തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റാണെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ കണ്ടെത്തൽ (Mundathikode fireworks accident). കമ്മീഷൻ ആഭ്യന്തരമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വെടിമരുന്ന് നിർമാണത്തിന് പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന് ആറുമാസത്തിനുശേഷമാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
അപകടസ്ഥലത്ത് അനുവദനീയമായതിലും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചിരുന്നതായും കമ്മീഷൻ കണ്ടെത്തി. 15 കിലോ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ ഏകദേശം 7,000 കിലോ സ്ഫോടകവസ്തുക്കൾ അവിടെ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ചൂടേറിയ കാലാവസ്ഥയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ ഘർഷണം തീപിടിത്തത്തിലേക്ക് നയിച്ചെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
2026 ഏപ്രിൽ 21-നാണ് തൃശൂർ മുണ്ടത്തിക്കോട്ടെ തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയുണ്ടായ ദുരന്തത്തിൽ 16 പേർ മരിച്ചു. തിരുവമ്പാടിയുടെ ലൈസൻസിയായ മുണ്ടത്തിക്കോട് സതീശൻ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദുരന്തത്തിനുശേഷം ചേർന്ന മന്ത്രിസഭാ യോഗമാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഏകാംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അപകടസ്ഥലം സന്ദർശിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ പരിക്കേറ്റവരെയും നേരിൽ കണ്ടിരുന്നു.
SUMMARY: Prohibited explosive substance potassium chloride used in manufacturing; investigation report on Mundathikkode fireworks tragedy submitted.
















