കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ 55കാരന് മരിച്ച സംഭവത്തില്‍ പ്രതിയായ 17കാരന്റെ പിതാവും അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുമായ വ്യക്തിയുടെ അറസ്റ്റ് തടഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും ആരോപണ വിധേയന് ഒരു ജുഡീഷ്യല്‍ ഓഫീസറാണെന്നും ഹൈക്കോടതി പറഞ്ഞു. പൊതുബോധത്തിനൊപ്പം കോടതിക്ക് നില്‍ക്കാനാകില്ലെന്നും ഹൈക്കോടതി പരാമര്‍ശം നടത്തി.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജയബാലകൃഷ്ണന്റെ കുടുംബവും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ജഡ്ജി ജാമ്യാപേക്ഷയില്‍ പറഞ്ഞത്. ഒക്ടോബര്‍ 25നായിരുന്നു കേസിനാസ്പദമായ അപകടം.
ലൈസന്‍സില്ലാതെ കാറോടിച്ച 17കാരന് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് 55കാരന് മരിച്ചത്. അപകടസമയത്ത് മകനാണ് കാര്‍ ഓടിച്ചിരുന്നത്. മകന് തന്റെ അനുമതിയില്ലാതെയാണ് കാറുമായി പുറത്തുപോയതെന്ന് ജഡ്ജി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. അപകടവിവരം അറിഞ്ഞത് പുലര്‍ച്ചെ 2.14നാണ്. തുടര്‍ന്ന് പിതാവെന്ന നിലയിലാണ് പോലീസ് സ്റ്റേഷനിലെത്തിയത്. അപകടസമയത്ത് ഉറക്കത്തിലായിരുന്നെന്നും മരണത്തിന് കാരണമായേക്കാവുന്ന പ്രവൃത്തിയാണ് ചെയ്യുന്നതെന്ന അറിവോ കുറ്റകരമായ മാനസികാവസ്ഥയോ തനിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു.
വാഹനത്തിന്റെ ഉടമസ്ഥതയുടെ മാത്രം അടിസ്ഥാനത്തില്‍ കുറ്റം ചുമത്താനാകില്ലെന്നും വീട്ടിലെ പോലീസ് പരിശോധന പൂര്‍ത്തിയായെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Cheranalloor road accident: High Court stays judge’s arrest
















