ബെംഗളൂരു: ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) കീഴിലുള്ള അഞ്ച് കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി സുപ്രീംകോടതി. സെൻസസ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ തുടങ്ങിയവ നടത്തുനുള്ളതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാർ തിരക്കിലായിരിക്കുമെന്നതിനാൽ, ഇതിനായി മൂന്ന് മാസത്തെ അധിക സമയം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും (എസ്ഇസി) അപേക്ഷ നൽകിയിരുന്നു. ഇതില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക സർക്കാരിനും എസ്ഇസിക്കും ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചു നല്‍കിയത്.
ഗ്രേറ്റർ ബെംഗളൂരു പ്രദേശത്തെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലെ തിരഞ്ഞെടുപ്പ് 2026 ജൂൺ 30-നകം പൂർത്തിയാക്കണമെന്ന് ജനുവരി 12-ലെ ഉത്തരവിലൂടെ സുപ്രീം കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതാണ് വീണ്ടും നീട്ടി നല്‍കിയത്. കർണാടക സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ എ എം സിംഗ്വിയാണ് കോടതിയില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായത്.
മുൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കൗൺസിലിന്റെ കാലാവധി 2020 സെപ്റ്റംബർ 30-ന് അവസാനിച്ചു. അതിനുശേഷം വന്ന ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) കീഴിലുള്ള അഞ്ച് കോര്‍പ്പറേഷനുകളിലും തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഭരണപരമായ പരിമിതികളും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി 2026 സെപ്റ്റംബർ 30 വരെ സമയം തേടിയാണ് കർണാടക സർക്കാരും എസ്ഇസിയും കോടതിയിൽ അപേക്ഷ സമര്‍പ്പിച്ചത്.
SUMMARY: The deadline for holding elections to Bengaluru corporations has been extended till August 31















