‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
ചെമ്പേരി നാണു ഗുരുക്കൾ, വിശ്വനാഥൻ ഗുരുക്കൾ എന്നിവരിൽനിന്നു നേടിയ കളരിമുറകൾ, പ്രഭാകരൻ നാമത്ത്, സുരേഷ് വിസി എന്നിവരിൽനിന്നു സ്വായത്തമാക്കിയ കരാട്ടെ, പ്രേം സി മേനോൻ, സഞ്ജയ് ജവാൾക്കർ എന്നിവരിൽനിന്നു വശത്താക്കിയ ഫൈറ്റിംഗ് സ്പിരിറ്റ്, പ്രകാശ് ചൗധരിയിൽനിന്നു ലഭിച്ച ഐക്കി ഡോ, ബാംഗ്ലൂർ യൂത്ത് സെൻ്ററിൽ നിന്നു പരിശീലിച്ച ജൂഡോ എന്നിവയുടെ പിൻബലമാണു ഹോങ്കോങ്ങിൽ പരിശീലനം നേടാൻ എന്നെ പ്രാപ്തനാക്കിയത്. ബ്രൂസ്‌ലീ സ്റ്റൈൽ ജീത്ത്-കുന്നിഢോ പരിശീലകനായ ബൽഗാമിലെ സഞ്ജയ് ജവാൾക്കറുമായുള്ള ബന്ധമാണ് 1993ൽ ഹോങ്കോങ്ങിൽ പരിശീലനം നേടാൻ വഴിയൊരുക്കിയത്.
കമ്പ്യൂട്ടർ പഠനത്തിനുശേഷം 1990ൽ സൈബർ നെറ്റിക്സ‌് എന്ന സോഫറ്റ്‌വെയർ കമ്പനിയിൽ ഞാൻ ജോലി ചെയ്തിരുന്നു. രാജേന്ദ്രനായിരുന്നു ഈ കമ്പനിയുടെ ഉടമ. പി ആർ ടി എക്സ് പോർട്ടിനുവേണ്ടി ഫ്രൂട്ടി, ആപ്പി എന്നിവയുടെ സോഫ്റ്റ്വെയർ ചെയ്യുമ്പോഴാണു ഞാൻ ഇതിൻ്റെ എംഡിയായ രഘുവിനെ പരി ചയപ്പെട്ടത്. അദ്ദേഹത്തിന്റെ കല്യാണവേളയിലാണു തമിഴ് സിനിമയിലെ ഇതിഹാസമായിരുന്ന ശിവാജി ഗണേശൻ, അദ്ദേഹത്തിന്റെ മകൻ പ്രഭു എന്നിവരെ പരിചയപ്പെടാൻ എനിക്ക് അവസരം ലഭിച്ചത്. കല്യാണവുമായി ബന്ധപ്പെട്ടു മൂന്നു ദിവസം ഇവർ രഘുവിന്റെ വീട്ടിലുണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ഡയറക്‌ടറുടെ മകളാണു രഘുവിൻ്റെ ഭാര്യ. രഘുവിനെ കാലങ്ങളായി അലട്ടിയിരുന്ന കാൽമുട്ടു വേദന ദിവസങ്ങൾക്കുള്ളിൽ ഞാൻ ഭേദമാക്കിയിരുന്നു. കരാട്ടെയിൽ ഉന്നത പരിശീലനം നേടണമെന്ന ആഗ്രഹമറിഞ്ഞ് രഘുവാണ് എൻ്റെ ഹോങ്കോങ്ങ് യാത്ര സ്പോൺസർ ചെയ്‌തത്.
1993 ഏപ്രിൽ 14നു വിഷുവിനായിരുന്നു എന്റെ ആദ്യ വിമാനയാത്ര. ബാംഗ്ലൂരിൽനിന്നു മദ്രാസിലേക്കും അവിടെനിന്നു മലേഷ്യ വഴി ഹോങ്കോങ്ങിലേക്കുമായിരുന്നു യാത്ര. കരാട്ടെ ക്ലാസിലെ കുട്ടികളും സുഹൃത്തുക്കളും എന്നെ യാത്രയയക്കാൻ ബാംഗ്ലൂർ എച്ച് എഎൽ എയർപോർട്ടിൽ എത്തിയിരുന്നു. കുതിച്ചുയർന്ന വിമാനത്തിൽനിന്നു പുറത്തോട്ടു നോക്കിയപ്പോൾ സന്തോഷവും ഭയവും കൂടിക്കലർന്ന പറഞ്ഞറിയിക്കാനാകാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ. പാൽമേഘങ്ങൾക്ക്, ഇടയിലൂടെയുള്ള ആദ്യ വിമാന സഞ്ചാരം മറക്കാൻ പറ്റാത്ത അനുഭവമാണ്.
ആകാശത്തു യന്ത്രപ്പക്ഷിയുടെ ഇരമ്പൽ കേൾക്കുമ്പോൾ തുള്ളിച്ചാടിയിരുന്ന എൻ്റെ ബാല്യകാല സ്വപ്‌നസാക്ഷാൽക്കാരമായിരുന്നു ഇത്. ഹോങ്കോങ്ങിലെത്തിയപ്പോൾ ഏതോ വിസ്‌മയ ലോകത്തെത്തിയ പ്രതീതിയായിരുന്നു. ഹോങ്കോങ്ങിലെ രാത്രികളുടെ മാസ്മരികതയിൽ അലിഞ്ഞുചേർന്ന ദിവസങ്ങളായിരുന്നു അത്. ഓരോ ദിവസവും പണം എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടാണു കഴിച്ചുകൂട്ടിയത്.
ഹോങ്കോങ്ങിൽ ബ്രൂസ്‌ലിയുടെ സഹപാഠിയായ ഡോ. ലിയാൻ തോങ്ങിൻ്റെ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. അദ്ദേഹത്തിന്റെ സഹായത്താൽ ബ്ലാക്ക് ബെൽറ്റ് മാഗസിന്റെ ഓഫീസിൽ പോയതും ബ്രൂസ്‌ലീ സിനിമകൾ ചിത്രീകരിച്ചിരുന്ന വാട്ടർലൂ സ്റ്റുഡിയോ കാണാൻ കഴിഞ്ഞതും ജീവിതത്തിലെ അസുലഭഭാഗ്യമാണ്. 1940 നവംബർ 27നു കാലിഫോർണിയയിലായിരുന്നു ലീജൂൺ ഫാൻ എന്ന ബ്രൂസ് ലീയുടെ ജനനം. 1973 ജൂലൈ 20നു 32-ാം വയസ്സിലായിരുന്നു ബ്രൂസ് ലീയുടെ മരണം. വാഷിംഗ്‌ടണിലെ ലേക്ക് സെമിത്തേരിയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. 1993 മാർച്ച് 31നു 28-ാം വയസ്സിലാണു ബ്രൂസ് ലീയുടെ മകൻ ബ്രാഡൻ ലീ കൊല്ലപ്പെട്ടത്.
എന്റെ ബാച്ചിലെ എല്ലാവരും ഉന്നത പരിശീലനം സിദ്ധിച്ചവരാണ്. പരിശീലനത്തിനിടയിൽ ഇടിയേറ്റു വീണ എനിക്ക് ഏറെ സമയം കഴിഞ്ഞാണ് എഴുന്നേറ്റു നിൽക്കാനായത്. തളർന്നു വീണിടത്തുനിന്ന് അരികിലെ കണ്ണാടിയിൽ കൂടി താഴോട്ടു നോക്കിയപ്പോൾ വാഹനങ്ങൾ ഉറുമ്പ് ഇഴയുന്നതു പോലെയാണു തോന്നിയത്. ഹോങ്കോങ്ങിലെ പരിശീലനത്തോടെ കരാട്ടെ പഠനം പൂർണമായി. ഇനി ഒന്നുമില്ല എന്ന ചിന്ത എന്നെ വല്ലാത്ത ഒരു ശൂന്യതാ ബോധത്തിൽ എത്തിച്ചു.
അതുവരെ കരാട്ടെ മാത്രമായിരുന്നു എൻ്റെ ലോകം. അതുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു എൻ്റെ സ്വപ്‌നങ്ങൾ. കരാട്ടെയിൽ എല്ലാം നേടിയെന്ന ചിന്തയിൽനിന്ന് ഉടലെടുത്ത ഉന്മാദാവസ്ഥയിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിൻ്റെ മുകളിൽനിന്നു താഴേക്ക് ചാടിയാലോ എന്ന് ആലോചിച്ചിരുന്നു. കളരിയേക്കാളും വലുതാണോ അത് എന്ന അച്ഛച്ഛൻ്റെ ചോദ്യം എൻ്റെ ചെവിക്കുള്ളിൽ പ്രതിധ്വനിക്കാൻ തുടങ്ങി. അമ്മമ്മയെ കാണണമെന്നു തോന്നിയതോടെയാണു മനസ്സ് തണുത്തത്. പിന്നെ എല്ലാം ശാന്തം.
ഹോങ്കോങ്ങിൽനിന്നു തിരിച്ചെത്തിയശേഷം ബാംഗ്ലൂർ ദൂരദർശൻ എന്റെ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. പല കന്നഡ, ഇംഗ്ലീഷ് പത്രങ്ങളിലും എന്നെപ്പറ്റിയുള്ള ഫീച്ചറുകൾ വന്നു. രാജു പത്രിക എന്ന കന്നഡ ആഴ്‌ചപ്പതിപ്പ് കരാട്ടെയെക്കുറിച്ചുള്ള എന്റെ തുടർലേഖനം പ്രസിദ്ധീകരിച്ചു.
ഹോങ്കോങ്ങ് യാത്രയ്ക്കുമുമ്പ് എൻ്റെ എല്ലാ ക്ലാസുകളും സീനിയർ സ്റ്റുഡന്റ്റായ പോൾ തോമസിനെ ഏൽപിച്ചിരുന്നു. തിരിച്ചെത്തിയ ശേഷവും പോൾ തന്നെയാണു ക്ലാസുകൾ നടത്തിയത്. കരാട്ടെ ക്ലാസുകളിൽ നിന്നു ഞാൻ ക്രമേണ പിൻവാങ്ങി. 1998 വരെ ടൂർണമെൻ്റുകളും പ്രദർശനങ്ങളുമായി ഞാൻ കരാട്ടെ രംഗത്തു സജീവമായിരുന്നു. 1999തു മുതൽ സീനിയർ സ്റ്റുഡന്റായ ബാലാജിയാണു ക്ലാസുകൾ എടുത്തത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ 1990ൽ ഞാൻ നടത്തിയ കരാട്ടെ ക്ലാസിലെ ആദ്യ ബാച്ചിൽപ്പെട്ടവരാണ ട്ടവരാണു പോൾ തോമസും ജ്യേഷ്‌ഠൻ ഷാജി തോമസും. വളരെ ചെറുപ്പത്തിലേ അമ്മ നഷ്‌ടപ്പെട്ട ഇവർ അച്ഛൻ തോമസിന്റെ സംരക്ഷണത്തിലാണു വളർന്നത്. ഇവർക്കു സഹോദരന്മാരും സഹോദരിയുമുണ്ട്. ഷാജി തോമസിന്റെ കല്യാണത്തിന്റെ തലേ ദിവസം തൃശ്ശൂർ മാളയിലെ വീട്ടിൽ ഞാൻ കരാട്ടെ പ്രദർശനം നടത്തിയിരുന്നു.
ഹോങ്കോങ്ങിൽ നിന്നാണു സെൻ മെഡിറ്റേഷൻ പരിശീലനം നേടിയത്. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൻ്റെ കീഴിലുള്ള സ്‌കൂളിൽ ഞാൻ സെൻ മെഡിറ്റേഷൻ ക്ലാസ് നടത്തിയിരുന്നു. ശ്രീ നാരായണ സമിതിയിലെ സി രവീന്ദ്രൻ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന്റെ വൈസ് പ്രസിഡണ്ടായപ്പോൾ അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണു ഞാൻ ഇവിടെ ക്ലാസുകൾ ആരംഭിച്ചത്. നിരവധി പേർ ഇവിടെവെച്ചു മെഡിറ്റേഷൻ പരിശീലിച്ചിരുന്നു.
1995ൽ ദുരവാണി നഗർ കേരളസമാജം ഓണാഘോഷത്തോട് അനുബന്ധിച്ച് എന്നെ ആദരിച്ചു. ഈ പരിപാടിയിൽ വെച്ചാണു പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എ ആർ ഇൻഫന്റ് ഐപിഎസിനെ പരിചയപ്പെട്ടത്. അദ്ദേഹം എന്നെ കർണാടക പോലീസിനെ കരാട്ടെ പഠിപ്പിക്കാൻ നിയമിച്ചു. കെഎസ്ആർപി, സിറ്റി ആംഡ് റിസർവ് തുടങ്ങിയ വിഭാഗങ്ങൾക്കു പരിശീലനം നൽകി സ്റ്റേറ്റ് പോലീസ് കരാട്ടെ ടീമിനു രൂപം കൊടുത്തു. ഡിജിപി ശ്രീനിവാസ് ഐപിഎസ്, കെഎസ്ആർപി ഗ്രൗണ്ടിൽ വെച്ച് എന്നെ ആദരിച്ചു. കർണാടക പോലീസിൻ്റെ ആദ്യ കരാട്ടെ കോച്ച് ഞാനാണ്. എം ഡി സിംഗ് ഐപിഎസായിരുന്നു അന്നത്തെ പോലീസ് സ്പോർട്‌സ് ചെയർമാൻ. എ ആർ ഇൻഫന്റ്, ഐപിഎസ് സംസ്ഥാന പോലീസിലെ ഏറ്റവും ഉയർന്ന പദവിയായ ഡയറക്ടർ ജനറലും, ഇൻസ്പെക്ടർ ജനറലുമായാണു സർവീസിൽ നിന്നു പിരിഞ്ഞത്
1996ലെ റിപ്പബ്ലിക്ക് ദിനത്തിൽ കർണാടക ഗവൺമെന്റിന്റെ ക്ഷണിതാവായി പരേഡ് ഗ്രൗണ്ടിൽ ഞാൻ കരാട്ടെ പ്രദർശനം നടത്തി. എ ആർ ഇൻഫൻ്റ് ഐപിഎസായിരുന്നു എല്ലാ സഹായങ്ങളും ചെയ്തുതന്നത്. മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് കരാട്ടെ പ്രദർശനത്തിനു നൽകിയത്. നെയിൽ ബോർഡിൽ കിടന്നുള്ള പ്രദർശനം കണ്ടു ബാംഗ്ലൂരിലെ പത്ര ദൃശ്യമാധ്യമങ്ങൾ ‘ആധുനിക ഭീഷ്‌മ’ എന്നാണ് എന്നെ വിശേഷിപ്പിച്ചത്.
ബോർഡിൽ ഉറപ്പിച്ച ആയിരത്തിൽപ്പരം ആണിമുനയിൽ മലർന്നുകിടന്ന എൻ്റെ നെഞ്ചിൽ ഇരുന്നൂറിൽപ്പരം കിലോ ഭാരമുള്ള കടപ്പാകല്ലുകൾ അടുക്കിവെച്ചു. ഇത് ഒരാൾ ചുറ്റിക കൊണ്ട് അടിച്ച് ഉടച്ചു. ഒരു പോറലുമേൽക്കാതെ എഴുന്നേറ്റ എന്നെ ഹർഷാരവത്തോടെയാണു ജനാവലി എതിരേറ്റത്. ഗവർണർ ഖുർഷിദ് ആലംഖാൻ, മുഖ്യമന്ത്രി ദേവഗൗഡ തുടങ്ങിയ പ്രമുഖർ എന്നെ അനുമോദിച്ചു. ഗവർണർ ഖുർഷിദ് ആലംഖാൻ രാജ്‌ഭവനിൽ വെച്ച് ചായ സൽക്കാരം നൽകിയാണ് എന്നെ ആദരിച്ചത്.
1990 മുതൽ 2006 വരെയുള്ള കാലയളവിൽ ഏകദേശം മുന്നൂറിൽപ്പരം വേദികളിൽ ഞാൻ നെയിൽ ബോർഡ് പ്രദർശനം നടത്തിയിട്ടുണ്ട്. ‘ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്’ൽ നിന്നു 1993ൽ എന്നെ സെലക്‌ട് ചെയ്‌തതായി എഴുത്ത് കിട്ടിയിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവും ലഭിച്ചില്ല. സെൻ്റ് തോമസ് പാരീഷ് ഹാളിലെ കരാട്ടെ ക്ലാസിലെ വിദ്യാർഥി തൃശ്ശൂർ സ്വദേശിയായ ആശാരി വാസുവാണ് എനിക്കു പ്രശസ്‌തി നേടിത്തന്ന നെയിൽ ബോർഡ് ഉണ്ടാക്കിത്തന്നത്. 1993ലായിരുന്നു 23കാരനായ വാസുവിന്റെ ആകസ്മിക മരണം.
റിപ്പബ്ലിക്ക് ദിനത്തിലെ ഈ പ്രദർശനം കണ്ടാണു കെ കവിതയും ഭർത്താവ് ടി കെ രവീന്ദ്രനും എന്നെപ്പറ്റി ആർട്ടിക്കിൾ എഴുതണമെന്ന് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു പല പ്രാവശ്യം ചർച്ചകൾ നടന്നെങ്കിലും എങ്ങും എത്തിയില്ല. ശ്രദ്ധേയമായ നിരവധി നോവലുകളും ചെറുകഥകളും രചിച്ച പ്രശസ്ത സാഹിത്യകാരിയാണു കെ കവിത. ധാരാളം പുരസ്കാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. ശ്രീനാരായണ സമിതി പ്രസിദ്ധീകരിച്ചുവന്ന സന്ദേശം മാഗസിൻ്റെ എഡിറ്ററായിരുന്ന ടി കെ രവീന്ദ്രൻ അറിയപ്പെടുന്ന സാമൂഹ്യ സാഹിത്യ പ്രവർത്തകനാണ്.
അഡീഷണൽ പോലീസ് കമ്മീഷണർ കെ സി രാമമുർത്തി ഐപിഎസിൻ്റെ അപേക്ഷ പ്രകാരം സിറ്റി പോലീസ് കമ്മീഷണറായ രേവണ്ണ സിദ്ധയ്യ ഐപിഎസാണ് 1999ൽ ബാംഗ്ലൂർ സ്പെഷ്യൽ സ്ട്രൈക്കിങ്ങ് ഫോഴ്‌സിനു ട്രെയിനിങ് നൽകാൻ എന്നെ നിയമിച്ചത്. താനി റോഡിലെ പോലീസ് ഗ്രൗണ്ടിൽ വച്ചായിരുന്നു ട്രെയിനിങ്. പിന്നീടു മൈസൂർ റോഡിലെ സിഎആർ (സിറ്റി ആംമ്ഡ് റിസർവ്‌ഡ്) ഹെഡ് ഓഫീസിൽ വെച്ച് എന്നെ ആദരിച്ചിരുന്നു. ഈ അവസരത്തിൽ ബാംഗ്ലൂരിലെ എല്ലാ പോലീസ് സ്റ്റേഷനിലും എൻ്റെ ശിഷ്യൻമാരായ പോലീസുകാരുണ്ടായിരുന്നു. ഇതു മലയാളികളായ പലർക്കും സഹായകമായി.
വിവിധ സംസ്ഥാനങ്ങളിലായി മുന്നൂറിൽപ്പരം കരാട്ടേ ഇൻസ്ട്രക്ടർമാരുമായി എനിക്കു നേരിട്ടു ബന്ധമുണ്ടായിരുന്നു. പ്രവീൺ രങ്ക, രാജ ശേഖരൻ, രത്നം കെ.എസ്, സോമശേഖരൻ, ജെ. സോമശേഖരൻ, സതീഷ്, ഷിഹാബുദ്ദീൻ, രമേശ്, വരദരാജൻ, മൂർത്തി, കൃഷ്ണമൂർത്തി, അൽത്തഫ്, സതീഷ് രാജു, വിനു, മൈസൂർ സതീഷ്, ശിവദാസ്, സൂരജ്, ഡോ. പ്രശാന്ത്, രംഗപ്പാ, വൈഎം ചാൻ എന്നിവരായിരുന്നു ബാംഗ്ലൂരിലെ മുൻനിര പരിശീലകർ. പിന്നീടതു 500ൽ കൂടുതലായി. സൗജന്യമായി ബ്ലൈൻഡ് സ്‌കൂൾ നടത്തുന്ന രാക്കും ഗുരുജി ബാംഗ്ലൂരിലെ ആദ്യകാല കരാട്ടെ മാസ്റ്ററാണ്. പ്രവീൺ രങ്കയും സുരേഷ് കണിച്ചിറയുമാണു 2022ലും ഈ രംഗത്തു ബാംഗ്ലൂരിൽ കരുത്തരായി നിൽക്കുന്നത്. കേരളത്തിലും ഏകദേശം 100ഓളം കരാട്ടെ മാസ്റ്റർമാരുണ്ട്. കരാട്ടെ മേഖലയിലെ എൻ്റെ പരിചയക്കാരുടെ മുഴുവൻ പേരുകളും രേഖപ്പെടുത്തുന്നില്ല.
ബാംഗ്ലൂരിലെ കരാട്ടെ പരിശീലകരിൽ ഏറ്റവും പ്രായം കൂടിയ ആൾ രാമൻ നായരായിരുന്നു. പട്ടാളക്കാരനായിരുന്ന രാമൻ നായർ ഗുരുവായൂർ സ്വദേശിയാണ്. കളരിയിലും പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ജീവൻബീമാ നഗറിലാണു കരാട്ടെ ക്ലാസുകൾ നടത്തിയിരുന്നത്. രാമൻ ഗുരുക്കളുടെ കീഴിൽ ഞാൻ കളരി പരിശീലിച്ചിരുന്നു. ഞാൻ ശീലിച്ച കടത്തനാടൻ കളരിയിൽനിന്നു വ്യത്യസ്തമായിരുന്നു ഈ രീതി.
പൂർണ ആരോഗ്യവാനായിരുന്ന രാമൻ നായർ 2006ൽ 95-ാം വയസ്സിലാണു മരിച്ചത്. ഡൽഹിയിൽ വെച്ചാണു ഞാൻ മരണ വാർത്തയറിഞ്ഞത്. പിറ്റേന്നു തിരിച്ചെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോയിരുന്നു. അൾസൂരിലെ കൽപ്പള്ളി ശ്‌മശാനത്തിൽ വെച്ചാണ് എനിക്ക് അദ്ദേഹത്തെ അവസാനമായി കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മകൾ ഹേമയുടെ ഭർത്താവ് കൃഷ്‌ണൻ എസ്എംപി ബസ് സർവീസിന്റെ ബാംഗ്ലൂരിലെ ഏജൻ്റായിരുന്നു.
ആയോധന മേഖലയിലുള്ളവരെ ഒരേ വേദിയിൽ അണി നിരത്തി ആദരിച്ചതിനോടൊപ്പം മറ്റു മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ‘ഫിസ്റ്റ് ഇന്ത്യ അവാർഡ്’ നൽകി ആദരിച്ചിട്ടുണ്ട്. ലോക പ്രശസ്ത മാന്ത്രികൻ മജീഷ്യൻ ഗോപിനാഥ് മുതുകാട്, കളരി പയറ്റു മേഖലയിൽ ലക്ഷ്‌മണൻ ഗുരുക്കൾ, വിശ്വനാഥൻ ഗുരുക്കൾ, മൂന്നു വയസ്സു മുതൽ സംഗീത രംഗത്ത് വിസ്‌മയം തീർത്ത ബേബി അൽക്ക എന്നിവരാണു ഫിസ്റ്റ് ഇന്ത്യ അവാർഡ് നൽകി ആദരിച്ച പ്രമുഖ വ്യക്തിത്വങ്ങൾ. 2022ൽ വിഷ്ണുമംഗലം കുമാറിനായിരുന്നു ഫിസ്റ്റ് ഇന്ത്യ അവാർഡ്. ബാംഗ്ലൂരിനെ ആസ്‌പദമാക്കി എഴുതിയ ‘സ്നേഹസാന്ദ്രം രവിനിവേശം’ എന്ന നോവലിന്റെ ഗ്രന്ഥകർത്താവ് എന്ന നിലയ്ക്കായിരുന്നു ഇതു. 2022 ജൂൺ 4നു ഫിസ്റ്റ് ഇന്ത്യ അവാർഡ് സമ്മാനിച്ചു.
2010 ആകുമ്പോഴേക്കും മൂവായിരത്തോളം പേരെ ഞാൻ കരാട്ടെ പരിശീലിപ്പിച്ചിരുന്നു. ഇതിൽ നൂറിൽപ്പരം പേർ ബ്ലാക്ക് ബെൽറ്റ് നേടിയവരാണ്. കർണാടക പോലീസിലും എനിക്കു നിരവധി ശിഷ്യന്മാരുണ്ട്. 1990 മുതൽ ചെറുതും വലുതുമായ 500ൽപ്പരം പരിപാടികൾ ബാംഗ്ലൂരിൽ എൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചി ട്ടുണ്ട്. ഈ പരിപാടികളൊക്കെ എൻ്റെ വളർച്ചയ്ക്ക് ഏറെ സഹായകമായി. ഇത്തരം പരിപാടികൾക്കിടയിലാണു സമൂഹത്തിലെ നാനാതുറകളിൽ പെട്ട പ്രമുഖരുമായി പരിചയപ്പെടാൻ കഴിഞ്ഞത്. ഈ ബന്ധങ്ങൾ ഇപ്പോഴും സുക്ഷിക്കുന്നു.
ബാംഗ്ലൂരിലെ തമിഴ് സംഘത്തിൽ കരാട്ടെ ക്ലാസ് എടുത്തിരുന്ന ഇൻസ്ട്രക്ടർ രാജശേഖരനാണ് എന്നെ മോസസ് തിലകിനു പരിചയപ്പെടുത്തിയത്. ഇന്ത്യൻ കരാട്ടെ ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർത്ത മാസ്റ്ററായിരുന്നു മോസസ് തിലക്. പിന്നീടാണു ഞാൻ കർണാടക കരാട്ടെ അസോസിയേഷൻ സെക്രട്ടറിയായത്.
2001ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പു ദിവസമാണ് ബാംഗ്ലൂരിൽ സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഇന്റർവ്യൂവിന് എത്താനുള്ള അറിയിപ്പു കിട്ടിയത്. കരാട്ടെ മാസ്റ്റർ മോസസ് തിലകാണ് എന്നെ സായിയിലേക്കു നിർദേശിച്ചത്. 2001 മെയ് 17നു കെ സുധാകരൻ കേരള കായിക, വനം വകുപ്പു മന്ത്രിയായി അധികാരമേറ്റു. ഞാൻ സായിയിൽ റിപ്പോർട്ടു ചെയ്തു.
മൈസൂർ രാജകുടുംബാംഗമായ ജയദേവ് ബൽറാവുവും ഒന്നിച്ചാണു ഞാൻ ഇൻ്റർവ്യൂവിനു പോയത്. സായിയുടെ ഡെപ്യൂട്ടി ഡയറക്ടറായ തൃശ്ശൂരിലെ രാമചന്ദ്രനാണ് എന്നെ ഇന്റർവ്യൂ ചെയ്തത്. സായിയിൽ ആദ്യമായി കരാട്ടെ പരിശീലനം ആരംഭിച്ചതു ബാംഗ്ലൂരിലാണ്. സായിയുടെ ആദ്യ കരാട്ടെ കോച്ചായിരുന്നു ഞാൻ. എന്നോടൊപ്പം മോസസ് തിലകിൻ്റെ ശിഷ്യനായ ചെന്നൈയിലെ മോഹനനും ഉണ്ടായിരുന്നു. പല സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കു പരിശീലനവും തിയറി ക്ലാസും നൽകി കരാട്ടെ കോച്ചായി വളർത്തിയെടുക്കേണ്ടതു ഭാരിച്ച ഉത്തരവാദിത്വമായിരുന്നു. പല വിഭാഗങ്ങളിലുള്ള കരാട്ടെ നിയമങ്ങളെ ഒന്നി പ്പിക്കേണ്ട ബൃഹത്തായ ചുമതലയും എനിക്കായി.
വേൾഡ് കരാട്ടെ ടൂർണമെൻ്റ് നിയമാവലിയും അതോടൊപ്പം വ്യത്യസ്ത സ്റ്റൈലുകളുടെ പദപ്രയോഗങ്ങളും കോർത്തിണക്കി ഒരു സിലബസ് ഞാൻ രൂപപ്പെടുത്തി. ട്രെയിനിങ്ങിനൊപ്പം വിറ്റാമിൻ കഴിക്കുന്നതിനെക്കുറിച്ചും ഭക്ഷണ ക്രമത്തെക്കുറിച്ചും ഡോക്ടർമാരും ക്ലാസ് എടുത്തിരുന്നു. ഇതിനു പുറമെ സൈക്കോളജിയും, മത്സരാർഥികളെ തയ്യാറാക്കേണ്ട വിധത്തെ കുറിച്ചും എനിക്കു പഠിക്കേണ്ടി വന്നിട്ടുണ്ട്.
ഏകദേശം 1500 വർഷങ്ങൾക്കുമുൻമ്പ്, കേരളത്തിൽനിന്നു ബോധിധർമ്മൻ എന്ന ബുദ്ധസന്യാസി ശിഷ്യന്മാരോടൊപ്പം ബുദ്ധ മതം പ്രചരിപ്പിക്കാൻ ചൈനയിലേക്കു പോയി. ഇവരിലൂടെ കേരളത്തിലെ കളരിയുടെ പ്രമേയവും ചൈതന്യവും ചൈനയിലേക്കു വ്യാപിക്കുകയും അവ ചൈനീസ് കലയുമായി ലയിക്കുകയും ചെയ്തു. ഇതു ചൈനയിൽ പ്രശസ്‌തമാവുകയും പിന്നീടു ജപ്പാനിലെ ഒക്കിനാവവരെ പ്രചരിക്കുകയും ചെയ്‌തു. എഡി 1900ത്തോടു കൂടി ചൈനയിൽ കുങ്ഫുവിനും ജപ്പാനിൽ കരാട്ടെക്കും തുടക്കമായി എന്നാണ് ഐതിഹ്യം.
കളരിപ്പയറ്റിലെ വിവിധ സമ്പ്രദായങ്ങളാണ് പിന്നീട് പല ആയോധന കലകളായി വികസിച്ചത്. കരാട്ടെയും കുങ്ഫുവും പരിശീലിക്കുന്ന ഒരാൾക്ക് അവയുടെ ഉത്ഭവം വെറുംകൈ പ്രയോഗത്തിൽ നിന്നാണെന്നു കാണാം. ജാപ്പനീസ് ഭാഷയിൽ കരാട്ടെ എന്ന വാക്കിന്റെ അർഥം ശൂന്യമായ കൈ എന്നാണ്. ഇതു തന്നെയാണ് വെറുംകൈ എന്നു മലയാളത്തിലും അർഥമാക്കുന്നത്. കളരിപ്പയറ്റിലെ മെയ്‌പ്പയറ്റ് ആണു കുങ്ഫുവിൻ്റെ അടിത്തറ. കോൽത്താരിയും അങ്കത്താരിയുമാണു കുബു-ഡോ. മർമകൈകളാണ് ഐക്കിഡോ. ജൂഡോയിലും കളരിപ്പയറ്റിലെ ഒഴിച്ചിലിന്റെ നേരിട്ടുള്ള ബന്ധം കാണാൻ കഴിയും.
ബ്രൂസ് ലീയുടെ സിനിമകളിലൂടെയാണ് ആയോധനകല ലോകമെമ്പാടും ജനപ്രിയമായത്. കരാട്ടെ ആദ്യമായി വാണിജ്യ വൽക്കരിച്ചതു ഗിച്ചിൻ ഫുനാ കോശിയും. ചൈനക്കാർ അല്ലാത്ത വരെ കുങ്ഫു പഠിപ്പിക്കാൻ തുടങ്ങിയതു ബ്രൂസ് ലീയുമാണ്. അവരുടെ സംഭാവനകൾ കാരണം ഈ മഹത്തായ കലകൾ പഠിക്കാൻ ലോകത്തിന് അവസരം ലഭിച്ചു.
കരാട്ടെയുടെ ഉത്ഭവകാലം മുതൽ ലോകത്തു മൂന്നു സ്റ്റൈലുകൾ നിലവിലുണ്ട്. ഷൂറിത്തേ, നഹാത്തെ, തൊമരിത്തേ എന്നീ പ്രദേശങ്ങളിൽ വ്യത്യസ്‌ത നിയമങ്ങളായിരുന്നു. വേഗം, വഴക്കം, ശക്തി, സഹിഷ്ണുത എന്നിവയുടെ സംയോജനമാണു വ്യത്യസ്ത സ്റ്റൈലുകളുടെയും പ്രത്യേകത. ആധുനിക കരാട്ടെയുടെ ഉത്ഭവത്തോടെയാണു ഷോട്ടാകാൻ, ഖജൂറിയോ, ഷിട്ടോറി, വടോറിയോ, ഷോറിൻ റിയൂ തുടങ്ങി നിരവധി സ്റ്റൈലുകൾ ഉണ്ടായത്. പിന്നീടു ആയിരക്കണക്കിനു വ്യത്യസ്‌ത സ്റ്റൈലുകളാണു കരാട്ടെ പരിശീലകർ അവലംബിക്കുന്നത്. 1990നു ശേഷം കരാട്ടെയെ വെറും കട്ടാസ് പ്രാക്ടീസ് മാത്രമാക്കി ഒതുക്കിയ ചിത്രമാണ് കാണാൻ കഴിയുന്നത്. പല കരാട്ടെ ക്ലാസുകളിലും ജിംനാസ്റ്റിക്സ്, ജുഡോ, ഐക്കിഡോ എന്നിവയുടെ അതിപ്രസരണമാണുള്ളത്. മാത്രമല്ല,പല കരാട്ടെ മാസ്റ്റർമാരും യാതൊരു നിബന്ധനയുമില്ലാതെ ബ്ലാക്ക് ബെൽറ്റ് ഡിഗ്രി വാരിക്കൂട്ടുകയാണ്.
2001 ഡിസംബറിൽ ചെന്നൈയിൽ നടന്ന ഇന്റർനാഷണൽ കരാട്ടെ കൺവെൻഷനിൽ ഞാനും പങ്കെടുത്തിരുന്നു. ലോക കരാട്ടെ ഫെഡറേഷൻ്റെ ചീഫ് റഫറിയും കൊബാ ഓസാക്ക ഇന്റർ നാഷണൽ കരാട്ടെ ഡോയുടെ പ്രസിഡണ്ടുമായ ടി എം മോറിസ് ആയിരുന്നു ക്ലാസ് എടുത്തത്. ഈ ട്രെയിനിങ്ങോടുകൂടി ഞാൻ ഫോർത്ത് ഡാൻ ബ്ലാക്ക്‌ബെൽറ്റും ഇൻ്റർനാഷണൽ കരാട്ടെ ഇൻസ്ട്രക്ടറും റഫറിയുമായി. 2004ൽ കോയമ്പത്തൂരിൽ നടന്ന നാഷണൽ ടൂർണമെൻ്റിൽ വെച്ചാണു ദാസെൻസി മോസസ് തിലക് മരണപ്പെട്ടത്.
വിവിധ സംസ്ഥാനങ്ങളിലെ കരാട്ടെ ഇൻസ്ട്രക്ടർമാരുമായുള്ള ബന്ധം ഇവിടങ്ങളിലുള്ള പ്രശ്‌നങ്ങളിൽ ഇടപെടാൻ സഹായകമായി. കരാട്ടെ മാസ്റ്റർമാർക്ക് അതതു സ്ഥലത്തെ എംപി, എംഎൽഎ, ഉന്നത ഉദ്യോഗസ്ഥർ, പോലീസ് എന്നിവരുമായി അടുത്ത ബന്ധമുണ്ടാകും. ഇത്തരത്തിൽ ഉന്നതന്മാരുമായി അടുപ്പമുള്ള അനവധി കരാട്ടെ പരിശീലകരുമായി പരിചയമുള്ളതിനാൽ അവരുമായി ബന്ധപ്പെട്ടു കാര്യങ്ങൾ ചെയ്യാൻ എളുപ്പമായിരുന്നു. കരാട്ടെ ശൃംഖലാ ബന്ധവും രാഷ്ട്രീയ ബന്ധവും കൂടിച്ചേർന്നപ്പോൾ ഏതു സംസ്ഥാനത്തുമുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു സഹായത്തിന് എത്തുന്നവരെ എനിക്കു നിരാശരാക്കേണ്ടി വന്നിട്ടില്ല.
പല മലയാളി പ്രസ്ഥാനങ്ങളുടെയും ഭാഗമാകാനും സഹായിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. 1996ലാണ് മാതാ അമൃ താനന്ദമയിയുടെ പ്രവർത്തനം ബാംഗ്ലൂരിൽ തുടങ്ങിയത്. ബാംഗ്ലൂർ സിറ്റി റെയിൽവെ ഹൗസിങ്ങ് സൊസൈറ്റിയിലെ പ്രവർത്തകരായിരുന്നു ഇതിനു മുൻകൈ എടുത്തത്. ഇവരുടെ ആദ്യത്തെ പല യോഗങ്ങളും എൻ്റെ വീട്ടിൽ വെച്ചാണു നടന്നത്. ഉള്ളാലിലുള്ള സ്കൂളും കോളേജും വളരെ നല്ല നിലയിൽ വളർന്നു.
കരുണാകര ഗുരുവിൻ്റെ ശാന്തിഗിരി ആശ്രമവും ബാംഗ്ലുരിൽ പ്രവർത്തിക്കുന്നുണ്ട്. സർജാപുരയിലുള്ള പ്രധാന കേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ ജെ അലക്‌സാണ്ടർ ഐഎഎസായിരുന്നു മുഖ്യാതിഥി. കേരള സമാജത്തിലെ മട്ടന്നൂരിലെ ശ്രീധരൻ ആവശ്യപ്പെട്ടിട്ടാണു ഞാൻ അലക്സാണ്ടർ ഐഎഎസിനെ ഈ പരിപാടിയിലേക്കു കൊണ്ടുപോയത്. വിജയനഗറിലെ എംഎൽഎ സോമണ്ണയും ഞാനുമായിരുന്നു ഇവരുടെ ആദ്യത്തെ ആയുർവേദ ക്ലിനിക്ക് വിജയനഗറിൽ ഉദ്ഘാടനം ചെയ്‌തത്. പിന്നീടതു വലിയ പ്രസ്ഥാനമായി വളർന്നു. പാനുരുകാരനായ സ്വാമി സായൂജ്യനാഥാണു 2022ൽ ഇവിടെത്തെ ചുമതല.
🟥
അടുത്ത അധ്യായം ▶ തൊഴിലാളിക്കരുത്ത്
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ














