ബെംഗളൂരു: സ്വന്തമായി ഒരു കൂരയെന്നത് സ്വപ്നം മാത്രമായവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പുതിയൊരു വഴിതുറന്നിരിക്കുകയാണ് ‘പ്രോജക്ട് ഷെൽട്ടർ’ പദ്ധതി. ഹോപ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ മൂന്ന് വർഷത്തിനിടയിൽ 50 കുടുംബങ്ങൾക്കാണ് സുരക്ഷിത ഭവനം യാഥാർത്ഥ്യമായത്. 50-ാം വീടിന്റെ താക്കോല്‍ ദാനം ഗാന്ധിജയന്തി ദിനത്തിൽ ബെംഗളൂരു ലക്ഷ്മിപുരത്തെ കിങ്സ് മെഡോസിൽ നടന്ന ചടങ്ങില്‍ മുൻ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം നിര്‍വഹിച്ചു. അപകടത്തിൽ ഗുരുതര പരുക്കേറ്റു കഴിഞ്ഞ നാല് വർഷമായി വീൽചെയറിൽ കഴിയുന്ന കണ്ണൂർ സ്വദേശി ടോബിയുടെ കുടുംബത്തിനാണ് വീട് കൈമാറിയത്.
1000 പേരിൽ നിന്ന് 1000 രൂപ വീതം സമാഹരിച്ച്, 10 ലക്ഷം രൂപ വിലമതിക്കുന്ന വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് പ്രോജക്ട് ഷെൽട്ടർ. മൂന്ന് വർഷം കൊണ്ടാണ് പദ്ധതിയിലൂടെ 50 വീടുകളുടെ നിർമ്മാണം പൂർത്തിയായത്.
ഉഷ വിജയൻ എം.എൽ.എ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പത്മശ്രീ ജേതാവും വീൽചെയർ ടെന്നീസ് താരവുമായ ബോണിഫേസ് പ്രഭു പ്രോജക്ട് ഷെൽട്ടറിന്റെ മൂന്നാം വർഷ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു. മാനന്തവാടി എം.എൽ.എ ഒഷ വിജയൻ അടുത്ത ഒരു വർഷത്തിനുള്ളിൽ 50 വീടുകൾ കൂടി നിർമ്മിച്ചു നൽകാനുള്ള ഓഫർ ലെറ്റർ കൈമാറി. വിധവകൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ എന്നിവർക്കായി എട്ട് സംസ്ഥാനങ്ങളിലായാണ് ഈ വീടുകൾ നിർമ്മിച്ചു നൽകുന്നത്.
ഇത്തരമൊരു ദൗത്യത്തിൽ ഏവരും പങ്കാളികളാകണമെന്ന് പദ്ധതിയുടെ സ്ഥാപകനായ ഫാ. ജോർജ് കണ്ണന്താനം അഭ്യർത്ഥിച്ചു. ഒരു വീട് പൂർണ്ണമായി നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപ വീതം സംഭാവന നൽകിയ 20 പേർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ 10 പേർ കൂടി 10 ലക്ഷം രൂപ വീതം നൽകാൻ മുന്നോട്ട് വന്നതായും അദ്ദേഹം അറിയിച്ചു.
സാമൂഹിക സേവന രംഗത്ത് വേറിട്ട മാതൃക തീർക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി ജീവിതങ്ങൾക്കാണ് പുതിയ വെളിച്ചം ലഭിക്കുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ 50 വീടുകൾ കൂടി നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 500 ചതുരശ്ര അടി വലിപ്പമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാനും സന്ദർശിക്കുക: www.projectshelter.org.in
SUMMARY: Project Shelter enters its third year as a touch of care
















