കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചെന്ന കേസില്‍ പ്രതികളായ കെ എസ് യു നേതാക്കള്‍ക്ക് ജാമ്യം. തലശ്ശേരി ജില്ല സെഷന്‍സ് കോടതിയാണ് വധശ്രമക്കേസില്‍ അഞ്ച് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ജില്ലാ സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
പ്രതികള്‍ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും തെളിവുകള്‍ കണ്ടെത്താൻ ആകാത്തതും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികളെ കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കണ്ണൂരില്‍ നിന്നും, തിരുവനന്തപുരത്തേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു മന്ത്രി. ഇതിനിടെയാണ് പ്ലാറ്റ്‌ഫോമില്‍ വച്ച് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. റെയില്‍വ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നടക്കുന്നതിനിടെ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റെന്നായിരുന്നു പോലീസ് റിപ്പോർട്ട്.
SUMMARY: Minister Veena George assault case: Accused granted bail















