കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ അധ്യാപകൻ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കല്‍ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകനാണ് ജിജോ ജെയിംസ്. കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജിജോ ജെയിംസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍നിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളില്‍ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവം വ്യാജ വാർത്ത നിർമിച്ച് പ്രചരിപ്പിച്ചുവെന്നാണ് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിലുള്ളത്.
പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്തിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ അധ്യാപകന് ജിജോ ജെയിംസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലേക്ക് മത്സരിച്ചിട്ടുണ്ട്. ഹാമര്‍ത്രോ ദേശീയ താരമായിരുന്നു.
SUMMARY: ‘Worms in food at sports meet’: Teacher arrested for spreading false claims
















