ബെംഗളൂരു: മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക പദവി നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്നും ദേശീയ പതാകയ്ക്കൊപ്പം സർക്കാർ കെട്ടിടങ്ങളിൽ കന്നഡ പതാക ഉയർത്താൻ ആവശ്യമായ നിയമപരമായ ചട്ടക്കൂട് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ ഒന്നിന് കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ബെളഗാവി നിയമസഭാ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രിസഭയിൽ തീരുമാനമെടുത്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കന്നഡ പതാകയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകുന്ന വിഷയം നേരത്തെയും സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ തീരുമാനം എടുത്ത് കേന്ദ്രസർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ലെന്ന് ശിവകുമാർ പറഞ്ഞു.
ഇത്തവണ നിയമപരമായ ചട്ടക്കൂട് കൊണ്ടുവന്ന് സംസ്ഥാനതലത്തിൽ ഔദ്യോഗിക തീരുമാനമെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ദേശീയ പതാക ഉയർത്തുന്ന സർക്കാർ കെട്ടിടങ്ങളിൽ അതിനൊപ്പം കന്നഡ പതാകയും ഉയർത്താൻ കഴിയുന്ന രീതിയിലുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള പതാക കന്നഡിഗരുടെ വികാരങ്ങളുടെയും സാംസ്കാരിക സ്വത്വത്തിന്റെയും പ്രതീകമായി മാറിയിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു.
കർണാടകയുടെ വിജ്ഞാന പാരമ്പര്യം, സംസ്കാരം, മതസൗഹാർദം, സമാധാനം എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് പതാകയെന്നും സംസ്ഥാനത്തിന് സ്വന്തമായി ഒരു ഗാനമുള്ളതുപോലെ കന്നഡിഗരുടെ ആത്മാഭിമാനത്തെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക പതാകയും വേണമെന്നതാണ് സർക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Kannada flag to be granted official flag status; Chief Minister D.K. Shivakumar















