ന്യൂഡൽഹി : ഡൽഹിയിൽ തുണിക്കടയിലെ ട്രയൽ റൂമിൽ വെച്ച് ജീവനക്കാരിയെ കഴുത്തറുത്ത് കൊന്നു. മോത്തി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള തുണിക്കടയിലാണ് സംഭവം. 18 വയസുകാരിയായ ഷബ്നമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ട്രയൽ റൂമിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്ത് കടയിലെത്തിയ ശേഷം ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരം ഷബ്നത്തിന്റെ ജോലി സമയം അവസാനിക്കാറായ സമയത്താണ് പ്രതി ഷോറൂമിൽ എത്തിയത്. പിന്നാലെ ട്രയൽ റൂമിലേക്ക് കൊണ്ടുപോയി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായികുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു.
സഹൃത്തായ സൂരജ് എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ കുടുംബം പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ഡൽഹിയിൽ കുടുംബസമേതമാണ് ഷബ്നം താമസിച്ചിരുന്നത്. നേരത്തെ സൗഹൃദത്തിലായിരുന്ന സൂരജ് മുമ്പും യുവതിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഇയാൾ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും എന്നാൽ ഷബ്നം പ്രണയാഭ്യർഥന നിരസിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. സംസാരിക്കാനെന്ന വ്യാജേന ഷബ്നത്തെ ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവാവ് അവിടെവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
SUMMARY: 18-year-old woman found with throat slit in clothing store trial room; suspected case of romantic vendetta; search underway for the perpetrator.
















