തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസില്‍ മുതിർന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെതിരെയാണ് വഞ്ചിയൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനിടെയാണ് മർദനമുണ്ടായത്. കഴിഞ്ഞ മേയ് 13 നായിരുന്നു സംഭവം. സംഭവ ശേഷം ഒളിവില്‍പോയ ബെയലിൻ ദാസിനെ മൂന്നാം ദിവസമാണ് പിടികൂടിയത്. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്ന് തുമ്പ പോലീസാണ് ഇയാളെ പിടികൂടിയത്. ബെയ്‌ലിൻ ദാസ് മോപ് സ്റ്റിക് കൊണ്ട് മർദിച്ചുവെന്നായിരുന്നു ശ്യാമിലിയുടെ പരാതി. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലുള്ള ഓഫീസില്‍ വച്ചായിരുന്നു മര്‍ദനമുണ്ടായത്.
സംഭവ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ആക്രമണം. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതി യുവതിയെ മർദ്ദിച്ചത്. അടിയേറ്റ് താൻ ആദ്യം താഴെ വീണെന്നും അവിടെ നിന്ന് എഴുന്നേല്‍പ്പിച്ച് വീണ്ടും അടിച്ചെന്നും ശ്യാമിലി പറഞ്ഞിരുന്നു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി പോലീസിന് മൊഴി നല്‍കിയിരുന്നു.
മർദനത്തിനിരയായതോടെ ശ്യാമിലിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസയമം, ബെയ്‌ലിന്‍ ദാസിനെ ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ അസോസിയേഷൻ സെക്രട്ടറി ജി മുരളീധരൻ പറഞ്ഞത് വലിയ തരത്തില്‍ വിവാദമായതാണ്.
SUMMARY: Police file chargesheet in assault case against junior lawyer














