കൊച്ചി: കൊച്ചിയിൽ ഡോക്ടർക്കെതിരായ ലൈംഗിക പീഡനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽ ഫോണിൽനിന്ന് പന്ത്രണ്ടോളം യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയ പോലീസ്, പ്രതി കൂടുതൽ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും ഫോണിൽനിന്ന് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. നിലവിൽ ഒളിവിലുള്ള ഡോക്ടർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
യുവനടിയുടെ ബന്ധു ഇൻഫോപാർക്ക് പോലീസിൽ നൽകിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടറുടെ ഫോൺ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.
കവർച്ചക്കേസിൽ നിന്ന് പീഡനക്കേസിലേക്ക്: കഥ മാറിമറിഞ്ഞത് ഇങ്ങനെ
നേരത്തെ, യുവനടിയും സുഹൃത്തായ നടനും അടങ്ങുന്ന 12 അംഗ സംഘം തന്ന തടഞ്ഞുവെച്ച് മർദിക്കുകയും ഫോണും സ്മാർട്ട് വാച്ചും ഉൾപ്പെടെ 3.25 ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്യുകയും ചെയ്തതായി ഡോക്ടർ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. ഇതിന്റെ അടിസ്ഥാനത്തിൽ നടിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടക്കത്തിൽ സംഭവം ഹണിട്രാപ്പോ ബ്ലാക്ക്മെയ്ലിംഗോ ആണെന്ന സംശയത്തിലായിരുന്നു പോലീസ്.
എന്നാൽ, പോലീസിന്റെ ചോദ്യം ചെയ്യലിൽ നടി നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. ഡോക്ടറുമായി അടുപ്പത്തിലായിരുന്ന ബന്ധുവായ സ്ത്രീയുടെ സ്വകാര്യദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ഫോണിലുണ്ടായിരുന്നുവെന്നും, ഇത് ഡിലീറ്റ് ചെയ്യിക്കാനാണ് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും നടി വെളിപ്പെടുത്തി. തുടർന്ന് കവർന്നെടുത്ത ഫോണുകൾ പ്രതികൾ പോലീസിന് കൈമാറുകയും, ഈ ഫോണുകൾ പരിശോധിച്ച പോലീസ് പീഡന വിവരങ്ങളുടെ വ്യാപ്തി കണ്ടെത്തുകയുമായിരുന്നു. നിലവിൽ മർദനമേറ്റ ഡോക്ടർക്കെതിരെ തന്നെ ബലാത്സംഗത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
SUMMARY: Obscene visuals featuring 12 women found on the phone of a young doctor who was subjected to an attack















