ഹൈദരാബാദ്: യഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ടോക്സിക്കി’ന്റെ പ്രൊമോഷൻ ചടങ്ങിനിടെയുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാർഥികള്‍ക്ക് പരുക്ക്. ഹൈദരാബാദിലെ മല്ല റെഡ്ഡി സർവ്വകലാശാലയില്‍ നടന്ന പ്രൊമോഷൻ പരിപാടിക്കിടെ വേദിക്ക് സമീപം സ്ഥാപിച്ചിരുന്ന കൂറ്റൻ സ്പീക്കർ സിസ്റ്റവും ഫ്ലഡ് ലൈറ്റുകളും പെട്ടെന്ന് നിലംപൊത്തുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ ഒരു വിദ്യാർഥിനി അബോധാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. നായകൻ യഷ് നേരിട്ട് പങ്കെടുത്ത ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം. കെ.ജി.എഫിന്റെ വൻ വിജയത്തിനു ശേഷം യഷ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രീ-റിലീസ് ഹൈപ്പാണ് ടോക്സിക്കിനുള്ളത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നാണ് പുറത്തുവന്ന ട്രെയിലർ നല്‍കുന്ന സൂചന.
റിലീസ് തീയതി പലതവണ മാറ്റിവെച്ച ശേഷം തിരുവോണ നാളില്‍ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കി ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ ഡബ്ബ് ചെയ്ത് ആഗോളതലത്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കും.
SUMMARY: Accident during promotion of Yash’s film ‘Toxic’: Two students injured
















