ബെംഗളൂരു: മറുനാടൻ മലയാളികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇൻഷുറൻസ് പുതുക്കുന്നതിനുള്ള നടപടികൾ വൈകുന്നത് പ്രവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. പുതുക്കലിനുള്ള സൗകര്യം ഇതുവരെ പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല. ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ദ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി നോർക്ക റൂട്ട്സ് ഒപ്പുവച്ച കരാറിന്റെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കും. എന്നാൽ, പദ്ധതി പുതുക്കുന്നതിനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് പരാതി.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായത്. പരമ്പരാഗത ഇൻഷുറൻസ് പദ്ധതികളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പതിനായിരക്കണക്കിന് മറുനാടൻ മലയാളികളാണ് പദ്ധതിയിൽ അംഗങ്ങളായത്. പ്രതിവർഷം 13,450 രൂപ പ്രീമിയം അടയ്ക്കുന്നതിലൂടെ അഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.
ഇൻഷുറൻസ് പുതുക്കാനുള്ള സമയപരിധി അടുത്തെത്തിയിട്ടും ആവശ്യമായ നടപടികൾ വൈകുന്നത് പദ്ധതിയിൽ അംഗങ്ങളായ പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷ മുടങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
വിഷയത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി സുവർണ കർണാടക കേരള സമാജം ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ ബെംഗളൂരുവിൽ രംഗത്തെത്തിയിട്ടുണ്ട്. ഇൻഷുറൻസ് പുതുക്കൽ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് അധികൃതരിൽ നിന്നും കൃത്യമായ ഒരു മറുപടിയും ഉണ്ടാകുന്നില്ലെന്ന് സുവർണ കർണാടക കേരള സമാജം, ചിക്കബാനവാര-അബ്ബിഗെരെ സോൺ ചെയർമാൻ വിജേഷ് ബാലകൃഷ്ണൻ പറഞ്ഞു. സാധാരണ ഗതിയിൽ കാലാവധി ആകുന്നതിന് ഒരു മാസം മുൻപെങ്കിലും, തുടങ്ങേണ്ട പുതുക്കൽ നടപടി ക്രമങ്ങൾ ഇതുവരെ ആരംഭിക്കാത്തത് പ്രവാസി സംഘടനകളെയും ആശങ്കയിൽ ആക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സംഘടനകൾ ഇടപെട്ട് നിരവധി പേരെയാണ് ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തത്. മറ്റുള്ള ഹെൽത്ത് ഇൻഷുറൻസ് ഒഴിവാക്കിയ ആൾക്കാർ, വയോജനങ്ങൾ, അസുഖം മൂലം ചികിത്സ തേടേണ്ടവർ തുടങ്ങിയവരെ ഒക്കെ ഇത് ആശങ്കയിലാക്കുണ്ടെന്നും സംഘടന പറയുന്നു.
SUMMARY: Delay in NORKA Care insurance renewal; expatriates concerned
















