ബെംഗളൂരു: പ്രത്യേക തീവ്ര പരിശോധനാ പ്രക്രിയയ്ക്ക് ശേഷം കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കി. നിലവിൽ വോട്ടര്‍മാരുടെ എണ്ണത്തിൽ ഏകദേശം 99.32 ലക്ഷം പേരുടെ കുറവ് ഉണ്ടായിട്ടുണ്ട്. ചൊവാഴ്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 4,55,00,011 (നാല് കോടി അമ്പത്തിയഞ്ച് ലക്ഷത്തി പതിനൊന്ന്) വോട്ടർമാരാണുള്ളത്. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ നടപടികൾക്ക് മുമ്പ് 5,54,32,314 വോട്ടർമാരുണ്ടായിരുന്നു. അതായത്, നിലവിലെ പട്ടികയിൽ ഏകദേശം 99.32 ലക്ഷം വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്.
1.07 കോടിയിലധികം പേരുകള്‍ ഒഴിവാക്കിയിരുന്ന കരട് പട്ടികയുമായി താരതമ്യംചെയ്യുമ്പോള്‍, അന്തിമ പട്ടികയില്‍ 8.64 ലക്ഷം വോട്ടര്‍മാരെ പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രസീദ്ധീകരിച്ച വോട്ടര്‍ പട്ടിക ഇസിഐ വെബ്സൈറ്റില്‍ നിന്ന് ലഭ്യമാകും.
അന്തിമ വോട്ടർ പട്ടികയിൽ 2.25 കോടിയിലധികം പുരുഷന്മാരും 2.29 കോടി സ്ത്രീകളും 2,841 മൂന്നാം ലിംഗ വോട്ടർമാരും ഉൾപ്പെടുന്നു. ഇതിൽ 18-നും 19-നും ഇടയിൽ പ്രായമുള്ള 6.83 ലക്ഷത്തിലധികം വോട്ടർമാരും 85 വയസ്സിന് മുകളിലുള്ള 3.92 ലക്ഷത്തിലധികം ആളുകളും ഉൾപ്പെടുന്നു.
താമസം മാറിയവർ അല്ലെങ്കിൽ വിവരശേഖരണ സമയത്ത് കണ്ടെത്താൻ കഴിയാത്തവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി കരട് പട്ടികയിൽ നിന്ന് 80.62 ലക്ഷം പേരുകൾ നീക്കം ചെയ്തിരുന്നു. വോട്ടർമാർ മരണപ്പെട്ടതായി രേഖപ്പെടുത്തിയതിനാൽ 16.39 ലക്ഷം എൻട്രികളും, ഇരട്ടിപ്പ് കണ്ടെത്തിയതിനാൽ ഏഴ് ലക്ഷത്തിലധികം എൻട്രികളും, “മറ്റുള്ളവ” എന്ന വിഭാഗത്തിന് കീഴിൽ 3.83 ലക്ഷം എൻട്രികളും നീക്കം ചെയ്തു. താമസം മാറിയതുകൊണ്ടോ കണ്ടെത്താൻ സാധിക്കാത്തതുകൊണ്ടോ പേര് നീക്കം ചെയ്യപ്പെട്ടവർ, പട്ടികയിൽ വീണ്ടും പേര് ഉൾപ്പെടുത്തുന്നതിനായി ഫോം 6 അപേക്ഷ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. പുതിയ വോട്ടർമാരുടെ അപേക്ഷകൾ ഉൾപ്പെടെ ആകെ 7,87,534 അപേക്ഷകളാണ് തിരഞ്ഞെടുപ്പ് അധികൃതർക്ക് ലഭിച്ചത്.
എസ്ഐആർ പട്ടികയിൽ പേരുകൾ പരിശോധിക്കാം
കർണാടക എസ്ഐആർ പട്ടികയിൽ പേരുകൾ പരിശോധിക്കുന്നതിനായി, ഔദ്യോഗിക വെബ്സൈറ്റിൽ വോട്ടർമാർ ‘Search by EPIC’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് തങ്ങളുടെ വോട്ടർ ഐഡി നമ്പർ നൽകി, സംസ്ഥാനമായി ‘കർണാടക’ തെരഞ്ഞെടുക്കുക. ശേഷം ക്യാപ്ച കൃത്യമായി നൽകി ‘Search’ (തിരയുക) എന്നതിൽ ക്ലിക്ക് ചെയ്യുക.
പോർട്ടലിൽ ‘No Result Found’ (ഫലമൊന്നും കണ്ടെത്തിയില്ല) എന്ന് കാണിക്കുകയാണെങ്കിൽ, തങ്ങളുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്ന് ഉറപ്പിക്കുന്നതിന് മുമ്പ്, ഔദ്യോഗിക വോട്ടർ പട്ടികയുമായി വിവരങ്ങൾ ഒത്തുനോക്കുകയോ തെരഞ്ഞെടുപ്പ് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
SUMMARY: Final electoral roll published in Karnataka; around 10 million people left out.















