പാലക്കാട്: വടക്കാഞ്ചേരിയിൽ154.27ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ബെംഗളൂരുവിൽ നിന്നും എംഡിഎംഎ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പാലക്കാട് പട്ടാണി സ്ട്രീറ്റ് സ്വദേശിയായ റിൻഷാ മുഹമ്മദ് റാഫി(25)ആണ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശി ശരത്ത്മോൻ (37) എം.ഡി.എം.എയുമായി വടക്കാഞ്ചേരിയിൽ പിടിയിലായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശരത്ത്മോന് ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ചു നൽകിയത് കുന്നംകുളം തെക്കേപുറം സ്വദേശി അരൂദാസ് (33) ആണെന്ന് വ്യക്തമായത്. ഈ കണ്ണിയിലെ പ്രധാന സഹായിയാണ് പിടിയിലായ റിൻഷാ മുഹമ്മദ് റാഫി.
പ്രതിക്കായി നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിൽ ബെംഗളൂരുവിൽ എത്തിയ വടക്കാഞ്ചേരി പോലീസ് സംഘം യുവതിയെ അതിവിദഗ്ദ്ധമായി പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
SUMMARY: Woman arrested for smuggling MDMA from Bengaluru to Kerala
















