കൊച്ചി: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ ഇ.ഡി കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ.ഡി പ്രാഥമിക അന്വേഷണ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കൊച്ചി യൂണിറ്റാണ് പോലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചത്. കേസില്‍ കൂടുതല്‍ പരിശോധനകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദമായ അന്വേഷണത്തിനും ഇഡി നീക്കം നടത്തുമെന്നാണ് സൂചന. ആന്റോ അഗസ്റ്റിനെ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനും സാധ്യതയുണ്ട്.
തട്ടിപ്പില്‍ പോലിസ് കേസെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്ത ഘട്ടത്തില്‍ തന്നെ ഇഡി ഈ വിഷയത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് കേസെടുക്കാന്‍ ഇഡിക്ക് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രകാരമാണ് ആന്റോ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന നടത്തിയെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും സംശയിച്ചുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. ഇതിനൊപ്പം കലൂര്‍ സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കും. സാധാരണ ഗതിയില്‍ സ്റ്റേഡിയം കൈമാറാന്‍ അഞ്ച് കോടി രൂപയാണ് നല്‍കേണ്ടി വരിക. എന്നാല്‍ ഇത്രയും പണം നല്‍കാതെയാണ് സ്റ്റേഡിയം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കൈമാറിയത്. ഇതിലും ഇഡി വിശദമായ അന്വേഷണം നടത്തും. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി സംശയിക്കുന്നത്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മെസിയെ കേരളത്തിലെത്തിക്കാന്‍ നീക്കം നടന്നത്. ഈ നീക്കവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുണ്ടായെന്ന കായിക വകുപ്പ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എസ്ഐടിയും രൂപീകരിച്ചിരുന്നു. കളമശേരി പോലിസ് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ രണ്ടാം പ്രതിയുമാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
SUMMARY: Fraud in Messi’s name; ED registers case under anti-money laundering law















