മാഡ്രിഡ്: സ്പെയിനിലെ മധ്യ പ്രവിശ്യയായ ടോളിഡോയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 46 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മാഡ്രിഡില്‍ നിന്ന് സെവില്ലിയിലേക്ക് പോകുകയായിരുന്ന റെൻഫെ, ഇറിയോ കമ്പനികളുടെ അതിവേഗ ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ ഒരു ട്രെയിൻ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ രണ്ട് ബോഗികള്‍ ട്രാക്കില്‍ നിന്ന് പൂർണ്ണമായി പുറത്തേക്ക് മറിഞ്ഞു. അപകടവിവരമറിഞ്ഞ് അത്യാധുനിക മെഡിക്കല്‍ സംഘങ്ങളും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും അവരില്‍ പലരുടെയും നില ഗുരുതരമാണെന്നും ഭരണകൂടം വ്യക്തമാക്കി.
രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി അടുത്തുള്ള കായിക കേന്ദ്രങ്ങള്‍ വരെ താല്‍ക്കാലിക ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. സിഗ്നല്‍ സംവിധാനത്തിലെ തകരാറും മാനുഷിക പിഴവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് മാഡ്രിഡിനും ആൻഡലൂസിയയ്ക്കുമിടയിലുള്ള എല്ലാ അതിവേഗ ട്രെയിൻ സർവീസുകളും താത്കാലികമായി റദ്ദാക്കി.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ദുരന്തത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയ പ്രചാരണ പരിപാടികളും നേതാക്കള്‍ റദ്ദാക്കി. സംഭവത്തില്‍ സ്പെയിൻ സിവില്‍ ഗാർഡിന്റെ പ്രത്യേക ദുരന്ത അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Major disaster in Spain as high-speed trains collide; 46 people dead















