ബെംഗളൂരു: കർണാടകയിലെ സർക്കാർ പ്രാഥമിക, ഹൈസ്കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി 15,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. 2026–27 അധ്യയന വർഷത്തേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കല്യാണ കർണാടക മേഖലയിലെ 6,967 തസ്തികകളും മറ്റു മേഖലകളിലെ 8,033 തസ്തികകളുമുൾപ്പെടെ ആകെ 15,000 ഒഴിവുകളാണ് നികത്തുന്നത്. ബിരുദ പ്രാഥമിക അധ്യാപകർ, അസിസ്റ്റന്റ് മാസ്റ്റർമാർ, പ്രൈമറി സ്കൂൾ അധ്യാപകർ, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർ, കമ്പ്യൂട്ടർ സയൻസ് അധ്യാപകർ തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം.
ആകെ ഒഴിവുകളിൽ 8,500 എണ്ണം ബിരുദ പ്രാഥമിക അധ്യാപക തസ്തികകളാണ്. 4,500 അസിസ്റ്റന്റ് മാസ്റ്റർ തസ്തികകളും 900 പ്രൈമറി സ്കൂൾ അധ്യാപക തസ്തികകളും ഉൾപ്പെടുന്നു. കൂടാതെ 600 ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരെയും 500 കമ്പ്യൂട്ടർ സയൻസ് അധ്യാപകരെയും നിയമിക്കും.
ആഗസ്റ്റ് 18-നാണ് ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചത്. ആദ്യം ഒക്ടോബർ 26 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പിന്നീട് ഇത് നവംബർ 16 വരെ നീട്ടി. അപേക്ഷകളിൽ തിരുത്തൽ വരുത്താനുള്ള അവസരവും ഔദ്യോഗിക അറിയിപ്പിൽ നൽകിയിട്ടുണ്ട്.
അധ്യാപക നിയമനം പൂർത്തിയാകുന്നതോടെ സർക്കാർ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ കുറയ്ക്കാനും പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തസ്തിക, യോഗ്യത, സംവരണം, ജില്ല തിരിച്ചുള്ള ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കണം.
SUMMARY: Karnataka government to recruit 15,000 teachers; applications can be submitted until November 16.
















