കുപ്പിവെള്ളത്തിൽ ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ

ബെംഗളൂരു: സംസ്ഥാനത്ത് കുപ്പിവെള്ളത്തിൽ  ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഗുണനിലവാര വിശകലനത്തിനായി ശേഖരിച്ച കുപ്പിവെള്ളത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കുടിക്കാൻ യോഗ്യമല്ലെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഫെബ്രുവരിയിൽ ശേഖരിച്ച 280 സാമ്പിളുകളിൽ 257 എണ്ണത്തിന്റെ വിശകലനം പൂർത്തിയായതായി റാവു പറഞ്ഞു.

89 സാമ്പിളുകൾ ഉപഭോഗത്തിന് സുരക്ഷിതമല്ലെന്നും 79 എണ്ണം നിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. രാസ മലിനീകരണം കൂടാതെ സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ സാമ്പിളുകളിൽ കുറഞ്ഞ ധാതുക്കളുടെ അളവും ഉണ്ടായിരുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.

ജല സാമ്പിളുകളിൽ കണ്ടെത്തിയ രാസ മാലിന്യങ്ങളിൽ കീടനാശിനി അവശിഷ്ടങ്ങൾ, ഫ്ലൂറൈഡ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ഖരവസ്തുക്കളും ഉൾപ്പെട്ടിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. കുപ്പിവെള്ള കമ്പനികളിൽ സാമ്പിളുകൾ ലഭിച്ചുകഴിഞ്ഞാൽ, നിർമ്മാതാക്കൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ശേഖരിച്ച സാമ്പിളുകളിൽ ഭൂരിഭാഗവും പ്രാദേശിക നിർമ്മാതാക്കളിൽ നിന്നാണെന്നും ദേശീയ തലത്തിലുള്ള ബ്രാൻഡുകൾക്ക് മികച്ച നിലവാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ പ്രത്യേക ബാച്ചുകളുടെ വിതരണം തടയുമെന്നും എന്നാൽ ഈ ഘട്ടത്തിൽ മുഴുവൻ കമ്പനികളും അടച്ചുപൂട്ടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പാക്ക് ചെയ്ത വെള്ളം വാങ്ങുമ്പോൾ, പ്രത്യേകിച്ച് വഴിയോര കച്ചവടക്കാരിൽ നിന്ന് വാങ്ങുമ്പോൾ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.

TAGS: KARNATAKA | DRINKING WATER
SUMMARY: DRinking bottle water found unsafe for drinking

LEAVE A REPLY

Please enter your comment!
Please enter your name here