പത്തനംതിട്ട: ‘ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എന്ന് അവകാശപ്പെടുന്ന ആള്‍ എംഡിഎംഎയുമായി പിടിയില്‍. പത്തനംതിട്ട എഴുമറ്റൂര്‍ കൈമല സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍(25) ആണ് അറസ്റ്റിലായത്. ഷർഫിന്റെ കൈമലയിലെ വീട്ടില്‍ നിന്ന് 1.590 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇന്‍ നേഷ്യന്‍(ADMIN) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും പോലീസ് കണ്ടെടുത്തു.
പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്നാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയ പോലീസ് ഒരു രഹസ്യ അറയില്‍ പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാളുടെ മുറിയില്‍ നിന്നും എം ഡി എം എ വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലര്‍, ചൂടാക്കി വലിക്കാന്‍ ഉപയോഗിക്കുന്ന ഫ്യുവിങ് പൈപ്പുകള്‍, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍ കണ്ടെടുത്തു.
പിടിയിലായ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ കടുത്ത കുറ്റകൃത്യ പശ്ചാത്തലമുള്ളയാളാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതിന് മുന്‍പും എറണാകുളം പാലാരിവട്ടം സ്റ്റേഷനിലും എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലും മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്. ഇതുകൂടാതെ പത്തനംതിട്ട കോയിപ്പുറം സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീകളെ ക്രൂരമായി ആക്രമിച്ച കേസ് ഉള്‍പ്പെടെ മറ്റ് രണ്ട് ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.
SUMMARY: State president of anti-drugs organization ‘Anti Drugs Movement’ arrested with MDMA
















