ബെംഗളൂരു: പരീക്ഷാപ്പേടിയും മാനസികസമ്മർദവുമില്ലാതെ, ആടിയും പാടിയും കളിചിരികളോടെ മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ‘പഠനോത്സവം’ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ബെംഗളൂരു, മൈസൂരു മേഖലകളിലായി നടന്ന പഠനോത്സവത്തിൽ 355 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കഥകളും കവിതകളും നാടൻപാട്ടുകളും കോർത്തിണക്കിയ മൂന്ന് മണിക്കൂർ നീണ്ട പരീക്ഷ കുട്ടികൾ ഏറെ ആവേശത്തോടെയാണ് പൂർത്തിയാക്കിയത്.
ബെംഗളൂരുവിൽ 254 പേരും മൈസൂരുവിൽ 101 പേരും ഉൾപ്പെടെ ആകെ 355 വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. ഇതിൽ സർട്ടിഫിക്കറ്റ് കോഴ്സായ കണിക്കൊന്നയിൽ 171 പേരും, ഡിപ്ലോമ കോഴ്സായ സൂര്യകാന്തിയിൽ 124 പേരും, ഹയർ ഡിപ്ലോമ കോഴ്സായ ആമ്പലിൽ 41 പേരും പരീക്ഷ എഴുതി. ഇവർക്ക് പുറമെ, ഉയർന്ന കോഴ്സുകളിലേക്ക് നേരിട്ട് പ്രവേശനം നേടുന്നതിനുള്ള സമാന്തര പ്രവേശന പരീക്ഷയിൽ (ലേറ്ററൽ എൻട്രി) 19 വിദ്യാർഥികളും പങ്കെടുത്തു. ഇതിൽ നീലക്കുറിഞ്ഞിയിലേക്ക് 10 പേരും ആമ്പലിലേക്ക് ആറ് പേരും സൂര്യകാന്തിയിലേക്ക് മൂന്ന് പേരുമാണ് പരീക്ഷ എഴുതിയത്.
ബെംഗളൂരു വിമാനപുര എച്ച്.എ.എൽ കൈരളി നിലയം സ്കൂളിൽ നടന്ന മേഖലാതല പഠനോത്സവം എഴുത്തുകാരനും കൈരളി കലാസമിതി പ്രസിഡന്റുമായ സുധാകരൻ രാമന്തളി, ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് എം. ഹനീഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. കസ്റ്റംസ് കമ്മീഷണർ പി. ഗോപകുമാർ, ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പിൽ, കൈരളി കലാസമിതി ബോർഡ് അംഗം ബി. രാജശേഖരൻ എന്നിവർ ആശംസകൾ നേർന്നു. മീരാ നാരായണൻ, ജിസോ ജോസ്, പി. ശ്രീജേഷ്, ബിന്ദു ഗോപാലകൃഷ്ണൻ, കെ. അനൂപ്, ഡോ. ഇ.വി. ജിജോ, നൂർ മുഹമ്മദ്, വിനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മൂല്യനിർണയം പൂർത്തിയാക്കിയ ഉത്തരക്കടലാസുകൾ തുടർനടപടികൾക്കായി തിരുവനന്തപുരത്തെ മലയാളം മിഷൻ കേന്ദ്ര ഓഫീസിലേക്ക് അയച്ചു.
ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് കുട്ടികളും അമ്മമാരും ചേർന്ന് അവതരിപ്പിച്ച തിറ, പടയണി, പുലിക്കളി, എരുത് കളി തുടങ്ങിയ തനത് കലാരൂപങ്ങൾ ചടങ്ങിന് മിഴിവേകി. നീലക്കുറിഞ്ഞി പരീക്ഷ, സുഗതാഞ്ജലി കാവ്യാലാപന മത്സരം, ബാലശാസ്ത്ര പരീക്ഷ എന്നിവയിലെ വിജയികൾക്ക് ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുക്കൽ, ത്രേസ്യാമ്മ ടീച്ചർ, മാർട്ടിൻ എന്നിവർ ചേർന്ന് മെമന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും പച്ചക്കറിവിത്ത് അടങ്ങിയ പേന, ബുക്ക് മാർക്ക്, മിഠായി എന്നിവ ഉൾപ്പെടുന്ന സമ്മാനപ്പൊതിയും നൽകി.
📷 ചിത്രങ്ങള്‍








SUMMARY: Malayalam Mission ‘Learning Festival’ held as a grand celebration; 355 students take the exam.
















