ഒരു പിസ്സ ബോക്സ് ചിലപ്പോൾ വെറും ഭക്ഷണമല്ല; രണ്ട് ജീവിതങ്ങൾക്കിടയിലെ അകലത്തിന്റെ അളവുകോലുമാകാം. ബെംഗളൂരുവിന്റെ കണ്ണാടി ടവറുകൾക്കപ്പുറവും ചേരികളുടെ ഇടുങ്ങിയ വഴികൾക്കിടയിലും ജീവിക്കുന്ന മനുഷ്യരുടെ സ്വപ്നങ്ങളും മുറിവുകളും സ്നേഹവും നിശ്ശബ്ദ വേദനകളും കോർത്തിണക്കുന്ന ഹൃദയസ്പർശിയായ കഥ. സമ്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസത്തെക്കാൾ, സന്തോഷത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും യഥാർഥ അർഥം അന്വേഷിക്കുന്ന ഒരു വൈകാരിക ആഖ്യാനം. സിന. കെ. എസ്. എഴുതിയ ‘ഒരു പിസ്സാക്കഥ’ ന്യൂസ് ബെംഗളൂരു സ്റ്റോറി ടൈമില്‍ വായിക്കാം
ഏപ്രിൽ മാസത്തിലെ ഉച്ചച്ചൂടാറ്റി സായന്തനത്തിന്റെ ആലസ്യത്തിലേക്ക് ഊർന്നിറങ്ങുന്ന ഉദ്യാനനഗരം, ഡെഡ്ലൈനിന്റെ സമ്മർദ്ദത്തിൽ ടാർഗറ്റ് തീർത്ത് വീക്കെൻഡ് ചില്ലിംഗ് സ്വപ്നങ്ങളിൽ നിർവൃതികൊള്ളുന്ന ഐ. ടി. യുവതയേപോലെ ആശ്വാസ നിശ്വാസമുതിർത്തു.
തിരക്കേറിയ നിരത്തിൽ ഹോൺ മുഴക്കി ആരോടൊക്കെയോ ഉള്ള അമർഷവും പരിഭവവും തീർത്ത് നിന്നും നിരങ്ങിയും നീങ്ങുന്ന വാഹനങ്ങൾ. ഇടയ്ക്കിടെ തങ്ങൾക്കു മാത്രമായി പതിച്ചുകിട്ടിയ ബസ്സ് ലെയിനിൽ നിന്ന് തെന്നി മാറി ഗർവ്വുകാണിച്ചു മുന്നേറുന്ന ബി. എം. ടി. സി. ബസ്സുകൾ. കവലച്ചട്ടമ്പികൾ കണക്കെ കുലുങ്ങിനീങ്ങുന്ന വാട്ടർ ടാങ്കർ ലോറികൾ. ഇടയ്ക്കിടെ സൈറൻ മുഴക്കി ചുറ്റുമുള്ള തിരക്കുകളുടെ അർത്ഥശൂന്യതയെ ഓർമ്മിപ്പിച്ച് കടന്നു വരുന്ന ആംബുലൻസുകൾ. അവയ്ക്ക് വേണ്ടിമാത്രം തൽക്കാലത്തേക്ക് വഴിയൊതുങ്ങിക്കൊടുക്കുന്ന നിരത്തിലെ വഴക്കാളിവണ്ടികൾ. ഈ തിരക്കുകൾക്കൊക്കെ ഇടയിൽ, ആരെയും കൂസാതെ നെഞ്ചുയർത്തിനിൽക്കുന്ന തിളങ്ങുന്ന ഐ. ടി. ടവറുകൾ. അവയുടെ ചില്ലുമുഖങ്ങൾ പൊക്കുവെയിലേറ്റ മേഘച്ചിന്തുകൾ ചിതറിയ ആകാശത്തെ പ്രതിഫലിപ്പിച്ച് ഏതോ കോർപ്പറേറ്റ് വിദഗ്ധന്റെ വ്യാജപ്പുഞ്ചിരി പകർത്തി നിലകൊണ്ടു.
ഇന്ത്യയുടെ സിലിക്കൺ വാലിയുടെ പ്രൗഢി വിളിച്ചോതുന്ന ആ ടെക്പാർക്കിനകത്തെ ഒരു ബഹുനിലക്കെട്ടിടത്തിന്റെ ഒൻപതാംനിലയിലെ സ്ഫടികപ്പുറംചുവരുകൾ വൃത്തിയാക്കുന്ന ജോലിയിലാണ് മുന്ന. കാഴ്ചയിൽ ഒരു മുപ്പത്തഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന അയാൾ അതിസാഹസികമായി കയറിൽ തൂങ്ങിക്കിടന്നുകൊണ്ടാണ് പണി. സൂക്ഷിച്ചുനോക്കിയാൽ കാണാം, കയറിൽ ബന്ധിപ്പിച്ചുനിർത്തിയ പലകയിലാണ് ആശാന്റെ ഇരിപ്പ്. വേറെയും സുരക്ഷാ ബെൽറ്റുകൾ, ശരീരവുമായി ബന്ധിപ്പിച്ച് നിർത്തുന്നുണ്ട്.
അരയിലെ ബെൽറ്റിൽ കൊളുത്തി വലതുവശത്ത് ഒരു ഒഴിഞ്ഞ പെയിൻറ് ബക്കറ്റ് തൂങ്ങിക്കിടക്കുന്നുണ്ട്. ബക്കറ്റിലെ വെള്ളത്തിൽ ഒരു സ്ക്രബ്ബർ. മറുവശത്ത് ബെൽറ്റിൽ കൊളുത്തി ഗ്ലാസ്സ് വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകത്തിന്റെ നീല പ്ലാസ്റ്റിക് സ്പ്രേയിംഗ് ബോട്ടിൽ. വലതു കയ്യിലെ സ്പോഞ്ച് വൈപ്പർ ഉപയോഗിച്ചാണ് വൃത്തിയാക്കൽ. ഒരു നരച്ച നീല ടീഷർട്ടും കീറജീൻസുമാണ് വേഷം. ടീഷർട്ടിന് മേലെ ഒരു ഓറഞ്ച് റിഫ്ലക്റ്റീവ് വെസ്റ്റ് ഇട്ടിട്ടുണ്ട്. തലയിലെ മഞ്ഞ ഹെൽമറ്റിനിടയിലൂടെ നെറ്റിയിലേക്ക് അനുസരണയില്ലാതെ വീണു കിടക്കുന്ന ചെമ്പിച്ച മുടിച്ചുരുളുകൾ. വെയിലേറ്റ് കരിവാളിച്ച മുഖമെങ്കിലും പോക്കുവെയിലിനൊപ്പം ഏതോ ശുഭ പ്രതീക്ഷകൾ ആ കണ്ണുകളിൽ വെട്ടം പരത്തുന്നുണ്ട്. താഴെ പൂത്തുലഞ്ഞുനിൽക്കുന്ന ഗുൽമോഹറുകളോടും, പിങ്ക് ട്രംപെറ്റ് മരങ്ങളോടും കുശലം പറഞ്ഞു വരുന്ന ഇളംകാറ്റ് ഇങ്ങെത്തി മുന്നയുടെ വരണ്ടുണങ്ങിയ ചുണ്ടിലും ഒരു ചെറുപുഞ്ചിരി വിരിയിച്ചു. ഒരു കൈ കൊണ്ട് കയറിൽ പിടിച്ച് റബ്ബർഷൂ ഇട്ട കാലുകൊണ്ട് ചില്ലുപാളികളുടെ മെറ്റാലിക് ഫ്രെയിമിൽ ചവിട്ടി ബാലൻസ് ചെയ്തുകൊണ്ട് അവൻ അടുത്ത ചില്ലുപാളി തുടക്കാനാരംഭിച്ചു.
ചില്ല്പാളി തുടച്ചു പൊടിമാറ്റവെ അവന്റെ കാഴ്ചയിൽ ചില്ലിനപ്പുറത്തെ ഓഫീസ് മുറി തെളിഞ്ഞു വന്നു. ദൃഷ്ടിക്ക് വിരസമായി തോന്നുന്ന ഓഫീസ് കാഴ്ചകൾ അവനു പുതുമയായിരുന്നില്ല. അവന് അപ്രാപ്യമായ മറ്റൊരു ലോകമായിരുന്നു അപ്പുറം. അതുകൊണ്ട് തന്നെ അവിടേക്ക് നോക്കി നഷ്ടപ്പെടുത്താൻ അവൻ സമയവും മനസ്സും കൊടുത്തിരുന്നില്ല. പെട്ടെന്ന് പണിതീർത്ത് പാർക്ക് മാനേജർ മഞ്ജുനാഥിന്റെ കയ്യിൽ നിന്ന് ദിവസക്കൂലി വാങ്ങി അല്ലറ ചില്ലറ പലവ്യഞ്ജനവും വാങ്ങി വീടണയണം. ഇതു മാത്രമായിരുന്നു ചിന്ത.
എന്നിട്ടും…ഇത്തവണ പതിവിനു വിപരീതമായി അപ്പുറത്തുള്ള ഏതോ കാഴ്ചയിൽ അവന്റെ കാഴ്ച തെല്ലുനേരം ഉടക്കി നിന്നു. വടിവൊത്ത രണ്ടു പാദങ്ങൾ. കടുംചുവപ്പുനിറമുള്ള നെയിൽ പോളിഷ് ആ കാലുകളുടെ ഗോതമ്പുനിറത്തിന്റെ വശ്യത കൂട്ടി. മുട്ടൊപ്പമുള്ള ഫോർമൽ ഡ്രസ് ഇട്ട അവളുടെ കാലിനടുത്ത് തന്നെ ഊരിയിട്ട ഹൈ ഹീൽ ചെരുപ്പുകളിൽ നിന്ന് അവന്റെ നോട്ടം ഓഫീസ് ടേബിലിനു മുകളിലെ മൗസിൽ വിരലോട്ടുന്ന അവളുടെ സുന്ദരമായ കൈകളിൽ പതിഞ്ഞു. കയറിൽ തൂങ്ങി നിന്ന് ചാഞ്ഞും ചെരിഞ്ഞും നോക്കിയപ്പോൾ ബ്ലൈൻഡ് ഫോൾഡിനിടയിൽ കൂടി ഡെസ്ക്ടോപ്പ് മോണിറ്റർ പാതി മറച്ചിരുന്ന ആ സുന്ദരിയുടെ മുഖം ഒരു മിന്നായം പോലെ അവൻ കണ്ടു. മുപ്പതു വയസ്സിൽ കൂടുതൽ പ്രായം തോന്നില്ല. ഇത്രയും സൗന്ദര്യമുള്ള ഒരു രൂപം ഇത്രയുമടുത്ത് നേരിൽ കാണുന്നത് ഇതാദ്യമാണ്. അവൻ അറിയാതെ തന്നോട് തന്നെ പറഞ്ഞു പോയി.”ഏതോ ഭാഗ്യവാൻ ആയിരിക്കണം ഇവരുടെ ഭർത്താവ് ! സൗന്ദര്യവും സൗഭാഗ്യവും ഒത്തുചേർന്നുള്ള ജീവിതം..” പെട്ടെന്നാണ് അവന്റെ ചിന്തകൾ മുറിച്ചുകൊണ്ട് ക്യാബിൻ ഡോർ തുറന്നു അവിടേക്ക് ഓഫീസ്ബോയ് കടന്നു വന്നത്. അവൻ കൊണ്ടുവന്ന പിസ്സ പാക്കറ്റ് ഭവ്യതയോടെ മേശപ്പുറത്ത് വച്ച് തിരികെ പോയി. മൂന്നയുടെ നോട്ടം ആ പിസ്സപാക്കറ്റിൽ ഉടക്കിനിന്നു. അവന്റെ മുഖഭാവം പെട്ടെന്നാണ് മാറ്റിയത്. അടക്കിവച്ച ഏതോ വേദന അവന്റെ കണ്ണുകളിൽ വന്നു നിറഞ്ഞു.
പിസ്സക്കു വേണ്ടി വാശി പിടിച്ചു കരയുന്ന ഒരു ആറുവയസ്സുകാരന്റെ മുഖം അവന്റെ ചിന്തകളെ അലോസരപ്പെടുത്തി. മുന്നയുടെ മകൻ റിങ്കു, ചേരിയിലെ അയൽപക്കത്തെ പെൺകുട്ടിയുടെ കയ്യിലാണ് പിസ്സ ആദ്യം കണ്ടത്. അടുത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ വേലയ്ക്കുപോകുന്ന അവളുടെ അമ്മ കൊണ്ട് കൊടുത്തതാണ് അത്. അത് വാസനിക്കാൻ മാത്രമേ റിങ്കുവിന് ഒത്തുള്ളൂ. അന്നു തൊട്ടുള്ള കൊതിയാണ് അവന് പിസ്സയോട്. ഇന്നുവരെ അവന്റെ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ മുന്നയ്ക്ക് ആയിട്ടില്ല.
പ്രമുഖ ഐ. ടി. കമ്പനിയിൽ എക്സിക്യൂട്ടീവ് ആയ എലീന ഫെർണാണ്ടസിന്റെ ഓഫീസ് ടേബിളിൽ ഇരിക്കുന്ന ആ പിസ്സയുടെ പെട്ടി, മുന്നയുടെ കൊച്ചു കുടുംബത്തിന് താങ്ങാനാകാത്ത കൊച്ചുകൊച്ച് ആനന്ദങ്ങളുടെ നോവുള്ള ഓർമ്മപ്പെടുത്തലായി.
രാത്രി എട്ട് മണിയോടടുത്തു. നഗരത്തിലെ ആഡംബര ഗേറ്റഡ് കമ്യൂണിറ്റിയിലുള്ള എലീന യുടെ വില്ല പുറത്തെ നഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി നിന്നു. കർട്ടനിട്ട, തറയോളം നീളുന്ന വലിയ ചില്ലു ജനാലകളിലൂടെ നഗരം തന്റെ ഇരുട്ടും ഉഷ്മാവും അരിച്ചൂറ്റി മാത്രം അകത്തേക്ക് കടത്തി വിട്ടു. യൂറോപ്യൻ ക്രിസ്റ്റൽ ഷാൻഡലിയർ ചിതറിച്ച വെളിച്ചത്തിൽ മുങ്ങിനിൽക്കുന്ന വിശാലമായ ലിവിങ് റൂം. അടുക്കിവച്ച മിനുസമാർന്ന സെറാമിക് ശിൽപങ്ങളും, തറയിലെ മിനുമിനുപ്പുള്ള പേർഷ്യൻ റഗ്ഗും, വാൾപേപ്പർ പതിച്ച ചുവരിൽ തൂക്കിയ ക്ലോദ് മോനെയുടെ വാട്ടർ ലിലീസിലെ തെളിനീരും, ആർദ്രമായ വർണ്ണങ്ങളും, ആ ലിവിങ് റൂമിന് ഒരു തരം സ്നിഗ്ദ്ധത പകർന്നു.
അവിടെ ഇറ്റാലിയ ലെതർ സോഫയിലേക്ക് ശരീരം ചായ്ച്ച്, ടി വി യിലെ സിനിമയിൽ മുഴുകിയിരിക്കുകയാണ് എലീനയുടെ ഭർത്താവ് മൈക്കിൾ. ഏകദേശം നാല്പതോളം വയസ്സുതോന്നിരിക്കുന്ന ക്ലീൻഷേവ് കോർപ്പറേറ്റ് ലുക്ക് ഉള്ള അയാളുടെ മുഖത്തെ അനാവശ്യ കാർക്കശ്യം അവിടത്തെ പ്രശാന്തതയുമായി കലഹിച്ചു. കാഴ്ചയിൽ മോശമല്ലാത്ത രൂപമാണെങ്കിലും മദ്യപാനം വരുത്തിവച്ച ബിയർ ബെല്ലി ചാരനിറമുള്ള ഇറുകിയ ടി ഷർട്ടിന്റെ അടിവശത്ത് വെളിവായിക്കാണാം. സാമാന്യം വണ്ണമുള്ള അയാളുടെ കാലുകളിൽ കടും നീല നിറത്തിലുള്ള ഷോർട്സ് ആരോചകമാം വിധം ഇടുങ്ങിക്കിടന്നു.
മൈക്കിൾ ഫെർണാണ്ടസ് എന്ന ബിസിനസ്സ് ‘തുടക്കക്കാരന്റെ’ നഷ്ടക്കണക്കുകൾ തീരുന്നത് അയാളുടെ ഓഫീസിലല്ല, മറിച്ച് വീടിന്റെ നാലുചുവരുകൾക്കുള്ളിലാണ്. മർച്ചന്റ് നേവിയിലെ ഉയർന്ന ജോലി വേണ്ടെന്നു വെച്ച് തുടങ്ങിയ പുതിയ സംരംഭം പച്ചപിടിക്കാത്തതിന്റെ എല്ലാ അമർഷവും അയാൾ തീർത്തിരുന്നത് അവളുടെ മൗനത്തിന്മേലായിരുന്നു.
കോളിങ് ബെൽ അടിക്കുമ്പോൾ ടി വി യിൽ ‘സക്സഷൻ’ തുടരുകയായിരുന്നു.
എലീന യാണെന്ന് ഉറപ്പുള്ളതുകൊണ്ടോ എന്തോ, മൈക്കിൾ ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല. റിമോട്ട് ഡോർലോക്ക് തുറന്ന് എലീന അകത്തു കടന്നു. ഇനിയും അവസാനിക്കാത്ത പ്രവൃത്തിദിവസത്തെ മുഴുവൻ അവശതയും അവളുടെ ചലനങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കയ്യിലുള്ള ലാപ് ടോപ്പ് ബാഗും പിസ്സ ബോക്സും കൗണ്ടർടോപ്പിൽ വയ്ക്കവേ സ്വീകരണമുറിയിലിരുന്ന് മൈക്കലിന്റെ ഈർഷ്യ നിറഞ്ഞ സ്വരം കേൾക്കാനായി.
“ഇന്നും പിസ്സ !? നിനക്ക് കിച്ചണിൽ കയറി വായിൽ വെക്കാവുന്നതെന്തെങ്കിലും ഉണ്ടാക്കിക്കൂടെ എലീന?!”
കയ്യിലിരുന്ന ടി വി റിമോട്ട് സോഫയിലേക്കെറിഞ്ഞ് അയാൾ എഴുന്നേറ്റു.
“തിരക്കുള്ള ദിവസമായിരുന്നു മൈക്കിൾ..ഇനിയുമുണ്ട് സൂംകോൾസ്. തീരെ വയ്യ.”
സാവധാനം അവളുടെ അടുത്തേക്ക് നടന്ന അയാൾ അവളുടെ വിശദീകരണങ്ങളൊന്നും കേട്ടതായി തോന്നിയില്ല. ഒരു വന്യമൃഗം ഇരയെ നോക്കുന്നത് പോലുള്ള ആ നോട്ടത്തിൽ എലീന തളർന്നുനിന്നു.
അയാൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു.
”പിസ്സ! ഗ്രേറ്റ്… അപ്പൊ ഇതാണ് നിന്റെ ഇന്നത്തെ ‘എഫർട്ട്’ അല്ലേ എലീന?”
അയാൾ അവളുടെ മുഖത്തേക്ക് അല്പം കൂടി അടുത്തുനിന്നു, ഒരു പരിഹാസച്ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി, സ്വരം താഴ്ത്തി ചോദിച്ചു:
”നിനക്ക് ശരിക്കും വല്ല മെന്റൽ ഇഷ്യൂവും ഉണ്ടോ എലീന? അതോ എന്നെ പ്രൊവോക്ക് ചെയ്യാൻ വേണ്ടി നീ ബോധപൂർവ്വം പ്ലാൻ ചെയ്യുന്നതാണോ ഇതൊക്കെ? ഈ ജങ്ക് എനിക്ക് ഇഷ്ടമല്ലെന്ന് നിന്റെ ആ കൊച്ചു തലയിൽ എന്ന് കേറാനാണ്?”
അയാളുടെ സ്വരം കനത്തു: “മാന്യമായ ഒരു ഡിന്നർ എങ്കിലും ഇവിടെ പ്രതീക്ഷിക്കുന്നത് ഒരു വലിയ തെറ്റാണോ? ഷുഡ് ഐ റിപ്പീറ്റ് ദിസ് എവെരി സിംഗിൾ ഡേ ലൈക്ക് എ ബ്ലഡി ബ്രോക്കൺ റെക്കോർഡ് ?!”
പറഞ്ഞുതീർന്നതും, ദേഷ്യം നിയന്ത്രിക്കാനെന്ന ഭാവത്തിൽ കനത്ത കാൽവയ്പുകളോടെ കൗണ്ടർ ടോപ്പിന് നേരെ നടന്ന അയാൾ അവിടെയിരുന്ന പിസ്സ പാക്കറ്റ് ഒരൊറ്റ അടിക്ക് ദൂരേക്ക് തെറിപ്പിച്ചു. പ്രത്യക്ഷത്തിൽ രോഷം പ്രകടമായ അയാളുടെ മുഖത്ത് ഒരു സാഡിസ്റ്റിന്റെ ഗൂഢസ്മിതം ചുണ്ടിന്റെ ഒരുവശം കോട്ടി കുരുങ്ങി നിന്നു.
ഇതെല്ലാം ശീലമായ മട്ടിൽ എലീന നിർവികാരതയോടെ ചിതറിക്കിടന്ന പിസ്സ ക്കഷ്ണങ്ങൾ പറക്കിയെടുത്ത് ഡസ്റ്റ്ബിന്നിനുനേരെ നടക്കുമ്പോൾ സ്വന്തം പ്രവൃത്തിയിൽ നിന്നും കിട്ടിയ ആത്മനിർവൃതിയോടെ മൈക്കിൾ ബാർക്യാബിനറ്റിനുമുന്പിൽ നിൽക്കുകയായിരുന്നു. പല ബ്രാൻഡുകളുടെ വിദേശ മദ്യക്കുപ്പികളിൽനിന്ന് ഇന്നത്തെ തന്റെ മൂഡിന് യോജിച്ച ബ്രാൻഡ് തിരയുകയായിരുന്നു അയാൾ.
ബാത് റൂമിലെ വാഷ് ബേസിന് മുമ്പിൽ എലീന കണ്ണാടിയിൽ സ്വന്തം പ്രതിച്ഛായ നോക്കി. തന്നെ നോക്കി സഹതപിക്കുന്ന ആ മുഖത്തെ ദൈന്യഭാവം കഴുകിക്കളയാണെന്നവണ്ണം അവൾ ഇരുകൈകൾകൊണ്ടും ടാപ്പിൽ നിന്ന് വെള്ളം ശക്തിയായി മുഖത്തേക്ക് തെറിപ്പിച്ചു. ഫേസ് ടവൽ കൊണ്ട് മുഖം ഒപ്പിയശേഷം പെട്ടെന്നുള്ള ഒരു ടച്ചപ്പ് കൊണ്ട് മുഖത്തെ ആധിയുടെ രേഖകൾ മായ്ചുകളഞ്ഞു. ചുണ്ടിൽ കുറച്ച് ലിപ്സ്റ്റിക്ക് കൂടെ ഇട്ട് ഒരു ദീർഘനിശ്വാസമെടുത്ത് കണ്ണാടിയിൽ നോക്കി ഒന്ന് പുഞ്ചിരിച്ചതോടെ പ്രസന്നതയുടെ മൂടുപടം അവൾ ഒന്നുകൂടെ എടുത്തണിഞ്ഞുകഴിഞ്ഞിരുന്നു.
അവൾക്ക് അടുത്ത സൂംകാളിനുള്ള സമയം. ഒൻപതു പി. എം. ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം.
അടുക്കും ചിട്ടയുമായി സൂക്ഷിച്ച ഒരു ഹോം ഓഫീസ് സെറ്റപ്പ് ആയിരുന്നു ആ മുറി. വലിയ മോണിറ്ററിന് മുമ്പിൽ അവളിരുന്നു. ചുവന്നു തുടുത്ത ചുണ്ടുകളിൽ പുഞ്ചിരിയുടെ തിളങ്ങുന്ന വശ്യത വീണ്ടും. വിദേശികളായ ക്ലയന്റ്സിനെ സ്ക്രീനിൽ കാണാം.അപ്പോൾ അവളുടെ മുഖത്ത് കഴിഞ്ഞുപോയതോ ഇനി വരാനിരിക്കുന്നതോ ആയ സംഘർഷങ്ങളുടെ ലാഞ്ചനയേതുമില്ലായിരുന്നു.
ബെഡ്റൂമിനോട് ചേർന്ന ബാൽക്കണിയിലിരുന്ന് ഒരുകയ്യിൽ കത്തിച്ച സിഗരറ്റുമായി പുകയൂതിവിട്ടുകൊണ്ടിരുന്നു മൈക്കിൾ. മറുകൈയിലെ ഗ്ലാസിൽ മദ്യം നിറഞ്ഞും ഒഴിഞ്ഞും കൊണ്ടേയിരുന്നു. ഇരുണ്ട അന്തരീക്ഷത്തിലേക്ക് തുടർച്ചയായി അയാൾ തീർത്ത പുകമേഘങ്ങൾ ഉയർന്നുമറഞ്ഞുകൊണ്ടിരുന്നു.
ഇതേ സമയം നഗരത്തിലെ അധികം അകലെയല്ലാത്ത ചേരിയിൽ തന്റെ കുടുസ്സു മുറിയിൽ ഭാര്യയോടും മകനോടുമൊപ്പം അത്താഴത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു മുന്ന. ഒരു അലൂമിനിയം കലത്തിൽ കയ്യിട്ട് വെള്ളയരിച്ചോറ് മുന്നക്ക് വിളമ്പിക്കൊടുക്കുന്ന യുവതി. ഇരുനിറത്തിൽ മെലിഞ്ഞ ശരീരപ്രകൃതി. പിന്നിത്തുടങ്ങിയ പലവർണപ്പൂക്കളുള്ള ലിനൻ സാരിയും ബ്ലൗസുമാണ് അവളുടെ വേഷം. സാരി കുറച്ചുയർത്തി ഒക്കത്ത് കുത്തിവച്ചിട്ടുണ്ട്. സാരിയുടെ മുന്താണി തലയിൽ തട്ടമാക്കി ചുറ്റിയിട്ടിട്ടുണ്ട്. അതിനിടയിലൂടെ കഴുത്തിൽ കിടക്കുന്ന, കുഞ്ഞുചുവപ്പുമുത്തുമണികൾ കോർത്ത മാല കാണാം. കാതിൽ ഇമിറ്റേഷൻ സ്വർണക്കമ്മൽ, മൂക്കുത്തി, ചുവന്ന കുപ്പിവളകൾ. അതാണ് മുന്നയുടെ ‘ബംഗാളി ബവു’ മൗമിന. ചേരിക്ക് ഒരു മതിലിനപ്പുറമുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ അഞ്ചു ഫ്ലാറ്റുകളിൽ വീട്ടുജോലിയുണ്ട് അവൾക്ക്. മുന്നക്ക് പണിയില്ലാത്തപ്പോൾ അവളുടെ വരുമാനം മാത്രമാണ് ആ കൊച്ചു കുടുംബത്തിന്റെ ആശ്രയം.
ഒരു ചെറിയ കിണ്ണത്തിൽ പരിപ്പുകൂട്ടാൻ കുറച്ചധികം ചാറോടെ തന്നെ അവൾ രണ്ട് കിണ്ണങ്ങളിലേക്കും പകർന്നു. മുന്ന ഒരു ചെറിയ സാഷെ കടിച്ചുതുറന്ന് കുറച്ച് അച്ചാറ് അവരുടെ പാത്രങ്ങളിലേക്കിട്ടു. റിങ്കുവിനോടൊപ്പം മൗമിനയുടെയും കണ്ണുകളിൽ ഒരു നിമിഷാർത്ഥം വന്ന തിളക്കം അയാൾ ആസ്വദിച്ചു. അയാൾ പറഞ്ഞ കൊച്ചുകൊച്ചു തമാശകളിൽ അവർ ചേർന്നു.
മകനെ പായിൽ കിടത്തിയുറക്കിയത് അച്ഛനാണ്. സ്നേഹത്തിന്റെ ഊഷ്മളത ആ കൊച്ചുമുറിയിൽ നിറഞ്ഞുനിന്നു. മുറിക്കുപുറത്തുനിന്ന് പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി, വിജാഗിരി ഇളകിയ വാതിൽ അടച്ചു കൊളുത്തിട്ട് അവൾ അയാൾക്കരികിൽ ആ പഴയ കോസടിയിൽ വന്നിരുന്നു. ആ കുടുസ്സുമുറിയിലെ ഇരുട്ടിലും അവരുടെ കണ്ണുകളിൽ പ്രണയം തിളങ്ങി. അവളുടെ കാൽപാദങ്ങളിൽ പിടിച്ച് അവൻ പെട്ടെന്ന് അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ചു. വീണ്ടുകീറിയ ആ കാൽപാദങ്ങൾ മുന്ന സ്വന്തം നെഞ്ചോടു ചേർത്തു. അവൾ പെട്ടെന്ന് കാലുകൾ വലിച്ച് അവന്റെ നെഞ്ചിലേക്ക് തലചേർത്ത് എന്തോ അപരാധം തീർക്കാനെന്നപോലെ തൊട്ട് നെറുകിൽ വച്ചു. പിന്നീട് തലയുയർത്തി ഇരുകൈകൾകൊണ്ടും അവന്റെ ചെവികൾക്കിരുവശവും ചപ്രിച്ചുനിൽക്കുന്ന ചെമ്പൻ മുടിച്ചുരുളുകൾ തെല്ല് കുസൃതിയോടെ ചുരുട്ടിപ്പിടിച്ചു വലിച്ച് അവനെ തന്റെ നേർക്കടുപ്പിച്ച് കോസടിയിലേക്കുവീണു. പാളിപൊട്ടിയ ജനാലക്കീറിലൂടെ എത്തിനോക്കുന്ന നിലാവിന് പരസ്പരം പിണയുന്ന പാദങ്ങൾ മാത്രം കാണാമായിരുന്നു.
നഗരം നിശ്ശബ്ദതയിലേക്ക് വഴിമാറിക്കഴിഞ്ഞിരുന്നു. രാത്രിയുടെ അവകാശികളായ നരിച്ചീറുകൾ പാതയോരങ്ങളിലെ ഞാവൽമരങ്ങളിലും അത്തിമരങ്ങളിലും ആധിപത്യം സ്ഥാപിച്ചുകൊണ്ട് സ്വതന്ത്രമായി വിഹരിച്ചു.
ആഡംബര വില്ലയ്ക്കുള്ളിൽ, ബെഡ്റൂം ലാമ്പിന്റെ മാസ്മര പ്രഭയിൽ മയങ്ങിക്കിടക്കുന്ന വിശാലമായ കിടപ്പറ. സ്വപ്നസമാനമായ ആ വെള്ളപ്പട്ടു മെത്തയിൽ, ലക്ഷ്വറി കംഫർട്ടറിനിടയിലൂടെ എലീനയുടെ സുന്ദരമായ കാലുകൾ വെളിവാകുന്നുണ്ടായിരുന്നു. തന്റെ എല്ലാ അപകർഷതാബോധങ്ങളും അരക്ഷിതാവസ്ഥകളും എലീനയുടെ മേൽ തീർത്ത ആശ്വാസത്തിലാകണം, തൊട്ടടുത്ത് മൈക്കിൾ മലർന്നു കിടന്ന് ഉറക്കമാണ്. അയാളുടെ കുടവയർ ശ്വാസോച്ഛ്വാസത്തിനൊപ്പം താളാത്മകമായി ഉയർന്നുതാഴ്ന്നു. ആ വലിയ കിടപ്പറയിൽ അപ്പോഴും അയാളുടെ കൂർക്കം വലി മാത്രം ഒരു യുദ്ധക്കപ്പലിന്റെ അപായ സൈറൺ പോലെ മുഴങ്ങിക്കൊണ്ടിരുന്നു.
അവൾ അയാളിൽ നിന്ന് മുഖം തിരിച്ച് വിറയലോടെ മെത്തയുടെ മറുവശത്തേക്ക് ഒതുങ്ങിക്കിടന്നു. കംഫർട്ടറിനിടയിലൂടെ പുറത്തേക്ക് കാണുന്ന അവളുടെ മനോഹരമായ കഴുത്തിലും അനാവൃതമായ തോളുകളിലും മൈക്കിൾ ഏൽപ്പിച്ച പാടുകൾ ചുവന്നു തിണർത്തുകിടന്നു. ആ ക്ഷതങ്ങളിലൂടെ മെല്ലെ വിരലോടിക്കവേ, അവളുടെ കണ്ണുകളിൽ നിന്നൊഴുകിയ കണ്ണുനീർ കവിളുകളെ നനച്ചുകൊണ്ട് തലയിണയിലേക്ക് ഊർന്നിറങ്ങി വിസ്മൃതിയിലാണ്ടു. തൊണ്ടയിൽ കുരുങ്ങിയ തേങ്ങൽ പുറത്ത് കേൾക്കാതിരിക്കാൻ അവൾ പല്ലുകൾ അമർത്തിപ്പിടിച്ചു.
പുറത്തെ ആഡംബരങ്ങൾക്ക് കാവലിരുന്ന ക്രിസ്റ്റൽ ഷാൻഡലിയർ അണഞ്ഞിരുന്നു. അടുക്കളയിലെ വേസ്റ്റ് ബിന്നിനുള്ളിലെ പിസ്സാക്കഷ്ണങ്ങൾക്കിടയിൽ അപ്പോഴും പാറ്റകൾ തങ്ങളുടെ ലേറ്റ് നൈറ്റ് പാർട്ടി തുടർന്നുകൊണ്ടിരുന്നു🔘
















