, ബി വി ബാലൻ, ടിപി പവിത്രൻ, ആന ചന്ദ്രൻ, വലിയ കുമാരൻ, മഞ്ഞനാണു, വരപ്രചന്ദ്രൻ, ബാല കൃഷ്ണൻ, കുമാരൻ, അശോകൻ, കുഞ്ഞിരാമൻ, പ്രേമചന്ദ്രൻ, ജയചന്ദ്രൻ, മുരിക്കോളി പവിത്രൻ, ചമതനാണു, സുരേന്ദ്രൻ, സതി, വിലാസിനി, ശാന്ത, വത്സല, പുഷ്പ, പി ലീല, സജിത, ജയദ, വാസന്തി, പവിത്രി, സുബൈദ തുടങ്ങിയവരായിരുന്നു യുപിയിലെ സഹപാഠികൾ. യുപി മുതൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ഉണ്ടായിരുന്നു.
കുയിമ്പിലെ തൊട്ടടുത്താണു കോയ്യോട്ടുമ്മൽ വീട്. ഇവിടത്തെ ദിവാകരൻ മാസ്റ്ററായിരുന്നു ആറിലെ സാമൂഹ്യപാഠം അധ്യാപകൻ. കണ്ണൻ മാസ്റ്റർ കണക്കും, പങ്കജാക്ഷി ടീച്ചർ ബയോളജിയും തൂവക്കുന്നിലെ ലക്ഷ്മി ടീച്ചർ ഹിന്ദിയുമാണു പഠിപ്പിച്ചത്. ഏഴിലെ സാമൂഹ്യപാഠം അധ്യാപകനായ ശ്രീധരൻ മാസ്റ്റർ യോഗ മാസ്റ്ററും ജ്യോത്സ്യനും കൂടിയാണ്. എന്തെങ്കിലും വേണ്ടാതീനം ഒപ്പിച്ചാൽ ദിവാകരൻ മാസ്റ്ററിലൂടെ അച്ഛച്ഛൻ അറിയുമെന്നു ഭയന്നു വളരെ ശ്രദ്ധിച്ചായിരുന്നു കൂട്ടുകാരൊത്തുള്ള എന്റെ കറക്കം.
അധ്യാപകരുടെ ഉച്ച മയക്കത്തിനിടയിലാണു ഞങ്ങളുടെ വികൃതികൾ. വെള്ളിയാഴ്ചയിലെ രണ്ടുമണിക്കൂർ നീണ്ട ഇടവേളയിൽ ജാതിക്കൂട്ടത്തിലും പാറാട്ടുമായിരുന്നു കറക്കം. താഴെ കുന്നോത്തുപറമ്പിലെ ഏക ഹോട്ടലായിരുന്നു ഗോയിന്ദന്റേത്. ഇവിടെ അൽപം കറിയോടൊപ്പം കപ്പയ്ക്കു 10 പൈസയും കപ്പയ്ക്കും രണ്ടു മത്തിക്കും കൂടി 20 പൈസയുമാണ്. ഞാൻ 10 പൈസ മാത്രം കൊടുത്താലും ഹോട്ടലിലെ സുരൻ എനിക്കു കപ്പയും മീനും തന്നിരുന്നു. പിന്നീട് എപ്പോഴെങ്കിലും പൈസ കൊടുത്തു തീർക്കും. സുരൻ പിന്നീടു പാറാട്ട് ഗീത എന്ന പേരിൽ സ്വന്തമായി ഹോട്ടൽ തുടങ്ങി.
ഇതിനിടയിലാണ് ഒന്നാം ക്ലാസു മുതൽ എന്റെ ഉറ്റമിത്രമായിരുന്ന വരപ്രചന്ദ്രനും ഞാനും പിണങ്ങിയത്. 6-ാം ക്ലാസിലെ സഹപാഠിയായ മുസ്ലീം പെൺകുട്ടിയുടെ കല്യാണം ഉറപ്പിച്ചതിനാൽ അവൾ ബയോളജി ടെക്സ്റ്റ് ബുക്ക് എനിക്കു തന്നതാണു ചന്ദ്രന്റെ പിണക്കത്തിനു കാരണം. ഈ പ്രശ്നത്തിന്റെ പേരിലുള്ള പിണക്കം വർഷങ്ങളോളം നീണ്ടുനിന്നു. ആനപ്പാലം വയലിൽ വോളിബോൾ കളിക്കാനെത്തുമ്പോഴാണു ഞങ്ങളുടെ വൈരം കൂടുക. കളികാണാൻ എത്തുന്ന കുട്ടികൾ ഗ്രൗണ്ടിനു പുറത്തു തെറിക്കുന്ന ബോൾ എടുക്കാൻ മത്സരിച്ചോടും. ദിവാകരൻ മാസ്റ്റരുടെ അനിയന്മാരായ വിജയൻ, രവി, സുഗതൻ, പാതിപ്പറമ്പൻ രാജൻ, തലുമ നാണു, രാജൻ, കുഞ്ഞാണ്ണൻ, പരപ്ര രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വോളിബോൾ കളി.
പാതിപ്പറമ്പത്ത് രാജൻ സജീവ കോൺഗ്രസുകാരനും ചെറുപ്പറമ്പ് കോ-ഓപ്പറേറ്റിവ് ബാങ്കിൽ ഉദ്യോഗസ്ഥനുമാണ്. രവി വക്കീലായി തലശ്ശേരിയിൽ പ്രാക്ടീസ് ചെയ്യുന്നു. ദിവാകരൻ മാസ്റ്ററുടെ അച്ഛൻ കോയ്യോട്ടുമ്മൽ കുഞ്ഞിരാമൻ മാസ്റ്റർ പ്രദേശത്തെ മുഖ്യസ്ഥന്മാരിൽ പ്രമുഖനാണ്. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന കുഞ്ഞിരാമൻ മാസ്റ്റർ ദീർഘകാലം കുന്നോത്തുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. വിജയനാണു കുന്നോത്തുപറമ്പിൽ ആദ്യമായി, 1975ൽ റൈസ്മിൽ തുടങ്ങിയത്. ഗോതമ്പ് പൊടിപ്പിക്കാനും നെല്ല് കുത്തിക്കാനും ഞാനവിടെ പോകാറുണ്ട്. അവർക്ക് ആനപ്പാലത്തു മരമില്ലുമുണ്ട്.
ദിവാകരൻ മാസ്റ്ററുടെ അച്ഛൻ്റെ പെങ്ങൾ ശാരദയും ഭർത്താവ് കുഞ്ഞിരാമനും മക്കളും പൊയിലൂരിൽനിന്നു കോയ്യോട്ടുമ്മലെ തറവാട്ടു വീട്ടിലേക്കു താമസം മാറ്റിയത് ഈ അവസരത്തിലാണ്. അവരുടെ മക്കൾ ശശിയും ദാസനും എന്റെ അടുത്ത കൂട്ടുകാരായിരുന്നു. ഈ സമയത്ത് ഇരിങ്ങണ്ണൂരിൽനിന്നു കോയ്യൊട്ടുമ്മൽ വന്ന കണാരൻ ഇവിടത്തെ സ്ഥിരം പണിക്കാരനായിരുന്നു. തുപ്പനാർത്ത് കുഞ്ഞമ്പുവിൻ്റെ മകൾ മാലതിയെയാണു കണാരൻ കല്യാണം കഴിച്ചത്. മരുന്നൻപൊയിൽ സ്വന്തമായി വീട്വെച്ച് അദ്ദേഹം നാട്ടുകാരിൽ ഒരാളായി മാറി. 2016 നവംബർ 13നാണു കണാരൻ മരണപ്പെട്ടത്.
യുപി സ്കൂളിലെ കൃഷ്ണൻ മാസ്റ്ററും ഭാര്യ പങ്കജാക്ഷി ടീച്ചറും ഞങ്ങളുടെ വീടിൻ്റെ മുന്നിലൂടെയാണു സ്കൂളിലേക്കുള്ള പോക്കുവരവ്. ആലംപറ്റയിലെ പൗരപ്രമുഖനായിരുന്ന പോയ കുഞ്ഞമ്പുവിന്റെ മകനാണു കൃഷ്ണൻ മാസ്റ്റർ. പിന്നീട് അദ്ദേഹം കുയിമ്പിൽ ക്ഷേത്രപ്പറമ്പിൽ സ്ഥലം വാങ്ങി വീടുവെച്ചു. ഇവരുടെ മൂത്ത മകൻ ഷജിൽനാഥ് മാർക്കറ്റിംഗിലും രണ്ടാമത്തെ മകൻ ഷമൽനാഥ് ഗ്രാഫിക് ഡിസൈനറും. ഇളയമകൻ ഷെറിൻ നാഥ് ഐടി മേഖലയിലുമാണ്. ഷമൽനാഥിൻ്റെ ഭാര്യാപിതാവ് കുമാരൻ ബാംഗ്ലൂരിലെ എൻ്റെ ആദ്യകാല പരിചയക്കാരനാണ്. അദ്ദേഹം ബാംഗ്ലൂർ കോർപ്പറേഷനടുത്തുള്ള പുട്ടണ്ണചെട്ടി ടൗൺ ഹാളിലെ കാന്റീൻ നടത്തുകയാണ്. സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഈ കാന്റീൻ നാലു പതിറ്റാണ്ടായി അദ്ദേഹമാണു നടത്തുന്നത്.
ഞങ്ങളുടെ വീടിൻ്റെ പിൻഭാഗത്തെ വീട് മത്തം ചാത്തുക്കുട്ടിയുടെയും ഭാര്യ കല്യാണിയുടേതുമാണ്. ഇവരുടെ രണ്ടാം ഭർത്താവാണു ചാത്തുക്കുട്ടി. കുയിമ്പിൽ കല്യാണിയുടെ ആദ്യ ഭർത്താവ് സ്വാമി ചാത്തുവിൻ്റെ മരുമകൻ കുയിമ്പിൽ കുഞ്ഞിക്കണ്ണനായിരുന്നു. ആ ബന്ധത്തിലെ ഏക മകൾ രോഹിണിയും കുടുംബവുമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. പുല്ലാഞ്ഞിയോട്ട് കാവിലെ സവർണാധിപത്യത്തിനും പിആറിൻ്റെ ഏകാധിപത്യത്തിനുമെതിരെ ശബ്ദ്ദമുയർത്തിയ തൻ്റേടിയായിരുന്നുവത്രെ കുയിമ്പിൽ കുഞ്ഞിക്കണ്ണൻ. ചാത്തുക്കുട്ടി 2002ലും കല്യാണി 2007 ലുമാണു മരണപ്പെട്ടത്.
രോഹിണി പാലക്കുൽ യുപി സ്കൂളിലെ ടീച്ചറായിരുന്നു. കൊളവല്ലൂർ ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്ററാണു രോഹിണിയുടെ ഭർത്താവ്. മക്കളായ ലിഷിത്ത്, സീന, ലജിഷ എന്നിവരും അധ്യാപകരാണ്. 2007 മെയ് 20നാണു കൃഷ്ണൻ മാസ്റ്റർ മരണപ്പെട്ടത്. കുയിമ്പിൽ വീടിനു തെക്കു കുയിമ്പിൽ സ്വാമി ചാത്തുവിൻ്റെ മകൾ ശാരദയും അവരുടെ മകൻ ശശി മാസ്റ്ററും കുടുംബവുമാണു താമസിച്ചിരുന്നത്. ഞങ്ങളുടെ പ്രദേശത്ത് ആദ്യമായി എസ്എസ്എൽസിക്കു ഫസ്റ്റ് ക്ലാസ് കിട്ടിയതു ശശിക്കാണ്. പാനൂർ മൊകേരിയിൽ ഗവ. എൽപി സ്കൂൾ ഹെഡ് മാസ്റ്ററായിരുന്നു ശശി. അദ്ദേഹത്തിന്റെ ഭാര്യയും അധ്യാപികയാണ്. പിന്നീടു അവർ പാട്യത്തേക്കു താമസം മാറ്റി. 2020 ഓക്ടോബർ 22നാണു കുയിമ്പിൽ ശാരദ മരണപ്പെട്ടത്.
യുപിയിൽ ഞാൻ ഒന്നാം ഭാഷയായി പഠിച്ചത് സംസ്കൃതമാണ്. പന്ന്യന്നൂർ സ്വദേശിയായ അച്ചുതൻ മാസ്റ്ററാണ് സംസ്കൃതം അധ്യാപകൻ. തസ്തിക നിലനിർത്താൻ വേണ്ടി സംസ്കൃതം പഠിക്കാൻ അധ്യാപകർ വിദ്യാർഥികളെ നിർബന്ധിച്ചിരുന്നു. മലയാളം അധ്യാപകനും ജ്യോത്സ്യരുമായ സുകുമാരൻ മാസ്റ്റരുടെ തുടയിൽ നുള്ളിയുള്ള ശിക്ഷയാണു സംസ്കൃത ക്ലാസ് എടുക്കാൻ ചിലരെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം സ്വദേശിയായ സുകുമാരൻ മാസ്റ്റരുടെ ഭാര്യയാണു കുന്നോത്തുപറമ്പിൽ ആദ്യമായി മഹിളാസമാജം സംഘടിപ്പിച്ചത്. അതുവരെ നാട്ടുകാർക്ക് ഇതേക്കുറിച്ച് കേട്ടുകേൾവിപോലും ഇല്ലായിരുന്നു. ശാന്ത ടീച്ചർ സ്കൂളിനോടു ചേർന്നു പുതിയ വീടു വെച്ചതിനുശേഷം അവരുടെ പഴയ വീട്ടിലാണു സുകുമാരൻ മാസ്റ്ററും കുടുംബവും വാടകയ്ക്കു താമസിച്ചത്.
പുസ്തകക്കെട്ടിനൊപ്പം എപ്പോഴും ജ്യോമട്രി ബോക്സുമുണ്ടാകും. ബഞ്ചിലും ഡസ്കിലും നിറയെ കോമ്പസ്സ് ഉപയോഗിച്ചുള്ള ചിത്രപ്പണികളായിരിക്കും. ക്ലാസിലെ സുന്ദരിയുടെ പേരിന്റെ ആദ്യക്ഷരം ചേർത്താണു സ്വന്തം പേര് കോറിയിടുക. എങ്ങനെയെങ്കിലും പെൺകുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ത്വര ആൺകുട്ടികളിൽ പ്രകടമായിരുന്നു. എൽപിയിലുള്ളപ്പോൾ ശീട്ട് കളിക്കാരിൽനിന്നു ജോക്കർ എടുത്തു സൂക്ഷിക്കുന്ന എന്റെ ശീലം യുപിയിലെത്തിയതോടെ സ്റ്റാമ്പ് ശേഖരണത്തിലേക്കു മാറി. മങ്ങലാടൻ കമല, വട്ടപ്പറമ്പത്ത് ചന്ദ്രി എന്നിവരുടെ കല്യാണം ഈ സമയത്തായിരുന്നു. ആൺ സഹപാഠികളിൽ ആദ്യമായി വിവാഹിതനായതു പൂവ്വത്താൻ രാജനാണ്.
വീടുകളിൽ വന്നു മുറ്റത്തു പീഠപ്പലകയിൽ ഇരുത്തിയാണു കാതിയന്മാർ മുടി മുറിക്കുക. ബാർബർ ഷാപ്പിൽ പോയി മുടിമുറിപ്പിക്കാനായിരുന്നു കുട്ടികൾക്കു ഇഷ്ടം. തിരിയുന്ന കസേരയും വലിയ കണ്ണാടിയുമാണു കുട്ടികളെ ബാർബർ ഷോപ്പിലേക്ക് ആകർഷിച്ചത്. കുയിമ്പിൽ വന്നാണു കാതിയൻ കണ്ണൻ എന്റെ മുടി വെട്ടിയിരുന്നത്. യുപിയിൽ ആയതോടെ കൈവേലിക്കലെയും കുന്നോത്തുപറമ്പിലെയും ബാർബർ ഷോപ്പുകളിൽനിന്നാണു മുടി വെട്ടിച്ചത്. കുന്നോത്തുപറമ്പിലെ കട ബാലക്യഷ്ണന്റെയും കൈവേലിക്കലേത് ബാലൻ്റേതുമായിരുന്നു. ബാലൻ്റെ പ്രേമവും ഒളിച്ചോട്ടവും ഏറെ ചർച്ചയായിരുന്നു. ഇദ്ദേഹത്തിന്റെ അനുജൻ ദാസനാണു പാനൂർ പുത്തൂർ റോഡിൽ ബാർബർ ഷോപ്പ് നടത്തി യത്. ഏറ്റവും പുതിയ ഫാഷനുള്ള ഡ്രസ്സുകളാണു ബാർബർമാർ ഇട്ടിരുന്നത്. ബാർബർ ഷോപ്പുകൾ ചെസ്സുകളി കേന്ദ്രങ്ങൾ കൂടി യായിരുന്നു. മിക്കവരും ചെസ്സുകളിയുടെ തുടക്കം കുറിച്ചിരുന്നത് ഇവിടങ്ങളിലാണ്.
ഗാന്ധി ജയന്തിയുടെ ഭാഗമായുള്ള സേവനവാരം ഉത്സാഹത്തിന്റെ നാളുകളായിരുന്നു. ഒരാഴ്ച പഠനം ഇല്ലെങ്കിലും എല്ലാവരും നിർബന്ധമായും സ്കൂളിലെത്തണം. ഒക്ടോബർ രണ്ടു മുതൽ സ്കൂളും പരിസരവും വൃത്തിയാക്കിയും നിരത്തിൻ്റെ ഇരു വശത്തുമുള്ള കാടുപടലങ്ങൾ വയക്കിയും കുഴികൾ നികത്തിയും സേവനവാരത്തിൽ ഞങ്ങളും സജീവമായിരുന്നു. പതിനൊന്നരയ്ക്കുള്ള ഭക്ഷണത്തോടെയാണു സ്കൂളിൽനിന്നു പിരിയുക. പുഴയിൽ നീന്തിത്തുടിച്ചും കളിച്ചും കൂട്ടുകാരുടെ വീടുകളിൽ പോയും വൈകുന്നേരമാണു തിരിച്ചുപോവുക. സേവനവാര വേളയിലാണു പലരും സൈക്കിളും നീന്തലും പഠിച്ചിരുന്നത്. കുന്നോത്തുപറമ്പിലെ പൊറായി രാജൻ്റെ കടയിൽനിന്നാണു സൈക്കിൾ വാടകയ്ക്ക് എടുക്കുക. അന്നത്തെ സൈക്കിൾ കടയാണു പിന്നീട് മൈക്ക്സെറ്റും വാടകസാധനങ്ങളും നൽകുന്ന രാജൻ ലൈറ്റ് ആന്റ് സൗണ്ടായി മാറിയത്. പൊറായി രാജന്റെ അനുജൻ പവിത്രനും ഞാനും യുപിയിൽ ഒരുമിച്ചാണു പഠിച്ചത്.
നെൽക്കൃഷിയും ഇടക്കൃഷികളുമായി പുത്തൂർ പുഴയോരത്തെ വയലേലകൾ എപ്പോഴും സജീവമായിരിക്കും. പുഴയിൽ കുളിക്കാൻ എത്തുന്ന കുട്ടികൾ കൃഷിയിടങ്ങളിൽ ഓടിക്കളിച്ചു വികൃതി കാട്ടാറുണ്ട്. ശല്യം അസഹ്യമാകുമ്പോൾ കൃഷിക്കാർ ശകാരിച്ചുകൊണ്ടു കുരുത്തക്കേടു കാട്ടുന്നവരെ തല്ലാനായി പിന്നാലെ ഓടും. കയ്യെത്തും ദൂരത്തായാലും കൃഷിക്കാർ അവരെ പിടിക്കാതെ ഒച്ചവെച്ച് ഓടിക്കുകയാണ് പതിവ്. കൃഷിയിടങ്ങളിൽ നിഷ്കളങ്ക ബാല്യങ്ങളുടെ കാൽ പതിഞ്ഞാൽ നല്ല വിളകിട്ടും എന്ന വിശ്വാസമാണു വികൃതികൾക്ക് അടി കൊള്ളാതെ രക്ഷ നൽകിയത്.
എന്നെ തനിച്ചു പുഴയിൽ പോകാൻ അനുവദിച്ചിരുന്നില്ല. വീട്ടുകാരുടെ കൂടെ മാത്രമേ ഞാൻ പുഴയിൽ പോകാറുള്ളൂ. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്നെ പുഴയിലിറങ്ങി കുളിക്കാൻ അച്ഛച്ഛൻ അനുവദിച്ചത്. വാഴത്തടയുടെയും കോർത്ത് കെട്ടിയ തേങ്ങയുടെയും സഹായത്തോടെയാണു നീന്താൻ പഠിച്ചത്. നല്ല ഒഴുക്കിലും ഞാൻ നീന്തുന്നതു കണ്ടതിനു ശേഷമാണ് വീട്ടുകാർ എന്നെ കൂട്ടുകാരൊത്തു പുഴയിലേക്ക് വിട്ടത്. സ്കൂൾ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും നീന്തിക്കുളി പതിവാണ്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ പുഴക്കരയിൽത്തന്നെയായിരിക്കും. അവധി ദിവസങ്ങളിൽ കുറ്റേരി, കൈവേലിക്കൽ, നിള്ളങ്ങൾ എന്നിവിടങ്ങളിൽനിന്നു വരുന്ന കുട്ടികളും ഞങ്ങളും തമ്മിൽ മത്സരമുണ്ടാകും. കൈവേലിക്കൽ നിന്നു വരുന്നവരിൽ കൂടുതൽ മാപ്പിളക്കുട്ടികളായിരുന്നു. അവരെ നല്ല മണമായിരിക്കും.
തൊട്ടോട്ടം, മുങ്ങിനീന്തൽ, നീന്തൽ മത്സരം എന്നിവ വാശിയേറി കശപിശയിലാണ് അവസാനിക്കുക. തോൽക്കുന്നവരെ വെള്ളത്തിൽ മുക്കുന്നതായിരുന്നു ശിക്ഷ. തോർത്തുമുണ്ടു മാത്രം ഉടുത്താണു പുഴയിലെ നീരാട്ട്. കുളിക്കിടെ മറ്റുള്ളവരുടെ തോർത്തഴിച്ച് ഓടുന്നതു പതിവ് തമാശകളായിരുന്നു. തോർത്ത് നഷ്ടപ്പെട്ടവർക്കു കരയിലുള്ളവർ പറയുന്നത് അനുസരിക്കുകയേ നിർവാഹമുള്ളൂ. ഇത്ര പ്രാവശ്യം മലർന്നു നീന്തുക, ഇത്ര എണ്ണും വരെ വെള്ളത്തിൽ മുങ്ങി നിൽക്കുക തുടങ്ങിയവ ചെയ്യിച്ചതിനു ശേഷമാണു തോർത്ത് തിരിച്ചുനൽകുക. അടുത്താഴ്ച കാണാമെന്ന വെല്ലുവിളിയോടെയാണു സംഘാംഗങ്ങൾ പിരിയുക. പിന്നീടു കാണുമ്പോൾ എല്ലാവരും പിണക്കമില്ലാത്ത ചങ്ങാത്തത്തിലാകും.
🟥
അടുത്ത അധ്യായം ▶ പൊലോളി
മുന് അധ്യായങ്ങള് ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്മ്മയില് ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
















