ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ) അടിസ്ഥാന ശമ്പളത്തിന്റെ 15.75 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർധിപ്പിച്ച് സർക്കാർ. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും വിധമാണിതെന്നു ധനവകുപ്പു പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഈ വർഷമിതു രണ്ടാം തവണയാണു ക്ഷാമബത്ത ഉയർത്തുന്നത്. മേയിൽ 14.25ൽ നിന്നു 15.75 ശതമാനമാക്കിയിരുന്നു. സംസ്ഥാനത്ത് 5 ലക്ഷത്തിലധികം സർക്കാർ ജീവനക്കാരും 4.5 ലക്ഷം പെൻഷൻകാരുമാണുള്ളത്.
യു.ജി.സി, എ.ഐ.സി.ടി.ഇ, ഐ.സി.എ.ആർ ശമ്പള സ്കെയിലുകൾ പ്രകാരം പെൻഷൻ വാങ്ങുന്ന വിരമിച്ച ജീവനക്കാരെയും സംസ്ഥാന പെൻഷൻകാരായി കണക്കാക്കുന്നതിനാൽ ഉത്തരവിൽ ഉൾപ്പെടുത്തും. പുതുക്കിയ ക്ഷാമബത്ത മുഴുവൻ സമയ സർക്കാർ ജീവനക്കാർ, ജില്ലാ പഞ്ചായത്ത് ജീവനക്കാർ, റെഗുലർ ടൈം ശമ്പള സ്കെയിലുകൾ വാങ്ങുന്ന വർക്ക് ചാർജ്ഡ് ജീവനക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും മുഴുവൻ സമയ ജീവനക്കാർ എന്നിവർക്കടക്കം ബാധകമായിരിക്കും.
SUMMARY: Karnataka increases Dearness Allowance for pensioners and government employees to 18 percent.
















