Saturday, April 25, 2026
29.1 C
Bengaluru

അധ്യായം 7 📖 ഭിക്ഷാം ദേഹി

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

 

നെയ്ക്കാരുടെ വരവോടെയാണു കൊട്ടിയൂരിൽ തൊഴാൻ പോകുന്നവർ ഒരുക്കം തുടങ്ങുക. കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന അനുഷ്‌ഠാന ചടങ്ങുകളിൽ ഹിന്ദുമതത്തിലെ ഒട്ടുമിക്ക ജാതിയിൽപ്പെട്ടവർക്കും പങ്കാളിത്തമുണ്ട്. നമ്പൂതിരി, നായർ, നമ്പ്യാർ, കുറുപ്പ്, വണ്ണാൻ, ആശാരി, കൊല്ലൻ, കുറിച്യർ, പണിയർ, ചാലിയർ, തീയ്യർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ഉത്സവവുമായി ബന്ധപ്പെട്ട് അവകാശങ്ങളും അധികാരങ്ങളുമുണ്ട്. നെയ്ക്കാരിൽ ഭൂരിപക്ഷവും കോഴിക്കോട്, വടകര ഭാഗത്തുള്ള സവർണ വിഭാഗത്തിൽപ്പെട്ടവരാണ്. പാനൂർ മേഖലയിലെ നായർ, നമ്പ്യാർ ഗൃഹങ്ങളിൽ താമസിച്ചാണ് ഇവർ വ്രതം നോറ്റിരുന്നത്. തലക്കുട ചൂടി കൈയിൽ നെയ്‌പാനിയുമേന്തി പോകുന്നവരുടെ ഓംകാര ശബ്‌ദം കേട്ടാൽ മറ്റുള്ളവർ വഴികളിൽ നിന്നു മാറിക്കൊടുക്കണം.

ഇതൊന്നുമറിയാതെ നെയ്ക്കാരെ അടുത്തുനിന്നു കാണാനായി ഞാനൊരിക്കൽ കെകെആർ മാസ്റ്ററുടെ വീടിന്റെ മുന്നിലെ റോഡിൽത്തന്നെ നിന്നിരുന്നു. എൻ്റെറടുത്തെത്തിയ നെയ്ക്കാർ വയലിലേക്കിറങ്ങി അൽപദൂരം നടന്നു വീണ്ടും റോഡിൽ കയറിയാണ് മുന്നോട്ടു പോയത്. ഇതു കണ്ടുകൊണ്ടു റോഡിലേക്കു വന്ന കെകെആർ മാസ്റ്ററും അച്ഛച്ഛനും എന്നെ നോക്കി എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. നെയ്ക്കാർ പോകുമ്പോൾ ഞാൻ റോഡിൽത്തന്നെ നിന്നകാര്യം വളരെ താൽപ്പര്യത്തോടെയാണു കെകെആർ മാസ്റ്റർ മറ്റുള്ളവരോടു പറഞ്ഞത്. ജാതീയ മേൽക്കോയയുടെ മുഖമുദ്രയായ അസ്‌പൃശ്യതയുടെ പ്രത്യക്ഷ ഉദാഹരണമായിരുന്നു നെയ്ക്കാരുടെ ഈ ആചാരം. നമ്മുടെ ഇടയിൽ നിന്നു തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും മാറിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ് ഇളനീരാട്ടം. ശിവലിംഗത്തിൽ അഭിഷേകം ചെയ്യാനുള്ള ഇളനീർ എത്തിക്കാനുള്ള അവകാശം തീയ്യർക്കാണ്. കൊട്ടിയൂരിലേക്ക് ഇളനീരുമായി പോകുന്നവരെ നയിച്ചിരുന്നയാളെ തണ്ട്യൻ എന്നാണു വിളിക്കുക. ഇതുമായി ബന്ധപ്പെട്ടാണു ഞങ്ങ ളുടെ അയൽവീടിനു തണ്ട്യൻ്റവിട എന്ന പേരു വന്നത്. ഇവിടത്തെ തണ്ട്യൻ കയറുതണ്ട്യൻ എന്നാണു അറിയപ്പെട്ടിരുന്നത്. ഇവിടെ നിന്നാണു കാലാകാലങ്ങളായി കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾക്കുള്ള കയർ എത്തിക്കേണ്ടത്.

പുരുഷന്മാർ തണ്ട്യൻറെ നേതൃത്വത്തിലാണു കുളുത്താറ്റുക. ഇവർക്ക് ഒറ്റമുണ്ടും മേൽതോർത്തും മാത്രമേ പാടുള്ളൂ. കുളുത്താറ്റിയവർ കുഞ്ഞശ്ശന്മാരാണ്. ഇവർ കൂട്ടമായി താമസിക്കുന്ന ഇടം കഞ്ഞിപ്പുരയുമാണ്. ഇവിടെ മേൽനോട്ടം വഹിക്കുന്നയാളെ മൂപ്പൻ എന്നാണു വിളിക്കുക. കുഞ്ഞശ്ശന്മാർ ഭക്ഷണം കഴിച്ച ശേഷം കയ്യും മുഖവും കഴുകി വായിൽ വെള്ളം കവുളി നേർവരിയിൽ നിരന്നു നിൽക്കും. തണ്ട്യൻ മുളുമ്പോൾ കവുളിയ വെള്ളം പ്രത്യേക ശബ്ദത്തോടെ തുപ്പിയശേഷം മൂന്നു പ്രാവശ്യം ചെനക്കും. ഇതിനുശേഷം തണ്ട്യൻ എല്ലാവർക്കും വെറ്റില ചീന്ത് നൽകും. ചെന കേട്ടാൽ മാത്രമേ കുഞ്ഞശ്ശന്മാരുടെ വീട്ടിലുള്ളവർ ഭക്ഷണം കഴിക്കുകയുള്ളു. കഞ്ഞിപ്പുരകളിൽനിന്നു ഭക്ഷണം കഴിക്കുന്നതു പുണ്യമായാണു കരുതുന്നത്.

കുളുത്താറ്റി മൂന്നാമത്തെ ദിവസമാണു മുക്കിചെന എന്ന ചടങ്ങ്. അന്നു കുഞ്ഞശ്ശന്മാർക്കു വണ്ണാത്തി മാറ്റ് നൽകും. മാറ്റ് തുണി ചെറുതായി പിരിച്ചു മേൽത്തോർത്തിൻ്റെ അറ്റത്ത് കെട്ടും. ഇതിനുശേഷം പുഴയിൽ മുങ്ങി കരയ്ക്കുകയറി ചെനക്കും. ഇതാണു മുക്കിചെന. രാത്രി അത്താഴത്തിനു ശേഷം കഞ്ഞിപ്പുരകളിൽ വടക്കൻപാട്ടും കൈകൊട്ടിപ്പാട്ടും നാടൻപാട്ടും പതിവാണ്. കൊട്ടിയൂർ യാത്രയ്ക്കുമുൻപ് പുല്ലാഞ്ഞിയോട്ട് കാവിൽവെച്ച് ഇളനീർ തൊടൽ എന്നൊരു ചടങ്ങുണ്ട്. നിലംതൊടാതെ ഇറക്കുന്ന ഇളനീർക്കുല കാവിനു മുന്നിലെ മരത്തിൽ കെട്ടിത്തൂക്കും. പരിസര പ്രദേശങ്ങളിലെ കുഞ്ഞശ്ശന്മാർ പുഴയിൽ മുങ്ങി ഈറനോടെ ഓടി വന്നു കാവ് വലംവെച്ച് ഈ ഇളനീർക്കുല തൊടും. ആദ്യമാദ്യം ഇളനീർക്കുല തൊടാൻ കുഞ്ഞശ്ശന്മാർ മത്സരമായിരിക്കും. ഇതിനു ശേഷം ഓരോ കുഞ്ഞശ്ശന്റെയും വീട്ടിലെ തെങ്ങിൽനിന്നും ഇളനീർ കെട്ടിയിറക്കി കഞ്ഞിപ്പുരയിലെത്തിക്കും.

ഇളനീർ കുടുക്കൽ ചടങ്ങു നടക്കുമ്പോൾ കുഞ്ഞശ്ശന്മാരുടെ ബന്ധുക്കളും മറ്റുള്ളവരും ഭക്തിയോടെ തൊഴുതു നിൽക്കും. മുത്തുകൾകൊണ്ട് അലങ്കരിച്ച പാളത്തൊപ്പി ധരിച്ചു തിരപ്പാളയുമേന്തിയാണ് ഇളനീർ സംഘം പുറപ്പെടുക. ഇവർ ഉടുത്ത തോർത്തിന് മുകളിൽ നിരവധി അറകളോടുകൂടിയ അരപ്പട്ട ധരിക്കും. ഇളനീർ സംഘത്തോടൊപ്പം മറ്റുള്ളവരും നടന്നാണു പോവുക. തൊഴുവ്വാൻ പോകുന്നവർ മുതിർന്നവർക്കു വെറ്റില നൽകി അനുഗ്രഹം വാങ്ങിക്കണം. അപ്പോൾ അവർ ചെലവിനായി ചില്ലറ തരും.

അച്ഛച്ഛനും അമ്മമ്മയ്ക്കുമൊപ്പം ഞാനും പല പ്രാവശ്യം കാൽനടയായി കൊട്ടിയൂരിൽ പോയിട്ടുണ്ട്. കല്ലുവളപ്പിലെ മൂത്തമ്മയുടെയും ചെറുവാഞ്ചേരി അച്ഛൻ്റെയും വീടിൻ്റെ മുന്നിലൂടെയായിരുന്നു ഈ യാത്ര. കൊട്ടിയൂരിൽ പോകുമ്പോൾ മൂത്തമ്മയ്ക്കും അച്ഛനും അച്ഛമ്മയ്ക്കും ബാലാപ്പനും മറ്റും ഞാൻ വെറ്റില നൽകി അനുഗ്രഹം വാങ്ങിയിരുന്നു. എൻ്റെ ആദ്യയാത്രയിൽ അച്ഛൻ എനിക്കൊരു സ്വർണമാല കഴുത്തിലിട്ടു തന്നിരുന്നു. കല്യാണ സമയത്ത് അമ്മ അച്ഛനെ അണിയിച്ച ചെയിനായിരുന്നു അത്. അന്നുമുതൽ അമ്മയുടെ ഓർമയ്ക്കായി ഞാൻ ചെയിൻ ധരിക്കുന്നുണ്ട്.

തൊഴാൻ പോകുന്നവർ പണം സൂക്ഷിച്ചിരുന്നതു കഴുത്തിൽ തൂക്കിയിടുന്ന തുണിശീലയിലാണ്. കൊട്ടിയൂരിൽ പോകുമ്പോൾ എനിക്കായി വാങ്ങിയ തുണിശീല വർഷങ്ങളോളം ഞാൻ സൂക്ഷിച്ചിരുന്നു. ഇതിൽ പൊതിഞ്ഞ് അടുപ്പുംതണയിലെ കലത്തിലാണ് എന്റെ സ്വകാര്യ സമ്പാദ്യം വെച്ചിരുന്നത്. ചെറുവാഞ്ചേരി കഴിഞ്ഞാൽ കണ്ണവം കാട്ടിലൂടെയാണു പിന്നീടുള്ള യാത്ര. ഇവിടെ ഇടതൂർന്ന മരങ്ങൾക്കിടയിൽ ചന്ദനമരം കാണാൻ എൻ്റെ കണ്ണുകൾ അലയും. കണ്ണവത്ത് സർക്കാർ കൊടുക്കു കൊടുക്കുന്ന ലക്ഷം വിട് കണാൻ നോക്കിയെങ്കിലും കുറച്ചു വിടുകളെ ഉണ്ടായിരിന്നുള്ളു.

കുഞ്ഞശ്ശന്മാർക്കു യാത്രാവഴിയിൽ നിശ്ചിത ഇടത്താവളങ്ങളുണ്ടായിരുന്നു. ഇവിടെ വിശ്രമിക്കുന്നതിനെ തണ്ട്കായുക എന്നു പറയും. മണത്തന, തെറ്റുവഴി, തൊണ്ടി, കേളകം എന്നിവിടങ്ങളിലെ കഞ്ഞിപ്പുരകളിൽ വിശ്രമിച്ചാണു പിറ്റേന്നു യാത്ര തുടരുക. ഇക്കരെ കൊട്ടിയൂരിൽ നടയിലും നിരത്തിന്റെ ഇരുവശങ്ങളിലും യാചകർ നിരന്ന് ഇരുന്നിട്ടുണ്ടാകും. ഇവർക്കു കൊടുക്കാനായി എല്ലാവരും ചില്ലറ പൈസ കരുതും. അമ്മമ്മ എന്നെക്കൊണ്ടാണു യാചകർക്കു ദാനം നൽകിച്ചിരുന്നത്. അംഗവൈകല്യമുള്ളവരുടെയും മാറാരോഗികളുടെയും ദയനീയാവസ്ഥ വേദനാജനകമാണ്. അവരുടെ ‘അമ്മാാ…. അമ്മാാ’ എന്ന വിളി ദിവസങ്ങളോളം കാതിൽ മുഴങ്ങിക്കൊണ്ടിരിക്കും.

🌐 കൊട്ടിയൂര്‍ ക്ഷേത്രം/ മഹോത്സവം

ദക്ഷന്റെ യാഗഭൂമിയിൽ സതീദേവി ജീവൻ ത്യജിച്ചതുമായി ബന്ധപ്പെട്ടതാണു കൊട്ടിയൂർ ശ്രീ പെരുമാൾ ക്ഷേത്രത്തിന്റെ ഐതിഹ്യം. പത്നീവിയോഗമറിഞ്ഞു കോപിഷ്ഠനായ ശിവഭഗവാന്റെ ജടയിൽനിന്ന് ഉത്ഭവിച്ച വീരഭദ്രനും ഭൂതഗണങ്ങളും യാഗം തടസ്സപ്പെടുത്തി ദക്ഷൻ്റെ ശിരച്ഛേദം ചെയ്‌തു. യാഗം പൂർത്തിയാക്കാൻ ആട്ടിൻതല വെച്ചു ദക്ഷനെ പുനർജീവിപ്പിച്ചു എന്നുമാണ് ഐതിഹ്യം. ശിവഭൂതഗണങ്ങൾ വലിച്ചെറിഞ്ഞ ഭൃഗു മഹർഷിയുടെ ദീക്ഷയുടെ പ്രതീകമാണ് ഓടപ്പൂ. നീണ്ടുനോക്കി, പാലുകാച്ചിമല, കണിച്ചാർ തുടങ്ങിയ സ്ഥലനാമങ്ങൾ ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ശ്രീ പെരുമാൾ സ്വയംഭൂവാണ്.

ഇക്കരെ കൊട്ടിയൂരിലുള്ള ക്ഷേത്രത്തിൽ നിത്യപൂജയും മറ്റു കർമങ്ങളും നടന്നുവരുന്നു. അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിനു കെട്ടിയുണ്ടാക്കുന്ന താൽക്കാലിക ക്ഷേത്രത്തിലാണ് അനുഷ്ഠാനച്ചടങ്ങുകൾ നടക്കുക. ബാവലിയിൽ മുങ്ങി ഈറനോടെയാണ് എല്ലാവരും പ്രദക്ഷിണം വെയ്ക്കുക. അക്കരെ കൊട്ടിയൂരിലെ സ്വയംഭൂവിനെ ചുറ്റി ഒഴുകുന്ന തിരുവഞ്ചിറയിലെ മുട്ടറ്റമുള്ള വെള്ളത്തിലൂടെയാണു ഭക്തർ ക്ഷേത്രത്തെ വലം വെയ്ക്കുക. വൈശാഖ ഉത്സവം സമാപിച്ചാൽ അക്കരെ കൊട്ടിയൂരിൽ ആർക്കും പ്രവേശനമില്ല. ഈ കാലയളവിൽ ദേവന്മാരാണു സ്വയം ഭൂവിൽ ശിവപൂജ ചെയ്യുന്നത് എന്നാണു വിശ്വാസം.

സന്ധ്യക്കുശേഷം പ്രത്യേക മുഹൂർത്തത്തിലാണ് ഇളനീർ വെയ്പ്. ഇക്കരെ കൊട്ടിയൂരിൽനിന്നു കുഞ്ഞശ്ശന്മാർ ശരീരം മുഴുവൻ എണ്ണതേച്ചാണ് ഇളനീർ വെപ്പിനായി പുറപ്പെടുക. ഇളനീർ കാവടക്കം ബാവലി പുഴയിൽ മൂന്നുവട്ടം മുങ്ങി ഈറനോടെയാണ് അക്കരെ കൊട്ടിയൂരിലേക്കു നീങ്ങുക. ഇളനീർ വെപ്പിനുശേഷം പൊരി, മലർ, ഓടപ്പൂവ്, പാട്ടുപുസ്‌തകം, കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങിയാണു തീർഥാടക സംഘം മടങ്ങുക. മക്കളെയും ഞാൻ പല പ്രാവശ്യം കൊട്ടിയൂരിൽ തൊഴാൻ കൊണ്ടുപോയിട്ടുണ്ട്.

അഞ്ചിൽ പഠിക്കുമ്പോഴായിരുന്നു എൻ്റെ ആദ്യ തീവണ്ടി യാത്ര. അച്ഛച്ഛനും അമ്മമ്മയ്ക്കും ഒപ്പം പഴനിമലയിലേക്കായിരുന്നു ഇത്. ബാലാരിഷ്ട്‌ടതകൾമൂലം ആരോഗ്യം ക്ഷയിച്ചിരുന്ന എന്റെ പൂർണാരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടിയായിരുന്നു പഴനിയിലേക്കുള്ള നേർച്ച. ഇതിൻ്റെ ഭാഗമായി നോമ്പുനോറ്റ് അമ്മമ്മയോടൊപ്പം തോളിൽ മാറാപ്പും തൂക്കി ഞാൻ നിരവധി വീടുകളിൽ ഭിക്ഷാടനം നടത്തിയിരുന്നു. ആദ്യ ദിവസം സഹപാഠികളുടെ വീടുകളിൽ ഭിക്ഷയ്ക്കു കയറുമ്പോൾ എനിക്കു ജാള്യമായിരുന്നു. എന്നാൽ, പിറ്റേദിവസം സ്‌കൂളിൽ ചെന്നപ്പോൾ അധ്യാപകരും സഹപാഠികളും നൽകിയ ബഹുമാനം എനിക്കു പ്രചോദനമായി.

ഭിക്ഷാടനമെന്നതു കേവലമായ അർഥത്തിനും കാഴ്‌ചയ്ക്കുമപ്പുറം മനുഷ്യൻ്റെ ദുരഭിമാനം തകർക്കുന്ന ഒരു സംസ്കരണ പ്രക്രിയയാണ്. ജീവിതത്തിൽ ആർജിക്കേണ്ട സ്വത്വബോധം പരിപൂർണതയോടെ കൈവരിച്ചു കർമബോധത്തിന്റെ വറ്റാത്ത ഊർജസ്രോതസ്സായി പരിണമിക്കുകവഴി ഇതു മനുഷ്യനെ ഔന്നത്യത്തിലേക്കു നയിക്കും. മാനസിക ഉന്നതിയിലേക്കുള്ള ചവിട്ടു പടിയായി ഭിക്ഷാടനം മാറി എന്നതാണ് എൻ്റെ അനുഭവം.

പാറാട്ടെ നാരായണൻ പുശാരിയുടെ സംഘത്തോടൊപ്പമാണു പഴനിമലയ്ക്കു പോയത്. ഉച്ചയ്ക്കു തലശ്ശേരിയിൽ നിന്നു ഷൊർണ്ണൂരിലേക്കും അവിടെനിന്നു രാത്രി വേറൊരു തീവണ്ടിയിലുമായിരുന്നു യാത്ര. റെയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും, പല വേഷവിതാനങ്ങളോടുകൂടിയ യാത്രക്കാരും രസമുള്ള കാഴ്ചയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിലെ കക്കൂസിൽ പോയതും പുതിയ അനുഭവമായിരുന്നു. എതിരെ തീവണ്ടി പോകുമ്പോഴുള്ള പേടിപ്പെടുത്തുന്ന ശബ്ദവും, പാലത്തിൽ കയറുമ്പോഴുള്ള കുലുക്കവും മറ്റും രസകരമായിരുന്നു. പല സ്ഥലത്തും റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. തീവണ്ടിയിൽ വെച്ചാണ് ഞാൻ ആദ്യമായി ഭാരതപ്പുഴ കണ്ടത്. കേരളത്തിലെ രണ്ടാമത്തെ നീളമുള്ള നദിയാണിത്. 209 കിലോമീറ്റർ നീളമുള്ള ഈ നദി നിള എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ എന്നി ജില്ലകളിലൂടെ ഒഴുകുന്ന അന്തർസംസ്ഥാന നദിയാണു ഭാരതപ്പുഴ. 244 കിലോമീറ്ററുള്ള പെരിയാറാണു കേരളത്തിലെ ഏറ്റവും നീളമുള്ള നദി.

പളനിയിൽനിന്നു തിരിച്ചുവന്ന ശേഷം ഇനിയും ദൂരസ്ഥലങ്ങളിൽ പോകണമെന്നു ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. മാമനും സുഹൃത്തുക്കളും ശബരിമലയ്ക്കു മാലയിട്ടപ്പോൾ ഞാനും പോകാൻ വാശി പിടിച്ചിരുന്നെങ്കിലും അച്ഛച്ഛൻ സമ്മതിച്ചില്ല. ഇതിന്റെ പേരിൽ പിണങ്ങിക്കഴിഞ്ഞിരുന്ന എന്നെ അച്ഛച്ഛൻ വൈകിട്ടു പുല്ലാഞ്ഞിയോട്ട് കാവിൽ കൊണ്ടുപോയി. തൊഴുതതിനു ശേഷം പുറത്തുവന്നപ്പോൾ നീ എന്താ കണ്ടതെന്നായിരുന്നു അച്ഛച്ഛന്റെ ചോദ്യം. ഒന്നും കണ്ടില്ലെന്നു പറഞ്ഞപ്പോൾ ഇവിടെയുള്ളതു തന്നെയാണ് അവിടെയും എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കതിന്റെ പൊരുൾ മനസ്സിലായിട്ടില്ല. അമ്പലങ്ങൾ കാണുമ്പോഴൊക്കെ അത് എൻ്റെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കും.

അയ്യപ്പന്മാരോടു ഭയഭക്തി ബഹുമാനത്തോടെയാണ് ആളുകൾ പെരുമാറിയിരുന്നത്. അന്നു മിക്ക വീടുകളിലും അയ്യപ്പന്മാരുടെ ഭജനയും അന്നദാനവും വഴിപാടായി നടത്തിയിരുന്നു. കെട്ട് നിറയ്ക്കാനുള്ള പന്തൽ അലങ്കരിക്കാനും അമ്പലവും പതി നെട്ടാംപടിയും ഉണ്ടാക്കാനുള്ള വാഴപ്പോളയും ഇലയുമൊക്കെ സംഘടിപ്പിക്കാൻ ഞങ്ങൾ അയ്യപ്പന്മാരെ സഹായിച്ചിരുന്നു. ഇരു മുടിക്കെട്ടുമെടുത്തു തേങ്ങയുടച്ചു ശരണം വിളിയാലെ സംഘം യാത്ര തിരിക്കുമ്പോൾ ഞങ്ങളും ശരണം ഏറ്റു വിളിച്ചിരുന്നു. അവരുടയ്ക്കുന്ന തേങ്ങയുടെ ചീളുകൾ കൈക്കലാക്കാൻ കുട്ടികൾ മത്സരമായിരുന്നു. അയ്യപ്പന്മാർ തിരിച്ചു വരുമ്പോൾ ഞങ്ങൾക്കു പൊരി, അരവണപ്പായസം, മാല, എന്നിവ കൊണ്ടുവരും. അതു കൊണ്ട് അയ്യപ്പന്മാരുടെ വരവിനായി ഞങ്ങളാണു വീട്ടുകാരെക്കാളും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്നത്.

തിറയ്ക്കും മറ്റ് ഉത്സവങ്ങൾക്കും പോകുമ്പോൾ കളിക്കോപ്പുകളും മുട്ടായികളും മറ്റും വാങ്ങാൻ മിക്ക കുട്ടികളും പൈസ സ്വരൂപിച്ചിരുന്നതു തൊണ്ടിലാണ്. കേടുവന്ന തേങ്ങ ചിരട്ട വേർപെടുത്താതെ ചവർ നീക്കം ചെയ്‌ത് മുകൾഭാഗത്തു തുളവെച്ചാണ് തൊണ്ട് ഒരുക്കിയത്. ഉറുമ്പിനു വെച്ചാണു തൊണ്ടിലെ ചവറ് നീക്കിയിരുന്നത്. ഇതിനായി തൊണ്ട് മരത്തിലെ ഉറുമ്പിൻ്റെ കൂട്ടിനടുത്തുവെയ്ക്കും. ദിവസങ്ങൾക്കുള്ളിൽ ഉറുമ്പ് തൊണ്ടിനുള്ളിലെ ചവറ് തിന്നു തീർക്കും. വീട്ടുസാധനങ്ങൾ വാങ്ങാൻ പീടികയിൽ പോകുമ്പോൾ മിച്ചം പിടിക്കുന്ന പൈസയും ഇടവഴികളിൽനിന്നും ആൾത്താമസമില്ലാത്ത പറമ്പുകളിൽനിന്നും വീണുകിട്ടുന്ന അണ്ടി, അടയ്ക്ക, തേങ്ങ എന്നിവ വിറ്റും അടക്ക പൊളിച്ചും കിട്ടുന്ന പൈസയാണു തൊണ്ടിൽ ഇട്ടിരുന്നത്. ഒഴിവു ദിവസങ്ങളിൽ പശുവിനെയും ആടിനെയും മേക്കാൻ പോവുമ്പോഴാണു കവുങ്ങിൽ കയറുക. കൊളവല്ലൂർ യുപിക്കു മുന്നിലെ പീടികയിലാണ് അടക്ക വിൽക്കുക. ഈ പീടിക മുളിയാത്തോടിനടുത്തുള്ള ഓണിയൻ ബാലൻ്റേതായിരുന്നു. പോളിയോ ബാധിച്ച് അദ്ദേഹത്തിന്റെ രണ്ടു കാലുകളും അരയ്ക്ക്‌താഴെ തളർന്നിരുന്നു.

മിക്ക ക്ലാസുകളിൽനിന്നും എല്ലാ കൊല്ലവും ഒന്നും രണ്ടും കുട്ടികൾ കൊഴിഞ്ഞുപോകും. വീട്ടിലെ സാഹചര്യങ്ങളും രക്ഷിതാക്കളുടെ നിരക്ഷരതയുമാണു ചെറിയ ക്ലാസുകളിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു കാരണം. കന്നുകാലികളെ മേച്ചും കൃഷിയിടങ്ങളിൽ രക്ഷിതാക്കളെ സഹായിക്കലുമായി ഇവരുടെ ബാല്യം തളച്ചിടപ്പെട്ടു. മൺപാത്രം കൊണ്ടു മുതിർന്നവർ വെള്ളം കോരുമ്പോൾ, കുത്തിയുണ്ടാക്കുന്ന പാളകൾ കൊണ്ടാണു കുട്ടി കൾ കൃഷിയിടം നനച്ചിരുന്നത്. മൺപാനി ഉടയുന്നതിനാൽ അലൂ മിനിയത്തിന്റെ പാനികൊണ്ടാണു ഞാൻ വെള്ളം കോരിയത്. ഒരു പാനിയിൽ കൊള്ളുന്നതിൻ്റെ ഇരട്ടി വെള്ളം ഉൾക്കൊള്ളുന്നതാണു മൺപാത്രം. ഇതിൻ്റെ രണ്ടിരട്ടി കൊള്ളുന്നതാണു മൺ ചാടി. മൺ പാത്രവും ചാടിയും പൊട്ടിപ്പോകാതിരിക്കാൻ ഇവ ചൂടി കൊണ്ടു വലിഞ്ഞു കെട്ടിയിരുന്നു. ചാടിയിൽ നീറ്റിലിട്ട അടക്കയാണ് തുമ്മാൻ ചവയ്ക്കാനെടുക്കുക. ഇതിനു ചീത്ത മണമായിരിക്കും.

കല്ലുവളപ്പിലെ മംഗലശ്ശേരി ഗംഗൻ 3-ാം ക്ലാസിൽ പഠിത്തം നിർത്തിയപ്പോൾ കുട്ടികൾക്ക് ആശ്വാസമായി. പ്രായത്തിൽ കവിഞ്ഞ വളർച്ചയും ആരോഗ്യവുമുള്ള ഗംഗൻ്റെ കൈക്കരുത്തറിയാത്തവർ അന്നു സ്കൂളിൽ ഉണ്ടായിരുന്നില്ല. ചട്ടേൻ ഭാസ്കരൻ അഞ്ചാം ക്ലാസ് തുടങ്ങിയ ഉടനെ വേറെ സ്‌കൂളിലേക്കു മാറിപ്പോയിരുന്നു. ഭാസ്ക്‌കരൻ്റെ കുടുംബം കുന്നോത്തുപറമ്പിൽ നിന്നു കൊട്ടി യൂരിനടുത്തുള്ള കേളകത്തേക്കു താമസം മാറിയതിനാലാണ് അവൻ ടിസി വാങ്ങിപ്പോയത്. ചെറുപ്പത്തിൽ പിടിപെട്ട പനിയാണു ഭാസ്കരൻ രണ്ടു കാലിന്റെയും സ്വാധീനം നഷ്‌ടപ്പെടുത്തിയത്. ഊന്നുവടിയുടെ സഹായത്തോടെ എല്ലാ കളികളിലും പങ്കെടുത്തിരുന്ന അവനെ ഞങ്ങൾ ചട്ടേൻ ഭാസ്ക്‌കരൻ എന്നാണു വിളിക്കുക.

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കുടിയേറ്റം ഏറിവരുന്ന കാലത്താണു ഭാസ്‌കരന്റെ കുടുംബം കേളകം ഭാഗത്തേക്കു താമസം മാറിയത്. കുയിമ്പിലെ പണിക്കാരിയായ കട്ടച്ചി മൊട്ടക്കടുത്ത കുറത്തിയുടെ ആങ്ങള കുഞ്ഞിക്കണ്ണന്റെ ഭാര്യ ചീരുവും മലയിലേക്കു പോയത് ഈ കാലത്താണ്. ചീരുവിൻ്റെ വീട് കേളകത്താണ്. കുഞ്ഞിക്കണ്ണൻ മരിച്ച ശേഷമാണു മക്കളെയും കൂട്ടി അവർ സ്വന്തം വീട്ടിലേക്കു പോയത്. ഇവരുടെ മക്കൾ ചന്ദ്രിയും കമലയും എന്നോടൊപ്പം പഠിച്ചിരുന്നു. അവർ പറയുന്ന ഭാഷയ്ക്കു ചില പ്രത്യേകത ഉണ്ടായിരുന്നു.

ഗ്രന്ഥംവെയ്പ്പിനു ശേഷമുള്ള അവധി ദിവസങ്ങൾ ഏറെ ആഹ്ലാദകരമായിരുന്നു. പൂജയ്ക്കായി ഗ്രന്ഥം വെച്ചാൽ വിജയദശമിവരെ പുസ്ത‌കങ്ങൾ തൊടാൻ പാടില്ല. പഠിക്കാൻ പ്രയാസമുള്ള പാഠപുസ്‌തകമാണു പൂജയ്ക്കു വെക്കുക. ഈ സമയത്തു വീട്ടിൽ മീൻ വാങ്ങാൻ അച്ഛച്ഛൻ അനുവദിച്ചിരുന്നില്ല. കുട്ടികൾ മീൻ കൂട്ടാതിരിക്കുമ്പോൾ മറ്റുള്ളവർക്കും അതു വേണ്ട എന്നായിരുന്നു അച്ഛച്ഛൻ്റെ നിലപാട്. മീൻ കഴിച്ചവർ മണക്കാതിരിക്കാൻ വള്ളിച്ചപ്പുകൊണ്ടു കൈ ഉരച്ചു കഴുകിയാണു സ്‌കൂളിൽ വരിക.

സ്കൂ‌ളിൽ എഴുത്തിനിരുത്തുമ്പോൾ കുതറി ഓടാൻ ശ്രമിക്കുന്ന കുരുന്നുകളെ ബലമായി പിടിച്ചിരുത്തിയാണു ഹരിശ്രീ കുറിച്ചിരുന്നത്. ആദ്യമായി സ്‌കൂളിൽ എത്തുന്നവർ ഇരിക്കാൻ കൂട്ടാക്കാതെ പരിഭ്രമിച്ചു ചിണുങ്ങും. ബന്ധുക്കളായ മുതിർന്ന കുട്ടികൾക്കൊപ്പമാണ് ഇവരെ ഇരുത്തുക. പൂജയ്ക്കു വെച്ച ഗ്രന്ഥം ഏറ്റുവാങ്ങുമ്പോൾ വെറ്റിലയിൽ ദക്ഷിണ നൽകി അധ്യാപകരുടെ പാദം തൊട്ടു നമസ്കരിക്കും. വിദ്യാർഥികൾ കൊണ്ടുവരുന്ന അവിലും ഇളനീരും തേങ്ങയും വെല്ലവും പഴവും ചേർത്തുള്ള പ്രസാദവിതരണത്തിനു ശേഷമാണ് എല്ലാവരും പിരിയുക.

എവിടെയെങ്കിലും തെങ്ങു കടപുഴകി വീണാൽ കുട്ടിപ്പട അവിടെയെത്തും. തെങ്ങിൻ മണ്ടയിലെ കുമ്പ് തിന്നാനും മുറിവായിൽ കൂടി ഇറ്റുവീഴുന്ന നീര് കുടിക്കാനും തെങ്ങിൻ്റ ചക്രം മുറിക്കാനുമാണ് ഈ വരവ്. ചക്രം ഉറപ്പുള്ള വടികളുടെ ഇരുഭാഗത്തും തിരുകിക്കയറ്റിയാണു തെങ്ങിൻവണ്ടി ഉണ്ടാക്കുക. കയർ കെട്ടി മാറിമാറി ഇരുന്നും വലിച്ചും തളരുമ്പോൾ മധുരക്കള്ളിന്റെ രുചി നാവിലൂറുന്നുണ്ടാകും. മുരിക്കിൻ തടികൊണ്ട് ഉണ്ടാക്കിയി കളിവണ്ടി വലിക്കാൻ കൂടുതൽ എളുപ്പമായിരുന്നു.

പുല്ലാഞ്ഞിയോട്ടുകാവിനടുത്ത കൂടേരി കുഞ്ഞാണ്ണൻ പരിസരപ്രദേശത്തെ നിത്യയാചകനായിരുന്നു. തോളിൽ മാറാപ്പും കീറക്കുടയും കയ്യിലൊരു വടിയുമായാണ് ഇയാളുടെ നടത്തം. വീടുകൾതോറും കയറി ധർമം വാങ്ങിയശേഷം ഒരു ദിശയിലേക്കു ദൃഷ്ടിയുറപ്പിച്ചു കൈകൾ പിണച്ചു വീട്ടുമുറ്റത്തുനിന്ന് ഇയാൾ പ്രാർഥിക്കും. പലരും ഇത് അനുവദിച്ചിരുന്നില്ല. കൈയിലെ വടി കൊണ്ടു കളംവരച്ച് ഇവരെ പ്രാകിയായിരിക്കും പിന്നീടുള്ള ഇയാളുടെ യാത്ര.

കൂടേരി കുഞ്ഞാണ്ണൻ്റെ ഏട്ടൻ കൂടേരി കിട്ടൻ ഇതിൽ നിന്നു തികച്ചും വ്യത്യസ്‌തനായിരുന്നു. സ്വന്തമായി രൂപീകരിച്ച വിവിധ ആശയ സൗഹാർദ സർവ രാഷ്ട്രീയം എന്ന വിഎഎസ് എസ്ആർ പാർട്ടിയുടെ പ്രചാരണവുമായി കവലകൾ തോറും പ്രസംഗിക്കുകയും ബഹുവർണക്കൊടിയേന്തി തനിച്ചു ജാഥ വിളിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. ചന്ദ്രക്കല ഇസ്ലാമിന്റേതല്ല എന്നു സ്ഥാപിക്കാൻ ഇയാൾ പതിവായി ഇതേ രീതിയിൽ പൊട്ടു തൊട്ടിരുന്നു. ശിവൻ്റെ മൗലിയെ അലങ്കരിക്കുന്ന ചന്ദ്രക്കല ഹിന്ദുക്കൾക്കു മാത്രം അവകാശപ്പെട്ടതാണ് എന്നായിരുന്നു കിട്ടൻ്റെ വാദം. മുസ്ലിം പള്ളിയുടെ മിനാരങ്ങൾ ശിവലിംഗത്തിൻ്റെ രൂപത്തിലാണെന്നും ഇയാൾ കവലപ്രസംഗങ്ങളിൽ വാദിച്ചിരുന്നു.

പലയിടങ്ങളിലും ആളുകൾ നിർബന്ധിച്ച് അദ്ദേഹത്തെക്കൊണ്ടു പ്രസംഗിപ്പിക്കും. ഞങ്ങളൊക്കെ നിങ്ങളുടെ പാർട്ടിക്കാരാണെന്നു പറഞ്ഞ് ഇയാളെ ആവേശം കൊള്ളിക്കും. ആളുകൾ പറയുന്ന വിഷയത്തിനനുസരിച്ചാണു കിട്ടൻ പ്രസംഗം തുടങ്ങുകയെങ്കിലും ചന്ദ്രക്കല വിവാദത്തിലാണ് അവസാനിക്കുക. പ്രസംഗത്തിനിടയിൽ തൂവ്വമാലയണിയിച്ചും ഉപ്പുവെള്ളം കുടിക്കാൻ കൊടുത്തും ശല്യം ചെയ്യുമ്പോഴും തികച്ചും സൗമ്യമായും സഭ്യമായും മാത്രമേ ഇയാൾ എല്ലാവരോടും പെരുമാറിയിരുന്നുള്ളൂ. കുഞ്ഞാണ്ണനും കിട്ടനും തമ്മിൽ കണ്ടുമുട്ടിയാൽ വഴിയുടെ ഇരുവശത്തും നിന്നു കുറേനേരം പരസ്‌പരം നോക്കും. പിന്നീട് ഇരുഭാഗത്തേക്കായി യാത്ര തുടരുന്ന ഇവർ ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടായിരിക്കും നടത്തം. കുഞ്ഞാണ്ണനും കിട്ടനും, മാനസിക നില തകർന്ന ഇവരുടെ സഹോദരിയും അന്നത്തെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായ ഫിഫ്ത്‌ത് ഫോറം വരെ പഠിച്ചവരാണ്. ഏതോ പുസ്‌തകം വായിച്ചാണ് ഇവർ ഇത്തരത്തിലായത് എന്നാണു പറഞ്ഞു കേട്ടത്.

അടുത്ത ആഴ്ച ▶ നാട്ടുവഴിയില്‍

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :

◼️അധ്യായം ഒന്ന്:  
പുഴമാത്രം മാറിയില്ല
◼️അധ്യായം രണ്ട്:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം മൂന്ന്: പുത്തൂരാൻ ചരിതം
◼️അധ്യായം നാല്: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം അഞ്ച്: മൃതിയുടെ തിരനോട്ടം
◼️അധ്യായം ആറ്: കൺനിറയെ ദൈവങ്ങൾ

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര...

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്; പഞ്ചാബ് കിംഗ്സ് ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ

ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പ‌ഞ്ചാബ് കിംഗ്സ്....

16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്....

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി...

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന്...

Topics

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ...

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം....

ടി.സി.എ​സ്. വേ​ൾ​ഡ് 10 കെ മാരത്തൺ ഞായറാഴ്ച

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി...

ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍...

ബെംഗളൂരുവില്‍ കാമുകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ...

ബെംഗളൂരു വിമാനത്താവളത്തിൽ 3.89 കോടി രൂപയുടെ ഹൈഡ്രോപോണിക്ക് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും...

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു....

Related News

Popular Categories

You cannot copy content of this page